
ത്രികോണമത്സരത്തിന്റെ ഹൈലൈറ്റ് പാലക്കാടായിരുന്നു. സസ്പെന്‍സ് ത്രില്ലര്‍ പോലുള്ള പോരാട്ടം. പക്ഷേ സിപിഎമ്മിനും എല്‍ഡിഎഫിനും ജീവന്മരണപോരാട്ടം ചേലക്കരയിലായിരുന്നു. കാല്‍നൂറ്റാണ്ടായി ചുവപ്പ് മായാത്ത പൊന്നാപുരം കോട്ട കടുത്ത പോരാട്ടത്തിനൊടുവില്‍ നിലനിര്‍ത്തി സിപിഎം കരുത്ത് തെളിയിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിലെ വന്‍ തോല്‍വിയില്‍ നിന്ന് നിന്ന് എഴുതിത്തള്ളാനാകില്ലെന്ന് സിപിഎമ്മും എല്‍ഡിഎഫും വീണ്ടും തെളിയിക്കുന്നു. ഫലം മറിച്ചായിരുന്നെങ്കില്‍ അത് സിപിഎമ്മിനെ ഉലയ്ക്കുന്നതായേനെ.
വിവാദങ്ങളുടെ കുത്തൊഴുക്കിലും ചേലക്കരയുടെ ചുവപ്പുമായാതെ നിന്നതോടെ മുഖ്യമന്ത്രി പിണറായി വിജയന് പാര്‍ട്ടി സമ്മേളനങ്ങളില്‍ അത് കൂടുതല്‍ കരുത്ത് പകരും. ചേലക്കരയില്‍ തമ്പടിച്ച് പ്രചാരണം നയിച്ചത് മുഖ്യമന്ത്രിയായിരുന്നു. തൃശൂര്‍ പൂരം കലക്കല്‍ കരുവന്നൂര്‍ വിവാദം അടക്കം കടുത്ത വിവാദങ്ങള്‍ സൃഷ്ടിച്ച വെല്ലുവിളികളെ അതിജീവിച്ചാണ് എല്‍ഡിഎഫ് ഈ വിജയം നെയ്തെടുത്തത്. സിപിഎമ്മിന്റെ സംഘടന സംവിധാനത്തിന്റെ ശക്തി വിളിച്ചോതുന്നു ഈ വിജയം. 2026 ലേക്ക് സിപിഎമ്മിന് പ്രതീക്ഷ നല്‍കുന്നത് കൂടിയാണ് ഈ വിജയം.
രണ്ടാം പിണറായി സര്‍ക്കാര്‍ വന്നശേഷം ഇതാദ്യമായാണ് ഒരു ഉപതിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം ജയിക്കുന്നത്. മന്ത്രിയായിരുന്ന കെ.രാധാകൃഷ്ണനെ സിപിഎം ആലത്തൂരില്‍ മത്സരിപ്പിച്ചത് തന്നെ കൈവിട്ട കോട്ട തിരിച്ചുപിടിക്കാനായിരുന്നു. ഒന്നര ലക്ഷം വോട്ടിന് പി.കെ ബിജുവിനെ തോല്‍പിച്ച് രമ്യ ഹരിദാസ് പിടിച്ചെടുത്ത മണ്ഡലം 20,000 വോട്ടിന് രാധാകൃഷ്ണന്‍ തിരിച്ചുപിടിച്ചു. ഒരു കോട്ട തിരിച്ചുപിടിക്കുമ്പോള്‍ കൈയിലുണ്ടായിരുന്ന കോട്ട കൈവിട്ടാല്‍ അത് വലിയ ക്ഷീണമാകുമായിരുന്നു. യു.ആര്‍ പ്രദീപ് പാര്‍ട്ടിയുടെ വിശ്വാസം കാത്തു. പ്രദീപിന്റെ സൗമ്യതയും ഇടപെടലും ജനകീയതയും എല്‍ഡിഎഫിന്റെ പ്ലസ് പോയിന്റുകളായിരുന്നു.
ആലപ്പുഴയില്‍ ആരിഫിനോട് തോറ്റപ്പോഴാണ് ഷാനിമോള്‍ ഉസ്മാനെ കോണ്‍ഗ്രസ് പകരം ആരിഫിന്റെ അരൂര്‍ കോട്ടയില്‍ നിര്‍ത്തിയതും അത് പിടിച്ചെടുത്തതും. അത് ആവര്‍ത്തിക്കാമെന്ന കണക്കുകൂട്ടലിലാണ് രമ്യ ഹരിദാസിനെ ചേലക്കരയില്‍ നിര്‍ത്തിയത്. ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചിട്ടും ഭൂരിപക്ഷം വലിയ തോതില്‍ കുറയ്ക്കാനായി എന്നതൊഴിച്ചാല്‍ കോണ്‍ഗ്രസിനും യുഡിഎഫിനും ചേലക്കര നല്‍കിയത് തിരിച്ചടി തന്നെ.
ഇത്തവണ ഭൂരിപക്ഷത്തില്‍ വലിയ ചോര്‍ച്ചയുണ്ടായത് സിപിഎമ്മിനെ ഇരുത്തിച്ചിന്തിപ്പിക്കുന്നതാണ്. എല്ലാം ശരിയായില്ല എന്ന മുന്നറിയിപ്പും അതില്‍ വായിച്ചെടുക്കാം. ചേലക്കരയിലെ ഒറ്റ വിജയം മതി സിപിഎമ്മിനും എല്‍ഡിഎഫിനും അത് നല്‍കുന്ന ഊര്‍ജം വളരെ വലുതാണ്. ലോക്സഭാ തിരഞ്ഞെടുപ്പ് തോല്‍വിയുടെ നിരാശ ഇവിടെ തീരുന്നു. അടിത്തറ ഭദ്രമാക്കി സിപിഎം വീണ്ടും തദ്ദേശ തിരഞ്ഞെടുപ്പിനും 2026 ലേക്കും കോപ്പുകൂട്ടുന്നു. ഇതുവരെ പ്രയോഗിച്ച തന്ത്രങ്ങളൊന്നും മതിയാകില്ല. പ്രസ്താവനകളിലൂടെയോ പി.ആറിലൂടെയോ സിപിഎം എന്ന കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയേയും അതിന്റെ സംഘടാസംവിധാനത്തേയും എല്‍ഡിഎഫിനേയും തോല്‍പിക്കാനാകില്ല എന്ന് സതീശനും സുധാകരനും യുഡിഎഫിനും ഈ ഫലം സൂചന നല്‍കുന്നു.
കെ. കരുണാകരന്റെ കാലത്ത് കോണ്‍ഗ്രസിന്റെ നെടുങ്കോട്ടയായിരുന്നു തൃശൂര്‍ ജില്ല. ആ വോട്ട് ബാങ്ക് തകര്‍ന്നു. യുഡിഎഫിന്റെ കുത്തക സീറ്റുകളെല്ലാം എല്‍ഡിഎഫ് പിടിച്ചെടുത്തു. കഴിഞ്ഞ രണ്ട് തവണയായി 13 മണ്ഡലങ്ങളുള്ള ജില്ലയില്‍ നിന്ന് യുഡിഎഫിന് ആകെ ജയിക്കാനായത് ഒരൊറ്റ സീറ്റ് മാത്രമാണ്. 2016 ല്‍ വടക്കാഞ്ചേരി 43 വോട്ടിനും കഴിഞ്ഞ തവണ ചാലക്കുടി 1000 വോട്ടിനും. ഗ്രൂപ്പ് പോരില്‍ തകര്‍ന്നതാണ് അടിത്തറ. അവിടെയാണ് ലോക്സഭയില്‍ തൃശൂര്‍ ബിജെപിയിലേക്ക് ചാഞ്ഞതും യുഡിഎഫ് മൂന്നാമതായതും. തോല്‍വിക്ക് പിന്നാലെ ഡിസിസി ഓഫീസില്‍ നടന്ന അടിയും പ്രസിഡന്റ് രാജിയും എല്ലാം നടന്നിട്ട് അധികകാലമായിട്ടില്ല. പാളയത്തിലെ പടയും തമ്മിലടിയുമായി സിപിഎമ്മിനോട് മുട്ടി 2026 ല്‍ അധികാരം പിടിക്കുക എളുപ്പമല്ല എന്ന പാഠം ചേലക്കര യുഡിഎഫിന് നല്‍കുന്നുണ്ട്
അതേസമയം പാലക്കാട് തൊട്ടതെല്ലാം സിപിഎമ്മിനും എല്‍ഡിഎഫിനും പിഴച്ചു. എതിര്‍പാളത്തില്‍ നിന്ന് സരിനെ അടര്‍ത്തിയെടുത്ത് കോണ്‍ഗ്രസിന് തിരിച്ചടി നല്‍കുക എന്നതില്‍ എല്‍ഡിഎഫ് വിജയിച്ചു. പക്ഷേ രണ്ട് തിരഞ്ഞെടുപ്പായി മൂന്നാം സ്ഥാനത്ത് നില്‍ക്കുന്ന മണ്ഡലത്തില്‍ രണ്ടാം സ്ഥാനത്തെത്താന്‍ കഴിഞ്ഞാല്‍ തന്നെ എല്‍ഡിഎഫിന് അത് വലിയ നേട്ടമായിരുന്നു. സരിന്റെ യുവത്വവും പ്രസരിപ്പും അതിലേക്ക് വഴിതുറക്കുമെന്ന് എല്‍ഡിഎഫ് കണക്കുകൂട്ടി. പക്ഷേ വോട്ടില്‍ നേരിയ വര്‍ധന ഉണ്ടാക്കാന്‍ കഴിഞ്ഞു എന്ന ആശ്വാസം മാത്രമാണ് എല്‍ഡിഎഫിന് തിരഞ്ഞെടുപ്പ് ഫലം നല്‍കുന്നത്.
ക്ലച്ച് പിടിക്കാതെ പോയ പെട്ടിവിവാദവും തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മുസ്ലിം സമുദായത്തിലെ രണ്ട് വിഭാഗത്തിന്റെ മുഖപത്രത്തില്‍ മാത്രം പരസ്യം നല്‍കി സന്ദീപ് വാര്യരെ എടുത്ത കോണ്‍ഗ്രസിനെതിരെ വോട്ടര്‍മാരെ തിരിക്കുക എന്ന ലക്ഷ്യം കണ്ടായിരുന്നു. പാര്‍ട്ടി പത്രത്തില്‍ പോലും നല്‍കാതെ ഇങ്ങനെ തിരഞ്ഞു പിടിച്ച് രണ്ട് പത്രത്തില്‍ പരസ്യം നല്‍കിയത് ഗുണത്തെക്കാളേറെ തിരിച്ചടിച്ചു. മുസ്ലിം വോട്ടുകള്‍ യുഡിഎഫിന് അനുകൂലമായി ഏകീകരിക്കപ്പെടുന്നത് തകര്‍ക്കുക എന്നതായിരുന്നു അതിന്റെ ലക്ഷ്യം. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും സുപ്രഭാതവും ദീപികയും ഇതോപോലെ പ്രത്യേക ലക്ഷ്യത്തോടെ പരസ്യം നല്‍കി. മുസ്ലിം വോട്ടുകള്‍ ഭിന്നിച്ചാല്‍ അതിന്റെ ആദ്യ ഗുണഭോക്താവ് ബിജെപിയല്ലേ എന്ന ചോദ്യം വോട്ടര്‍മാരിലുണ്ടാകുക സ്വാഭാവികം. കഴിഞ്ഞ തവണ ശ്രീധരന്‍ ജയിക്കാതിരിക്കാന്‍ ഒരു പങ്ക് എല്‍ഡിഎഫ് വോട്ട് ഷാഫിക്ക് അനുകൂലമായിരുന്നു. ഇത് എല്‍ഡിഎഫും യുഡിഎഫും ഒരുപോലെ ശരിവെക്കുന്ന കാര്യമാണ്. ഇത്തവണ സരിനെ നിര്‍ത്തി കാടടച്ചുള്ള പ്രചാരണം നടത്തി കൊഴുപ്പിക്കുകയും രാഹുല്‍ മാങ്കൂട്ടത്തിലെ നിയമസഭ കാണിക്കരുത് എന്ന വാശിയും സിപിഎമ്മിനുണ്ടായിരുന്നു. ബിജെപി ജയിക്കാതിരിക്കാന്‍ വോട്ടുമറിക്കല്‍ ഉണ്ടായില്ലെങ്കില്‍ ജയം ഉറപ്പെന്നാണ് ബിജെപി കേന്ദ്രങ്ങളും കണക്കുകൂട്ടിയത്.
വയനാട്ടില്‍ പ്രിയങ്ക മത്സരിക്കാനെത്തിയതോടെ എല്‍ഡിഎഫ് കൈവിട്ടിരുന്നു. സാന്നിധ്യമറിയിക്കുക എന്നതിനപ്പുറം ഫലം എന്താകും എന്ന ബോധ്യം എല്‍ഡിഎഫിനും എന്‍ഡിഎയ്ക്കുമുണ്ടായിരുന്നു. ഭൂരിപക്ഷം കുറയ്ക്കാനായാല്‍ തന്നെ യുഡിഎഫിന് അത് ക്ഷീണമാകും അതിലേക്കായിരുന്നു ഇരുപാര്‍ട്ടികളുടെയും ശ്രദ്ധ. വോട്ടുനില വര്‍ധിപ്പിക്കാന്‍ പ്രിയങ്കയ്ക്കെതിരേ ഒരു വനിതാ സ്ഥാനാര്‍ഥിയായി നവ്യ ഹരിദാസിനെ ബിജെപി അവതരിപ്പിച്ചത്. കഴിഞ്ഞ തവണ ആനി രാജയുടെ പേര് പരിഗണിച്ച ഘട്ടത്തില്‍ സജീവമായി പരിഗണിച്ച സത്യന്‍ മൊകേരിയെ നിര്‍ത്തിയതും മത്സരം കടുപ്പിക്കുക എന്ന ലക്ഷ്യത്തിലായിരുന്നു. 2014 ലില്‍ എം.ഐ ഷാനവാസിനെ വിറപ്പിച്ച ചരിത്രവും സത്യന്‍ മൊകേരിക്കുണ്ടായിരുന്നു.
Content Highlights: chelakkara byelection results 2024 , UR Pradeep cpm candidate leads
Published: 23 Nov 2024, 12:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented