ചോദ്യം എന്തായാലും ഉത്തരം കണിശമായിരിക്കും. കോണ്‍ഗ്രസ് യുവനേതാക്കളില്‍ പ്രധാനിയായ രാഹുല്‍ മാങ്കൂട്ടത്തലിനേക്കുറിച്ച് ചോദിച്ചാല്‍ ഇതായിരിക്കും അനുയോജ്യമായ വിശേഷണം. ഒരു സ്ഥാനാര്‍ഥിത്വം ഇത്രമാത്രം ചര്‍ച്ചയാവാന്‍ കാരണമെന്താണ്? ആരാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ? ചാനല്‍ ചര്‍ച്ചകളിലെ സ്ഥിരം കോണ്‍ഗ്രസ് പ്രതിനിധിയായ രാഹുലിനെ ഷാഫി പറമ്പിലിന് പകരമായി പാലക്കാട്ടേക്കയക്കാന് കോണ്‍ഗ്രസ് നേതൃത്വം അധികം സമയമെടുത്തില്ല. ആ തീരുമാനം ഒട്ടും തെറ്റായിപ്പോയില്ല എന്ന് രാഹുല്‍ തെളിയിച്ചു. കരുത്തരായ സ്ഥാനാര്‍ഥികളോട് മത്സരിച്ച് കന്നിയങ്കത്തില്‍ തിളക്കമാര്‍ന്ന വിജയം നേടിയ രാഹുല്‍ മാങ്കുട്ടത്തിലിന്റെ രാഷ്ട്രീയയാത്രയും തെറ്റിയില്ല. തന്റെ മുന്‍ഗാമികളേക്കാള്‍ വോട്ടുനേടിയാണ് രാഹുല്‍ തന്റെ നിയമസഭയിലേക്കുള്ള വരവറിയിച്ചിരിക്കുന്നത്.
സമീപകാല ചരിത്രത്തില്‍ തിരഞ്ഞെടുപ്പിനുള്ള തീയ്യതി പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകം ഒരു സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്നത് അധികം കണ്ടിട്ടുമില്ല. ഉടന്‍ വിമത സ്വരം ഉയര്‍ന്നു. ഒറ്റപ്പാലം കാരനായ യുവനേതാവ് പി സരിന് ആരോപണങ്ങളുടെ കെട്ടഴിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ മറുപാളയത്തില്‍ ചേക്കേറി സ്ഥാനാര്‍ഥിയുമായി. ജയിലില്‍ കിടക്കുന്നത് മാത്രമല്ല ത്യാഗമെന്നും പാര്‍ട്ടിക്ക് തെറ്റ് പറ്റിയെങ്കില്‍ തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍ വിഡി സതീശനും കെ സുധാകരനുമെല്ലാം രാഹുലിനെ പിന്തുണച്ചെത്തി. ആളുകളുടെ ഹൃദയം കീഴടക്കിയ സമരനായകനാണ് രാഹുലെന്ന് സതീശനും പുതിയ തലമുറയുടെ പ്രതീകമാണെന്ന് സുധാകരനും പറഞ്ഞു. നേതൃത്വം പ്രതീക്ഷിച്ചതിനുമപ്പുറമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ തിരികെ നല്‍കിയത്.
പത്തനംതിട്ട കാതോലിക്കേറ്റ് കോളേജില്‍ പഠിക്കുമ്പോള്‍ 2006-ല്‍ കെ.എസ്.യു വിലൂടെയാണ് രാഹുല്‍ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. തൊട്ടടുത്ത വര്‍ഷം കെ.എസ്.യുവിന്റെ അടൂര്‍ നിയോജക മണ്ഡലം പ്രസിഡന്റും യൂത്ത് കോണ്‍ഗ്രസിന്റെ പെരിങ്ങനാട് മണ്ഡലം കമ്മിറ്റി പ്രസിഡന്റുമായി. പിന്നീട് യൂണിവേഴ്സിറ്റി കൗണ്‍സിലര്‍, കെ.എസ്.യു, ജില്ലാ പ്രസിഡന്റ്, എന്‍.എസ്.യു.ഐ, ദേശീയ സെക്രട്ടറി, കെ.എസ്.യു, സംസ്ഥാന ജനറല്‍ സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി, കെ.പി.സി.സി, അംഗം, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അങ്ങനെ 18 വര്‍ഷം കൊണ്ട് പാര്‍ട്ടിയിലെ വിവിധ ചുമതലകള്‍, പദവികള്‍. ഒടുവില്‍ 2023ല്‍ യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു. അന്ന് മത്സരത്തില്‍ രണ്ടാം സ്ഥാനത്ത് വന്ന അബിന്‍ വര്‍ക്കിയേക്കാള്‍ 53,398 വോട്ടുകള്‍ നേടിയായിരുന്നു രാഹുലിന്റെ മിന്നുംവിജയം. കെഎസ്.യുവിന്റെ യൂണിറ്റ് മുതല്‍ നാഷണല്‍ കമ്മിറ്റിവരെ പ്രവര്‍ത്തിക്കാന്‍ അവസരം കിട്ടിയ തനിക്കാണോ അടിത്തട്ടിലുളള പ്രവര്‍ത്തന പരിചയമില്ലെന്ന് പറയുന്നതെന്ന് രാഹുല്‍ തന്നെ പലയിടത്തും ചോദിച്ചിട്ടുണ്ട്.
അച്ഛനോടുള്ള വൈകാരികമായ അടുപ്പമാണ് തന്നെ കോണ്ഗ്രസുകാരനാക്കിയതെന്ന് രാഹുല്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. പത്തനംതിട്ട മുണ്ടപ്പള്ളി പാറക്കൂട്ടം ആറ്റിവിളാകത്ത് എസ്. രാജേന്ദ്ര കുറുപ്പ് എന്ന രാഹുലിന്റെ അച്ഛന് ഇന്ത്യന്‍ ആര്‍മി ഓഫീസറും കറകളഞ്ഞ കോണ്‍ഗ്രസുകാരനുമായിരുന്നു. ഖദറിട്ട് നടക്കുന്ന മനുഷ്യന്. രാഹുലിന്റെ കുട്ടിക്കാലത്ത് തന്നെ അച്ഛന് മരണപ്പെട്ടതോടെ അമ്മ ബീനയായി പിന്നെയെല്ലാം. ഒരിക്കല്‍ രാഹുല്‍ അച്ഛന്റെ ഖദറിട്ടുനോക്കിയപ്പേള് വൈകാരികമായ ഒരു സുരക്ഷിതത്വം അനുഭവപ്പെട്ടു. അന്ന് വെറുതെയിട്ട് നോക്കിയ ഖദര്‍ മനസിനകത്ത് ഇപ്പോഴും ധരിക്കുന്നുണ്ടെന്നാണ് രാഹുല്‍ പറയുന്നത്. കുട്ടിക്കാലത്ത് മനസില്‍ തറച്ചൊരു മോഹമായിരുന്നു രാഷ്ട്രീയകാരനാവുക എന്നത്. അച്ഛനില്‍നിന്നു കിട്ടിയ വൈകാരികമായ അടുപ്പത്തോടൊപ്പം വായിച്ചും അറിഞ്ഞും പ്രസ്ഥാനത്തോട് പ്രണയമായി.
അടൂര്‍ തപോവന്‍ സ്കൂള്‍, പന്തളം സെന്റ് ജോണ്‍സ് പബ്ലിക് സ്കൂള്‍ എന്നിവിടങ്ങളില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസം. പത്തനംതിട്ട കാതോലിക്കേറ്റ് കോളേജില്‍ നിന്ന് ബിരുദം. ഡല്‍ഹി സെയ്ന്റ് സ്റ്റീഫന്‍സ് കോളേജില്‍നിന്ന് ചരിത്രത്തില്‍ എം.എ.യും ഇന്ദിരാഗാന്ധി ഓപ്പണ്‍ യൂണിവേഴ്സിറ്റിയില്‍നിന്ന് ഇംഗ്ലീഷില്‍ എം.എ.യും നേടി. നിലവില്‍ കോട്ടയം യൂണിവേഴ്സിറ്റിയില്‍ പിഎച്ച്ഡി ചെയ്യുന്നിതിനിടെയാണ് രാഷ്ട്രീയ പ്രവര്‍ത്തനം. രാഹുല്‍ അധ്യക്ഷനായതുമുതല്‍ നിരവധി സമരപരിപാടികള്‍ക്കാണ് യൂത്ത് കോണ്‍ഗ്രസ് രൂപം കൊടുത്തത്. സര്‍ക്കാരിനെതിരേ പ്രതിപക്ഷനിരയില്‍ നിന്ന് ശക്തമായി വിമര്‍ശനമുന്നയിച്ചു. സര്‍ക്കാര്‍ വിരുദ്ധ സമരങ്ങളിലൂടെ ശ്രദ്ധേയനായി. ഈ വര്‍ഷമാദ്യം സെക്രട്ടറിയേറ്റ് മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് അടൂരിലെ വീട് വളഞ്ഞ് രാഹുലിനെ അറസ്റ്റ് ചെയ്തത് കേരളമൊട്ടാകെ ചര്‍ച്ചയായിരുന്നു.
തൃക്കാക്കരയിലും, പുതുപ്പള്ളിയിലുമുള്പ്പെടെ നിരവധി ഉപതെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന്റെ മുഖ്യപ്രചാരകനായിരുന്നു രാഹുല്‍. അടുത്ത കാലത്ത് പാലക്കാട്ട് നടന്ന യൂത്ത് കോണ്‍ഗ്രസിന്റെ സമരങ്ങളിലുള്‍പ്പെടെ രാഹുല്‍ നേതൃസ്ഥാനത്തുണ്ടായിരുന്നു. വിക്ടോറിയ കോളേജില്‍ നടന്ന കാലിക്കറ്റ് സര്‍വകലാശാലയുടെ സാഹിത്യോത്സവത്തിലും സജീവസാന്നിധ്യമായിരുന്നു. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പുവേളയില്‍ തന്നെ രാഹുല്‍ സ്ഥാനാര്‍ഥിയാകുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ സമയമായത് ഇപ്പോഴാണ്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട് എം.എല്‍.എ ആയിരുന്ന ഷാഫി പറമ്പില്‍ വടകര മണ്ഡലത്തില്‍ നിന്ന് വിജയിച്ചതോടെ.
ഷാഫിയുടെ പിന്‍ഗാമിയാണ് രാഹുല്‍ വീണ്ടുമെത്തുന്നത് എന്നതാണ് മറ്റൊരു പ്രത്യേകത. 2023-ല്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായിരുന്ന ഷാഫി പറമ്പില്‍ സ്ഥാനമൊഴിഞ്ഞപ്പോഴാണ് അതേ സ്ഥാനത്തേക്ക് രാഹുല്‍ എത്തുന്നത്. രാഷ്ട്രീയത്തില്‍ മാത്രമല്ല വ്യക്തിജീവിതത്തിലും ഷാഫിയുമായി രാഹുലിന് വളരെയധികം അടുപ്പമുണ്ട്. മൂത്ത സഹോദരനെ പോലെയാണ് ഷാഫിയെന്ന് രാഹുല്‍ പറഞ്ഞിട്ടുമുണ്ട്. രാഹുലിനെ പാലക്കാട് മത്സരിപ്പിക്കണമെന്ന് ഷാഫി തന്നെയാണ് ആദ്യം ആവശ്യപ്പെടുന്നതും. ഇതിനോട് പാലക്കാട് ഡിസിസിയില്‍ അതൃപ്തിയുണ്ടായിരുന്നെങ്കിലും പ്രതിപക്ഷ നേതാവടക്കം രാഹുലിനെ പിന്തുണച്ചതോടെ ആവശ്യം അംഗീകരിക്കപ്പെട്ടു.
എന്തായാലും തന്റെ രാഷ്ട്രീയ ജീവിതത്തിലെ ആദ്യ നിയമസഭാതിരഞ്ഞെടുപ്പ് പോരാട്ടത്തില്‍ കരുത്തരായ എതിരാളികളെയാണ് രാഹുല്‍ മലര്‍ത്തിയടിച്ചത്. ബിജെപിയുടെ കോട്ടകുലുക്കി. ഇടത് വോട്ടുകള്‍ കുത്തിമറിച്ചാണ് രാഹുലിന്റെ വിജയം. സംസ്ഥാന രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന്റെ യുവനിരയിലേക്കുയര്ന്ന രാഹുലിന്റെ രാഷ്ട്രീയഭാവി ശോഭനമാക്കിയ ഉപതിരഞ്ഞെടുപ്പാണിത്. രാഹുലില്‍ നടത്തിയ നിക്ഷേപം തെറ്റായിപ്പോയില്ല എന്നതില്‍ കോണ്‍ഗ്രസിന് സന്തോഷിക്കാം. ബിജെപി ശക്തമായൊരു മണ്ഡലത്തില്‍, കന്നിമത്സരത്തില്‍ തന്നെ മുന്‍ഗാമിയായ ഷാഫി പറമ്പില്‍ പൊതുതിരഞ്ഞെടുപ്പില്‍ നേടിയതിനേക്കാള്‍ മൂന്നിരട്ടിയോളം ഭൂരിപക്ഷം നേടിയാണ് രാഹുല്‍ വിജയിച്ചത്. ആ വിജയത്തിന് തിളക്കം വളരെയേറെയാണ്.
Content Highlights: Rahul Mankoottathil, from Pathanamthitta to the Legislative Assembly via Palakkad
Published: 23 Nov 2024, 12:28 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented