രണ്ട് കൂറുമാറ്റങ്ങളടക്കം ഒന്നിന് പുറകെ മറ്റൊന്നായി വിവാദങ്ങൾ അടയാളപ്പെടുത്തിയ തിരഞ്ഞെടുപ്പ് പോരാട്ടത്തിനാണ് പാലക്കാട്ട് തിരശ്ശീല വീഴുന്നത്. പി. സരിന്റെയും സന്ദീപ് വാര്യരുടെയും കൂറുമാറ്റങ്ങൾക്കൊടുവിൽ മുഖ്യമന്ത്രി പിണറായി വിജയൻ പൊട്ടിച്ച വെടിയാണ് ഇതിൽ ഏറ്റവും അവസാനത്തേത്. പിണറായി തോക്ക് ചൂണ്ടിയത് മുസ്ലീംലീഗിന്റെ പരമോന്നത നേതാവ് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെയാണെന്നത് കാണാതിരിക്കാനാവില്ല. 

To advertise here,

മുസ്ലിംലീഗിനെ വിമർശിക്കുമ്പോഴും പാണക്കാട്ടെ കാരണവരെ വെറുതെ വിടുക എന്നതാണ് സാധാരണ കേരളത്തിലെ രാഷ്ട്രീയ നേതാക്കളുടെ ശൈലി. ബി.ജെ.പിയിലെ കടുപ്പക്കാർ പോലും തങ്ങൾമാരെ ഒറ്റപ്പെടുത്തി ആക്രമിക്കാാറില്ല. മുനമ്പത്തെ വഖഫ് ഭൂമി വിഷയത്തിൽ പരിഹാരം കാണുന്നതിന് ലീഗ് നേതൃത്വം നേരിട്ട് ഇടപെടുന്നതിനിടയിലാണ് പിണറായിയുടെ വിമർശനം വന്നിരിക്കുന്നതെന്നതും വിസ്മരിക്കരുത്. ഭൂരിപക്ഷ വോട്ട് ലക്ഷ്യമിട്ട് സി.പി.എം. കളിക്കുന്ന കളിയാണിതെന്ന വിലയിരുത്തലുണ്ട്. പാലക്കാട് കോൺഗ്രസ് നിലനിർത്തിയാൽ അത് അന്തിമമായി തന്റെ സർക്കാരിനെതിരെയുള്ള ജനവിധിയായി വ്യാഖ്യാനിക്കപ്പെടും എന്ന് പിണറായിക്കറിയാം. പാലക്കാട് സി.പി.എമ്മിന് നിർണ്ണായക സ്വാധീനമുള്ള കണ്ണാടിയിലെ  പ്രചാരണ യോഗമാണ്  ലീഗിനും തങ്ങൾക്കുമെതിരെയുള്ള ആക്രമണ വേദിയായി പിണറായി തിരഞ്ഞെടുത്തതെന്നതും ശ്രദ്ധേയമാണ്.

സി.പി.എമ്മിന് ചേലക്കരയെന്നപോലെയാണ് പാലക്കാട് കോൺഗ്രസിന്. നിലിവിലുണ്ടായിരുന്ന എം.എൽ.എമാരെ ലോക്‌സഭാ പോരാട്ടത്തിനിറക്കിക്കൊണ്ട് രണ്ടിടത്തും ഉപതിരഞ്ഞെടുപ്പുകൾ ഈ പാർട്ടികൾ സ്വയം സൃഷ്ടിക്കുകയായിരുന്നു. പാലക്കാട് കൈവിട്ടുപോയാൽ അതിന്റെ പേരുദോഷം കെ. സുധാകരനെയും വി.ഡി. സതീശനെയും കെ.സി. വേണുഗോപാലിനെയും ഈ ജന്മത്ത് വിട്ടുപോവില്ല. മുള്ളിന്മേലെന്ന പോലെ നടത്തിയ ഓട്ടപ്പാച്ചിലിനൊടുവിലാണ് മൂന്ന് വർഷം മുമ്പ് പാലക്കാട് 3,859 വോട്ടുകളുടെ ഭൂരിപക്ഷത്തിന് മെട്രൊമാൻ ഇ. ശ്രീധരനെ പിന്നിലാക്കി ഷാഫി പറമ്പിൽ ജയിച്ചുകയറിയത്. എന്നാൽ ആറ് മാസം മുമ്പ് നടന്ന ലോക്‌സഭ തിരഞ്ഞെടുപ്പിൽ പാലക്കാട് നിയമസഭ മണ്ഡലത്തിൽ കോൺഗ്രസിന്റെ വി.കെ. ശ്രീകണ്ഠന്  ബി.ജെ.പിയുടെ സി. കൃഷ്ണകുമാറിനെതിരെ 9,707 വോട്ടുകളുടെ ഭൂരിപക്ഷം നേടാനായത് കോൺഗ്രസിനെ ആശ്വസിപ്പിക്കുന്നുണ്ട് . ഈ പ്രകടനം രാഹുൽ മാങ്കൂട്ടത്തിൽ ആവർത്തിക്കുമെന്ന കണക്കുകൂട്ടലിലാണ് കോൺഗ്രസും യു.ഡി.എഫും നീങ്ങുന്നത്.

ആത്മവിശ്വാസത്തിൽ സി.പി.എമ്മും ബി.ജെ.പിയും ഒട്ടും പിന്നിലല്ല. കഴിഞ്ഞ തവണത്തേക്കാൾ കൂടുതലായി കിട്ടുന്ന ഓരോ വോട്ടും തങ്ങളെ സംബന്ധിച്ച് നേട്ടമായിരിക്കുമെന്നാണ് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി സി.പി.എമ്മിന് വേണ്ടി അണിയറയിൽ പ്രവർത്തിക്കുന്ന ഒരു നേതാവ് പറഞ്ഞത്. ശ്രീകണ്ഠനും ഷാഫിയുമല്ല രാഹുൽ മാങ്കൂട്ടത്തിലെന്നും സി.പി.എം. നേതൃത്വം ചൂണ്ടിക്കാട്ടുന്നു. 2021-ൽ സംസ്ഥാനമൊട്ടാകെ ഇടത് മുന്നണിക്കനുകൂലമായി വീശിയടിച്ച തരംഗത്തിലും പാലക്കാട് അവരെ മറികടന്ന് രണ്ടാം സ്ഥാനത്തെത്താനായെങ്കിൽ ഈ ഉപതിരഞ്ഞെടുപ്പിൽ സർവ്വശേഷിയും സമാഹരിച്ച് പ്രവർത്തിക്കുമ്പോൾ വിജയമല്ലാതെ മറ്റെന്താണ് പ്രതീക്ഷിക്കേണ്ടതെന്നാണ് ബി.ജെ.പി. നേതാക്കളുടെ ചോദ്യം.  

അനിശ്ചിതത്വത്തിന്റെ വലിയൊരു നിഴൽ മൂന്ന് മുന്നണികൾക്ക് മേലുമുണ്ട് എന്നതാണ് പാലക്കാട്ടെ യാഥാർത്ഥ്യം. കൽപാത്തി സ്വദേശി ബാലസുബ്രഹ്‌മണ്യ അയ്യർ പകുതി തമാശയായി പറഞ്ഞത് ആകെ ഉറപ്പുള്ള ഒരു കാര്യം നവംബർ 23-ന് പാലക്കാടിന് ഒരു എം.എൽ.എയെ ലഭിക്കുമെന്നത് മാത്രമാണെന്നാണ്.   കോൺഗ്രസിനായി ഷാഫി തീർത്ത ഹൃദയബന്ധം മുറിയാതെ നോക്കാൻ രാഹുൽ മാങ്കൂട്ടത്തിന് എത്രമാത്രം കഴിയുമെന്നതാണ് കോൺഗ്രസ് നേരിടുന്ന മുഖ്യചോദ്യം. ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണത്തിനൊപ്പം തന്നെ മണ്ഡലത്തിലെ പ്രബല വിഭാഗമായ ഈഴവ സമുദായത്തിന്റെ വോട്ടുകൾ ഏത് ചേരിയിലേക്ക് നീങ്ങുമെന്നതും നവംബർ 23-ന് ബാലറ്റ് പെട്ടികൾ തുറക്കുമ്പോൾ നിർണ്ണായകമാവും. 

പിണറായി സർക്കാരിനെതിരെ അടിത്തട്ടിൽ അലയടിക്കുന്നുണ്ടെന്ന് വിലയിരുത്തപ്പെടുന്ന ജനവികാരത്തിന്മേലാണ് കോൺഗ്രസ് പ്രതീക്ഷകളുടെ കുപ്പായം നെയ്യുന്നത്. എന്തൊക്കെ ഡീലുകൾ ആരൊക്കെ തീർത്താലും പൊതുജനം അതിനെയൊക്കെ മറിടന്ന് വിജയം തങ്ങൾക്ക് സമ്മാനിക്കുമെന്നുള്ള ഉറച്ച വിശ്വാസത്തിലാണ് കോൺഗ്രസ്. ഇ. ശ്രീധരനെപ്പോലൊരു സ്ഥാനാർത്ഥി എതിർചേരിയിൽ ഇല്ലെന്നുള്ളതും കോൺഗ്രസ് നേതൃത്വം എടുത്തുകാട്ടുന്നു. മാസപ്പടി വിവാദം മുതൽ അടുത്തിടെയുണ്ടായ പാതിരാ റെയ്ഡും ഇ.പി. ജയരാജന്റെ ആത്മകഥാ വിവാദവും ഏറ്റവുമവസാനമുണ്ടായ സന്ദിപ് വാര്യരുടെ മാനസാന്തരവും വരെയുളള്ള സംഭവങ്ങൾ നവംബർ 20-ന് അനുകൂലമാവുമെന്ന കണക്കുകൂട്ടൽ കോൺഗ്രസിനുണ്ട്.

ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നതെന്ന് മുൻ കോൺഗ്രസ് നേതാവ് എ.വി. ഗോപിനാഥ് പറഞ്ഞു. ഒരുകാലത്ത് പാലക്കാട്ട് കോൺഗ്രസിന്റെ മുഖമായിരുന്ന ഗോപിനാഥ് ഇപ്പോൾ സി.പി.എം. സഹയാത്രികനാണ്. കഴിഞ്ഞ രണ്ട് തവണയുണ്ടായതുപോലെ സി.പി.എമ്മിന്റെ വോട്ടുകൾ ഇക്കുറി ചോരില്ലെന്നും അദ്ദേഹം പറയുന്നു. 2006-ൽ താൻ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ചപ്പോൾ ബി.ജെ.പി. സ്ഥാനാർത്ഥിയായി ഒ രാജഗോപാൽ രംഗപ്രവേശം ചെയ്തതും ഒടുവിൽ ശക്തമായ ത്രികോണ മത്സരത്തിൽ സി.പി.എമ്മിന്റെ കെ കെ ദിവാകരൻ 1,344 വോട്ടുകൾക്ക് ജയിച്ചുകയറിയതും ഗോപിനാഥ് ഓർമ്മിപ്പിക്കുന്നു. കോൺഗ്രസിന്റെയുള്ളിലെ പടലപ്പിണക്കങ്ങളാണ് പാതിരാ റെയ്ഡിൽ കലാശിച്ചതെന്നാണ് ഗോപിനാഥ് പറയുന്നത്. തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഇതിന്റെ അനുരണനങ്ങൾ കോൺഗ്രസിലുണ്ടാവുമെന്നും അദ്ദേഹം പ്രവചിക്കുന്നു.

ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം കൃഷ്ണകുമാറിന്റെ സ്ഥാനാർത്ഥിത്വം തന്നെയാണ് തുറുപ്പുചീട്ട്. കൃഷ്ണകുമാറിന് പാലക്കാട്ടെ ജനങ്ങളുമായുള്ള ബന്ധം ഇക്കുറി വിജയത്തിൽ കലാശിക്കുമെന്ന പ്രതീക്ഷയും വിലയിരുത്തലുമാണത്. ദളിത്- ഈഴവ വോട്ടുകൾ ലക്ഷ്യമിട്ട് അടിത്തട്ടിൽ അതിശക്തമായ പ്രവർത്തനമാണ് നടക്കുന്നതന്നെ് ബി.ജെ.പി. സംസ്ഥാന സെക്രട്ടറി പന്തളം പ്രതാപൻ പറഞ്ഞു. 

പാലക്കാട് നഗരസഭയും കണ്ണാടി, മാത്തൂർ, പിരായിരി പഞ്ചായത്തകളും ഉൾപ്പെടുന്നതാണ് പലക്കാട് നിയമസഭ മണ്ഡലം. മുസ്ലിം സമുദായത്തിന് നിർണ്ണായക സ്വാധീനമുള്ള പിരായിരിയിൽ നിന്നുണ്ടായേക്കാവുന്ന തിരിച്ചടി കണ്ണാടിയിലും മാത്തൂരിലും വോട്ടുവിഹിതം ഉയർത്തി മറികടക്കാനാവുമെന്നാണ് ബി.ജെ.പി. കരുതുന്നത്. എന്നാൽ, ശോഭ സുരേന്ദ്രൻ സ്ഥാനാർത്ഥിയാവാതിരുന്നത് ഈഴവ സമുദായത്തിൽ ഉണ്ടാക്കിയിട്ടുള്ള അതൃപ്തിയും മൂത്താൻ സമുദായവുമായി ബന്ധപ്പെട്ടുയർന്നിട്ടുള്ള പ്രശ്‌നങ്ങളും കൃഷ്ണകുമാറിന് പ്രതിസന്ധിയാവുമെന്ന് കോൺഗ്രസ് - സി.പി.എം. നേതൃത്വങ്ങൾ ഒരുപോലെ പറയുന്നു. 

ഇ.പി. ജയരാജന്റെ 'ആത്മകഥ' പാലക്കാട്ടൊരു വിഷയമേ അല്ലെന്ന് സി.പി.എം. വാദിക്കുമ്പോൾ അങ്ങിനെയാണെങ്കിൽ എന്തിനാണ് ഇ.പിയെ ധൃതിപിടിച്ച് പാലക്കാട്ട് പ്രചാരണത്തിനിറക്കിയതെന്നാണ് കോൺഗ്രസും ബി.ജെ.പിയും ചോദിക്കുന്നത്. സന്ദീപ് വാര്യർ കളം മാറ്റി ചവിട്ടിയത്  ബി.ജെ.പി. ക്യാമ്പിനെ ഒന്നുലച്ചിട്ടുണ്ടെന്ന വിലയിരുത്തലിലാണ് കോൺഗ്രസ്.  

കൃഷ്ണകുമാറിന് വേണ്ടി ആർ.എസ്.എസ്. അത്രകണ്ട് സജീവമല്ലെന്ന അഭ്യൂഹം മണ്ഡലത്തിൽ പരക്കെയുണ്ട്. ബി.ജെ.പി. നേതൃത്വം ഇത് മുഖവിലയ്‌ക്കെടുക്കുന്നില്ല. ഇ. ശ്രീധരനുവേണ്ടി ഇറങ്ങിയതുപോലെ തന്നെ സംഘപരിവാർ ഇക്കുറിയും കളത്തിലുണ്ടെന്നാണ് അവരുടെ പക്ഷം. വയനാടും ചേലക്കരയിലുമല്ല പാലക്കാടാണ് ബി.ജെ.പി. സമസ്ത വിഭവങ്ങളും കേന്ദ്രീകരിച്ചിട്ടുള്ളതെന്നത് മറക്കരുതെന്നും ബി.ജെ.പി. കേന്ദ്രങ്ങൾ ഓർമ്മിപ്പിക്കുന്നു.

സർക്കാർ വിരുദ്ധ വികാരത്തിന്റെ ചിറകിലേറി രാഹുൽ ജയിച്ചുകയറുമെന്നാണ് പാലക്കാട് നഗരത്തിൽ ഓട്ടോ ഓടിക്കുന്ന ഖാജാ ഹുസൈൻ പറയുന്നത്. എ.ഡി.എം. നവീൻ ബാബുവിന്റെ മരണത്തിൽ കുറ്റാരോപിതയായ പി.പി. ദിവ്യയെ തരംതാഴ്ത്തിയതും പാതിരാറെയ്ഡും സി.പി.എമ്മിന്റെ ആത്മവിശ്വാസക്കുറവാണ് കാണിക്കുന്നതെന്നും ഹുസൈൻ പറയുന്നു. ന്യൂനപക്ഷ വോട്ടുകൾ, പ്രത്യേകിച്ച് 40,000-നടുത്ത് വരുന്ന മുസ്ലിം വോട്ടുകൾ രാഹുലിന് അനുകൂലമായി ഏകീകരിക്കപ്പെടുമെന്നും ഹുസൈൻ കരുതുന്നു.  ''ആർക്ക് വോട്ടു ചെയ്യണമെന്ന കാര്യത്തിൽ മുസ്ലിം സമുദായത്തിന് ഒരു തരത്തിലുമുള്ള ആശയക്കുഴപ്പവുമില്ല. നവംബർ 23-ന് വോട്ടെണ്ണിക്കഴിയുമ്പോൾ എന്നെ വിളിക്കാൻ മറക്കരുത്.'' ഹുസൈൻ ഓർമ്മിപ്പിക്കുന്നു.


''പിണറായി സർക്കാരിനെതിരെ വലിയ ജനവികാരം അടിത്തട്ടിലുണ്ട്. എല്ലാ മേഖലകളിലുമുള്ളവർ സി.പി.എം. ഭരണത്തിൽ അസംതൃപ്തരാണ്. നെല്ല് സംഭരിക്കുന്നതിൽ സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടുള്ള വീഴ്ചയിൽ കർഷകർക്ക് രോഷമുണ്ട്.പാലക്കാട്ടെ കർഷകരിൽ വലിയൊരു വിഭാഗം ഈഴവരാണെന്ന് മറക്കരുത്. എ.ഡി.എം. നവീൻ ബാബുവിന്റെ മരണം ജനങ്ങൾക്കിടയിൽ, പ്രത്യേകിച്ച് സ്ത്രീകൾക്കിടയിൽ വലിയ അമർഷമുളവാക്കിയിട്ടുണ്ട്. ബി.ജെ.പിക്കുള്ളിലെ പടലപ്പിണക്കങ്ങളും കാണാതിരിക്കാനാവില്ല. കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം പൊതുവെ കാര്യങ്ങൾ അനുകൂലമാണെന്നാണ് എന്റെ വലിയിരുത്തൽ.''
വി.എസ്. വിജയരാഘവൻ (കോൺഗ്രസ് നേതാവ്)

''ഇടതുമുന്നണിക്കപ്പുറത്തും വോട്ടുകൾ നേടാൻ കഴിയുന്ന സ്വതന്ത്ര സ്ഥാനാർത്ഥി, കോൺഗ്രസിനുള്ളിലെ പടലപ്പിണക്കങ്ങൾ എന്നിവ സി.പി.എമ്മിന് അനുകൂലമായ ഘടകങ്ങളാണ്. ക്ഷേമ പെൻഷൻ, ആരോഗ്യ പരിപാലനം, വിദ്യാഭ്യാസം എന്നീ മേഖലകളിൽ ജനങ്ങളുടെ ദൈനംദിന ജിവിതത്തിൽ പിണറായി സർക്കാർ വരുത്തിയിട്ടുള്ള ഗുണകരമായ മാറ്റങ്ങളും ഈ ഉപതിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. സി.പി.എമ്മിന് തുടർഭരണം കിട്ടിയതിലുള്ള രോഷവും അമർഷവുമാണ് മുഖ്യമന്ത്രി പിണറായിക്കെതിരെയുള്ള പ്രചാരണത്തിന്റെ അടിസ്ഥാനം. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിൽ സി.പി.എം. പാലക്കാട് മൂന്നാം സ്ഥാനത്തായി എന്നത് പ്രശ്‌നമല്ല. വട്ടിയൂർക്കാവിൽ 2016-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ഞങ്ങൾ മൂന്നാമതായരുന്നു. പക്ഷേ, 2019-ലെ ഉപതിരഞ്ഞെടുപ്പിൽ ഞങ്ങളുടെ സ്ഥാനാർത്ഥി ജയിച്ചു കയറി. 25 കൊല്ലത്തോളം പരാജയപ്പെട്ട കോന്നി തിരിച്ചുപിടിച്ചതും മറക്കരുത്.''
എം. സ്വരാജ് (സി.പി.എം. നേതാവ്)

''പ്രായത്തിന്റെ അസ്‌കിതകൾ കാരണം പാലക്കാട് ഇക്കുറി മത്സരിക്കാനില്ലെന്ന് ബി.ജെ.പി. നേതൃത്വത്തോട് നേരത്തെ തന്നെ പറഞ്ഞിരുന്നു. രണ്ട് വട്ടം മണ്ഡലത്തിൽ കൃഷ്ണകുമാറിനായി പ്രചാരണത്തിന് പോയി. എന്നെ കഴിഞ്ഞ തവണ വിജയിപ്പിക്കാൻ കഴിയാതെ പോയതിൽ ദുഃഖമുണ്ടെന്ന് പലരും പറഞ്ഞു. പാലക്കാട്ടെ വികസനമില്ലായ്മയ്ക്ക് അതൊരു പരിഹാരമാകുമായിരുന്നു എന്ന ചിന്ത പരക്കെയുണ്ട്. ഈ മനോഭാവം ബി.ജെ.പിക്ക് ഗുണം ചെയ്യും. കൊടകര കുഴൽപ്പണക്കേസൊന്നും ഈ തിരഞ്ഞെടുപ്പിൽ വിഷയമല്ല. ന്യൂനപക്ഷ വോട്ടുകളിൽ പ്രത്യേകിച്ച് ക്രിസ്ത്യൻ സമുദായത്തിൽനിന്നും കാര്യമായ ഒഴുക്ക് ബി.ജെ.പിയിലേക്കുണ്ടാവും. ഇത്തവണ പാലക്കാട് താമര വിരിയുമെന്ന് തന്നെയാണ് ഞാൻ കരുതുന്നത്.''
ഇ. ശ്രീധരൻ (മുൻ ബി.ജെ.പി. സ്ഥാനാർത്ഥി)