
പാലക്കാട്: പാലക്കാട്ടെ ബി.ജെ.പി സ്ഥാനാർത്ഥി സി. കൃഷ്ണകുമാറിനെതിരെ തുറന്നടിച്ച് സന്ദീപ് വാര്യർ. ഇനിയും മൗനം തുടരാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രശ്നം കേൾക്കാതെ ആജ്ഞാപിച്ചാൽ സഹിക്കാനാവില്ല. തന്നെ പൊതുപരിപാടികളിൽനിന്ന് ഒഴിവാക്കാൻ ശ്രമിച്ചു. പാർട്ടിയിലെ പദവി ഉപയോഗിച്ച് തന്നെ കൃഷ്ണകുമാർ ഒതുക്കാൻ ശ്രമിക്കുകയാണ്. പ്രോട്ടോകോൾ പ്രകാരം വേദിയിലിരിക്കേണ്ടയാളല്ലെന്നാണ് വൈസ് പ്രസിഡന്റ് കൺവെൻഷനിൽ പരുഷമായി പറഞ്ഞത്. തന്റെ എന്റെ രക്തസാക്ഷിത്വത്തിലൂടെയെങ്കിലും ഈ പ്രസ്ഥാനം നന്നാവുമെങ്കിൽ നന്നായിക്കോട്ടെയെന്നും സന്ദീപ് മാതൃഭൂമി ന്യൂസിന്റെ സൂപ്പർ പ്രൈം ടൈമിൽ പറഞ്ഞു.
ഏതുവരെ പോകും എന്ന് നോക്കി രാഷ്ട്രീയത്തിൽവന്നയാളല്ല താനെന്ന് സന്ദീപ് വാര്യർ പറഞ്ഞു. ജനങ്ങൾക്ക് കഴിയുന്ന സഹായം നൽകി കക്ഷി രാഷ്ട്രീയത്തിനതീതമായി പ്രവർത്തിക്കുന്നതാണ് തന്റെ യഥാർത്ഥ രാഷ്ട്രീയമെന്നും സന്ദീപ് പറഞ്ഞു. രാഷ്ട്രീയം കച്ചവടമാക്കിയയാളല്ല. നാളെ എവിടെയെങ്കിലും എത്തണമെന്ന് ആഗ്രഹിച്ചുവന്നയാളുമല്ല. ജനങ്ങൾക്ക് എന്തെങ്കിലും ചെയ്തുകൊടുക്കാനാവുമോ എന്നതുമാത്രമാണ് തന്റെ രാഷ്ട്രീയ പ്രവർത്തനം. അതിനപ്പുറത്തുള്ള വ്യക്തിപരമായ ഒരു പരിഗണനയും ബാധകമല്ല. മൗനിയായിരിക്കുന്നത് അസഹനീയമായ കാര്യമാണെന്നും സന്ദീപ് പറഞ്ഞു.
"ഏതെങ്കിലും ഒരു മുതിർന്ന നേതാവ് എനിക്കുനേരിട്ട ഈ അപമാനവും ആക്ഷേപവപം സംബന്ധിച്ച പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കുമെന്നാണ് ഞാൻ പ്രതീക്ഷിച്ചത്. എന്നാൽ എന്റെ സങ്കടത്തിനെ മുഖവിലയ്ക്കെടുക്കാതെ അജ്ഞാപിക്കുക മാത്രം ചെയ്തത് എങ്ങനെയാണ് അംഗീകരിക്കാൻ സാധിക്കുക? നമ്മളാരും ശമ്പളം വാങ്ങി പണിയെടുക്കുന്നവരല്ലല്ലോ. ആത്മാഭിമാനം വളരെ പ്രധാനമാണ്. അഭിമാനമില്ലാതെ, മനുഷ്യനെന്ന പരിഗണന പോലുമില്ലാതെ നമുക്കൊരു സ്ഥലത്ത് നിൽക്കാൻ വലിയ പ്രയാസമാണ്. അപമാനം നേരിട്ടെങ്കിൽ, ഇത്ര സങ്കടമുണ്ടെങ്കിൽ അവിടെ പോകേണ്ട എന്ന് കുടുംബംകൂടി പറഞ്ഞപ്പോഴാണ് പരിപാടികളിൽനിന്ന് വിട്ടുനിന്നത്. ഉറങ്ങാൻപോലും കഴിയാത്ത സാഹചര്യമുണ്ടായി. ആരെങ്കിലുമൊക്കെ ആശ്വാസവുമായി കടന്നുവരും എന്ന് അപ്പോഴും പ്രതിക്ഷിച്ചു. പക്ഷേ മുതിർന്ന ആളുകൾപോലും വന്നില്ല എന്നത് അങ്ങേയറ്റം വേദനിപ്പിക്കുന്ന കാര്യമാണ്.
പാലക്കാട്ടെ കമ്മിറ്റിക്ക് എന്നോട് വിരോധമുണ്ടാകേണ്ട യാതൊരു സാഹചര്യവുമില്ല. എന്തെങ്കിലും വിരോധമുണ്ടെങ്കിൽ അത് ഞാൻ വളർന്നുവന്നാൽ എന്തെങ്കിലുമൊക്കെ നഷ്ടപ്പെടുമെന്ന ഭീതിയുള്ളവർക്ക് മാത്രമായിരിക്കും. പാലക്കാട് നേതൃത്വത്തിൽ പുതിയ ചെറുപ്പക്കാർ വളർന്നുവരേണ്ടതാണ്. അവരെ പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടതിനുപകരം അവരെയെല്ലാം മാറ്റിനിർത്തുന്നതരത്തിൽ സംഘടനയ്ക്കകത്തെ മേധാവിത്വം ഉപയോഗിക്കുകയാണ്. സംസ്ഥാന ജനറൽ സെക്രട്ടറിയും കോർ കമ്മിറ്റിയംഗവുമാണ് സി. കൃഷ്ണകുമാർ. അദ്ദേഹത്തിന് സ്വന്തം ജില്ലയിലെ കാര്യങ്ങൾ സംബന്ധിച്ച് അവസാന വാക്കായി പ്രവർത്തിക്കാൻ ബി.ജെ.പിക്കകത്ത് സാധിക്കും. അതുകൊണ്ട് ആരെ മാറ്റിനിർത്തണമെന്നും അദ്ദേഹത്തിന് തീരുമാനിക്കാം. ഇതിനെക്കുറിച്ച് അദ്ദേഹത്തിന്റെ മുഖത്ത് നോക്കിപ്പറഞ്ഞയാളാണ് ഞാൻ. സംസ്ഥാന ജനറൽ സെക്രട്ടറി എന്ന സ്ഥാനത്തിന്റെ ഔന്നത്യവും മര്യാദയും കാണിക്കാതെ സാധാരണ പ്രവർത്തകർക്കെതിരായ നിലപാട് സ്വീകരിക്കുകയും ചെയ്യുന്ന നിലവാരത്തിലേക്ക് പോകരുതെന്ന് ഞാൻ പറഞ്ഞിട്ടുണ്ട്.
കൃഷ്ണകുമാർ സ്ഥാനാർത്ഥിയായ ശേഷം എന്നെ വിളിച്ചില്ല. അതുകൊണ്ട് പ്രചാരണത്തിന്റെ ആദ്യനാലുദിവസങ്ങളിൽ പോയില്ല. കെ.സുരേന്ദ്രൻ വിളിച്ചപ്പോഴാണ് ഞാൻ പോയത്. കൃഷ്ണകുമാറും അവിടേക്ക് വന്നു. എല്ലാവരേയും ഒരുമിച്ചുകൊണ്ടുപോവാനുള്ള മനസിന്റെ ഔന്നത്യം കാണിക്കണമെന്ന് ഞാൻ പറഞ്ഞപ്പോൾ അദ്ദേഹം അംഗീകരിച്ചു. അവർക്ക് മനസുഖം കിട്ടാൻ എന്നെ പൊതുപരിപാടിയിൽ അവഹേളിക്കുമെന്ന് നേരത്തേ അറിയാമായിരുന്നു. പ്രവർത്തകരെ മോട്ടിവേറ്റ് ചെയ്യാൻ പോയിട്ട് ഞാൻ ഡീ മോട്ടിവേറ്റായി പോവുകയാണ് ചെയ്തത്. എന്നിട്ടും പിറ്റേന്ന് മനോവിഷമത്തോടെയെങ്കിലും കൊട്ടാരക്കരയിലെ പ്രതിഷേധ മാർച്ചിൽ സംസാരിക്കാൻ പോയി.
വൈസ് പ്രസിഡന്റ് പറഞ്ഞ ആ പ്രോട്ടോക്കോളിന് അതീതമായി സ്ഥാനാർത്ഥിയുടെ ഭാര്യയടക്കമുള്ളവർ വേദിയിലുണ്ടായിരുന്നു. അവിടെനിന്ന് മടങ്ങി എറണാകുളത്തെത്തുന്ന സമയത്ത് സ്ഥാനാർത്ഥി വിളിച്ച് ചോദിക്കുകയാണ് ഞാനെവിടെ പോയെന്ന്. കൃഷ്ണകുമാർ കൂട്ടിച്ചേർത്തു.
Content Highlights: sandeep varier against palakkad by election bjp candidate c krishnakumar
Published: 04 Nov 2024, 08:55 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented