
ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിക്കു പിന്നിൽ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ മാത്രമല്ല, സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമുണ്ടെന്ന് സി.പി.ഐ. ജില്ലാ കൗൺസിലിൽ രൂക്ഷ വിമർശം. ഭൂരിപക്ഷാംഗങ്ങളും സെക്രട്ടറിക്കെതിരേ നിലപാടെടുത്തു.
എം.എൻ. ഗോവിന്ദൻനായർ, ടി.വി. തോമസ്, സി. അച്യുതമേനോൻ, വെളിയം ഭാർഗവൻ, സി.കെ. ചന്ദ്രപ്പൻ, കാനം രാജേന്ദ്രൻ എന്നീ മഹാന്മാർ സെക്രട്ടറിയായിരുന്നിടത്താണ് നിലപാടില്ലാത്ത ഒരാൾ സെക്രട്ടറിയായിരിക്കുന്നതെന്ന് അംഗങ്ങളിൽ ചിലർ കുറ്റപ്പെടുത്തി. ഇടതുപക്ഷനിലപാടിനു വിരുദ്ധമായി തൊഴിലാളിവിരുദ്ധ നയം സ്വീകരിക്കുമ്പോൾ കൃത്യമായ അഭിപ്രായം പറയുന്നതിൽ ബിനോയ് വിശ്വം വീഴ്ചവരുത്തി. ആശ വർക്കർമാരുടെ സമരത്തിൽപ്പോലും ഇതാണുണ്ടായത്.
എൽ.ഡി.എഫ്. യോഗങ്ങളിലൊന്നും സെക്രട്ടറി ഇക്കാര്യത്തിൽ നിലപാടെടുക്കുകയോ എതിരഭിപ്രായം പറയുകയോ ചെയ്തില്ല. എന്നാൽ, ഇപ്പോൾ ശരിയായില്ലെന്നു പറയുന്നു. സമയത്ത് നിലപാടെടുക്കാൻ കഴിയാതെ പഴിപറയുന്നത് സംസ്ഥാന സെക്രട്ടറി പദവിക്കു ചേർന്നതാണോയെന്നും നേതാക്കൾ ചോദിച്ചു. എക്സിക്യുട്ടീവ് യോഗത്തിലെ ചർച്ചകൾക്കു തുടർച്ചയായാണ് ജില്ലാ കൗൺസിൽ ചേർന്നത്.
സ്ഥാനാർഥിനിർണയത്തിൽ പാളിച്ചയുണ്ടായി. ജനങ്ങൾക്കു വിശ്വാസ്യതയുള്ളവരെ സ്ഥാനാർഥികളാക്കാൻ നേതൃത്വത്തിനായില്ല. നാദാപുരം, അടൂർ, ചാത്തന്നൂർ എന്നിവിടങ്ങളിൽ ഇതു പ്രകടമായി.
ആലപ്പുഴ ജില്ലയിൽ, സി.പി.ഐ. സ്ഥാനാർഥികളായിരുന്ന പി. പ്രസാദും ടി.ടി. ജിസ്‌മോനും മികച്ച പ്രകടനമാണു കാഴ്ചവെച്ചത്. മന്ത്രിമാരിൽ കൂടുതൽപേരും പരാജയപ്പെട്ടപ്പോഴും കഴിഞ്ഞ തിരഞ്ഞെടുപ്പിനെക്കാൾ ഭൂരിപക്ഷം വർധിപ്പിച്ചാണ് ചേർത്തലയിൽ പി. പ്രസാദ് വിജയിച്ചത്.
ജില്ലയിൽനിന്നുള്ള മറ്റൊരു മന്ത്രിയായിരുന്ന സജിചെറിയാനുപോലും ഭൂരിപക്ഷം കുത്തനെ കുറഞ്ഞു. ഈ സാഹചര്യത്തിൽ ചേർത്തലയിലെ വിജയം തിളക്കമാർന്നതാണ്. ഹരിപ്പാട്ട് മൂന്നാം സ്ഥാനത്താകുമെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും രണ്ടാമതെത്തി അഭിമാനം കാത്തെന്നും കൗൺസിൽ അംഗങ്ങൾ പറഞ്ഞു.
യോഗത്തിൽ സംസ്ഥാന കമ്മിറ്റിക്കുവേണ്ടി കെ. പ്രകാശ് ബാബു, പി. പ്രസാദ്, ടി.ജെ. ആഞ്ചലോസ്, ടി.ടി. ജിസ്‌മോൻ എന്നിവർ പങ്കെടുത്തു.
Content Highlights: Severe criticism against Binoy Viswam by CPI Alappuzha district council., Allegations of failing to take firm stands on worker-friendly policies., Failure in candidate selection noted in constituencies like Nadapuram and Adoor., P. Prasad's performance in Cherthala highlighted as a notable success., Internal dissent regarding the party's role within the LDF.
Published: 17 May 2026, 07:40 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented