നിലമ്പൂര്‍: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ ആരവങ്ങളൊഴിഞ്ഞപ്പോള്‍ പ്രധാന സ്ഥാനാര്‍ഥികളില്‍ പലരും വെള്ളിയാഴ്ച വിശ്രമിക്കാനാണ് സമയം കണ്ടെത്തിയത്. തുടര്‍ച്ചയായുള്ള തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കുകളില്‍നിന്നൊരു ആശ്വാസം. നിലമ്പൂര്‍ നിയോജക മണ്ഡലത്തിലെ എംഎല്‍എ ആയിരുന്ന പി.വി. അന്‍വര്‍ രാജിവെച്ചതോടെയാണ് നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. കഴിഞ്ഞ മേയ് 25-നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ജൂണ്‍ 19-നായിരിക്കുമെന്ന് പ്രഖ്യാപിച്ചത്. അടുത്ത ദിവസം വൈകീട്ടോടെ ആര്യാടന്‍ ഷൗക്കത്താണ് യുഡിഎഫ് സ്ഥാനാര്‍ഥിയെന്ന് കെപിസിസിയുടെ പ്രഖ്യാപനവും എത്തിയപ്പോള്‍ യുഡിഎഫ് ക്യാമ്പ് ഉണര്‍ന്നു. അടുത്ത ദിവസംമുതല്‍ തന്നെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നിങ്ങോട്ടുള്ള ദിവസങ്ങളില്‍ എല്‍ഡിഎഫും ബിജെപിയും അവരുടെ സ്ഥാനാര്‍ഥികളേയും പ്രഖ്യാപിച്ചു. അപ്രതീക്ഷിതമായി പി.വി. അന്‍വറും മത്സരരംഗത്ത് വന്നത് തിരഞ്ഞെടുപ്പ് പ്രചാരണം കൂടുതല്‍ കൊഴുപ്പിച്ചിരുന്നു.

To advertise here,

എല്‍ഡിഎഫ് സഥാനാര്‍ഥി എം. സ്വരാജിന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റുണ്ടായിരുന്നതിനാല്‍ വ്യാഴാഴ്ച രാത്രിതന്നെ തിരുവനന്തപുരത്തേക്ക് പോയിരുന്നു. അതിനാല്‍ നിലമ്പൂരില്‍ സ്വരാജിന്റെ സാന്നിധ്യമുണ്ടായിരുന്നില്ല. യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് വെള്ളിയാഴ്ച കൂടുതല്‍ സമയവും വീട്ടില്‍ തന്നെയായിരുന്നു. ചര്‍ച്ചകളും വിലയിരുത്തലുകളുമായി സമയം ചെലവഴിച്ചു. അതിനിടയില്‍ മരണവീട്ടില്‍ പോകാനും സമയംകണ്ടെത്തി. ബിജെപിയുടെ സ്ഥാനാര്‍ഥി അഡ്വ. മോഹന്‍ ജോര്‍ജ് ഉച്ചവരെ ചുങ്കത്തറയിലെ വീട്ടില്‍ത്തന്നെയായിരുന്നു. ഉച്ചയ്ക്ക് നിലമ്പൂര്‍ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലെത്തി ഏതാനും നേതാക്കളുമായി സംസാരിച്ചു. ഏതാനും പ്രധാന നേതാക്കള്‍ സ്ഥാനാര്‍ഥിയുടെ വീട്ടിലുമെത്തി ചര്‍ച്ചകളും വിലയിരുത്തലുകളും നടത്തി. വൈകീട്ട് വീട്ടില്‍ത്തന്നെ ചെലവഴിച്ചു.

പി.വി. അന്‍വര്‍ വീട്ടില്‍ത്തന്നെ വിശ്രമത്തിലായിരുന്നു. വ്യക്തിപരമായ കാര്യങ്ങള്‍ക്കാണ് കൂടുതല്‍സമയം കണ്ടെത്തിയത്.

നിലമ്പൂരില്‍ വന്‍ വിജയം നേടും

തിരുവനന്തപുരം : നിലമ്പൂരില്‍ നടന്നത് രാഷ്ട്രീയ പോരാട്ടമാണെന്നും അതില്‍ എല്‍ഡിഎഫ് വന്‍ വിജയം നേടുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പറഞ്ഞു. രാഷ്ട്രീയമായി പോരാടുന്നതിന് പകരം കള്ളക്കഥകള്‍ പ്രചരിപ്പിക്കാനാണ് യുഡിഎഫ് ശ്രമിച്ചത്. അത് ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാട്ടാനായി. യുഡിഎഫിലെയും കോണ്‍ഗ്രസിലെയും പ്രശ്നങ്ങള്‍ പുറത്തുവരാന്‍ നിലമ്പൂര്‍ ഫലം ഇടയാക്കും. വന്‍ പൊട്ടിത്തെറിയാണ് യുഡിഎഫില്‍ ഉണ്ടാകാന്‍ പോകുന്നത്.

ആര്‍എസ്എസുമായുള്ള പഴയ തിരഞ്ഞെടുപ്പ് സഖ്യത്തെക്കുറിച്ച് പറഞ്ഞതില്‍ കൂടുതല്‍ ഒന്നും വിശദീകരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. സിപിഎം സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടെ അക്കാര്യങ്ങള്‍ ചര്‍ച്ചയായിട്ടില്ല. തനിക്കെതിരെ വിമര്‍ശനവും ഉയര്‍ന്നിട്ടില്ല. പറഞ്ഞതില്‍ നാക്കുപിഴയില്ല. ചരിത്രത്തിന്റെ ഭാഗമായ കാര്യം പറഞ്ഞു. ഇനി അതില്‍ വിശദീകരണമില്ല -അദ്ദേഹം വ്യക്തമാക്കി.