ഒരു ഉപതിരഞ്ഞെടുപ്പില്‍ സംസ്ഥാനം ഇന്നുവരെ കണ്ടിട്ടില്ലാത്ത രാഷ്ട്രീയ ചരടുവലികള്‍ക്കും വാശിയേറിയ പോരാട്ടത്തിനുമാണ് പാലക്കാട് നിയമസഭാ മണ്ഡലം വേദിയായിരിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ പി. സരിനിലൂടെ തിരിച്ചടി നേരിട്ട കോണ്‍ഗ്രസ് വോട്ടെടുപ്പിന് തൊട്ടുമുമ്പ് സന്ദീപ് വാര്യരെ പാര്‍ട്ടിയിലെത്തിച്ച് ആ 'ക്ഷീണമകറ്റാന്‍' മിന്നല്‍നീക്കമാണ് നടത്തിയത്. പ്രമുഖരായ നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ ബി.ജെ.പിയിലേക്ക് ചേക്കേറുന്ന കാലത്ത് കൂടിയാണ് സംഘപരിവാര്‍ സംഘടനയില്‍- പ്രത്യേകിച്ച് ചാനല്‍ ചര്‍ച്ചകളിലടക്കം അവരുടെ മുഖമായിരുന്ന ഒരു നേതാവിനെ പാര്‍ട്ടിയിലെത്തിക്കാന്‍ കോണ്‍ഗ്രസിനായിട്ടുള്ളത്.
കഴിഞ്ഞ കുറച്ചുകാലമായി ബി.ജെ.പിയില്‍ നേരിടുന്ന അവഗണനയ്‌ക്കൊടുവില്‍ നാടകീയമായിട്ടാണ് സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനം. സംസ്ഥാന നേതൃത്വവുമായും പാലക്കാട്ടെ ബി.ജെ.പി. സ്ഥാനാര്‍ഥി സി. കൃഷ്ണകുമാറുമായും ഇടഞ്ഞ് നിന്നിരുന്ന സന്ദീപ് വാര്യര്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ പാര്‍ട്ടി വിടുമെന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. ആദ്യം സി.പി.എമ്മിലേക്ക് എന്നായിരുന്നു അഭ്യൂഹം. മുന്‍ മന്ത്രി കൂടിയായ എ.കെ. ബാലന്‍ അടക്കം സി.പി.എം. നേതാക്കള്‍ സന്ദീപ് നല്ല വ്യക്തിയാണെന്ന സര്‍ട്ടിഫിക്കറ്റും ഇതിനിടെ നല്‍കി പാര്‍ട്ടിയിലേക്ക് പരസ്യസ്വാഗതമോതി. ഇതിനിടെ സി.പി.ഐ. നേതൃത്വവുമായി സന്ദീപ് വാര്യര്‍ ചര്‍ച്ച നടത്തിയെന്ന വിവരങ്ങളും പുറത്ത് വന്നു. ഒടുവില്‍ പാലക്കാട് വോട്ടെടുപ്പിന് മൂന്നുനാള്‍ മാത്രം ബാക്കി നില്‍ക്കെ കോണ്‍ഗ്രസ് അംഗത്വം എടുക്കുന്ന കാഴ്ചയാണ് കണ്ടത്.
കഴിഞ്ഞ കുറച്ചുദിവസങ്ങളായി കോണ്‍ഗ്രസ് നേതൃത്വം രഹസ്യമായി നടത്തിയ നീക്കങ്ങള്‍ക്കൊടുവിലാണ് ബി.ജെ.പി. സംസ്ഥാന സമിതി അംഗമായിട്ടുള്ള സന്ദീപ് വാര്യരെ പാര്‍ട്ടിയിലെത്തിച്ചതെന്നാണ് സൂചന. കെ.സി.വേണുഗോപാല്‍, വി.ഡി.സതീശന്‍, കെ.സുധാകരന്‍, ബെന്നി ബെഹനാന്‍ തുടങ്ങിയ നേതാക്കളാണ് സന്ദീപിനെ കോണ്‍ഗ്രസിലെത്തിക്കാനുള്ള ചര്‍ച്ചകള്‍ നടത്തിയതെന്നാണ് വിവരം.
സാമൂഹിക മാധ്യമങ്ങളില്‍ ബി.ജെ.പി. മുദ്രകളടങ്ങിയ കവര്‍ ഫോട്ടോ മാറ്റി രാവിലെ തന്നെ തന്റെ രാഷ്ട്രീയമാറ്റം പ്രഖ്യാപിച്ചിരുന്നു സന്ദീപ് വാര്യര്‍. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് സന്ദീപിനെ പാര്‍ട്ടിയിലെത്തിക്കാനുള്ള അണിയറനീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചതെന്നാണ് സൂചന. പാലക്കാട്ടെ കോണ്‍ഗ്രസില്‍നിന്ന് സി.പി.എം. ചില നേതാക്കളെ അടര്‍ത്തിയെടുത്തത് രാഷ്ട്രീയമായി തിരിച്ചടിച്ചിരുന്നു. അതിനെ മറികടക്കുന്ന രാഷ്ട്രീയ പ്രത്യാക്രമണമാണ് കോണ്‍ഗ്രസ് സന്ദീപിലൂടെ നല്‍കുന്നത്.
സമവായമല്ല വേണ്ടത് പരിഹാരമായിരുന്നുവെന്ന് പറഞ്ഞുകൊണ്ട് അതൃപ്തി പരസ്യമാക്കി കൊണ്ട് ദിവസങ്ങള്‍ക്ക് മുന്നേ സന്ദീപ് വാര്യര്‍ ബി.ജെ.പിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ബി.ജെ.പിയില്‍ തനിക്ക് നിരവധിതവണ അപമാനങ്ങള്‍ നേരിടേണ്ടിവന്നെന്നും ആത്മാഭിമാനത്തിന് മുറിവേറ്റെന്ന് പ്രതികരിച്ച സന്ദീപ് വാര്യര്‍ പാര്‍ട്ടി നേതൃത്വത്തിനെതിരെയും പ്രത്യേകിച്ച് പാലക്കാട്ടെ സ്ഥാനാര്‍ഥി സി.കൃഷ്ണകുമാറിനെ ഉന്നമിട്ട് ഫെയ്‌സ്ബുക്ക് പോസ്റ്റും ഇട്ടിരുന്നു.
ചാനല്‍ ചര്‍ച്ചകളില്‍ സജീവമായി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ മതിപ്പുണ്ടായിരുന്ന സന്ദീപ് വാര്യര്‍ കെ.സുരേന്ദ്രന്‍ പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത ശേഷം അവഗണിക്കപ്പെടാന്‍ തുടങ്ങിയെന്നാണ് ആരോപിക്കപ്പെടുന്നത്. കെ. സുരേന്ദ്രന്‍ സംസ്ഥാന പ്രസിഡന്റായി വന്ന ശേഷം സന്ദീപ് വാര്യര്‍ക്കെതിരേ അച്ചടക്ക നടപടിയെടുത്തിരുന്നു. പിന്നീട് അന്നത്തെ സംഘടനാ സെക്രട്ടറി കെ.സുഭാഷ് മുന്‍കൈയ്യെടുത്താണ് സന്ദീപിനെ മുന്‍നിരയിലേക്ക് കൊണ്ടുവന്നത്.
സി. കൃഷ്ണകുമാറിന്റെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ വേദിയില്‍നിന്ന് മാറ്റിനിര്‍ത്തപ്പെട്ടതും സന്ദീപ് വാര്യര്‍ കടുത്ത അപമാനമായി കണ്ടു. നേരത്തെ തന്നെ നേതൃത്വത്തിന്റെ ശൈലിയില്‍ അതൃപ്തിയുണ്ടായിരിക്കെയായിരുന്നു ഇത്. എന്നാല്‍ പാര്‍ട്ടി നേതൃത്വം വിട്ടുവീഴ്ചയ്ക്ക് തയ്യാറായിരുന്നുവെന്നും സന്ദീപ് കടുംപിടുത്തം തുടരുകയായിരുന്നുവെന്നുമാണ് ബി.ജെ.പി. നേതൃത്വം പറയുന്നത്. ഉപതിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് നിന്ന് വിട്ടുനിന്നതും പരസ്യ പ്രതികരണങ്ങളും അച്ചടക്ക ലംഘനമായി കണക്കാക്കി തിരഞ്ഞെടുപ്പിന് ശേഷം ബി.ജെ.പി. നടപടിക്കൊരുങ്ങിനില്‍ക്കെയാണ് സന്ദീപ് വാര്യര്‍ കോണ്‍ഗ്രസ് ക്യാമ്പിലേക്ക് ചേക്കേറിയിരിക്കുന്നത്.
സി.പി.എമ്മിനും മറുപടി
വടകരയിലെ സഹായത്തിനു പകരമായി പാലക്കാട്ട് സഹായമെന്ന ഡീലാണ് കോണ്‍ഗ്രസും ബി.ജെ.പി.യും തമ്മിലുള്ളതെന്ന് ആരോപിച്ചുകൊണ്ടാണ് ഇടതുപക്ഷത്തേക്ക് ഡോ. പി. സരിന്‍ കളംമാറ്റിച്ചവിട്ടിയത്. സരിന് ശേഷം യൂത്ത് കോണ്‍ഗ്രസ് നേതാക്കളടക്കം മറ്റുചിലരും ഇതേ ആരോപണം ഉന്നയിച്ച് പാര്‍ട്ടി വിട്ട് ഇടതുപക്ഷത്തിനൊപ്പം ചേര്‍ന്നു. തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ പ്രധാന പ്രചാരണായുധമായി ഇത് മാറുകയും ചെയ്തു. അതിനുകൂടിയുള്ള മറുപടിയെന്നോണമാണ് ബി.ജെ.പി. സംസ്ഥാന സമിതി അംഗത്തെ തന്നെ പാര്‍ട്ടിയിലെത്തിച്ച് കോണ്‍ഗ്രസ് രാഷ്ട്രീയ തിരിച്ചടി നല്‍കുന്നത്. വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെയായിരുന്നു ഈ അപ്രതീക്ഷിത നീക്കം. കോണ്‍ഗ്രസ് അംഗത്വമെടുത്ത ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സി.പി.എം.- ബി.ജെ.പി. നേതാക്കള്‍ തമ്മിലുള്ള ഡീല്‍ സംബന്ധിച്ച് പറഞ്ഞതും ശ്രദ്ധേയമാണ്. കൊടകര കുഴല്‍പ്പണക്കേസും കരുവന്നൂര്‍ കേസും ഇരുപാര്‍ട്ടി നേതൃത്വവും തമ്മില്‍ പരസ്പരം ഡീലാക്കി എന്നടക്കമുള്ള ആരോപണവും സന്ദീപ് വാര്യർ ഉയര്‍ത്തുകയുണ്ടായി.
Content Highlights: palakkad bypolls last time-Sandeep Varier move-join congress
Published: 16 Nov 2024, 12:02 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented