
അസദുദ്ദീൻ ഒവെെസി, തേജസ്വി യാദവ് | Photo: PTI
ന്യൂഡല്‍ഹി: മഹാസഖ്യത്തിന് നേതൃത്വം നല്‍കുന്ന ആര്‍ജെഡിയുടെ പരമ്പരാഗത വോട്ടുബാങ്കായ മുസ്‌ലിം-യാദവ സഖ്യം അതിന്റെ വിളനിലമായ സീമാഞ്ചല്‍മേഖലയില്‍ പരാജയമായി പരിണമിച്ചതിന് പിന്നില്‍ അസദുദ്ദീന്‍ ഒവൈസിയുടെ മജ്ലിസ് (എഐഎംഐഎം) പാര്‍ട്ടിയുടെ സാന്നിധ്യം. എസ്ഐആറിലൂടെ 7.7 ശതമാനം വോട്ടര്‍മാര്‍ നീക്കം ചെയ്യപ്പെട്ട സീമാഞ്ചലില്‍, അതുണ്ടാക്കിയ ഭീതിയുടെ പരിണിതഫലമെന്നോണം മുസ്‌ലിം ഏകീകരണം വോട്ടിങില്‍ പ്രതിഫലിച്ചിട്ടും അതിന്റെ ഗുണഫലം മഹാസഖ്യത്തിന് കിട്ടാതെ പോയി. അതിന് കാരണഭൂതമായതില്‍ ഒരു ഘടകം മജ്‌ലിസ് പാര്‍ട്ടിയാണെന്ന് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു. മറ്റൊരു ഘടകം, മഹിളാ റോസ്ഗാര്‍ യോജനയിലൂടെ നിതീഷ് കുമാര്‍ സര്‍ക്കാര്‍ സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പതിനായിരം രൂപ വീതം കൈമാറിയ പദ്ധതിയും.
ബിഹാറിലെ 25 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ മത്സരിപ്പിച്ച മജ്ലിസ് പാര്‍ട്ടി, സീമാഞ്ചലിലെ മുസ്‌ലിം വോട്ടുബാങ്ക് വന്‍തോതില്‍ പിളര്‍ത്തിയെടുത്തത് മഹാസഖ്യത്തിന് ദുരന്തമായി മാറി. പ്രതീക്ഷിക്കാത്ത നേട്ടം എന്‍ഡിഎയ്ക്ക് സമ്മാനിക്കുകയും ചെയ്തു. മജ്ലിസ് കളത്തിലിറക്കിയ 25ല്‍ 14 പേരും സീമാഞ്ചല്‍മേഖലയിലെ സ്ഥാനാര്‍ഥികളാണ്. 2020-ല്‍നിന്ന് വിഭിന്നമായി ഇത്തവണ മജ്ലിസ് പാര്‍ട്ടി, യുപിയിലെ ചന്ദ്രശേഖര്‍ ആസാദിന്റെ ആസാദ് സമാജ് പാര്‍ട്ടിയെ അടക്കം ചേര്‍ത്ത് മുസ്‌ലിം-ദളിത് സഖ്യത്തിന് ശ്രമം നടത്തിയെന്നതും ശ്രദ്ധേയം. 2027-ലെ യുപി തിരഞ്ഞെടുപ്പില്‍ ഇതിന്റെ വിപുലമായ രൂപം പ്രതീക്ഷിക്കാം. മായാവതിയുടെ പ്രഭാവം മങ്ങിയ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പടിഞ്ഞാറന്‍ യുപിയില്‍ ചന്ദ്രശേഖര്‍ ആസാദ് ആ വിടവില്‍ നേട്ടമുണ്ടാക്കിയത് പോലെ യുപി നിയമസഭാ തിരഞ്ഞെടുപ്പിനെ അത് സ്വാധീനിക്കുമോയെന്നത് കാത്തിരുന്ന് കാണണം.
ബിഹാറില്‍ കിഷന്‍ഗഞ്ച്, പുര്‍ണിയ, അരാരിയ, കതിഹാര്‍ ജില്ലകളിലായി 24 മണ്ഡലങ്ങളാണ് സീമാഞ്ചല്‍ മേഖലയില്‍. ഇതില്‍ 16ഉം എന്‍ഡിഎ പിടിച്ചപ്പോള്‍ മഹാസഖ്യം മൂന്നിലൊതുങ്ങി. രണ്ടിടത്ത് ആര്‍ജെഡിയും കിഷന്‍ഗഞ്ച് മണ്ഡലത്തില്‍ കോണ്‍ഗ്രസും വിജയിച്ചു. മജ്ലിസ് പാര്‍ട്ടി അഞ്ച് സീറ്റുകൾ നേടി. വഖഫ് വിഷയത്തിലുള്‍പ്പെടെ ബിജെപി നിലപാടിനൊപ്പം നിലകൊണ്ട ജെഡിയുവിന് മുസ്‌ലിം വിഭാഗത്തിനിടയിലെ സ്വാധീനം ചോര്‍ന്നു പോയെന്ന യാഥാര്‍ഥ്യം നിതീഷിന്റെ പാര്‍ട്ടി തിരിച്ചറിഞ്ഞു. അത് മനസ്സിലാക്കിയുള്ള തന്ത്രപരമായ ഇടപെടലാണ് പാര്‍ട്ടി നടത്തിയത്. അതിനാല്‍, മുസ്‌ലിം ഇതര അതിപിന്നാക്ക വോട്ടുകളുടെ ഏകീകരണം ലക്ഷ്യമാക്കിയുള്ള സ്ഥാനാര്‍ഥി പരീക്ഷണം ബിജെപിയെ പോലെയല്ലെങ്കിലും ജെഡിയുവും നടത്തി.
സീമാഞ്ചല്‍ മേഖലയില്‍ നാല് പേര്‍ മാത്രമായിരുന്നു എന്‍ഡിഎയുടെ മുസ്‌ലിം സ്ഥാനാര്‍ഥികള്‍. മൂന്നുപേര്‍ ജെഡിയുവിന്റെയും ഒരാള്‍ എല്‍ജെപിയുടെയുമാണ്. സംസ്ഥാനത്ത് ആകെ ഏഴ് മുസ്‌ലിം സ്ഥാനാര്‍ഥികളാണ് എന്‍ഡിഎയ്ക്കുണ്ടായിരുന്നത്. ഇതില്‍ ഒരാള്‍ പോലും ബിജെപിയില്‍ നിന്നില്ല.
2020-ല്‍ സീമാഞ്ചലില്‍ എന്‍ഡിഎയ്ക്ക് 12ഉം മഹാസഖ്യത്തിന് ഏഴും സീറ്റുകളാണ് ലഭിച്ചത്. മുസ്‌ലിം വിഭാഗത്തെ പരിഗണിക്കാതിരുന്നിട്ടും എന്‍ഡിഎയ്ക്ക് 2020ല്‍ നേട്ടമുണ്ടായത് മജ്‌ലിസ് പാര്‍ട്ടിയുടെ രംഗപ്രവേശത്തിലൂടെയാണെന്നാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്.
2020ലാണ് മജ്ലിസ് പാര്‍ട്ടി ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആദ്യമായി മത്സരിക്കാനെത്തിയത്. അക്കുറി അഞ്ച് സീറ്റുകള്‍ സീമാഞ്ചലില്‍ പിടിച്ചെടുത്ത പാര്‍ട്ടി വില്ലനായി മാറിയത് ആര്‍ജെഡിക്ക് തന്നെയാണ്. എന്നാല്‍ വിജയിച്ച അഞ്ചില്‍ നാല് പേരും പിന്നീട് ആര്‍ജെഡിയിലേക്ക് കൂറുമാറിപ്പോയി. പക്ഷേ ഇത്തവണയും മജ്ലിസ് പാര്‍ട്ടി കഴിഞ്ഞതവണത്തെ നേട്ടം ആവര്‍ത്തിച്ചുവെന്നതാണ് ശ്രദ്ധേയം.
2000-ത്തിന് ശേഷം ബിഹാറില്‍ രൂപമെടുത്ത മുസ്‌ലിം സ്വത്വരാഷ്ട്രീയബോധത്തെ ശക്തിയായി മുതലെടുത്തുകൊണ്ടാണ് 2020 മുതല്‍ മജ്ലിസ് പാര്‍ട്ടി ഇവിടെ ബലപരീക്ഷണത്തിനിറങ്ങുന്നത്. രണ്ടായിരത്തിന് മുമ്പുള്ള കാലഘട്ടത്തില്‍ സീമാഞ്ചലിലെ ഏത് മണ്ഡലത്തിലായാലും ജാതിസ്വത്വം നോക്കാതെ മുസ്‌ലിങ്ങള്‍ തിരഞ്ഞെടുപ്പുകളില്‍ വിജയം വരിക്കുമായിരുന്നു. പിന്നീടാണ് സ്ഥിതി മാറിയത്.
ബാബ്‌റി മസ്ജിദ് തര്‍ക്കസമയം തൊട്ട് മുസ്‌ലിങ്ങളുടെ രക്ഷകരായി അവതരിപ്പിക്കപ്പെടാറുള്ള ആര്‍ജെഡി അവര്‍ക്കായി ഒന്നും ചെയ്യുന്നില്ലെന്ന ആരോപണം ഇത്തവണയും മജ്ലിസ് പാര്‍ട്ടി ഉയര്‍ത്തി. തിരഞ്ഞെടുപ്പ് പ്രചരണവേളയില്‍ ബല്‍റാംപുര്‍ മണ്ഡലത്തിലെ മജ്ലിസ് പാര്‍ട്ടി സ്ഥാനാര്‍ഥി ആദില്‍ ഹസനുമായി ഈ ലേഖകന്‍ നടത്തിയ സംഭാഷണത്തില്‍, തേജസ്വി ഉപമുഖ്യമന്ത്രിയായിരുന്നപ്പോള്‍ പോലും മുസ്‌ലിങ്ങളെ അവഗണിച്ചെന്നാണ് കുറ്റപ്പെടുത്തിയത്. ഒരു മദ്രസ കത്തിയവേളയില്‍ അവിടെ സന്ദര്‍ശിക്കാന്‍ പോലും മുഖ്യമന്ത്രിയായിരുന്ന നിതീഷോ ഉപമുഖ്യമന്ത്രിയായിരുന്ന തേജസ്വിയോ തയാറായില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.
ബിഹാര്‍ സംസ്ഥാനത്തെ 2.31 കോടി വരുന്ന മുസ്‌ലിം ജനസംഖ്യയില്‍ 28.3 ശതമാനവും സീമാഞ്ചലില്‍ നിന്നാണ്. ഇവരില്‍ ഭൂരിഭാഗവും സുന്നി വിഭാഗക്കാരാണ്. ഇവരില്‍ തന്നെ ഉപജാതികളായ സുര്‍ജാപുരി, ഷെര്‍ഷബാദി, കുലയ്യ വിഭാഗങ്ങളെ കേന്ദ്രീകരിച്ചാണ് സ്വത്വരാഷ്ട്രീയം സഞ്ചരിക്കുന്നത്. ഇവരുടെ സ്വത്വബോധത്തെ ചൂഷണം ചെയ്താണ് മജ്ലിസ് പാര്‍ട്ടി അവിടേക്ക് കടന്നുകയറുന്നത്. ഇവരില്‍ ഷെര്‍ഷാബാദികളാണ് ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെന്ന് മുദ്രകുത്തപ്പെട്ട് അരികുവല്‍ക്കരിക്കപ്പെട്ട വിഭാഗം. 2020ലെ തിരഞ്ഞെടുപ്പില്‍ ഇരു സഖ്യങ്ങളിലുമായി വിജയിച്ച 11 സ്ഥാനാര്‍ഥികളില്‍ ആറ് പേര്‍ സുര്‍ജാപുരികളും രണ്ട് പേര്‍ കുലയ്യകളുമുണ്ട്. ഷെര്‍ഷാബാദിയില്‍ നിന്ന് ആരുമില്ല. 2015-ല്‍ രണ്ട് പേര്‍ ഷെര്‍ഷാബാദികളുണ്ടായിരുന്നു. മേല്‍ജാതി മുസ്‌ലിങ്ങളായ സെഖ്ര വിഭാഗക്കാരും കതിഹാര്‍ ജില്ലയിലുണ്ട്. അവര്‍ക്ക് എംഎല്‍എയുമുണ്ടായിരിക്കെയാണ് ഷെര്‍ഷാബാദികള്‍ തീര്‍ത്തും ഒറ്റപ്പെടുന്ന അവസ്ഥയുണ്ടാവുന്നത്. 2023ലെ സെന്‍സസ് പ്രകാരം സുര്‍ജാപുരി വിഭാഗക്കാര്‍ 24.5 ലക്ഷവും ഷെര്‍ഷാബാദികള്‍ 13 ലക്ഷവും കുലയ്യക്കാര്‍ 12.5 ലക്ഷവുമാണ് ബിഹാറില്‍. ഷേക്കുമാരില്‍ നിന്നുള്ള അവാന്തര വിഭാഗക്കാരായ സെഖ്ര വിഭാഗം രണ്ടര ലക്ഷം വരും.
അഫ്ഗാന്‍ രാജാവായ ഷെര്‍ഷസൂരി, മുഗളന്മാരെ തോല്‍പ്പിച്ച് 16-ാം നൂറ്റാണ്ടില്‍ കുറച്ചുകാലം ബിഹാര്‍, ബംഗാള്‍ (ഇന്നത്തെ ബംഗ്ലാദേശ് ഉള്‍പ്പെടെ) പ്രവിശ്യകളുള്‍പ്പെട്ട കിഴക്കന്‍മേഖല ഭരിച്ചിരുന്നു. ഈ ഘട്ടത്തില്‍ പശ്ചിമബംഗാളിലെ മാള്‍ഡ, മുര്‍ഷിദബാദ് മേഖലകളില്‍ നിന്ന് സീമാഞ്ചലിലേക്ക് കുടിയേറിയെത്തിയവരാണ് ഷെര്‍ഷാബാദികളെന്നാണ് പറയപ്പെടുന്നത്. ബംഗ്ല, ഉറുദു, ഹിന്ദി ഭാഷകള്‍ കലര്‍ത്തിയാണിവരുടെ സംസാരം. ചരിത്രപരമായ പിന്നോക്കാവസ്ഥ, രാഷ്ട്രീയ പ്രാതിനിധ്യത്തിലെ കുറവ് എന്നിവ കരണം ഷെര്‍ഷബാദികളും കുലയ്യകളും അതിപിന്നാക്ക വിഭാഗങ്ങളിലും (ഇബിസി) സുര്‍ജാപുരികള്‍ ഒബിസി വിഭാഗത്തിലും ഉള്‍പ്പെട്ടു.
ബംഗ്ല ഭാഷ സംസാരിക്കുന്ന ഷെര്‍ഷബാദികള്‍ നുഴഞ്ഞുകയറ്റക്കാരാണെന്ന് രണ്ട് വര്‍ഷം മുമ്പ് ഇന്നത്തെ കേന്ദ്രമന്ത്രി കൂടിയായ മുന്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചി, കിഷന്‍ഗഞ്ചില്‍ പ്രസംഗിച്ചതോടെ ഈ വിഭാഗക്കാരുടെ ഒറ്റപ്പെടല്‍ ഒന്നുകൂടി ശക്തിപ്പെട്ടു. ഇത്തരം അരക്ഷിതാവസ്ഥകളെല്ലാം മുതലെടുത്താണ് മജ്‌ലിസ് പാര്‍ട്ടിയുടെ നീക്കങ്ങള്‍. ഇത് ആത്യന്തികമായി എന്‍ഡിഎയ്ക്ക് അനുകൂലമായി മാറുന്നുവെന്നതാണ് വൈരുധ്യവും യാഥാര്‍ഥ്യവും. ഇത്തവണ മജ്ലിസ് പാര്‍ട്ടി വിജയിച്ച അഞ്ച് സീറ്റുകളും നാല്‍പ്പത് ശതമാനത്തിലധികം മുസ്ലിംവോട്ടര്‍മാര്‍ ഉള്ള ഒമ്പത് മണ്ഡലങ്ങളില്‍ പെട്ടവയാണ്. മത,സാമുദായിക സ്വത്വ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ച് രംഗത്തെത്തുന്ന പുതിയ കക്ഷികള്‍ ഉയര്‍ത്തുന്ന വെല്ലുവിളികളെ മറികടക്കാന്‍ കേവലം മതേതരകക്ഷികളുടെ പരമ്പരാഗത ഐക്യനിര മാത്രം കൊണ്ട് സാധ്യമല്ലെന്ന പാഠമാണ് ആര്‍ജെഡി നയിച്ച മഹാസഖ്യത്തിന് ഈ തിരഞ്ഞെടുപ്പ് ഫലം നല്‍കുന്ന പാഠം.
കോണ്‍ഗ്രസിന്റെ പ്രതിസന്ധി
ബിഹാറില്‍ സ്വന്തമായൊരു വോട്ടുബാങ്കില്ലാത്ത കോണ്‍ഗ്രസിന് ആര്‍ജെഡിയുമായി ചേര്‍ന്നല്ലാതെ മുന്നോട്ട് പോകാനാവാത്ത നിലയാണ്. എന്നാല്‍ ആര്‍ജെഡിയുമായുള്ള സഖ്യത്തിലും കോണ്‍ഗ്രസിന് തിരിച്ചടിയാണ് ഫലം. കാരണം, ആര്‍ജെഡിക്ക് അവരുടെ യാദവ-മുസ്‌ലിം സമവാക്യത്തെ മറികടന്നുപോകാന്‍ ഇനിയുമാകുന്നില്ല. ഇതുകാരണം, കോണ്‍ഗ്രസിന് അതിപിന്നാക്ക വിഭാഗങ്ങളിലേക്ക് കടന്നു ചെല്ലാനാവാതെ പോകുന്നു. നേരത്തേ കോണ്‍ഗ്രസിന്റെ വോട്ടുബാങ്കായിരുന്ന മുന്നാക്ക (ബ്രാഹ്‌മിണ്‍ അടക്കം)- ദളിത് സമവാക്യം കൈവിട്ടും പോയി. മുന്നാക്ക വിഭാഗം ബിജെപിയിലേക്ക് പോയി. ദളിതരും മറ്റ് അതി പിന്നാക്കവിഭാഗക്കാരും നിതീഷ് കുമാറിന്റെ ജനതാദള്‍-യുവിനൊപ്പവും.
ആര്‍ജെഡിയില്‍, ലാലു പ്രസാദ് യാദവിന്, അതിപിന്നാക്ക വിഭാഗങ്ങളുടെയടക്കം പിന്തുണ ആര്‍ജിക്കാനുള്ള ശേഷിയും രാഷ്ട്രീയ തന്ത്രജ്ഞതയുമുണ്ടായിരുന്നു. എന്നാല്‍, ഒരു ഘട്ടം പിന്നിട്ടപ്പോള്‍ ലാലുഭരണകാലത്ത് യാദവ ആധിപത്യം ശക്തിപ്പെട്ടതോടെ അതിപിന്നാക്ക വിഭാഗങ്ങള്‍ പിന്തള്ളപ്പെട്ടു. ഈ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ്, അവരെ കൂടെയെത്തിക്കുന്നതില്‍ വിജയം വരിച്ചതാണ് നിതീഷ് കുമാറിന്റെ രാഷ്ട്രീയ തന്ത്രജ്ഞത. ലാലുയുഗത്തിലെ ‘ജംഗിള്‍രാജ്’ എന്ന കുപ്രസിദ്ധിയെ അതിവിദഗ്ദ്ധമായി നിതീഷ് തരണം ചെയ്തത് അതിപിന്നാക്ക വിഭാഗങ്ങളെയും സ്ത്രീകളെയുമടക്കം തന്റെ വോട്ടുബാങ്കായി വളര്‍ത്തിയെടുത്തതിലൂടെയാണ്. അതിനുതകുന്ന നയപരിപാടികള്‍ അദ്ദേഹം വിജയകരമായി നടപ്പാക്കി.
തേജസ്വി യാദവ് ഇക്കാര്യം തിരിച്ചറിഞ്ഞാണ്, യാദവ ആധിപത്യമെന്ന 'പേരുദോഷം' മറികടന്ന് അതിപിന്നാക്കവിഭാഗങ്ങളിലേക്ക് അടക്കം കടന്നു ചെല്ലാന്‍ ശ്രമിച്ചത്. പക്ഷേ നിതീഷ് പ്രഭാവത്തെ മറികടന്ന് അതിലേക്കെത്താന്‍ തേജസ്വിക്കാവുന്നില്ല എന്നതാണ് അദ്ദേഹം നേരിടുന്ന പ്രതിസന്ധി. ബിജെപി- ജെഡിയു എന്ന സഖ്യം നിലനില്‍ക്കുമ്പോള്‍ പഴയ നഷ്ടപ്രതാപം വീണ്ടെടുക്കാനുള്ള കായികബലം കോണ്‍ഗ്രസിന് തീരെയില്ലെന്നതാണ് യാഥാര്‍ഥ്യം. അപ്പോള്‍ ആര്‍ജെഡിക്കൊപ്പമല്ലാതെ നില്‍ക്കുക അസാധ്യം. യാദവാധിപത്യമെന്ന പേരുദോഷം മറികടക്കാനാവാത്തതിന്റെ പരിമിതി നേരിടുന്ന ആര്‍ജെഡിക്കൊപ്പം നില്‍ക്കുന്നിടത്തോളം കോണ്‍ഗ്രസിനും അതേ അവസ്ഥയാകുമെന്ന് പാര്‍ട്ടി നേതൃത്വത്തിനറിയാം. എന്നാല്‍, അതല്ലാതെ മറ്റ് പോംവഴികള്‍ മുന്നിലില്ല താനും.
Content Highlights: presence of aimim led to the defeat of mahagadhbandhan in seemanchal
Published: 15 Nov 2025, 09:41 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented