ചേലക്കര (പാലക്കാട്): സി.പി.എം കൊണ്ടുവന്ന വിഷയങ്ങളൊക്കെ അവർക്കുതന്നെ തിരിച്ചടിയായി മാറുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പെട്ടി വിവാദവും തിരിച്ചടിയായി മാറിയെന്നാണ് സി.പി.എം വിലയിരുത്തൽ. മന്ത്രി എം.ബി രാജേഷും അളിയനും ചേർന്ന് ഒരുക്കിയ തിരക്കഥയായിരുന്നു പാതിരാ നാടകമെന്ന് എല്ലാവർക്കും ബോധ്യമായി. മുൻ എം.പിയും മുതിർന്ന സി.പി.എം നേതാവുമായ കൃഷ്ണദാസ് തന്നെയാണ് പെട്ടി ചർച്ച ചെയ്യേണ്ടതില്ലെന്നും പെട്ടി ദൂരേക്ക് വലിച്ചെറിയുമെന്നും പറഞ്ഞത്. പെട്ടി ചർച്ച ചെയ്യാൻ വന്നവർക്ക് തന്നെ പെട്ടി ദൂരത്തേക്ക് വലിച്ചെറിയേണ്ടിവരുന്ന വിചിത്രമായ കാഴ്ചയാണ് കാണുന്നതെന്നും അദ്ദേഹം പരിഹസിച്ചു.
സ്വയം പരിഹാസ്യരായി നിൽക്കുകയാണ് സി.പി.എം നേതാക്കൾ. സർക്കാരിന് എതിരെയുള്ള അതിശക്തമായ വികാരം ചർച്ച ചെയ്യപ്പെടാതിരിക്കുന്നതിനു വേണ്ടിയാണ് അപ്രധാനമായ കാര്യങ്ങൾ സി.പി.എം കൊണ്ടു വരുന്നത്. അതുകൊണ്ടു തന്നെ തിരഞ്ഞെടുപ്പിലെ യഥാർത്ഥ വിഷയങ്ങൾ മാറ്റാൻ യു.ഡി.എഫ് അനുവദിക്കില്ല. ഖജനാവ് കാലിയാക്കി, എല്ലാ രംഗത്തും ജനങ്ങൾക്ക് ആഘാതം ഏൽപ്പിച്ച് കേരളത്തെ തകർത്തു കളഞ്ഞ ഈ സർക്കാരിന്റെ ജനവിരുദ്ധ പ്രവർത്തനങ്ങളാകും ഈ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് വിജയത്തിന്റെ മുഖ്യകാരണങ്ങളിൽ ഒന്നെന്ന് അദ്ദേഹം ചേലക്കരയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
സി.പി.എം ജില്ലാ സെക്രട്ടറിയും മന്ത്രി എം.ബി രാജേഷും കള്ളപ്പണം ഒളിപ്പിച്ചു വച്ചിരിക്കുന്നുവെന്നാണ് പറഞ്ഞത്. എന്നാൽ ഷാഫി പറമ്പിൽ നാടകം ഉണ്ടാക്കിയെന്നാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി പറഞ്ഞത്. മന്ത്രി എം.ബി രാജേഷാണ് വനിതാ നേതാക്കളുടെ മുറികൾ റെയ്ഡ് ചെയ്യാൻ എസ്.പിയെ വിളിച്ചു പറഞ്ഞത്. മന്ത്രിയും അളിയനും ചേർന്നുണ്ടാക്കിയ തിരക്കഥയാണിത്. കുഴൽപ്പണ വിവാദം ബി.ജെ.പിയിൽ കലാപ സമാനമായ സ്ഥിതിയുണ്ടാക്കിയപ്പോഴാണ് സി.പി.എം സുരേന്ദ്രനെ രക്ഷിക്കുന്നതിനു വേണ്ടി പാതിരാ നാടകത്തിനു വേണ്ടിയുള്ള തിരക്കഥയുണ്ടാക്കിയത്. അത് അവർക്ക് തന്നെ തിരിച്ചടിയായി. അതുകൊണ്ടാണ് പെട്ടി ചർച്ച ചെയ്യേണ്ടെന്ന് മുൻ സി.പി.എം എം.പി തന്നെ പറഞ്ഞത്." വി.ഡി. സതീശൻ തുറന്നടിച്ചു.
41 കോടി 40 ലക്ഷം സുരേന്ദ്രനുവേണ്ടി കൊണ്ടുവന്നെന്നാണ് ധർമ്മരാജന്റെ മൊഴി. എന്നാൽ ആ മൊഴി മുഖ്യമന്ത്രി പിണറായി വിജയൻ മൂന്നുവർഷം ഒളിപ്പിച്ചു വച്ചു. വയനാട്ടിൽ സുരേന്ദ്രൻ മത്സരിച്ചപ്പോൾ അവിടെ പ്രചരണത്തിന് പോയ പിണറായി വിജയൻ 41 കോടി 40 ലക്ഷം കള്ളപ്പണം കൊണ്ടുവന്ന ആളാണ് സുരേന്ദ്രനെന്ന് പറഞ്ഞില്ലല്ലോ. അന്ന് രാഹുൽ ഗാന്ധിക്കെതിരെയാണ് പറഞ്ഞത്. അങ്ങോട്ടും ഇങ്ങോട്ടും അഡ്ജസ്റ്റ്‌മെന്റായിരുന്നു എല്ലാമെന്നും പ്രതിപക്ഷനേതാവ് കൂട്ടിച്ചേർത്തു.
നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സി.പി.എം നേതാവ് പി.പി ദിവ്യയ്ക്ക് ജാമ്യം കിട്ടുന്നതിനു വേണ്ടിയാണ് കളക്ടറെക്കൊണ്ട് മൊഴി മാറ്റിപ്പറയിപ്പിച്ചതെന്ന് പ്രതിപക്ഷനേതാവ് ആരോപിച്ചു. ആദ്യം റവന്യൂ വകുപ്പിന് നൽകിയ മൊഴി മുഖ്യമന്ത്രിയെ കണ്ടതിനു ശേഷം കളക്ടർ മാറ്റിപ്പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘമാണ് പി.പി. ദിവ്യയ്ക്ക് ജാമ്യം ലഭിക്കുന്നതിനു വേണ്ടിയുള്ള അവസരമുണ്ടാക്കിക്കൊടുത്തത്. കളക്ടറെ ഭീഷണിപ്പെടുത്തിയാണ് മൊഴി മാറ്റിച്ചത്. നവീൻ ബാബുവിന്റെ വീട്ടിൽ പോയി പാർട്ടി കുടുംബത്തിന് ഒപ്പമാണെന്നാണ് ഗോവിന്ദൻ പറഞ്ഞത്. ഗോവിന്ദൻ അതു പറയുമ്പോൾ പാർട്ടിഗ്രമത്തിൽ സി.പി.എം ദിവ്യയെ ഒളിപ്പിച്ചുവച്ചിരിക്കുകയായിരുന്നു. എന്തൊരു വിരോധാഭാസവും ഇരട്ടത്താപ്പുമാണിതെന്ന് അദ്ദേഹം ചോദിച്ചു.
