വയനാട് ലോക്‌സഭാ മണ്ഡലത്തിലെയും ചേലക്കര നിയമസഭാ മണ്ഡലത്തിലെയും തിരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലേയ്ക്ക്. തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് പരസ്യപ്രചാരണത്തിന് കൊട്ടിക്കലാശമാകും. ചൊവ്വാഴ്ച നിശബ്ദ പ്രചാരണം നടക്കും. 13-നാണ് വോട്ടെടുപ്പ്. വയനാട്ടില്‍ പ്രിയങ്ക ഗാന്ധിയാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി. സി.പി.ഐ നേതാവ് സത്യന്‍ മൊകേരിയാണ് എല്‍.ഡി.എഫിനായി മത്സരരംഗത്തുള്ളത്. നവ്യ ഹരിദാസാണ് എന്‍.ഡി.എ സ്ഥാനാര്‍ഥി. ചേലക്കരയില്‍ എല്‍.ഡി.എഫിനായി യു.ആര്‍ പ്രദീപും യു.ഡി.എഫിനായി രമ്യ ഹരിദാസും എന്‍.ഡി.എയ്ക്കായി കെ ബാലകൃഷ്ണനുമാണ് മത്സരരംഗത്തുള്ളത്. കല്‍പ്പാത്തി രഥോത്സവത്തെ തുടര്‍ന്ന് പാലക്കാട് ഉപതെരഞ്ഞെടുപ്പ് 20-ലേക്ക് നീട്ടി.പാലക്കാട് 18-നാണ് പരസ്യപ്രചാരണം അവസാനിക്കുക.
സ്ഥാനാര്‍ഥികള്‍ മണ്ഡലത്തിലെ പരമാവധി ഇടങ്ങളില്‍ ഓടിയെത്തി വോട്ട് തേടാനുള്ള അവസാനതിരക്കിലാണ്. സത്യന്‍ മൊകേരി സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളേജിലെത്തും. കൊട്ടിക്കലാശത്തിന് കല്‍പറ്റയില്‍ സത്യന്‍ മൊകേരിക്കൊപ്പം മന്ത്രി പി. പ്രസാദും മറ്റ് നേതാക്കളും പങ്കെടുക്കും . എന്‍.ഡി.എ സ്ഥാനാര്‍ഥി നവ്യ ഹരിദാസിന്റെ പ്രചാരണവും കല്‍പ്പറ്റയിലാണ് സമാപനം.
ഒരു മാസത്തോളം നീണ്ട വീറും വാശിയും നിറഞ്ഞ ചേലക്കരയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനും സമാപനമാകും.വൈകുന്നേരം നാലരയോടെ സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും ചേലക്കര ബസ്റ്റാന്‍ഡ് പരിസരത്തെത്തും. പഞ്ചായത്ത് തലത്തിലും കൊട്ടിക്കലാശം നടക്കും. ഭരണനേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടിയും വിവാദങ്ങളില്‍ കരുതലോടെ പ്രതികരിച്ചുമായിരുന്നു സിറ്റിംഗ് സീറ്റ് നിലനിര്‍ത്താനുള്ള ഇടതുമുന്നണി പ്രചാരണരീതി. ഭരണവിരുദ്ധ വികാരം എടുത്തുകാട്ടി നേതാക്കള്‍ മുഴുവന്‍ സമയവും ബൂത്ത് തലം വരെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചുമായിരുന്നു യു.ഡി.എഫ് ക്യാമ്പ് പ്രവര്‍ത്തിച്ചത്.
വയനാട് ലോക്‌സഭാ മണ്ഡലം തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആവേശച്ചൂടിലാണ്. കൊട്ടിക്കലാശത്തിനുള്ള ഒരുക്കത്തിലാണ് മൂന്നു മുന്നണികളും . പതിവില്‍നിന്നു വ്യത്യസ്തമായ പ്രചാരണരീതികളാണ് ഇത്തവണ വയനാട്ടില്‍ കണ്ടത്. വൈകിട്ട് അഞ്ചോടെയാണ് കൊട്ടിക്കലാശമെങ്കിലും കോണ്‍ഗ്രസിന്റെ പ്രചാരണ സമാപന പരിപാടികള്‍ തുടങ്ങിക്കഴിഞ്ഞു.
പ്രിയങ്ക ഗാന്ധിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും പ്രചാരണത്തിലായി വയനാട്ടിലെത്തിയിട്ടുണ്ട്. പ്രിയങ്കയുടേയും രാഹുലിന്റേയും നേതൃത്വത്തില്‍ രണ്ടു പൊതുറാലികള്‍ വയനാട്ടില്‍ നടക്കുന്നുണ്ട്. സുല്‍ത്താന് ബത്തേരിയിലെ റാലിയില്‍ പ്രിയങ്കയോടൊപ്പം കെ.എസി. വേണുഗോപാലുമെത്തിയിട്ടുണ്ട്. കോണ്‍ഗ്രസ് നേതാക്കളെല്ലാം തന്നെ പ്രിയങ്കയ്ക്കായി എത്തും. പ്രിയങ്കയ്ക്ക് ഒപ്പം മകനും റാലിയില്‍ കൂടെയുണ്ട്.
ഐ ലവ് വയനാട് എന്നെഴുതിയ ടീഷര്‍ട്ട് അണിഞ്ഞാണ് പ്രചരണത്തിന് രാഹുല്‍ ഗാന്ധിയെത്തിയിരിക്കുന്നത്. തിരഞ്ഞെടുപ്പില്‍ പ്രിയങ്കയുടെ കന്നി മത്സരമാണിത്. ബത്തേരിയിൽ നടന്ന റോഡ് ഷോയില്‍ വലിയ ജനപങ്കാളിത്തമുണ്ട്. അസംഷന്‍ ജംഗ്ഷനില്‍ നിന്നാണ് റോഡ് ഷോ ആരംഭിച്ചിരിക്കുന്നത്. ബത്തേരി ബസ് സ്റ്റാന്‍ഡിനടുത്ത് റോഡ് ഷോ അവസാനിയ്ക്കും. ശേഷം തിരുവമ്പാടിയില്‍ റോഡ് ഷോ നടക്കും.അവിടെയാണ് കൊട്ടിക്കലാശം.
Content Highlights: Kerala`s Wayanad & Chelakkara constituencies gear up for a heated election battle.
Published: 11 Nov 2024, 01:07 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented