ബെംഗളൂരു: കർണാടകത്തിൽ ഉപതിരഞ്ഞെടുപ്പുകളിലും നേതാക്കളുടെ കുടുംബാധിപത്യം. നവംബർ 13-ന് ഉപതിരഞ്ഞെടുപ്പ്‌ നടക്കുന്ന മൂന്ന്‌ മണ്ഡലങ്ങളിലും പ്രധാന സ്ഥാനാർഥികൾ പ്രമുഖ നേതാക്കളുടെ കുടുംബാംഗങ്ങളാണ്.

To advertise here,

ചന്നപട്ടണ മണ്ഡലത്തിലെ എൻ.ഡി.എ. സ്ഥാനാർഥി നിഖിൽ കുമാരസ്വാമി മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ പേരമകനും കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ മകനുമാണ്. കുമാരസ്വാമി ലോക്‌സഭാംഗമായ ഒഴിവിലാണ് ഉപതിരഞ്ഞെടുപ്പ്.

ഷിഗോൺ മണ്ഡലത്തിലെ എൻ.ഡി.എ. സ്ഥാനാർഥി ഭരത് ബസവരാജ് ബൊമ്മെ ബി.ജെ.പി.യുടെ മുൻ മുഖ്യമന്ത്രിയും എം.പി.യുമായ ബസവരാജ് ബൊമ്മെയുടെ മകനാണ്. മുൻ മുഖ്യമന്ത്രി എസ്.ആർ. ബൊമ്മെയുടെ മകനാണ് ബസവരാജ് ബൊമ്മെ. ബസവരാജ് ബൊമ്മെയുടെ മണ്ഡലമാണ് ഷിഗോൺ. അദ്ദേഹം ലോക്‌സഭാംഗമായതോടെയാണ് ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.

സന്ദൂറിലെ കോൺഗ്രസ് സ്ഥാനാർഥി ഇ. അന്നപൂർണ മണ്ഡലത്തിലെ മുൻ കോൺഗ്രസ് എം.എൽ.എ.യും ഇപ്പോൾ ലോക്‌സഭാംഗവുമായ ഇ. തുക്കാറാമിന്റെ ഭാര്യയാണ്. ഇ. തുക്കാറാം ലോക്‌സഭാംഗമായതോടെയാണ് മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും ലോക്‌സഭാ തിരഞ്ഞെടുപ്പിലും മത്സരരംഗത്ത് പ്രധാന പ്രവർത്തകരെ നോക്കുകുത്തികളാക്കി നേതാക്കളുടെ ബന്ധുക്കളായ സ്ഥാനാർഥികളുടെ നീണ്ടനിരയുണ്ടായിരുന്നു.

മൂന്നാമങ്കത്തിന് നിഖിൽ കുമാരസ്വാമി

ബെംഗളൂരു: രണ്ടു പരാജയങ്ങൾക്കുശേഷം ഒരിക്കൽകൂടി ഭാഗ്യപരീക്ഷണത്തിന് കച്ചകെട്ടി കർണാടകത്തിലെ ജെ.ഡി.എസ്. യുവനേതാവും നടനുമായ നിഖിൽ കുമാരസ്വാമി. അച്ഛനും കേന്ദ്രമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമിയുടെ മണ്ഡലമായ ചന്നപട്ടണയിൽ നടക്കുന്ന ഉപതിരഞ്ഞെടുപ്പിലാണ് പുതിയ അങ്കം.

എൻ.ഡി.എ. സ്ഥാനാർഥിയായി നിഖിലിന്റെ പേര് മുൻ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയാണ് പ്രഖ്യാപിച്ചത്. വെള്ളിയാഴ്ച നാമനിർദേശ പത്രിക സമർപ്പിക്കും.

2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും 2023-ലെ നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ച് തോറ്റ നിഖിലിന് ചന്നപട്ടണയിൽ കടുത്ത പരീക്ഷണമാണ് ഇത്തവണ നേരിടേണ്ടത്. ബി.ജെ.പി. യിൽനിന്ന് രാജിവെച്ച് കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കാനിറങ്ങിയ മുൻമന്ത്രി സി.പി. യോഗേശ്വറിനോടുള്ള ഏറ്റുമുട്ടൽ എളുപ്പമാകില്ലെന്നാണ് വിലയിരുത്തൽ. അഞ്ച് തവണ ചന്നപട്ടണയെ നിയമസഭയിൽ പ്രതിനിധാനംചെയ്ത യോഗേശ്വറിനെ കോൺഗ്രസ് രംഗത്തിറക്കിയത് ജെ.ഡി.എസിനെ തളയ്ക്കാനാണ്.

എൻ.ഡി.എ. സ്ഥാനാർഥിയായി മത്സരിക്കാൻ വാശിപിടിച്ചു നിന്ന യോഗേശ്വറിനെ അനുനയിപ്പിക്കാൻ എച്ച്.ഡി. കുമാരസ്വാമിക്ക് കഴിഞ്ഞില്ല. സീറ്റില്ലെന്നുറപ്പായതോടെ യോഗേശ്വർ ബി.ജെ.പി.യുടെ എം.എൽ.സി. സ്ഥാനം രാജിവെച്ച് കോൺഗ്രസിൽ ചേക്കേറി. കോൺഗ്രസ് അദ്ദേഹത്തെ സ്ഥാനാർഥിയാക്കുകയും ചെയ്തു. കോൺഗ്രസിന്റെ അപ്രതീക്ഷിതനീക്കം നിഖിലിന് വലിയ വെല്ലുവിളിയായി.

കുമാരസ്വാമി 2018-ലും 2023-ലും ജയിച്ച മണ്ഡലത്തിൽ നിഖിലിന്റെ വിജയം എളുപ്പമാകുമെന്നായിരുന്നു ആദ്യ വിലയിരുത്തൽ. അതിനിടയിലാണ് യോഗേശ്വറിനെ മുൻനിർത്തി കോൺഗ്രസ് ചടുലനീക്കം നടത്തിയത്. യോഗേശ്വർ വ്യാഴാഴ്ച പത്രിക സമർപ്പിച്ചു.

കുമാരസ്വാമി കേന്ദ്രമന്ത്രിയായതോടെ പ്രവർത്തനം ദേശീയ തലത്തിലേക്കുമാറ്റുമ്പോൾ കർണാടകത്തിൽ പാർട്ടിയുടെ പ്രധാന നേതാവായി നിഖിലിനെയെത്തിക്കാനാണ് ശ്രമം. ഇതിനായി സിനിമയിൽനിന്ന് വിട്ടുനിൽക്കാൻ അടുത്തിടെ തീരുമാനമെടുത്തു. യുവജനതാദൾ അധ്യക്ഷനായ നിഖിലിന്റെ ആദ്യമത്സരം 2019-ൽ മാണ്ഡ്യ മണ്ഡലത്തിൽ നടി സുമലതാ അംബരീഷിനോടായിരുന്നു. ജെ.ഡി.എസ്. ശക്തികേന്ദ്രമായിട്ടും പരാജയപ്പെട്ടു. 2023-ൽ അമ്മ അനിതാ കുമാരസ്വാമി തന്റെ മണ്ഡലമായ രാമനഗര നിഖിലിന് നൽകി. അവിടെയും വിജയിക്കാനായില്ല.