ഭാരതപ്പുഴയും വാഴാലിക്കാവുമുള്‍പ്പെടെ ഗ്രാമീണസൗന്ദര്യം നിറഞ്ഞുതുളുമ്പുന്ന ചേലക്കര ഇന്ന് തിരഞ്ഞെടുപ്പ് ചൂടില്‍ തിളച്ചുമറിയുകയാണ്. അഞ്ചര പതിറ്റാണ്ടിലധികമായി മാറിയും മറിഞ്ഞും വിധിയെഴുതിയ മണ്ഡലം ചരിത്രത്തിലെ ആദ്യ ഉപതിരഞ്ഞെടുപ്പിനാണ് സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. ഇടത്തോട്ടും വലത്തോട്ടും ചായാന്‍ മടികാണിക്കാത്ത ചേലക്കര കഴിഞ്ഞ കാല്‍നൂറ്റാണ്ടായിട്ട് ഇടതുകോട്ടയായി പരിവര്‍ത്തനം ചെയ്യപ്പെട്ടെന്ന് പറയാം. എന്തുവിലകൊടുത്തും ആ കോട്ട പൊളിക്കാന്‍ തന്ത്രങ്ങള്‍ മെനയുകയാണ് കോണ്‍ഗ്രസ്. മണ്ഡലം കൈവിടുകയെന്നത് ഇടതുപക്ഷത്തെ സംബന്ധിച്ച് ചിന്തിക്കാന്‍ പോലുമാകില്ല. ജയപ്രതീക്ഷയുമായി ബി.ജെ.പിയും അന്‍വറിന്റെ ഡി.എം.കെ പിന്തുണയ്ക്കുന്ന സ്വതന്ത്രസ്ഥാനാര്‍ഥിയും കളത്തിലിറങ്ങുമ്പോള്‍ ചേലക്കര ചരിത്രത്തിലെ ഏറ്റവും കടുത്ത പോരാട്ടത്തിനാണ് തയ്യാറെടുക്കുന്നത്.
തിരുവില്വാമല, പഴയന്നൂര്‍, ദേശമംഗലം,കൊണ്ടാഴി, ചേലക്കര, പാഞ്ഞാള്‍, വള്ളത്തോള്‍നഗര്‍, മുള്ളൂര്‍ക്കര, വരവൂര്‍ എന്നിങ്ങനെ ഒമ്പത് പഞ്ചായത്തുകളടങ്ങിയതാണ് ചേലക്കര നിയമസഭാ മണ്ഡലം. പട്ടികജാതി സംവരണ മണ്ഡലമാണ്. തൃശ്ശൂര്‍ ജില്ലയിലുള്‍പ്പെടുന്ന മണ്ഡലം നിലനിര്‍ത്താന്‍ മുന്‍ എം.എല്‍.എ യു.ആര്‍ പ്രദീപിനെയാണ് സി.പി.എം കളത്തിലിറക്കിയത്. മണ്ഡലത്തിലെ എം.എല്‍.എ ആയിരുന്ന കെ.രാധാകൃഷ്ണന്‍ ആലത്തൂരില്‍ നിന്ന് ലോക്‌സഭയിലേക്ക് പോയ ഒഴിവിലാണ് തിരഞ്ഞെടുപ്പ്. ആലത്തൂരില്‍ രാധകൃഷ്ണനോട് പരാജയപ്പെട്ട മുന്‍ എം.പി രമ്യ ഹരിദാസിനെ തന്നെയാണ് കോണ്‍ഗ്രസ് ചേലക്കര പിടിക്കാന്‍ ഗോദയിലിറക്കിയത്. 2019-ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ചേലക്കരയിലെ ഇടതുകോട്ടകളെ വിറപ്പിച്ച ചരിത്രം രമ്യക്ക് ആവര്‍ത്തിക്കാനാകുമോയെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഉറ്റുനോക്കുന്നത്. എന്നാല്‍ 2021-നിയമസഭാ തിരഞ്ഞെടുപ്പിലും 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും മണ്ഡലത്തില്‍ തിരിച്ചുവന്നിട്ടുണ്ട് എല്‍.ഡി.എഫ്. മണ്ഡലത്തിലെ ജയപരാജയങ്ങള്‍ നിര്‍ണയിക്കുന്ന തരത്തിലേക്ക് വോട്ടുവര്‍ധിപ്പിച്ചിട്ടുള്ള ബി.ജെ.പി തിരുവില്വാമല മുന്‍ പഞ്ചായത്ത് പ്രസിഡന്റായ കെ. ബാലകൃഷ്ണനെയാണ് മത്സരിപ്പിക്കുന്നത്. അതേസമയം അന്‍വറിന്റെ ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള(ഡി.എം.കെ) പിന്തുണയ്ക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ഥിയും ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്.

മണ്ഡലരൂപീകരണത്തിന് ശേഷം ചേലക്കരയിൽ ആദ്യമായി തിരഞ്ഞെടുപ്പ് നടക്കുന്നത് 1965 ലാണ്. കന്നിയങ്കത്തിൽ സി.പി.എമ്മിലെ സി.കെ ചക്രപാണിയെ പരാജയപ്പെടുത്തി കോൺഗ്രസിലെ കെ.കെ ബാലകൃഷ്ണൻ മണ്ഡലത്തിലെ ആദ്യ എം.എൽ.എയായി. വെറും 106 വോട്ടുകളുടെ മാത്രം ഭൂരിപക്ഷത്തിനാണ് അദ്ദേഹം വിജയിച്ചത്. ചേലക്കരയുടെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷവുമാണത്. 1967 ൽ നടന്ന രണ്ടാമങ്കത്തിൽ ബാലകൃഷ്ണന് അടിതെറ്റി.സി.പി.എമ്മിലെ പി കുഞ്ഞൻ 2052 വോട്ടുകളുടെ ഭൂരിപക്ഷത്തിന് ജയിച്ചുകയറി. എന്നാൽ പിന്നീട് നടന്ന മൂന്ന് തിരഞ്ഞെടുപ്പുകളിലും കെ.കെ ബാലകൃഷ്ണൻ മണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു. 1970, 1977,1980 വർഷങ്ങളിൽ നടന്ന തിരഞ്ഞെടുപ്പുകളിൽ സി.പി.എമ്മിലെ കെ.എസ് ശങ്കരനെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്.
രണ്ട് പതിറ്റാണ്ടിനിപ്പുറം 1982-ലാണ് സി.പി.എം മണ്ഡലത്തിൽ വീണ്ടും ജയിക്കുന്നത്. കോൺഗ്രസിലെ ടി.കെ.സി വടുതലയെ 2123 വോട്ടുകൾക്ക് പരാജയപ്പെടുത്തി സി.കെ ചക്രപാണി ചേലക്കര ചുവപ്പിച്ചു. 1987 ൽ ഡോ.എം.എ കുട്ടപ്പനും 1991 ൽ എം.പി താമിയും കോൺഗ്രസിൽ നിന്ന് വിജയിച്ചു. എം.എ കുട്ടപ്പൻ സി.പി.എമ്മിലെ കെ.വി പുഷ്പയെ 7751 വോട്ടുകൾക്കും എം.പി താമി 4361 വോട്ടുകൾക്ക് സി.പി.എമ്മിലെ സി. കുട്ടപ്പനേയും തോൽപ്പിച്ചു. അതിന് ശേഷമാണ് മണ്ഡലത്തിൽ ചുവപ്പ് തരംഗം ആഞ്ഞുവീശുന്നത്.
1996-ൽ കെ.രാധാകൃഷ്ണനിലൂടെ സി.പി.എം ചേലക്കര തിരിച്ചുപിടിച്ചു. കോൺഗ്രസിലെ ടി.എ രാധാകൃഷ്ണനെ 2323 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കെ.രാധാകൃഷ്ണൻ മറികടന്നത്. അതൊരു തുടക്കം മാത്രമായിരുന്നു. പിന്നീട് നടന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും സി.പി.എം സ്ഥാനാർഥികൾ മണ്ഡലത്തിൽ നിന്ന് ജയിച്ചുകയറി. 1996-ലെതുൾപ്പെടെ അഞ്ച് തിരഞ്ഞെടുപ്പുകളിൽ രാധാകൃഷ്ണൻ വെന്നിക്കൊടി നാട്ടി. ഒരു കോൺഗ്രസ് മണ്ഡലമെന്ന നിലയിൽ നിന്ന് ചുവപ്പുകോട്ടയായി ചേലക്കരയുടെ ചരിത്രം പുതുക്കുയെഴുതപ്പെട്ടു. 2016-ൽ രാധാകൃഷ്ണന് പകരം യു.ആർ പ്രദീപാണ് മണ്ഡലത്തിൽ നിന്ന് എം.എൽ.എയായത്.
കോൺഗ്രസ് സ്ഥാനാർഥികൾ മാറി മാറി വന്നെങ്കിലും രണ്ടരപതിറ്റാണ്ടോളം മണ്ഡലം ഇടത്തോട്ടുതന്നെ ചാഞ്ഞു. 2001-ൽ കെ.എ തുളസിയെ 1475 വോട്ടുകളുടെ നേരിയ ഭൂരിപക്ഷത്തിനാണ് രാധാകൃഷ്ണൻ പരാജയപ്പെടുത്തുന്നത്. എന്നാൽ പിന്നീട് അദ്ദേഹം ഭൂരിപക്ഷം ഗണ്യമായി വർധിപ്പിച്ചു. 2006 ൽ 14,593 , 2011 ൽ 24,676 എന്നിങ്ങനെയായിരുന്നു ഭൂരിപക്ഷം. 1996-ൽ ഇ.കെ നായനാർ മന്ത്രി സഭയിലും 2021-ൽ രണ്ടാം പിണറായി സർക്കാരിലും മന്ത്രിയായി. 2006 ൽ സ്പീക്കറും 2001 ൽ പ്രതിപക്ഷ ചീഫ് വിപ്പുമായി.
2016-ൽ രാധാകൃഷ്ണൻ മത്സരത്തിൽ നിന്ന് പിൻമാറിയതിനാൽ പകരക്കാരനായി യു.ആർ പ്രദീപാണ് സി.പി.എമ്മിനായി കളത്തിലിറങ്ങിയത്. 10,200 വോട്ടുകൾക്ക് കോൺഗ്രസിലെ കെ.എ തുളസിയെ പരാജയപ്പെടുത്തിക്കൊണ്ടാണ് പ്രദീപ് അന്ന് സി.പിഎമ്മിനായി മണ്ഡലം നിലനിർത്തിയത്. 2021 ൽ വീണ്ടും രാധാകൃഷ്ണനെത്തി. കേരളമൊന്നടങ്കം ആഞ്ഞടിച്ച ഇടതുതരംഗത്തിൽ 39,400 വോട്ടിന്റെ വൻ ഭൂരിപക്ഷത്തിലാണ് അദ്ദേഹം ജയിച്ചുകയറിയത്.
ഇത്തവണ മണ്ഡലം തിരിച്ചുപിടിക്കാനുള്ള തീവ്രശ്രമത്തിലാണ് കോൺഗ്രസ്. ആലത്തൂരിലെ കഴിഞ്ഞ രണ്ട് ലോക്‌സഭാ തിരഞ്ഞെടുപ്പുകൾ പരിശോധിച്ചാൽ ചേലക്കര നിയമസഭാ മണ്ഡലത്തിൽ നിന്ന് കോൺഗ്രസ് സി.പി.എമ്മിന് കടുത്ത വെല്ലുവിളിയുയർത്തുന്നതായി കാണാം. 2024-ൽ ചേലക്കരയിൽ നിന്ന് 5000-ലധികം വോട്ടുകളുടെ ലീഡ് മാത്രമേ എം.പിയായി മത്സരിച്ച രാധാകൃഷ്ണന് ലഭിച്ചിട്ടുള്ളൂ. 2019-ൽ 23,000 വോട്ടുകളുടെ വൻ ലീഡ് അന്ന് കോൺഗ്രസിനായി കളത്തിലിറങ്ങിയ രമ്യ ഹരിദാസിന് ലഭിച്ചു. ഉപതിരഞ്ഞെടുപ്പിൽ ഇതാവർത്തിക്കാനാകുമെന്ന കണക്കുക്കൂട്ടലിലാണ് കോൺഗ്രസ് ക്യാമ്പ്.
| വര്‍ഷം | സ്ഥാനാര്‍ഥി | പാര്‍ട്ടി | ഭൂരിപക്ഷം | ||
|---|---|---|---|---|---|
| 1965 | കെ.കെ ബാലകൃഷ്ണന്‍ | കോണ്‍ഗ്രസ് | 106 | ||
| 1967 | പി.കുഞ്ഞന്‍ | സി.പി.എം. | 2052 | ||
| 1970 | കെ.കെ ബാലകൃഷ്ണന്‍ | കോണ്‍ഗ്രസ് | 2306 | ||
| 1977 | കെ.കെ ബാലകൃഷ്ണന്‍ | കോണ്‍ഗ്രസ് | 9935 | ||
| 1980 | കെ.കെ ബാലകൃഷ്ണന്‍ | കോണ്‍ഗ്രസ് | 1125 | ||
| 1982 | സി.കെ ചക്രപാണി | സി.പി.എം. | 2123 | ||
| 1987 | ഡോ.എം.എ കുട്ടപ്പന്‍ | കോണ്‍ഗ്രസ് | 7751 | ||
| 1991 | എം.പി. താമി | കോൺഗ്രസ് | 4361 | ||
| 1996 | കെ.രാധാകൃഷ്ണൻ | സി.പി.എം. | 2323 | ||
| 2001 | കെ.രാധാകൃഷ്ണൻ | സി.പി.എം. | 1475 | ||
| 2006 | കെ.രാധാകൃഷ്ണൻ | സി.പി.എം. | 14,593 | ||
| 2011 | കെ.രാധാകൃഷ്ണൻ | സി.പി.എം. | 24,676 | ||
| 2016 | യു.ആർ പ്രദീപ് | സി.പി.എം. | 10,200 | ||
| 2021 | കെ.രാധാകൃഷ്ണൻ | സി.പി.എം. | 39,400 |
കോൺഗ്രസ് മണ്ഡലത്തെ ചുവപ്പുകോട്ടയാക്കിയ കെ.രാധാകൃഷ്ണൻ, വീണ്ടും പ്രദീപെത്തുമ്പോൾ
ചേലക്കരയിലെ നിയമസഭാ തിരഞ്ഞെടുപ്പ് ചരിത്രത്തെ 1996-ന് മുമ്പും ശേഷവുമെന്ന് വിഭജിക്കാം. കാരണം അതിന് മുമ്പ് നടന്ന എട്ട് തിരഞ്ഞെടുപ്പുകളിൽ ആറിലും വിജയിച്ചത് കോൺഗ്രസ് സ്ഥാനാർഥികളായിരുന്നു. 1967, 1982 വർഷങ്ങളിൽ മാത്രമാണ് സി.പി.എം സ്ഥാനാർഥികൾ തിരഞ്ഞെടുക്കപ്പെട്ടത്. അങ്ങനെ ഒരു കോൺഗ്രസ് മണ്ഡലമെന്ന നിലയിലേക്ക് ചേലക്കരയെ വിലയിരുത്തിയ രാഷ്ട്രീയകേന്ദ്രങ്ങൾക്കിടയിലേക്കാണ് 96-ൽ കെ.രാധാകൃഷ്ണൻ മത്സരിക്കാനെത്തുന്നത്. കന്നിയങ്കത്തിൽ 2323 വോട്ടുകളുടെ ഭൂരിപക്ഷത്തിന് നിയമസഭാ സാമാജികനായി.എന്നാൽ തുടർന്നുള്ള നാല് തിരഞ്ഞെടുപ്പുകളിലും ചേലക്കരക്കാർ രാധാകൃഷ്ണന് കൈകൊടുത്തു. അതും മികച്ച ഭൂരിപക്ഷം സമ്മാനിച്ചുകൊണ്ട്. സി.പി.എമ്മിന്റെ ഉറച്ചമണ്ഡലം എന്നതിലുപരി രാധാകൃഷ്ണന്റെ കോട്ടയെന്ന് ചേലക്കരയെ വിലയിരുത്തി. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ തോൽവിയറിയാതെയുള്ള കുതിപ്പ് തുടർന്നാണ് രാധാകൃഷ്ണൻ ആലത്തൂരിൽ നിന്ന് ലോക്‌സഭയിലെത്തുന്നത്. അതോടെ ചേലക്കര മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് അനിവാര്യമായി മാറി.
രാധാകൃഷ്ണന് പകരക്കാരനായി ആരെത്തുമെന്നതിനെ സംബന്ധിച്ച് സി.പി.എം കൂടുതൽ തലപുകച്ചില്ലെന്നതാണ് വാസ്തവം. മണ്ഡലത്തിൽ നിന്ന് ഇതിന് മുമ്പ് എം.എൽ.എ യായി തിരഞ്ഞെടുക്കപ്പെട്ട യു.ആർ പ്രദീപിനെ തന്നെ വീണ്ടും ഗോദയിലിറക്കാൻ നേതൃത്വം തീരുമാനിച്ചു. മണ്ഡലത്തിലെ പൊതുപരിപാടികളിലെല്ലാം കഴിഞ്ഞ കുറേ മാസങ്ങളായി യു.ആർ പ്രദീപിന്റെ സാന്നിധ്യം സി.പി.എം ഉറപ്പാക്കുകയും ചെയ്തിരുന്നു. നാല് തവണ തുടർച്ചയായി എം.എൽ.എ ആയി തിരഞ്ഞെടുക്കപ്പെട്ട രാധാകൃഷ്ണന്റെ പിൻഗാമിയായി 2016 ലാണ് പ്രദീപെത്തുന്നത്. രണ്ടാമൂഴത്തിലും പ്രദീപിന് വിജയിച്ചുകയറാമെന്നാണ് സി.പി.എം പ്രതീക്ഷിക്കുന്നത്.

നിയമസഭാ സാമാജികനെന്ന നിലയിൽ മികച്ച പ്രകടനം കാഴ്ചവെച്ചയാളാണ് യു.ആർ പ്രദീപ്. ദേശമഗലം പഞ്ചായത്ത് പ്രസിഡന്റും വൈസ്പ്രസിഡന്റുമായിരുന്ന അദ്ദേഹം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായിരുന്നു. കേരള സംസ്ഥാന പട്ടികജാതി-പട്ടികവർഗ വികസന കോർപറേഷൻ ചെയർമാനായ പ്രദീപിന് ചേലക്കരയിൽ നിന്ന് പാർട്ടി ടിക്കറ്റ് നൽകുന്നത് കോട്ട ചുവപ്പിക്കാനുറച്ചാണ്. നിലവിൽ സി.പിഎം വള്ളത്തോൾ നഗർ ഏരിയാ കമ്മിറ്റി അംഗമാണ്. ചേലക്കരയിൽ ഇടതുപക്ഷം മുന്നോട്ടുവെച്ച വികസനപ്രവർത്തനങ്ങൾ ഉന്നയിച്ചുകൊണ്ടാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്നാണ് പ്രദീപ് വ്യക്തമാക്കുന്നത്.
2019-ആവർത്തിക്കാമെന്ന കണക്കുക്കൂട്ടലിൽ രമ്യ ഹരിദാസ്
1996-മുതൽ നിയമസഭാ തിരഞ്ഞെടുപ്പുകളിലെല്ലാം മണ്ഡലം ചുവന്നെങ്കിലും ലോക്‌സഭാ തിരഞ്ഞടുപ്പിൽ ഈ കോട്ട വിറപ്പിച്ച ചരിത്രമുണ്ട് കോൺഗ്രസിന്. കേരളമൊന്നടങ്കം ആഞ്ഞടിച്ച 2019-ലെ യു.ഡി.എഫ് തരംഗത്തിൽ ആലത്തൂർ ലോക്‌സഭാ മണ്ഡലവും വലത്തോട്ടു ചാഞ്ഞു. നിയമസഭാ മണ്ഡലത്തിലെ കണക്കെടുത്താൽ അന്ന് ചുവപ്പുകോട്ടയായ ചേലക്കരയും കോൺഗ്രസിനൊപ്പം നിന്നു. അന്ന് കോൺഗ്രസിലെ രമ്യ ഹരിദാസാണ് സി.പി.എമ്മിനെ ഞെട്ടിച്ചത്. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ അത്രപരിചയമൊന്നുമില്ലെങ്കിലും രമ്യ അക്ഷരാർഥത്തിൽ പാട്ടുംപാടി ഇടതുകോട്ടകളെ വീഴ്ത്തി. ഒന്നരലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് അന്ന് ആലത്തൂർ ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് രമ്യ ഹരിദാസ് എം.പിയായി തിരഞ്ഞെടുക്കപ്പെടുന്നത്. ലോക്‌സഭാ മണ്ഡലത്തിലുൾപ്പെടുന്ന ഏഴ് നിയമസഭാ മണ്ഡലത്തിലും ലീഡെടുത്താണ് അവർ മുന്നേറിയത്.

ചേലക്കരയിലെ കുതിപ്പ് സി.പി.എമ്മിനെ ഞെട്ടിച്ചുകൊണ്ടായിരുന്നു. 23,695 വോട്ടുകളുടെ ലീഡാണ് ചേലക്കരയിൽ നിന്ന് രമ്യ ഹരിദാസ് സ്വന്തമാക്കിയത്. പാർട്ടി കോട്ടകളെല്ലാം ആ കുതിപ്പിൽ ആടിയുലഞ്ഞു. യു.ആർ പ്രദീപ് 2016-നിയമസഭാ തിരഞ്ഞെടുപ്പിൽ 10,200 വോട്ടുകളുടെ ഭൂരിപക്ഷം നേടിയ സ്ഥാനത്താണ് രമ്യ ഇരുപത്തിമൂന്നായിരത്തിൽപ്പരം ലീഡെടുക്കുന്നത്. എന്നാൽ 2024-ൽ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പ്രകടനം മെച്ചപ്പെടുത്തി.
മുള്ളൂർക്കര, ചേലക്കര, പഴയന്നൂർ പഞ്ചായത്തുകളിൽ രമ്യ ലീഡെടുത്തപ്പോൾ വരവൂർ, ദേശമംഗലം, വള്ളത്തോൾനഗർ, പാഞ്ഞാൾ, കൊണ്ടാഴി, തിരുവില്വാമല എന്നിങ്ങനെ ആറ് പഞ്ചായത്തുകളിൽ രാധാകൃഷ്ണൻ ലീഡെടുത്തു. ചേലക്കര നിയമസഭാ മണ്ഡലത്തിലെ ഒമ്പത് പഞ്ചായത്തുകളിലെ 177 ബൂത്തുകളിൽ നിന്നായി രമ്യാ ഹരിദാസിന് 55,195 വോട്ടുകളും കെ.രാധാകൃഷ്ണന് 60,368 വോട്ടും ലഭിച്ചു. കൃത്യമായി പറഞ്ഞാൽ രാധാകൃഷ്ണന്റെ ലീഡ് 5,173 വോട്ടുകൾ മാത്രം. അതിനാൽ ചേലക്കരയിൽ വിജയക്കൊടി നാട്ടുകയെന്നത് ബാലികേറാമലയല്ലെന്ന കണക്കൂകൂട്ടലാണ് യു.ഡി.എഫ് നേതൃത്വത്തിനുള്ളത്. മുൻ ആലത്തൂർ എം.പിയെ ചേലക്കരക്കാർക്ക് പരിചയപ്പെടുത്തേണ്ട ആവശ്യവുമില്ല. മണ്ഡലത്തിൽ സ്ഥാപിച്ച ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ചുവരെഴുത്തുകൾ മാഞ്ഞുതുടങ്ങും മുമ്പേ തന്നെ മറ്റൊരു അങ്കത്തിന് രമ്യ ഒരുങ്ങിക്കഴിഞ്ഞു. നിലവിലെ രാഷ്ട്രീയ സാഹചര്യം അനുകൂലമാണെന്നും വിജയിച്ചുകയറാമെന്നും യു.ഡി.എഫ് പ്രതീക്ഷിക്കുന്നു.

ഇരുമുന്നണികൾക്കും പുറമേ മണ്ഡലത്തിൽ ബി.ജെ.പിയും ജയപ്രതീക്ഷ വെച്ചുപുലർത്തുന്നുണ്ട്. 1987-മുതൽ ഓരോ തിരഞ്ഞെടുപ്പിലും ബി.ജെ.പി ഗണ്യമായി വോട്ട് വർധിപ്പിച്ചിട്ടുണ്ട്. 2011 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ അഞ്ച് ശതമാനം മാത്രമാണ് പാർട്ടിയുടെ വോട്ടെങ്കിൽ 2016-ൽ അത് പതിനഞ്ച് ശതമാനമായി ഉയർന്നു. അന്ന് ബി.ജെ.പിക്കായി മത്സരിച്ച ഷാജുമോൻ പി.പി 23,845 വോട്ടുകൾ നേടി. ആ തിരഞ്ഞെടുപ്പിൽ യു.ആർ പ്രദീപ് വിജയിച്ചത് 10,200 വോട്ടുകൾക്കാണ്. വോട്ടുവർധിപ്പിക്കുന്നതിനേക്കാൾ മണ്ഡലത്തിലെ ജയപരാജയങ്ങളെ നിർണയിക്കുന്ന തരത്തിലേക്ക് ബി.ജെ.പിയുടെ വളർച്ചയെത്തി. അഞ്ച് വർഷങ്ങൾക്കിപ്പുറം 2021-ൽ ബി.ജെ.പിയിലെ ഷാജുമോൻ വട്ടേക്കാട് 24,045 വോട്ടുകളും നേടി.
ഇത്തവണ തിരുവില്വാമല പഞ്ചായത്തംഗവും മുൻ വൈസ് പ്രസിഡന്റുമായ കെ.ബാലകൃഷ്ണനെയാണ് ബി.ജെ.പി കളത്തിലിറക്കിയിരിക്കുന്നത്. പഞ്ചായത്തിൽ ജനറൽ സീറ്റുകളിലേക്ക് രണ്ടുതവണയും മത്സരിച്ച് ജയിച്ചയാളാണ് കെ.ബാലകൃഷ്ണൻ. മണ്ഡലത്തിലെ വോട്ടർമാരെ അടുത്തറിയാമെന്നതും ബി.ജെ.പി ക്യാമ്പിന് പ്രതീക്ഷ നൽകുന്നു. നിലമ്പൂർ എം.എൽ.എ പി.വി അൻവറിന്റെ ഡി.എം.കെ പിന്തുണയ്ക്കുന്ന സ്ഥാനാർഥിയും തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ട്.കോണ്‍ഗ്രസ് നേതാവും എ.ഐ.സി.സി അംഗവുമായിരുന്ന എന്‍.കെ സുധീറാണ് സ്ഥാനാര്‍ഥി.

വികസനം മാത്രമല്ല, പൂരവും വെടിക്കെട്ടും വിഷയങ്ങള്‍
കൃത്യമായ ആസൂത്രണങ്ങളോടെയാണ് തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ മുന്നോട്ടുപോകുന്നതെന്നാണ് ഇടതുപക്ഷം പറയുന്നത്. പ്രധാനമായും സർക്കാരിന്റെ പ്രവർത്തനങ്ങളാണ് എൽ.ഡി.എഫ് ഉയർത്തിക്കാട്ടുന്നത്. രണ്ടാം പിണറായി സർക്കാരിന്റെതും ചേലക്കരയിൽ മന്ത്രിയായിരുന്ന കെ.രാധാകൃഷ്ണൻ നടത്തിവന്ന വികസനപ്രവർത്തനങ്ങളും പ്രചാരണത്തിൽ ഉന്നയിച്ചാണ് മുന്നോട്ടുപോക്ക്. സംസ്ഥാന സർക്കാർ വിവിധ മേഖലകളിൽ നടത്തുന്ന ഇടപെടലുകൾ ഉയർത്തിക്കാട്ടുന്നതോടൊപ്പം കേന്ദ്ര സർക്കാരിനെതിരേ വിമർശനങ്ങളും എൽ.ഡി.എഫ് ഉന്നയിക്കുന്നു. അത് വോട്ടാകുമെന്ന പ്രതീക്ഷയിലാണ് ഇടതുപാളയങ്ങൾ.
മണ്ഡലത്തിലെ രാഷ്ട്രീയ സാഹചര്യങ്ങൾ അനുകൂലമാണെന്നാണ് കോൺഗ്രസ് നേതാക്കളുടെ വാദം. ചരിത്രത്തിൽ ഇതുവരെയില്ലാത്ത തരത്തിലുള്ള മുന്നൊരുക്കങ്ങളാണ് നടത്തിയതെന്നും പരമാവധി വോട്ടർമാരെ ബൂത്തുകളിലെത്തിച്ച് ജയം ഉറപ്പാക്കാനാകുമെന്നും ചേലക്കരയിലെ യു.ഡി.എഫ് പ്രതീക്ഷിക്കുന്നു. മണ്ഡലത്തിൽ ശക്തമായ ഭരണവിരുദ്ധ വികാരമുണ്ടെന്ന കണക്കുകൂട്ടലിൽ അത് പരമാവധി അനുകൂലമാക്കിയെടുക്കാനാണ് യു.ഡി.എഫ് ശ്രമം. ഇതിനോടനുബന്ധിച്ച് വീടുകയറിയുള്ള പ്രചാരണം ശക്തമാക്കുകയാണ് യു.ഡി.എഫ്. തൃശ്ശൂർ ലോക്‌സഭാ മണ്ഡലത്തിലെ ജയം ബി.ജെ.പി ക്യാമ്പിന് വൻ ആത്മവിശ്വാസമാണ് നൽകുന്നത്. ജില്ലയിലെ നിയമസഭാ മണ്ഡലമെന്ന നിലയിൽ ചേലക്കരയിലെ ഉപതിരഞ്ഞെടുപ്പിനെ പാർട്ടി വലിയ രീതിയിൽ ഉറ്റുനോക്കുന്നുണ്ട്. ജില്ലയിൽ ബി.ജെ.പിക്ക് ശക്തമായ സംഘടനാസംവിധാനമുള്ള മേഖല കൂടിയാണ് ചേലക്കര. മണ്ഡലത്തിലെ പിന്നാക്കാവസ്ഥയും കുടിവെള്ള പ്രശ്‌നങ്ങളും ഊന്നിക്കൊണ്ടാണ് ബി.ജെ.പിയുടെ പ്രചാരണം.
മണ്ഡലത്തിലെ തകർന്ന റോഡുകൾ മുഖ്യപ്രചാരണവിഷയമായി മാറിക്കഴിഞ്ഞു. യു.ഡി.എഫ് ഇത് പ്രധാന വിഷയമായി ഉന്നയിക്കുന്നുണ്ട്. തകർന്ന റോഡുകളുമായി ബന്ധപ്പെട്ട് സമരവും നടക്കുകയാണ്. റോഡുകൾ ജലജീവൻ മിഷന്റെ പ്രവർത്തനങ്ങളുടെ ഭാഗമായാണ് പൊളിച്ചതെന്നും പെട്ടെന്ന് തന്നെ പൂർവ്വസ്ഥിതിയിലാക്കുമെന്നും മുഖ്യമന്ത്രി തിരഞ്ഞെടുപ്പ് കൺവെൻഷനിൽ ഉറപ്പുനൽകുകയും ചെയ്തിട്ടുണ്ട്. വികസനപ്രശ്‌നങ്ങൾക്കൊപ്പം തന്നെ തൃശ്ശൂർ പൂരവുമായി ബന്ധപ്പെട്ട വിഷയങ്ങളും തിരഞ്ഞെടുപ്പിലെ പ്രധാന ചർച്ചാ വിഷയമായി മാറിക്കഴിഞ്ഞു. അന്തിമഹാകാളൻ കാവ് വേലയുടെ വെടിക്കെട്ട് കഴിഞ്ഞ വർഷം മുടങ്ങിയത് ബി.ജെ.പി ആദ്യ ഘട്ടത്തിൽ ഉയർത്തിയിരുന്നെങ്കിലും തൃശ്ശൂർ പൂരം കലങ്ങിയതുമായി ബന്ധപ്പെട്ട വിഷയത്തിലേക്ക് പിന്നീട് ചർച്ചകൾ മാറി.
തൃശ്ശൂർ പൂരം കലങ്ങിയതുമായി ബന്ധപ്പെട്ട് സർക്കാർ കൃത്യമായ നിലപാടെടുത്തിട്ടുണ്ടെന്നും അത് വിശദീകരിക്കുമെന്നുമാണ് ഇടതുമുന്നണിയുടെ പ്രതികരണം. വെടിക്കെട്ട് നിയന്ത്രണം സംബന്ധിച്ചുള്ള കേന്ദ്രനിയമങ്ങളും എൽ.ഡി.എഫ് ചൂണ്ടിക്കാട്ടുന്നു. അതേസമയം വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരേ ആരോപണങ്ങളുന്നയിക്കുകയാണ് ബി.ജെ.പി. എന്നാൽ എൽ.ഡി.എഫിനേയും ബി.ജെ.പിയേയും ഒരുപോലെ വിമർശിച്ചാണ് യു.ഡി.എഫിന്റെ പ്രചാരണം. തൃശ്ശൂർ പൂരം കലങ്ങിയതുമായി ബന്ധപ്പെട്ട വിഷയത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നാണ് യു.ഡി.എഫിന്റെ ആവശ്യം. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പും യു.ഡി.എഫ് സജീവ വിഷയമായി ഉന്നയിക്കുന്നു. ഇതിന് പുറമേ കണ്ണൂർ എ.ഡി.എമ്മായിരുന്ന നവീൻ ബാബുവിന്റെ മരണവും തുടർന്ന് സി.പി.എം നേതാവ് പി.പി ദിവ്യ അറസ്റ്റിലായതുമെല്ലാം ഉപതിരഞ്ഞെടുപ്പിൽ തിരിച്ചടി നൽകുമോയെന്ന ആശങ്ക എൽ.ഡി.എഫിനുണ്ട്.
കെ. രാധാകൃഷ്ണനന്റെ കോട്ടയാണോ സിപിഎം കോട്ടയാണോ ചേലക്കരയെന്ന് തെളിയിക്കപ്പെടുന്ന തിരഞ്ഞെടുപ്പ് കൂടിയാകുമിത്. 2016 ല്‍ എല്‍ഡിഎഫ് തരംഗത്തില്‍ 10,200 വോട്ടിന് യു.ആര്‍.പ്രദീപ് ജയിച്ച സീറ്റ് രാധാകൃഷ്ണന്‍ മടങ്ങിവന്നപ്പോള്‍ ഭൂരിപക്ഷം 39,000 കടന്നു. ഏകദേശം മൂന്നരയിരട്ടി. ബി.ജെ.പി വോട്ട് വിഹിതം വര്‍ധിപ്പിക്കുമോ. അങ്ങനെയെങ്കില്‍ അത് ആരുടെ വോട്ടിലാകും ചോര്‍ച്ചയുണ്ടാക്കുക.
രാധാകൃഷ്ണന് കഴിഞ്ഞ തവണ ലഭിച്ച ഭൂരിപക്ഷം കിട്ടിയേക്കില്ലെങ്കിലും അഭിമാന പോരാട്ടത്തില്‍ വിജയം ഉറപ്പിക്കുന്നു എല്‍.ഡി.എഫ്. യു.ഡി.എഫ് ആകട്ടെ 2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വോട്ട് മറിയാമെങ്കില്‍ ഇത്തവണ എന്തുകൊണ്ട് ആയിക്കൂടാ എന്ന് ചോദിക്കുന്നു. തന്നേയുമല്ല രാധാകൃഷ്ണന് 39,000 ഭൂരിപക്ഷമുണ്ടായിരുന്നത് ഈ വര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്ക് എത്തിയപ്പോള്‍ രാധാകൃഷ്ണന്‍ തന്നെ മത്സരിച്ചിട്ടും 5000 ആയി ചുരുങ്ങി. ഇതാണ് യുഡിഎഫിന്റെ മനക്കോട്ട. ബി.ജെ.പിയാകട്ടെ മണ്ഡലത്തിലുള്ളയാളെന്ന നിലയിലും പ്രാദേശിക നേതാവെന്ന പരിചയവും മുതലാക്കിയാല്‍ വലിയ മുന്നേറ്റം സ്വപ്‌നം കാണുന്നു. ഏതായാലും പോരാട്ടം കടുപ്പമാണ് ചേലക്കരയില്‍. കര പറ്റുക ആരുടെ ആത്മവിശ്വാസമാകും എന്ന് കണ്ട് തന്നെ അറിയണം
Content Highlights: chelakkara assembly constituency election bypolls ldf udf bjp
Published: 01 Nov 2024, 05:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented