ജോസ് കെ.മാണിയും കൂട്ടരും ഇടതുമുന്നണിയിൽ തുടരുമോ അതോ യുഡിഎഫിലേക്ക് പോകുമോ? രണ്ടില വീണ്ടും പിളരുമോ.. എങ്കിൽ ഇരുപക്ഷത്തും നിൽക്കുന്നത് ആരൊക്കെയാകും... രണ്ട് ദിവസമായി കേരള രാഷ്ട്രീയത്തിലെ ഏറ്റവും ചൂടുള്ള വാർത്തകളിലൊന്നായിരുന്നു കേരളാ കോൺഗ്രസ് എമ്മിന്റെ രാഷ്ട്രീയ നിലപാടിൽ മാറ്റമുണ്ടോ എന്നത്. എന്നാൽ ഊഹാപോഹങ്ങൾക്കും പലവിധ സൂചനകൾക്കും പിന്നാലെ ഇന്ന് ജോസ് കെ. മാണി മാധ്യമങ്ങളെ കണ്ടു.
നിലവിൽ മുന്നണി വിടാനുദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കിയതിന് പിന്നാലെ അദ്ദേഹം നടത്തിയ ഒരു പരാമർശം, ഏറെ ശ്രദ്ധേയമായിരുന്നു. അത് ഇങ്ങനെയാണ്-കേരളാ കോൺഗ്രസ് എം എവിടെയുണ്ടോ അവിടെ ഭരണമുണ്ട്. എൽഡിഎഫിൽ തുടരുമെന്നോ മുന്നണിമാറുമെന്നോ എങ്ങനെയും വ്യാഖ്യാനിക്കാവുന്ന ഈ പരാമർശം അദ്ദേഹം വാർത്താ സമ്മേളനത്തിൽ രണ്ട് തവണ ഊന്നിപ്പറഞ്ഞു. മുന്നണി മാറാനില്ലെന്നും എൽഡിഎഫിന്റെ മധ്യമേഖലാ ജാഥാ ക്യാപ്റ്റൻ താനായിരിക്കുമെന്നും അഭിപ്രായ വ്യത്യാസങ്ങളില്ലാത്ത പാർട്ടികളില്ലെന്നും അവ പരിഹരിക്കപ്പെടുമെന്നുമൊക്കെ പറഞ്ഞെങ്കിലും കേരളാ കോൺഗ്രസ് എം രാഷ്ട്രീയത്തിന്റെ ഉൾപ്പിരിവ് ജോസ് വെളിപ്പെടുത്തിയിട്ടില്ലെന്ന് സാരം.
പലയിടത്തുനിന്നും ക്ഷണംവന്നിട്ടുണ്ട്, പാർട്ടി ഒരു തീരുമാനമെടുത്താൽ എല്ലാവരും ഉറച്ചുനിൽക്കും, അഭിപ്രായവ്യത്യാസങ്ങളില്ലാത്ത പാർട്ടികളില്ല, സീറ്റുകളുടെ കാര്യം ചർച്ച ചെയ്ത് തീരുമാനിക്കും ഇങ്ങനെ ഒഴുക്കിൽ പറഞ്ഞുപോയതെന്ന് തോന്നുമെങ്കിലും നിലപാട് വ്യക്തമാകുമ്പോൾ വ്യക്തമാകാൻ എന്തൊക്കെയോ ബാക്കിവെക്കും പോലെ ചിലത് അദ്ദേഹത്തിന്റെ വാക്കുകളിലുണ്ടായിരുന്നു. അഞ്ച് എംഎൽഎമാരുള്ള പാർട്ടിയുടെ ചെയർമാനായ ജോസ്, ഇന്ന് മാധ്യമങ്ങളെ കണ്ടപ്പോൾ അവരാരും ഒപ്പമുണ്ടായിരുന്നില്ല എന്നതും ശ്രദ്ധേയമാണ്.
പാർട്ടി പിളരില്ലെന്നും ജോസ് മാധ്യമങ്ങളോടു സംസാരിക്കവേ പറഞ്ഞിരുന്നു. പാർട്ടി ഒരു തീരുമാനം എടുത്താൽ മുഴുവൻ ആളുകളും ഒരുമിച്ചുണ്ടാകും. ആ ആത്മവിശ്വാസം കേരളാ കോൺഗ്രസ് എമ്മിനുണ്ട് നേതൃത്വത്തിനുണ്ട് തനിക്കുമുണ്ട് എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കൂടുതൽ സീറ്റുകൾ ആവശ്യപ്പെടുന്ന കാര്യം അടുത്തദിവസം നടക്കുന്ന ഉന്നതാധികാര സമിതി യോഗത്തിൽ ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും ജോസ് പറഞ്ഞു.
മുന്നണി വിടാൻ തീരുമാനിക്കുന്നപക്ഷം അത് മറ്റൊരു പിളർപ്പിലേക്ക് കേരളാ കോൺഗ്രസിനെ എത്തിക്കുമെന്ന് നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഏറെക്കുറേ ഉറപ്പാണ്. അങ്ങനെയെങ്കിൽ പിളർന്ന് രൂപംകൊള്ളുന്ന രണ്ടുപാർട്ടികളിലൊന്നിന്റെ തലപ്പത്ത് ജോസ് കെ. മാണിയും മറുപക്ഷത്തിന്റെ തലപ്പത്ത് റോഷി അഗസ്റ്റിനുമായിരിക്കും. മാത്രമല്ല, മറുകണ്ടം ചാടി യുഡിഎഫിലെത്തുന്നപക്ഷം ജോസിനെ കാത്തിരിക്കുന്നത് അത്ര നല്ല രാഷ്ട്രീയ കാലാവസ്ഥ ആയിക്കൊള്ളണമെന്നുമില്ല. ഒന്നായിനിന്ന് പിന്നെ രണ്ടായി പിരിഞ്ഞ്, രണ്ടിലയ്ക്കുവേണ്ടി തമ്മിലടിച്ച കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം വലതുമുന്നണിയിലുണ്ട്. കേരളാ കോൺഗ്രസ് എം യുഡിഎഫിലേക്ക് വന്നാൽ സമാധാനത്തോടെ പോകുന്ന സംവിധാനം തകരുമെന്ന് നേരത്തെ പറഞ്ഞത്, കേരള കോൺഗ്രസ് ജോസഫിന്റെ സംസ്ഥാന കോഡിനേറ്ററും പി.ജെ. ജോസഫിന്റെ മകനുമായ അപു ജോൺ ജോസഫായിരുന്നു.
മുൻപത്തെ പോലെ വിലപേശൽ ശേഷിയില്ല ഇന്ന് കേരളാ കോൺഗ്രസ് എമ്മിന് എന്നതൊരു രാഷ്ട്രീയസത്യമാണ്. ഇടത് അനുകൂല സാഹചര്യമുണ്ടായിരുന്നിട്ടും 12-ൽ അഞ്ച് എന്ന സ്‌ട്രൈക്ക് റേറ്റാണ് ജോസ് കെ. മാണിക്ക് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ നേട്ടം. ലോക്‌സഭാ തിരഞ്ഞെടുപ്പിലെയും തദ്ദേശ തിരഞ്ഞെടുപ്പിലെയും പ്രകടനവും ദയനീയമായിരുന്നു. മാണിയുടെയും പാർട്ടിയുടെയും തട്ടകത്തിൽ, പാലാ നഗരസഭയിൽ ചരിത്രത്തിലാദ്യമായി കേരളാ കോൺഗ്രസ് പ്രതിപക്ഷത്താണ്. അങ്ങനെയിരിക്കേ യുഡിഎഫിൽ എത്തിയാലും പഴയ സ്വീകരണം ജോസിനും കൂട്ടർക്കും പ്രതീക്ഷിക്കനാവില്ല. തന്നെയുമല്ല വിലപേശൽ അത്രകണ്ട് അംഗീകരിക്കണണെന്നുമില്ല. സോണിയ ഗാന്ധിയുമായി ചർച്ചനടത്തിയോ എന്ന ചോദ്യത്തിന് ഇല്ല എന്ന മറുപടിയല്ല ജോസ് നൽകിയത്. എപ്പോൾ എവിടെ വച്ച് എന്നാണ് തിരിച്ചുചോദിച്ചത്.
2021-ൽ 12 സീറ്റുകളിലാണ് കേരളാ കോൺഗ്രസ് എം മത്സരിച്ചത്. കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം മത്സരിച്ചത് 10 സീറ്റിലുമായിരുന്നു. ഇടുക്കി (റോഷി അഗസ്റ്റിൻ), റാന്നി (പ്രമോദ് നാരായൺ), ചങ്ങനാശ്ശേരി (ജോബ് മൈക്കിൾ), കാഞ്ഞിരപ്പള്ളി(എൻ. ജയരാജ്), പൂഞ്ഞാർ (സെബാസ്റ്റിയൻ കുളത്തിങ്കൽ) എന്നീ അഞ്ച് സീറ്റിലാണ് ജോസിന് വിജയിക്കാനായത്. പാർട്ടി ചെയർമാൻ കൂടിയായ ജോസ്, പാലായിൽ മാണി സി. കാപ്പനോട് പരാജയപ്പെടുകയും ചെയ്തിരുന്നു.
ജോസും കൂട്ടരും യുഡിഎഫിൽ എത്തിയാലും പാലാ സീറ്റ് വിട്ടുകൊടുക്കാൻ തയ്യാറല്ലെന്ന് കാലേകൂട്ടി പറഞ്ഞിട്ടുണ്ട് കാപ്പൻ. ഇന്നദ്ദേഹം മലപ്പുറത്തെത്തി കുഞ്ഞാലിക്കുട്ടിയോട് അക്കാര്യം അസന്നിഗ്ധമായി പറയുകയും ചെയ്തിട്ടുണ്ട്. കെ.എം. മാണിയുടെ മരണത്തിന് പിന്നാലെ 2019-ൽ നടന്ന ഉപതിരഞ്ഞെടുപ്പു മുതൽ പാലാ മണ്ഡലത്തെ നിയമസഭയിൽ പ്രതിനിധീകരിക്കുന്നത് കാപ്പനാണ്. ആദ്യം എൽഡിഎഫിന്റെ ഭാഗമായും പിന്നീട് ജോസ് മറുകണ്ടം ചാടിയപ്പോൾ യുഡിഎഫിലും നിന്ന് ജയിച്ചു. കേരളാ കോൺഗ്രസ് ജെ ആകട്ടേ, പത്ത് സീറ്റിൽ മത്സരിച്ചുവെങ്കിലും ജയിച്ചത് ജയിച്ചത് വെറും രണ്ട് സീറ്റിൽ മാത്രമായിരുന്നു. തൊടുപുഴയിൽനിന്ന് പാർട്ടി ചെയർമാൻ പി.ജെ. ജോസഫും കടുത്തുരുത്തിയിൽനിന്ന് മോൻസ് ജോസഫും.
തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് ഇടതുമുന്നണി നടത്തിയ ഏകദിന സത്യഗ്രഹത്തിൽ ജോസ് കെ.മാണിയുടെ അസാന്നിധ്യം വലിയ ചർച്ചകൾക്ക് തിരികൊളുത്തിയിരുന്നു. എന്നാൽ സ്വകാര്യ ആവശ്യത്തിന് വിദേശത്തായിരുന്നതിനാലാണ് പങ്കെടുക്കാതിരുന്നത് എന്നാണ് ജോസ് നൽകുന്ന വിശദീകരണം. അതേസമയം, പരിപാടിയിൽ പങ്കെടുത്ത റോഷി, ചൊവ്വാഴ്ച അതിൽനിന്നുള്ള ചിത്രം തുടരും എന്ന അടിക്കുറിപ്പോടെ സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചു. റാന്നി എംഎൽഎ പ്രമോദ് നാരായണും #2026 തുടരും എന്ന കുറിപ്പോടെ മുഖ്യമന്ത്രിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചു. ഇതോടെ പാർട്ടി എംഎൽഎമാർക്കിടയിൽ എൽഡിഎഫിനൊപ്പം, യുഡിഎഫിനൊപ്പം എന്നിങ്ങനെ രണ്ട് പക്ഷംരൂപംകൊണ്ടതായും വാർത്തകൾ വന്നിരുന്നു. പിന്നീട് തന്റെ ഇടതുമുന്നണി സത്യഗ്രഹവേദിയിലെ അസാന്നിധ്യത്തെ കുറിച്ച് വിശദീകരിച്ചും ഇടതുമുന്നണിക്കൊപ്പമെന്ന് പറഞ്ഞും കൊണ്ടുള്ള ഫെയ്‌സ്ബുക്ക് കുറിപ്പ് വന്നു. ഇത് സെബാസ്റ്റ്യൻ കുളത്തുങ്കൽ പങ്കുവെക്കുകയും ചെയ്തിരുന്നു.
രാഷ്ട്രീയം അപ്രവചനീയമാണ് പലപ്പോഴും, പ്രത്യേകിച്ച് കേരളാ കോൺഗ്രസുകളുടെ നിലപാടുകളും. ഇനി നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേരളാ കോൺഗ്രസ് എം മുന്നണിയിലെത്തിയെന്നിരിക്കട്ടേ, സീറ്റ് വിഭജനത്തിലടക്കം വലിയ ചർച്ചകളും വിട്ടുവീഴ്ചകളും വേണ്ടിവരുമെന്ന കാര്യം ഉറപ്പാണ്. ജോസ് ഇല്ലാതെ തന്നെ മികച്ച വിജയം നേടാൻ കഴിഞ്ഞ ലോക്‌സഭാ, തദ്ദേശ ഫലങ്ങളെ മുൻനിർത്തിയാകും ബാർഗെയ്‌നിങ് ടേബിളിൽ കോൺഗ്രസ് ഇരിക്കുക. വിട്ടുവീഴ്ച ചെയ്യേണ്ടിവരിക ജോസും സംഘവുമാകും എന്നതും ഉറപ്പുതന്നെ.
ജോസിനെ ഒപ്പം കൂട്ടാൻ ഏറ്റവും താത്പര്യപ്പെടുന്നത് ലീഗും സഭയുമാണ്. സഭയുടെ സമ്മർദത്തെ ജോസിന് അങ്ങനെ എളുപ്പം തള്ളാനുമാകില്ല. മുന്നണി മാറാൻ പ്രത്യേകിച്ച് ഒരു കാരണമില്ല എന്നതാണ് കുഴക്കുന്ന ഒരു പ്രശ്‌നം. തരാതരം പോലെ മാറുന്നതിലെ ക്രെഡിബിളിറ്റി പ്രശനം വേറെ. തന്നെയുമല്ല യുഡിഎഫിലെത്തിയാൽ ഇത്രയും സീറ്റ് മത്സരിക്കാൻ കിട്ടില്ല. സിപിഎമ്മാകട്ടെ തദ്ദേശ തിരഞ്ഞെടുപ്പിൽ കഴിഞ്ഞ തവണത്തേതിലും ഉദാരമനസ്‌കത കാണിച്ചു. തദ്ദേശ ഫലം ജോസിന് സൃഷ്ടിച്ചിരിക്കുന്ന പ്രതിസന്ധിയും ചെറുതല്ല. മധ്യതിരുവതാംകൂറിൽ വോട്ടുബാങ്ക് യുഡിഎഫിലേക്ക് ഒഴുകിപ്പോയി. ജോസ് പക്ഷമില്ലാതെ ജയിക്കാമെന്ന ആത്മവിശ്വാസത്തിലാണ് കോൺഗ്രസ്. ജോസിനെ കൂടെക്കൂട്ടിയാൽ സീറ്റ് കൊടുക്കേണ്ടി വരുന്നത് കോൺഗ്രസിലുണ്ടാക്കാവുന്ന പൊട്ടിത്തെറികൾ വേറെ. തത്കാലം മുന്നണിമാറ്റ അഭ്യൂഹത്തിന് അവധി നൽകുന്നുണ്ടെങ്കിലും പലകോണിൽ നിന്നും ക്ഷണമുണ്ടെന്ന ജോസിന്റെ വാക്കുകൾ ഓപ്ഷൻ ഓപ്പണാണ് എന്നും സൂചിപ്പിക്കുന്നുണ്ട്
Content Highlights: kerala congress m jose k mani kerala assembly election 2026
Published: 14 Jan 2026, 01:42 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented