ആലപ്പുഴ: ജനങ്ങളോട് എങ്ങനെ പെരുമാറണമെന്നതു സംബന്ധിച്ച് സി.പി.എം. നേതാക്കൾക്ക് കൗൺസലിങ് നൽകണമെന്ന് ലോക്കൽ കമ്മിറ്റിയംഗങ്ങൾ. നിയമസഭാ തിരഞ്ഞെടുപ്പ് അവലോകനയോഗത്തിൽ കഞ്ഞിക്കുഴി കണ്ണർകാട് ലോക്കൽ കമ്മിറ്റിയംഗങ്ങളാണ് ഈ ആവശ്യമുന്നയിച്ചത്.

To advertise here,

ഒരു ജനകീയ സർക്കാരിനെ ജനങ്ങളിൽ നിന്നകറ്റിയത് സി.പി.എം. നേതൃനിരയാണ്. ജനങ്ങളോട് എങ്ങനെ പെരുമാറണമെന്ന് മുതിർന്ന നേതാക്കൾ മറന്നുപോയി. പുതിയ തലമുറയിൽപ്പെട്ടവർ അവരെ അനുകരിക്കുകയും ചെയ്തു. പുതുതായി നേതൃനിരയിലേക്കെത്തുന്നവർക്ക് ജനങ്ങളുമായി ഇടപെടാൻ കഴിവുണ്ടോയെന്നു പരിശോധിക്കണം.

ഭരണകാലത്ത് ലോക്കൽ, ബ്രാഞ്ച് സെക്രട്ടറിമാർ മന്ത്രിമാരെയോ എം.എൽ.എ.മാരെയോ നേതാക്കളെയോ സമീപിച്ചാൽ പലപ്പോഴും പാർട്ടിയെത്തന്നെ വെറുത്തുപോകും വിധമുള്ള പെരുമാറ്റമുണ്ടാകാറുണ്ടെന്നും അംഗങ്ങൾ കുറ്റപ്പെടുത്തി.

ചേർത്തല, ആലപ്പുഴ മണ്ഡലങ്ങളിലെ ലോക്കൽതല തിരഞ്ഞെടുപ്പ് അവലോകനയോഗങ്ങൾ വെള്ളിയാഴ്ചയാണ് തുടങ്ങിയത്. അവലോകനം ജില്ല, ഏരിയ തലങ്ങളും പിന്നിട്ട് ലോക്കലിലേക്കെത്തുമ്പോൾ വിമർശനപ്പെരുമഴയാണ്.

തിരഞ്ഞെടുപ്പു പരാജയത്തിന്റെ മുഖ്യ ഉത്തരവാദിത്വം മുൻനിർത്തി സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് പിരിച്ചുവിടണമെന്ന് ഒരു ലോക്കൽ കമ്മിറ്റിയംഗം ആവശ്യപ്പെട്ടു. അവിടെ ടി. ശശിധരൻ, സുരേഷ്‍ കുറുപ്പ്, സി. രവീന്ദ്രനാഥ് എന്നിവരെപ്പോലെ ജനങ്ങളോടു പെരുമാറാനറിയാവുന്ന നേതാക്കളെ നിയമിക്കണം.

നവകേരള സദസ്സും അയ്യപ്പസംഗമവും നടത്തരുതായിരുന്നു. അയ്യപ്പസംഗമം നടത്തിയതുകൊണ്ടാണ് സ്വർണക്കൊള്ളയും സർക്കാരിന്റെ തലയിലായത്. നവകേരള സദസ്സിൽ വൻതോതിൽ പരാതികൾ സ്വീകരിച്ചെങ്കിലും നടപടിയുണ്ടായില്ല. ഇതിന്റെ ഫലം തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചു.

വി.എസ്. അച്യുതാനന്ദന്റെ ഫ്ലെക്സ് വെച്ചപ്പോൾ എതിർത്ത പിണറായി വിജയനാണ് ഇപ്പോൾ നാടുനീളെ ഫെക്സ് വെച്ചിരിക്കുന്നതെന്നും ചില കമ്മിറ്റിയംഗങ്ങൾ ചൂണ്ടിക്കാട്ടി. ജില്ലാ, ഏരിയ കമ്മിറ്റി പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് ലോക്കൽ അവലോകനയോഗങ്ങൾ നടക്കുന്നത്.