
പാലക്കാട്ട് ഉപതിരഞ്ഞെടുപ്പിലെ ഇടതുമുന്നണി സാധ്യതകളെക്കുറിച്ച് സി.പി.എം സംസ്ഥാന കമ്മിറ്റി അംഗമായ മുന്‍ എം.പി എന്‍.എന്‍.കൃഷ്ണദാസ് സംസാരിക്കുന്നു.
വിവാദങ്ങളുടെ തള്ളിക്കയറ്റത്തില്‍ വികസനം പാലക്കാട്ട് തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയല്ലാതായി ?
അല്ലല്ല, ഞങ്ങള്‍ വികസന കാര്യം തന്നെയാണ് പ്രചാരണത്തില്‍ ഉന്നയിക്കുന്നത്. പാലക്കാടിന്റെ വികസനമുരടിപ്പ്, പുതുതായി വരേണ്ട വികസന കാര്യങ്ങള്‍ തുടങ്ങിയവയില്‍ ഊന്നിയാണ് സംസാരിക്കുന്നത്.
നീലപ്പെട്ടി വിവാദം ബാധിച്ചോ ?
ഒരു ദിവസത്തെ കാര്യം മാത്രം. അത് അപ്പോള്‍ തന്നെ തീര്‍ന്നല്ലോ.
വിഷനാവ് പരസ്യം ?
അത് ഇന്നലത്തോടെ കഴിഞ്ഞു. ഓരോ ദിവസവും നമ്മള് പുതിയ പുതിയ കാര്യങ്ങളിലേക്ക് വരണ്ടേ? ഭൂതകാലത്തില്‍ ആള്‍ക്കാര്‍ക്ക് ജീവിക്കാന്‍ കഴിയുമോ, നമ്മള് ജീവിക്കേണ്ടത് വര്‍ത്തമാന കാലത്തിലാണ്.
തിരഞ്ഞെടുപ്പില്‍ ഇടതുസ്ഥാനാര്‍ത്ഥി സരിനു കിട്ടിയ ഏറ്റവും വലിയ തിരിച്ചടിയാണ് ഈ പരസ്യമെന്ന് സന്ദീപ് വാര്യര്‍ പറഞ്ഞു ?
ഞാന്‍ പറഞ്ഞല്ലോ, അത് കഴിഞ്ഞ കാര്യമാണ്, ഇന്നലെത്തന്നെ തീര്‍ന്നു. ഇന്ന് പുതിയ ദിവസമാണ്, പുതിയ കാര്യങ്ങള്‍ പറയൂ.
മുഖ്യമന്ത്രി പാണക്കാട് സാദിഖലി തങ്ങളെ വിമര്‍ശിച്ചത് ഏതെങ്കിലും തരത്തില്‍ തിരിച്ചടിയാവുമോ ?
എന്തിന് തിരിച്ചടി ഉണ്ടാവണം. മുസ്ലിംലീഗിന്റെ പ്രസിഡന്റ് വിമര്‍ശിക്കാന്‍ പാടില്ലാത്ത ദിവ്യത്വമുള്ള ആളാണെന്ന് ആരു പറഞ്ഞു? ഈ നാട്ടിലെ ഏത് രാഷ്ട്രീയ പാര്‍ട്ടിയെ സംബന്ധിച്ചും അഭിപ്രായവ്യത്യാസം പ്രകടിപ്പിക്കാന്‍ ഏതു പൗരനും സാധിക്കും, മറ്റു രാഷ്ട്രീയ പാര്‍ട്ടികളില്‍ ഉള്ളവര്‍ക്കും അവരുടെ നയങ്ങളെ വിമര്‍ശിക്കാന്‍ അവകാശമുണ്ട്. ആ രാഷ്ട്രീയപാര്‍ട്ടികളുടെ തലപ്പത്തുള്ളവരെയും ഭരണാധികാരികളെയും സര്‍ക്കാരിനെയും വിമര്‍ശിക്കാം. ഇതൊക്കെ നാട്ടില്‍ തുടര്‍ന്നു വരുന്ന കാര്യങ്ങളാണ്. മുസ്ലിംലീഗിന്റെ പ്രസിഡന്റിനെ മാത്രം ഒന്നും പറയാന്‍ പാടില്ലെന്ന് പറയുന്നത് ഏത് നാട്ടിലെ മര്യാദയാണ്, എന്തടിസ്ഥാനത്തിലാണ്?
സി.പി.എമ്മിനും ബി.ജെ.പിയ്ക്കും ഒരേ ഭാഷയാണെന്ന് കോണ്‍ഗ്രസ് പറയുന്നു ?
ഇപ്പോള്‍ അവര്‍ക്ക് ഭാഷ തിരിച്ചറിയാതെ ആയിട്ടുണ്ടാവും. കാരണം അവ രണ്ടും ഒന്നാണല്ലോ. അച്ഛന്‍വീട്ടില്‍ നിന്ന് പിണങ്ങി അമ്മവീട്ടിലേക്ക് പോകും, അതുപോലെ തിരിച്ചും. അതാണ് കോണ്‍ഗ്രസും ബിജെപിയൂം. അപ്പോള്‍ അവര്‍ക്ക് ആ ഭാഷ മാത്രമേ അറിയൂ
പാണക്കാട്ട് തങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി തിരിഞ്ഞത് മുനമ്പത്തെ ഇടപെടല്‍ ഫലം കാണുന്നതിനിടയിലെന്ന് ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി ?
അതൊക്കെ അവര്‍ നില്ക്കക്കള്ളിക്ക് വേണ്ടി പറയുന്ന കാര്യങ്ങളാണ്. പ്രശ്നം എന്താണെന്ന് ചോദിച്ചാല്‍ മുസ്ലീം ലീഗ് ഇതുവരെ ഇല്ലാത്ത വിധത്തില്‍ മുസ്ലിം തീവ്രവാദ ശക്തികളെ ചിറകിനടിയില്‍ ഒളിപ്പിച്ചു നടക്കുകയാണ്. മുസ്ലീം തീവ്രവാദത്തെയും മുസ്ലീം വര്‍ഗീയ ഭീകരതയെയും മുസ്ലീംലീഗ് തള്ളിപ്പറയുന്നില്ല. മുസ്ലീം ലീഗ് മതനിരപേക്ഷമായി ചിന്തിക്കുന്ന പാര്‍ട്ടി ആണെങ്കില്‍ മുസ്ലീം വര്‍ഗീയത തീവ്രമാക്കുന്ന എസ്.ഡി.പി.ഐ, ജമാഅത്തെ ഇസ്ലാമി തുടങ്ങിയ പ്രസ്ഥാനങ്ങളെ തള്ളിപ്പറയണം. ഇസ്ലാമിക ലോകമുണ്ടാക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്നതാണ് ജമാഅത്തെ ഇസ്ലാമി, ഇസ്ലാമിന്റെ പേരില്‍ ഭീകരവാദം ഉണ്ടാക്കുന്ന പ്രസ്ഥാനമാണ് എസ്.ഡി.പി.ഐ. ഇവ രണ്ടിനെയും തള്ളിപ്പറയാതെ രണ്ടു ചിറകുകള്‍ക്കടിയില്‍ ഒളിപ്പിക്കുകയാണ് ലീഗ്. മതനിരപേക്ഷമായി ചിന്തിക്കുന്ന എല്ലാവരും എല്ലാവരും അതിനെ എതിര്ക്കേണ്ടതല്ലേ?
കഴിഞ്ഞ മൂന്നുതവണയും പാലക്കാട്ട് മൂന്നാം സ്ഥാനത്തായിരുന്നു ഇടതുമുന്നണി. മാറിയ സാഹചര്യങ്ങളില്‍ സാധ്യതകള്‍ ?
ഉറപ്പായും ജയിക്കും, പാലക്കാട്ട് ഇടതുമുന്നണി അഭിമാനകരമായ വിജയം നേടും.
Content Highlights: N. N. Krishnadas about palakkad by-election 2024 and p sarin
Published: 20 Nov 2024, 01:58 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented