കൊല്ലം: പതിറ്റാണ്ടുകൾക്കുമുൻപ് കൈവിട്ടുപോയ മണ്ഡലം തിരിച്ചുപിടിക്കണം- കൊല്ലത്ത് യു.ഡി.എഫിന്റെ ലക്ഷ്യമതാണ്. ഇടതിന്റെ ഉരുക്കുകോട്ട നിലനിർത്താൻ എൽ.ഡി.എഫ്. പോരാടുന്നു. മണ്ഡലത്തിൽ മാറ്റങ്ങളുണ്ടാക്കാനാകുമെന്നാണ് എൻ.ഡി.എ.യുടെ പ്രതീക്ഷ.

To advertise here,

എൽ.ഡി.എഫിനായി എസ്. ജയമോഹൻ, യു.ഡി.എഫിനായി ബിന്ദുകൃഷ്ണ, എൻ.ഡി.എ.യ്ക്കായി ഡോ. എൻ. പ്രതാപ്കുമാർ എന്നിവരാണ് മത്സരരംഗത്തിറങ്ങുന്നത്. ഇവർക്കു പുറമേ ആം ആദ്മി പാർട്ടിക്കുവേണ്ടി എൽ.ആർ. സിനു, ബി.എസ്.പി.ക്കുവേണ്ടി മൈലോട് സുധൻ എന്നിവരും മത്സരിക്കുന്നു.

കൊല്ലം കോർപ്പറേഷനിലെ 24 ഡിവിഷനുകളും തൃക്കരുവ, പനയം പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് കൊല്ലം നിയമസഭാ മണ്ഡലം. തദ്ദേശ തിരഞ്ഞെടുപ്പിൽ കോർപ്പറേഷൻ ഭരണം പിടിച്ചെടുത്തതാണ് യു.ഡി.എഫിന് കരുത്തുപകരുന്നത്. പനയത്ത് എൽ.ഡി.എഫും തൃക്കരുവയിൽ യു.ഡി.എഫുമാണ് അധികാരത്തിൽ.

2006-ൽ എൽ.ഡി.എഫിലെ പി.കെ. ഗുരുദാസനാണ് കൊല്ലത്ത് വിജയിച്ചത്. 11,439 വോട്ടായിരുന്നു ഭൂരിപക്ഷം. 2011-ലും വിജയിച്ച പി.കെ. ഗുരുദാസന്റെ ഭൂരിപക്ഷം 8,540 ആയി കുറഞ്ഞു. 2016-ൽ വിജയിയായ എം. മുകേഷിന്റെ ഭൂരിപക്ഷം 17,611 ആയിരുന്നു. 2021-ലും മുകേഷ് വിജയം ആവർത്തിച്ചെങ്കിലും ഭൂരിപക്ഷം 2,072 ആയി കുറഞ്ഞു.

എം.എൽ.എ.യെന്നനിലയിൽ എം. മുകേഷ് മണ്ഡലത്തിൽ നടപ്പാക്കിയ വികസനപ്രവർത്തനങ്ങളാണ് എൽ.ഡി.എഫ്. പ്രചാരണവിഷയമാക്കുന്നത്. 57 കോടി രൂപ മുടക്കി ആശ്രാമത്ത് ശ്രീനാരായണ സാംസ്കാരികസമുച്ചയം പൂർത്തീകരിച്ചതും ആശ്രാമം ലിങ്ക്റോഡ് നാലാംഘട്ടത്തിന് 74 കോടി രൂപ അനുവദിച്ചതും തങ്കശ്ശേരി തുറമുഖത്തിന്റെ അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിച്ചതും കൊല്ലം പോർട്ട് നവീകരിച്ചതും പ്രചാരണവിഷയങ്ങളാണ്.

ഇടതുസ്ഥാനാർഥിയായ എസ്. ജയമോഹൻ കശുവണ്ടിവികസന കോർപ്പറേഷൻ ചെയർമാൻ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എന്നീനിലകളിൽ നടത്തിയ പ്രവർത്തനങ്ങളും എടുത്തുപറയുന്നു. ജയമോഹന്റെ ജനകീയത വോട്ടായി മാറുമെന്നാണ് മുന്നണിയുടെ പ്രതീക്ഷ.

മണ്ഡലത്തിന് സുപരിചിതയാണ് കെ.പി.സി.സി. രാഷ്ട്രീയകാര്യസമിതി അംഗംകൂടിയായ ബിന്ദുകൃഷ്ണ. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വിജയത്തിനു തൊട്ടടുത്ത് എത്താനായതാണ് യു.ഡി.എഫിന് പ്രതീക്ഷയേറ്റുന്നത്. വികസനമുരടിപ്പും 10 കൊല്ലമായി മണ്ഡലത്തിൽ ജനപ്രതിനിധിയുണ്ടായിരുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് മുന്നണി വോട്ടുതേടുന്നത്.

ഡോ. എൻ. പ്രതാപ്കുമാർ, ജനകീയനായ ഡോക്ടർ എന്നനിലയിൽ വോട്ട്‌ അഭ്യർഥിക്കുന്നു. തദ്ദേശ തിരഞ്ഞെടുപ്പിൽ കോർപ്പറേഷനിൽ മുന്നേറ്റമുണ്ടാക്കാനായതും ബി.ജെ.പി.ക്ക് പ്രതീക്ഷയേകുന്നു. മണ്ഡലം പിടിച്ചെടുക്കലും നിലനിർത്തലും അനായാസമല്ലെന്ന കണക്കുകൂട്ടലിൽത്തന്നെയാണ് മൂന്നു മുന്നണികളും പ്രചാരണരംഗത്തുള്ളത്.