"നവീൻ ബാബുവിന്റെ കുടുംബത്തെ പരിഹസിക്കുകയും കബളിപ്പിക്കുകയും അപമാനിക്കുകയുമാണ് സി.പി.എം ചെയ്തത്. നവീൻ ബാബു അഴിമതിക്കാരനാണെന്നു വരുത്തിത്തീർക്കാനാണ് എ.കെ.ജി സെന്ററിൽ വ്യാജരേഖയുണ്ടാക്കിയത്. നവീൻ ബാബു അഴിമതിക്കാരനാണെന്നും വരുത്തിത്തീർത്ത് ദിവ്യയെ രക്ഷിക്കാനുള്ള ശ്രമമാണ് സി.പി.എം നടത്തിയത്. ഉപതിരഞ്ഞെടുപ്പ് നടക്കുന്നതു കൊണ്ട് മാത്രമാണ് ദിവ്യയ്‌ക്കെതിരെ നടപടി എടുക്കാൻ പാർട്ടി തയാറായത്. ഇതിനെതിരെ ജനങ്ങൾക്കിടയിൽ ശക്തമായ വികാരമുണ്ട്. കളക്ടർക്കെതിരെ റവന്യൂ വകുപ്പ് എന്ത് നടപടിയാണ് എടുത്തത്? ക്ഷണിക്കപ്പെടാതെ വന്ന് പി.പി ദിവ്യ എ.ഡി.എമ്മിനെ അധിക്ഷേപിച്ച് സംസാരിക്കുമ്പോൾ കളക്ടർ ചിരിച്ചുകൊണ്ട് ഇരിക്കുകയായിരുന്നില്ലേ?
വാളയാർ കേസിലും സി.പി.എമ്മുകാരായ പ്രതികളെ വെറുതെ വിട്ടു. പ്രതികൾക്കു വേണ്ടി പാലക്കാട് ജില്ലയിലെ പ്രധാനപ്പെട്ട സി.പി.എം നേതാക്കളുടെ ഇടപെടൽ ഉണ്ടായിട്ടുണ്ട്. വണ്ടിപ്പെരിയാറിൽ അഞ്ച് വയസുകാരിയെ പീഡിപ്പിച്ച് കൊന്ന് കെട്ടിത്തൂക്കിയതും ഡി.വൈ.എഫ്.ഐക്കാരനാണ്. ആ കേസിലും പ്രതിയെ വെറുതെ വിട്ടു. സിദ്ധാർത്ഥിനെ കൊന്ന് കെട്ടിത്തൂക്കിയ കേസിലെ പ്രതികളായ എസ്.എഫ്.ഐക്കാരെയും സി.പി.എം രക്ഷിച്ചു. സി.പി.എമ്മുകാർ പ്രതികളായ എല്ലാ കേസുകളിലും പ്രതികളെ രക്ഷിക്കാനുള്ള ശ്രമമാണ് പാർട്ടിയും സർക്കാരും നടത്തിയത്.
ബി.ജെ.പി- സി.പി.എം ബാന്ധവം എല്ലാവർക്കും മനസിലായി. കൊടകര കുഴൽപ്പണക്കേസിൽ നിന്നും മഞ്ചേശ്വരം കോഴക്കേസിൽ നിന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെ രക്ഷപ്പെടുത്താൻ പിണറായി സർക്കാർ നടത്തിയ ശ്രമങ്ങളും കേന്ദ്ര ഏജൻസികൾ പിണറായിക്കും അദ്ദേഹത്തിന്റെ കുടുംബത്തിനും എതിരെ എടുത്ത കേസുകളിലെ അന്വേഷണങ്ങൾ ഇല്ലാതാക്കാൻ നടത്തുന്ന ശ്രമങ്ങളും ഇവരുടെ കൂടിക്കാഴ്ചകളും ഇപ്പോൾ മറനീക്കി പുറത്തുവന്നിരിക്കുകയാണ്. കുഴൽപ്പണക്കേസിൽ പ്രതിയാകേണ്ടിയിരുന്ന ബി.ജെ.പി പ്രസിഡന്റ് സാക്ഷിയായി മാറിയ കഥ ഇപ്പോൾ ബി.ജെ.പിയിൽ നിന്നു തന്നെ പുറത്തുവന്നിരിക്കുകയാണെന്നും അദ്ദേഹം ചേലക്കരയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
Content Highlights: Opposition Leader V.D. Satheesan alleges a nexus between BJP and CPM
Published: 08 Nov 2024, 03:32 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented