ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ വോട്ടുചെയ്യാന്‍ പോവുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് നിതീഷ് കുമാര്‍ നാല് മിനിറ്റോളം ദൈര്‍ഘ്യമുള്ള ഒരു വീഡിയോ സന്ദേശം വോട്ടര്‍മാര്‍ക്കായി പുറത്തുവിട്ടു. അതില്‍ പറയുന്നത് ഇങ്ങനെയായിരുന്നു. ഇത്രയും കാലം രാപ്പകലില്ലാതെ കുടുംബത്തെ മറന്നാണ് ഞാന്‍ ബിഹാറികള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചത്. 2005-മുതല്‍ ബിഹാറികളെ സേവിക്കാന്‍ അവസരം ലഭിച്ചു. ഒരു ബിഹാറിയായിരിക്കുക എന്നത് അപമാനകരം എന്ന് കരുതുന്ന കാലമായിരുന്നു അത്. ഇന്ന് എന്‍ഡിഎ സര്‍ക്കാറിലൂടെ റോഡുകളും സ്‌കൂളുകളും സ്ത്രീകള്‍ക്ക് ആരെയും ആശ്രയിക്കാതെ ജീവിക്കാനും സാധിച്ചു. ബിഹാറികളെ സേവിക്കാന്‍ ഒരു അവസരം കൂടി തരണം. വലിയ രീതിയിലാണ് ഈ സന്ദേശത്തെ ജനങ്ങള്‍ ഏറ്റെടുത്തത്. പ്രതിപക്ഷം ഇതിനെ ആശങ്കയോടെ കണ്ടു. കാരണം ജനങ്ങളെ കൈയിലെടുക്കാന്‍ എന്നും മിടുക്കനായിരുന്നു നിതീഷ് കുമാര്‍ എന്നതായിരുന്നു കാരണം. പതിറ്റാണ്ടുകളോളം പയറ്റിയ രാഷ്ട്രീയ പരിചയത്താല്‍ അവസാന നിമിഷങ്ങളില്‍ നിതീഷ് എടുക്കുന്ന ഇത്തരം വൈകാരിക തന്ത്രമെല്ലാം വിജയിച്ച ചരിത്രവും ബിഹാറിനുണ്ട്. ഇത്തരം രാഷ്ട്രീയ തന്ത്രങ്ങളാണ് പത്താംതവണയും നിതീഷിനെ മുഖ്യമന്ത്രിക്കസേരയിലേക്ക് നയിക്കുന്നത് എന്നുവേണം കരുതാന്‍.

To advertise here,
  • അഴിമതി വിരുദ്ധ പ്രതിച്ഛായ, സ്ത്രീവോട്ടര്‍മാരുടെ സ്വീകാര്യത

അഴിമതി വിരുദ്ധ പ്രതിച്ഛായ, സ്ത്രീവോട്ടര്‍മാരുടെ സ്വീകാര്യത, ജാതിരാഷ്ട്രീയത്തെ കൈകാര്യം ചെയ്യുന്നതിലെ കൗശലം എന്നിവയെല്ലാം കൈമുതലാക്കി ബിഹാറിന്റെ മണ്ണില്‍ നിതീഷ് പാകിയ രാഷ്ട്രീയ വിത്ത് ഇന്നും തഴച്ചുവളരുന്നുണ്ടെന്ന് എതിരാളികള്‍ക്കും നല്ല ബോധ്യമുണ്ട്. അതുകൊണ്ടു തന്നെയാണ് തരാതരം കളംമാറിയിട്ടും അധികാരമുള്ളിടത്തേക്ക് മനംമാറിയുമെല്ലാം രാഷ്ട്രീയം കളിക്കുമ്പോഴും നിതീഷിന്റെ സ്വീകാര്യതയ്ക്ക് ഒരു കോട്ടവും തട്ടാത്തത്. പക്ഷെ ഇത്തവണ തന്നെ വെട്ടാനുള്ള അണിയറ പ്രവര്‍ത്തനങ്ങള്‍ എന്‍ഡിഎ മുന്നണിക്കുള്ളില്‍ തന്നെ നടക്കുന്നുണ്ടെന്ന സൂചന ലഭിച്ചതോടെ തോറ്റുകൊടുക്കാന്‍ തയ്യാറായിരുന്നില്ല നിതീഷ്. തിരഞ്ഞെടുപ്പ് കാമ്പയിനുകളില്‍ സജീവമായി. തന്റെ അനാരോഗ്യത്തില്‍ സംശയമുള്ളവര്‍ക്ക് മറുപടി കൊടുത്തു. ഇതോടെ നിതീഷിന്റെ നേതൃത്വത്തില്‍ തന്നെയായിരിക്കും ബിഹാറില്‍ പുതിയ സര്‍ക്കാരുണ്ടാവുക എന്ന് ബിജെപി നേതൃത്വത്തിന് തന്നെ പരസ്യമായി സമ്മതിക്കേണ്ടിയും വന്നു.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പു കാലം മുതലാണ് മഹാസഖ്യവുമായുള്ള കുട്ടുവെട്ടി എന്‍ഡിഎയിലെത്തി മുഖ്യമന്ത്രി കസേരയില്‍ നിതീഷ് തുടര്‍ന്നത്. നിതീഷിനെ ഏറെ സന്തോഷത്തോടെ എന്‍ഡിഎ സ്വീകരിച്ചെങ്കിലും മറ്റൊരു നിയമസഭാ തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയപ്പോള്‍ സ്വന്തം സര്‍ക്കാരെന്ന മോഹവും ബിജെപിക്കുണ്ടായിരുന്നു. കാരണം രാജ്യത്ത് ഏറ്റവും കൂടുതല്‍ എംപിമാരെ സമ്മാനിക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നില്‍ സ്വന്തം സര്‍ക്കാരുണ്ടാകുക എന്നത് ബിജെപിയെ സംബന്ധിച്ച് ചെറുതല്ലാത്ത സ്വപ്‌നമാണ്. ഇതോടെയാണ് ഇത്തവണ നിതീഷിനെ ഒതുക്കാനുള്ള പിന്നണി പ്രവര്‍ത്തനങ്ങള്‍ ബിജെപി ബിഹാറില്‍ ആരംഭിച്ചതെന്ന് ആക്ഷേപിക്കുന്നു പ്രതിപക്ഷം. ചിരാഗ് പാസ്വാന് 29 സീറ്റുകള്‍ നല്‍കിയത് ഈ ഒതുക്കലിന്റെ ഭാഗമായിട്ടാണെന്നും ആക്ഷേപമുണ്ടായിരുന്നു. ആദ്യ ഘട്ടത്തില്‍ നിതീഷ് കുമാറിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടാതെയായിരുന്നു ബിജെപി തങ്ങളുടെ തിരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചത്. ജയിച്ചാല്‍ മുഖ്യമന്ത്രി ആരാവുമെന്ന ചോദ്യത്തിന് നിതീഷിനെ ചൂണ്ടിപ്പറയാന്‍ ബിഹാറില്‍ പ്രചരണത്തിനെത്തിയ അമിത്ഷാ പോലും തയ്യാറായിരുന്നില്ല. പക്ഷെ നിതീഷിനോളം പോന്ന പുതിയമുഖത്തെ അവര്‍ക്ക് ഉയര്‍ത്തിക്കാട്ടാനും സാധിച്ചില്ല.

  • നിര്‍ണായകം ബിഹാര്‍, അതികായന്‍ നിതീഷ്

ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തില്‍ എന്നും നിര്‍ണായക സ്ഥാനം വഹിച്ച സംസ്ഥാനമായിരുന്നു ബിഹാര്‍. ലോക്‌സഭയിലേക്ക് ഏറ്റവും കൂടുതല്‍ എംപിമാരെ സംഭാവന ചെയ്യുന്ന സംസ്ഥാനങ്ങളിലൊന്ന്, സ്വതന്ത്ര ഇന്ത്യയില്‍ ഇരുപത്തിയാറ് വര്‍ഷത്തോളമുള്ള ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ജൈത്രയാത്രയ്ക്ക് ചെക്ക് പറഞ്ഞ രാഷ്ട്രീയ സുനാമിക്ക് തിരികൊളുത്തിയ സംസ്ഥാനം. അങ്ങനെ വിശേഷണങ്ങളേറെയുണ്ട് ബിഹാറിന് പറയാന്‍.

1975-മുതല്‍ 77 വരെ രണ്ട് വര്‍ഷക്കാലം രാജ്യത്ത് നീണ്ടുനിന്ന അടിയന്തരാവസ്ഥയ്ക്കെതിരേ ബിഹാറില്‍ നിന്ന് അന്ന് ജയപ്രകാശ് നാരായണന്‍ നയിച്ച പ്രക്ഷോഭം പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്ക് പുറത്തേക്കുള്ള വഴിയൊരുക്കുക മാത്രമായിരുന്നില്ല ചെയ്തത്. അത് നിതീഷ് കുമാര്‍, ലാലുപ്രസാദ് യാദവ് തുടങ്ങിയ പ്രമുഖ സോഷ്യലിസ്റ്റ് നേതാക്കളുടെ ഉദയം കൂടിയായിരുന്നു. പിന്നീട് ബിഹാര്‍ രാഷ്ട്രീയം നിതീഷിന്റേയും ലാലുവിന്റേയും കൈകളിലായത് ചരിത്രം. ക്രൗഡ്പുള്ളര്‍ നേതാവെന്ന നിലയില്‍ ലാലു നേതൃനിരയിലേക്കുയര്‍ന്നെങ്കിലും അഴിമതി ആരോപണങ്ങളാണ് നിറംകെടുത്തിയത്. പക്ഷേ, അപ്പോഴേക്കും അധികാര രാഷ്ട്രീയത്തിന്റെ തന്ത്രജ്ഞനായി നിതീഷ് മാറിയിരുന്നു. ലാലുവിന്റെ ഭാര്യയും മകനും രാഷ്ട്രീയത്തിലേക്കിറങ്ങിയപ്പോഴും നിതീഷ് തന്നെയായിരുന്നു ബിഹാറിലെ അതികായന്‍. അങ്ങനെ അധികാരത്തിനൊത്ത് മുന്നണിമാറുകയെന്നത് നിതീഷിനെ സംബന്ധിച്ചിടത്തോളം പ്രധാന രാഷ്ട്രീയ പ്രവര്‍ത്തനം തന്നെയായി.

അധികാരം നിലനിര്‍ത്താന്‍ എന്ത് തന്ത്രവും പയറ്റുന്ന നിതീഷ് കുമാര്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്താണ് നിര്‍ണായക രാഷ്ട്രീയ ചുവടുമാറ്റം നടത്തിയത്. 2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഗോവയില്‍ ചേര്‍ന്ന ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് മോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കിയതില്‍ പ്രതിഷേധിച്ചാണ് നിതീഷ് എന്‍ഡിഎ വിട്ടത്‌. പിന്നീട്‌ അതേ മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് ഒരിക്കല്‍ക്കൂടി എന്‍ഡിഎയുടെ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയായിരുന്നു അന്ന്. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം അത് പുതിയ കാര്യമല്ലെങ്കിലും തന്റെ രാഷ്ട്രീയ പുസ്തകത്തില്‍ പത്താം തവണയും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയെന്ന റെക്കോര്‍ഡിലേക്കാണ് നിതീഷ് ഇത്തവണ കാലെടുത്തുവെക്കുന്നത്.

 

  • മുഖ്യമന്ത്രിക്കസേരയിലേക്കുള്ള കണ്ണ്

2000-ല്‍ ആണ് ബിഹാറിന്റെ മുഖ്യമന്ത്രിസ്ഥാനത്തേക്ക് നിതിഷിന്റെ കണ്ണെത്തുന്നത്. അന്ന് നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ആര്‍ക്കും കേവല ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. പക്ഷേ, വാജ്‌പേയിയുടെ നിര്‍ദേശപ്രകാരം ആദ്യമായി നിതീഷ് കുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തു. ആകെയുള്ള 324 സീറ്റില്‍ സര്‍ക്കാരുണ്ടാക്കാന്‍ വേണ്ടിയിരുന്നത് 163 പേരുടെ പിന്തുണയായിരുന്നു. എന്‍ഡിഎ സഖ്യത്തിന് 151 എംഎല്‍എമാരും ലാലുപ്രസാദ് യാദവിന്റെ ആര്‍ജെഡിക്ക് 159 എംഎല്‍എമാരുമാണുണ്ടായത്. സര്‍ക്കാരുണ്ടാക്കാമെന്ന പ്രതീക്ഷയോടെ നിതീഷ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തെങ്കിലും സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയാതെ വന്നതോടെ ഏഴ് ദിവസത്തിനുള്ളില്‍ രാജിവെക്കുകയും ചെയ്തു. പിന്നീട് 2005-മുതല്‍ 2010 വരെ ആയിരുന്നു എന്‍ഡിഎയുടെ പിന്തുണയോടെ നിതീഷിന്റ രണ്ടാമൂഴം.

2010 ല്‍ മൂന്നാംതവണയും നിതീഷ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. അധികം വൈകാതെ എന്‍ഡിഎയുമായി തെറ്റി. 2013-ല്‍ സഖ്യം ഉപേക്ഷിക്കുകയും ചെയ്തു. 2014-ല്‍ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജെഡിയു കനത്ത പരാജയം നേരിട്ടതോടെ നിതീഷ് രാജിവെക്കുകയും ജിതിന്‍ റാം മാഞ്ജി പുതിയ മുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കുകുയും ചെയ്തു. 2015-ല്‍ വീണ്ടും തിരഞ്ഞെടുപ്പ് നടന്നതോടെയാണ് മഹാസഖ്യത്തിന്റെ പിന്‍ബലത്തോടെ നിതീഷ് നാലാം തവണയും മുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കുന്നത്. നരേന്ദ്രമോദിക്കേതിരേയും എന്‍ഡിഎക്കെതിരേയും ശക്തമായ കാമ്പയിന്‍ നടത്തിയ നിതീഷ് കുമാറും തേജസ്വി യാദവും നയിച്ച തിരഞ്ഞെടുപ്പായിരുന്നു അത്. സഖ്യം 179 സീറ്റ് നേടുകയും ചെയ്തു. നിതീഷ് കുമാര്‍ മുഖ്യമന്ത്രിയും തേജസ്വി യാദവ് ഉപ മുഖ്യമന്ത്രിയുമായി.

2017-ല്‍ ആണ് ഐആര്‍സിടിസിയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് ലാലു പ്രസാദ് യാദവിനും കുടുംബത്തിനുമെതിരേ സിബിഐ കേസ് ഫയല്‍ ചെയ്യുന്നത്. കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷണം ആരംഭിച്ചു. ഇത് ചൂണ്ടിക്കാട്ടി നിതീഷ് ഉപമുഖ്യമന്ത്രിയായിരുന്ന തേജ്വസി യാദവിനോട് രാജിവെക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ആര്‍ജെഡി ഇത് നിരസിച്ചതോടെ നിതീഷ് കുമാര്‍ തന്നെ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുകയും എന്‍ഡിഎയ്ക്ക് ഒപ്പം ചേര്‍ന്ന് വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തു. എന്നാല്‍ ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ ദേശീയ പൗരത്വ നിയമം ഉയര്‍ത്തി എന്‍ഡിഎക്കെതിരേ തിരിഞ്ഞ് 2022-ല്‍ മഹാസഖ്യത്തില്‍ മടങ്ങിയെത്തുകയും മുഖ്യമന്ത്രിയാവുകയുമായിരുന്നു. ഇതിനുശേഷം 2024-ല്‍ ആണ് മഹാസഖ്യവുമായി ഉടക്കി നിതീഷ് വീണ്ടും എന്‍ഡിഎ പാളയത്തിലേക്ക് തിരിച്ചെത്തിയത്. ഇന്ത്യ സഖ്യത്തിന്റെ ഭാവി സുനിശ്ചിതമല്ലെന്നും സഖ്യം തകര്‍ച്ചയുടെ വക്കിലാണെന്നുമാണ് രാജിക്ക് പിന്നാലെ നിതീഷ് അന്ന് മാധ്യമങ്ങളോട് പറഞ്ഞത്. ബിഹാറില്‍ ജെഡിയു മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും മറ്റുള്ളവര്‍ കാര്യമായി ഒന്നും ചെയ്യുന്നില്ലെന്നും നിതീഷ് കുറ്റപ്പെടുത്തിയിരുന്നു. ഒരു തിരഞ്ഞെടുപ്പുഫലം കൂടി പുറത്തുവരുമ്പോള്‍ മഹാസഖ്യത്തെ കുറിച്ച് നിതീഷ് ഉയര്‍ത്തിയ ആരോപണങ്ങള്‍ കൂടിയാണ് ശരിയാവുന്നത്.

  • ഹര്‍നൗട്ടില്‍ തുടങ്ങിയ വിജയം, ശീലമാക്കിയ കാലുമാറല്‍

ജനതാദള്‍ ടിക്കറ്റില്‍ 1985-ല്‍ ഹര്‍നൗട്ട് മണ്ഡലത്തില്‍ നിന്ന് വിജയിച്ചായിരുന്നു നീതീഷ് ആദ്യമായി ബിഹാര്‍ നിയമസഭയിലേക്കെത്തുന്നത്. പക്ഷേ, ആകെയുള്ള 323 സീറ്റില്‍ 196 ലും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനായിരുന്നു ഭൂരിപക്ഷം. 1994-ല്‍ നിതീഷ് കുമാറും ജോര്‍ജ് ഫെര്‍ണാണ്ടസും ചേര്‍ന്ന് ജനതയെ പൊളിച്ച് സമതാപാര്‍ട്ടി രൂപവത്കരിക്കുന്നിടത്ത് തുടങ്ങുന്നു നിതീഷിന്റെ കാലു മാറലിന്റെ ചരിത്രവും. അന്ന് സമതാപാര്‍ട്ടിക്ക് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. പക്ഷേ, 1996-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പോടെ സമതാപാര്‍ട്ടി ബിജെപിയെ പിന്തുണച്ചു. ജനതാദള്‍ അതിജീവിച്ചെങ്കിലും 1997-ല്‍ ലാലുപ്രസാദ് യാദവ് രാഷ്ട്രീയ ജനതാദളിന് (ആര്‍ജെഡി) രൂപം നല്‍കിയതോടെ ജനതാദള്‍ നാമാവശേഷമാവുകയും ചെയ്തു. എന്‍ഡിഎയിലേക്കുള്ള 1996-ലെ കാല് മാറ്റത്തില്‍ നിതീഷിന് സമ്മാനമായി ലഭിച്ചത് വാജ്‌പേയി സര്‍ക്കാരിലെ റെയില്‍വേ മന്ത്രിസ്ഥാനമാണ്. ബിഹാറിലെ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പോടെ നിതീഷ് വീണ്ടും സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തുകയും ചെയ്തു.

  • ലാലു-നിതീഷ് ഭായ് ഭായ് പക്ഷെ...

ജെപി യുടെ അനുയായികള്‍, ഓരേ സംസ്ഥാനക്കാര്‍, പിന്നോക്ക വിഭാഗത്തെ പ്രതിനിധീകരിക്കുന്നവര്‍, മണ്ഡല്‍ പ്രക്ഷോഭം നേതാക്കളാക്കിയവര്‍ ഇങ്ങനെ സമാനതകളേറെയുണ്ട് നിതീഷും ലാലുവും തമ്മില്‍. പക്ഷേ, ബിഹാര്‍ രാഷ്ട്രീയത്തില്‍ സുഹൃത്തുക്കളെന്ന് അറിയപ്പെടുമ്പോഴും പ്രധാന എതിരാളികളും ഇവര്‍ തന്നെയായിരുന്നു. ജെപിയുടെ സന്തത സഹചാരിയെന്ന നിലയ്ക്ക് ലാലുവിന് പെട്ടെന്ന് നേതൃനിരയിലേക്ക് വരാനായെങ്കിലും കുടുംബാധിപത്യത്തെ പ്രോത്സാഹിപ്പിക്കുന്ന രാഷ്ട്രീയമായിരുന്നു ലാലു പിന്തുടര്‍ന്നത്. ഭാര്യയേയും മകനേയും രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്ന് ഭാര്യ റാബ്രി ദേവിക്ക് സംസ്ഥാന മുഖ്യമന്ത്രി പദവി നല്‍കുകയും മകനെ ഉപമുഖ്യമന്ത്രി സ്ഥാനത്ത് വാഴിക്കുകയും ചെയ്തു. പക്ഷെ കുടുംബത്തെ അധികാര രാഷ്ട്രീയത്തില്‍ നിന്ന് മാറ്റി നിര്‍ത്തുകയായിരുന്നു നിതീഷ്. ഒപ്പം അഴിമതിക്കാരനല്ലെന്ന പൊതുബോധം ഉണ്ടാക്കിയെടുക്കുകയും ചെയ്തു. കളംമാറല്‍ ശീലമാക്കിയപ്പോവും നിതീഷിന് ഈ ക്ലീന്‍ ഇമേജാണ് ജനങ്ങള്‍ക്ക് മുന്നില്‍ വെക്കാനുണ്ടായിരുന്നത്.

1970 കളില്‍ ജയപ്രകാശ് നാരായണന്‍ നയിച്ച സമ്പൂര്‍ണ ക്രാന്തി പ്രക്ഷോഭമായിരുന്നു യുവനേതാക്കളായ നിതീഷിനേയും ലാലുവിനേയും ഒന്നിപ്പിച്ചത്. 1977-ല്‍ ജനതാപാര്‍ട്ടി രൂപവത്കരിച്ചതോടെ നേതൃനിരയിലേക്കെത്തുകയും ചെയ്തു. ഇരുനേതാക്കളില്‍ 1990-ല്‍ മുഖ്യമന്ത്രിയായി ആദ്യമെത്തിയത് ലാലു പ്രസാദ് യാദവാണെങ്കിലും ട്രാക്ക് റെക്കോഡില്‍ എന്നും മുന്‍പന്തിയിലുണ്ടായിരുന്നത് നിതീഷ് കുമാറായിരുന്നു. ലാലുവിന്റെ ഭരണകാലത്തില്‍ നിന്നും വിഭിന്നമായി ബിഹാറിന്റെ പിന്നാക്കാവസ്ഥയെ അപ്പാടെ മാറ്റിമറിച്ചതായിരുന്നു നിതീഷിന്റെ ഭരണകാലം. അടിസ്ഥാനസൗകര്യ വികസന പദ്ധതികള്‍, വിദ്യാഭ്യാസ വികസന പദ്ധതികള്‍, മദ്യനിരോധനം എന്നിവയെല്ലാം വലിയ മാറ്റമാണ് ബിഹാറിലുണ്ടാക്കിയത്. തന്റെ ഈ ക്ലീന്‍ ഇമേജ് തന്നെയാണ് ഓരോ കൂറുമാറ്റത്തിലും നിതീഷ് ആയുധമാക്കുന്നതും.

 

  • അയാറാം ഗയാറാം രാഷ്ട്രീയം

രാഷ്ട്രീയത്തില്‍ പ്രത്യയശാസ്ത്രം, സിദ്ധാന്തം, നീതിശാസ്ത്രം, നൈതികത എന്നിവയേക്കാള്‍ പ്രാധാന്യം അധികാരത്തിനും അവസരത്തിനുമാണെന്നു ചിന്തിക്കുകയും അത് പ്രവര്‍ത്തിക്കുകയും ചെയ്യുന്നയാളാണ് നിതീഷ്. അതുകൊണ്ടുതന്നെ രാഷ്ട്രീയ നിരീക്ഷകര്‍ക്ക് ഈ മാറ്റത്തില്‍ അത്ഭുതവുമില്ല. ഇക്കാലത്തിനിടെ മുന്നണികള്‍ മാറിമാറി അദ്ദേഹം മുഖ്യമന്ത്രിയായത് ഒമ്പത് തവണയാണ്. ഇത്തവണത്തെ വിജയത്തോടെ അത് പത്താംതവണയിലേക്ക് കടക്കും. ഏതുവിധേനയും അധികാരം ഉറപ്പിക്കുക അത് മാത്രമായിരുന്നു നിതീഷിന്റെ രാഷ്ട്രീയം.

രാഷ്ട്രീയപ്പാര്‍ട്ടികളിലെ നാടകീയമായ വരവുപോക്കുകളെ 'ആയാറാം ഗയാറാം' എന്ന് വിളിച്ചുതുടങ്ങിയത് 1967-ല്‍ ഹരിയാണയിലാണ്. മണിക്കൂറുകള്‍ക്കുള്ളില്‍ പലവട്ടം പാര്‍ട്ടിമാറിയ ഗയാലാല്‍ എന്ന സ്വതന്ത്ര അംഗത്തെച്ചൂണ്ടി അന്നത്തെ കോണ്‍ഗ്രസ് നേതാവ് റാവു ബിരേന്ദ്ര സിങ്ങാണ് 'ആയാറാം ഗയാറാം' എന്നുവിളിച്ചത്. ആ വിശേഷണം നിതീഷ് കുമാറിന് നല്‍കിയത് കോണ്‍ഗ്രസ് അധ്യക്ഷനായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ്.

സ്വതന്ത്രനായി ഹരിയാണ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഗയാലാല്‍ ആദ്യം ചേര്‍ന്നത് കോണ്‍ഗ്രസില്‍. തൊട്ടുപിന്നാലെ യുണൈറ്റഡ് ഫ്രണ്ടില്‍. വീണ്ടും കോണ്‍ഗ്രസില്‍. ഒമ്പതുമണിക്കൂറിനുള്ളില്‍ അവിടെനിന്ന് മുങ്ങി വീണ്ടും യുണൈറ്റഡ് ഫ്രണ്ടില്‍. തീര്‍ന്നില്ല. മണിക്കൂര്‍ രണ്ടുതികയുംമുമ്പ് തിരിച്ച് കോണ്‍ഗ്രസിലേക്ക്. ഗയാലാലിനെ കോണ്‍ഗ്രസില്‍ തിരിച്ചെത്തിക്കാന്‍ ചരടുവലിച്ച റാവു ബിരേന്ദ്രസിങ് ഉടന്‍ പത്രസമ്മേളനം വിളിച്ചു. ഗയാലാലിനെ മാധ്യമങ്ങള്‍ക്കുമുന്നില്‍ കൊണ്ടുവന്ന് പ്രഖ്യാപിച്ചു: 'ഗയാറാം ഇപ്പോള്‍ ആയാറാമായിരിക്കുന്നു!'പില്‍ക്കാലരാഷ്ട്രീയത്തില്‍ വ്യക്തികള്‍ മാത്രമല്ല, പാര്‍ട്ടികളും 'ആയാറാം ഗയാറാ'മിന്റെ വിശേഷണപരിധിയില്‍ വന്നു.