
തൃശ്ശൂർ: അടിയുറച്ചതെന്ന് ഇടതുമുന്നണി വിശ്വസിക്കുമ്പോഴും അടിപതറില്ലെന്ന് ഉറപ്പുനൽകാനാകാത്ത മണ്ഡലമാണ് കുന്നംകുളം. 2001-ലാണ് യു.ഡി.എഫ്. കുന്നംകുളത്ത് അവസാനമായി വിജയിച്ചത്. പിന്നീട് മണ്ഡലം ഇടതിനൊപ്പമായിരുന്നു. 2021-ലും 2016-ലും ഇടതുമുന്നണിക്കുവേണ്ടി എ.സി. മൊയ്തീനാണ് മണ്ഡലത്തെ പ്രതിനിധാനം ചെയ്തത്. ഇടതുഭരണവും എ.സി. മൊയ്തീനും തുടരുമോയെന്നാണ് ഈ തിരഞ്ഞെടുപ്പിൽ ഉറ്റുനോക്കുന്നത്. യു.ഡി.എഫിൽ കോൺഗ്രസിനാണ് അവസരമെങ്കിൽ പുതുമുഖസ്ഥാനാർഥി രംഗത്തുണ്ടാകും.
എൻ.ഡി.എ.യിൽ ബി.ഡി.ജെ.എസിന് കുന്നംകുളം നൽകാനുള്ള സാധ്യതകളുമുണ്ട്.
സി.പി.എമ്മിൽ രണ്ടുതവണ മത്സരിച്ചവർ മാറിനിൽക്കണമെന്ന വ്യവസ്ഥ നിർബന്ധമാക്കിയാൽ എ.സി. മൊയ്തീൻ മാറിനിൽക്കേണ്ടി വരും. ജില്ലാ സെക്രട്ടറി കെ.വി. അബ്ദുൾഖാദർ, ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം. ബാലാജി എന്നിവരുടെ പേരുകളാണ് മുന്നിലുള്ളത്. ഇതിൽ എം. ബാലാജിയെ പരിഗണിക്കാൻ നേതൃത്വം അന്വേഷണം നടത്തുന്നുണ്ട്. കേസിൽ ശിക്ഷിക്കപ്പെട്ടതിനാൽ സാഹചര്യങ്ങൾ അനുകൂലമാകില്ലെന്നും മറ്റൊരു സ്ഥാനാർഥിയെ കണ്ടെത്താൻ നിർദേശിച്ചെന്നുമാണ് വിവരം. വിജയസാധ്യതയുള്ള മണ്ഡലങ്ങളിൽ നിലവിലുള്ള എം.എൽ.എ.മാർ തുടരണമെന്ന രീതിയിൽ പാർട്ടിയുടെ നിലപാടിൽ മാറ്റമുണ്ടായാൽ എ.സി. മൊയ്തീൻ തുടരാനുള്ള സാധ്യതയേറെയാണ്.
യു.ഡി.എഫിലെ സ്ഥാനാർഥി നിർണയഘട്ടത്തിൽ വനിതാപ്രാതിനിധ്യ മണ്ഡലത്തിൽ കുന്നംകുളം ഉൾപ്പെട്ടാൽ സോയാ ജോസഫിന് സാധ്യതയേറും. കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് സി.ബി. രാജീവിന്റെ പേരും പരിഗണനയിലുണ്ട്.
സംസ്ഥാനതലത്തിൽ മണ്ഡലം വെച്ചുമാറുകയാണെങ്കിൽ സി.എം.പി. തിരഞ്ഞെടുക്കാൻ സാധ്യതയുള്ളത് കുന്നംകുളമായിരിക്കും. സി.എൻ. വിജയകൃഷ്ണനെയാകും പാർട്ടി പരിഗണിക്കുക.
എൻ.ഡി.എ.ക്കു വേണ്ടി കഴിഞ്ഞ മൂന്നുതവണയും ബി.ജെ.പി.യിലെ കെ.കെ. അനീഷ്‌കുമാറാണ് മത്സരരംഗത്തുണ്ടായിരുന്നത്. ബി.ജെ.പി. തുടർന്നാലും പുതുമുഖതാരമാകും മത്സരത്തിനുണ്ടാകുക. മണ്ഡലങ്ങൾ വെച്ചുമാറാനിടയായാൽ എ. നാഗേഷിന്റെ പേരാണ് പരിഗണനയിലുള്ളത്. ബി.ഡി.ജെ.എസിന് മണ്ഡലം നൽകിയാൽ നോർത്ത് മണ്ഡലം പ്രസിഡന്റ് കെ.ആർ. രജിൽ മത്സരിക്കാനുള്ള സാധ്യതയുണ്ട്.
2001-മുതൽ എൽ.ഡി.എഫിന് അടിപതറാത്തതാണ് പാർട്ടിക്കുള്ള ആത്മവിശ്വാസം. 2020-ലെ തദ്ദേശതിരിഞ്ഞെടുപ്പിൽ നിയോജക മണ്ഡലത്തിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്തിൽ പൂർണമായും ഇടതുമുന്നണിക്കായിരുന്നു നേട്ടം. 2025-ലെ തദ്ദേശതിരഞ്ഞെടുപ്പിൽ കാട്ടകാമ്പാൽ, പോർക്കുളം, ചൊവ്വന്നൂർ, വേലൂർ പഞ്ചായത്തുകളിൽ ഭരണം യു.ഡി.എഫിനാണ്. ജില്ലാ, ബ്ലോക്ക് പഞ്ചായത്തുകളിലും വോട്ടുശതമാനത്തിൽ യു.ഡി.എഫിന് മുന്നേറ്റമുണ്ട്.
കുന്നംകുളം നിയോജക മണ്ഡലം തിരഞ്ഞെടുപ്പുചിത്രം
വർഷം- വിജയി- പാർട്ടി- ഭൂരിപക്ഷം
2011- ബാബു എം. പാലിശ്ശേരി- സി.പി.എം.- 609
2016- എ.സി. മൊയ്തീൻ- സി.പി.എം.- 7782
2021- എ.സി. മൊയ്തീൻ- സി.പി.എം.- 26631
Content Highlights: kunnamkulam assembly expected candidates ac moideen soya joseph
Published: 11 Feb 2026, 08:49 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented