ഉത്തര ബിഹാറിലെ മത്സ്യത്തൊഴിലാളി സമൂഹത്തിൽ വിഐപി പാർട്ടിക്കുള്ളത് നിർണായക സ്വാധീനം. അതിപിന്നാക്ക വിഭാഗങ്ങളുടെ കൂടി സ്വീകാര്യതയുറപ്പിക്കാനുള്ള തേജസ്വി യാദവിന്റെ സോഷ്യൽ എൻജിനിയറിങും വിഐപിയെ അടുപ്പിക്കാൻ ഘടകമായി

ബിറോളിയിലെ തിരഞ്ഞെടുപ്പ് പ്രചാരണ വഞ്ചികൾ | ഫോട്ടോ: സാബു സ്കറിയാച്ചൻ
ബോളിവുഡിലെ സ്‌റ്റേജ് ഡിസൈനര്‍ ആയിരുന്നു, മുകേഷ് സിനിവേള്‍ഡ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഉടമയായ മുകേഷ് സാഹ്നി. ബിഹാറിലെ ദര്‍ഭംഗ ജില്ലയില്‍പെട്ട സുപോല്‍ ബിറോള്‍ ആണ് ജന്മഗ്രാമം. കമലാനദിയുടെ തീരത്തെ ഗൗര ബെറോം എന്ന നിയമസഭാ മണ്ഡലത്തിലാണ് സുപോല്‍ ബിറോള്‍.
ചെറുപ്പത്തില്‍ മുംബയിലേക്ക് പോയി പല പണികളെടുത്ത്, ഒടുവില്‍ ബോളിവുഡില്‍ ജീവിതം കണ്ടെത്തിയ മുകേഷ് സാഹ്നി, 2010 മുതല്‍ ബോളിവുഡ് വിട്ട് ബിഹാറില്‍ രാഷ്ട്രീയം കളിക്കാനെത്തി.
സാഹ്നി സമുദായം ബിഹാറിലെ മത്സ്യത്തൊഴിലാളി സമൂഹമാണ്. മല്ല വിഭാഗക്കാരെന്നും വിളിക്കും. മീന്‍പിടുത്തത്തിന് പുറമേ മഖാന കൃഷിയും ഇവരുടെ തൊഴില്‍മേഖലയാണ്. 2014ല്‍ മുകേഷ് സാഹ്നി ബിജെപിക്കായി ഇറങ്ങി. 2015ല്‍ സ്വന്തം സംഘടനയും 2018ല്‍ സ്വന്തം പാര്‍ട്ടിയായ വികാസ്‌ശീല്‍ ഇന്‍സാന്‍ പാര്‍ട്ടിയുമുണ്ടാക്കി (വിഐപി). 2019ല്‍ പ്രതിപക്ഷ മഹാസഖ്യത്തിനൊപ്പം നിന്നു. പിന്നീട് കളം മാറി. ഇപ്പോള്‍ പ്രതിപക്ഷ മഹാസഖ്യത്തില്‍ ബിഹാറില്‍ വീണ്ടും പരീക്ഷണം.
22 സീറ്റുകള്‍ക്കായി അവസാനം വരെയും മുകേഷ് സാഹ്നി ചെലുത്തിയ സമ്മര്‍ദ്ദതന്ത്രം ആര്‍ജെഡിക്ക് മുന്നില്‍ വിജയിച്ചില്ല. മറുപക്ഷത്തേക്ക് മുകേഷ് വീണ്ടും ചാടുമെന്നുവരെ അഭ്യൂഹമുയര്‍ന്നു. പക്ഷേ, അവസാനം മനസ്സില്ലാമനസ്സോടെ 15 സീറ്റുകള്‍ക്ക് വഴങ്ങി മഹാസഖ്യത്തില്‍ തുടരാന്‍ നിശ്ചയിച്ചു.
വടക്കൻ ബിഹാറിലെ മത്സ്യത്തൊഴിലാളി സമൂഹത്തിനിടയിൽ നിർണായക സ്വാധീനം വികാസ് ശീൽ ഇൻസാൻ പാർട്ടിക്കുണ്ട്. സംസ്ഥാനത്തെ അതി പിന്നോക്ക വിഭാഗങ്ങളുടെ പട്ടികയിലാണ് സാഹ്നികൾ ഉൾപ്പെടെയുള്ള നിഷാദ് സമുദായം. 'മല്ലായുടെ പുത്രൻ' എന്നാണ് മുകേഷ് സാഹ്നി സ്വയം വിശേഷിപ്പിക്കുന്നത്, ബിഹാറിൽ.
2023ലെ ജാതിസർവേ പ്രകാരം ബിഹാറിൽ നിഷാദ് സമുദായം മൊത്തം ജനസംഖ്യയുടെ 9.6 ശതമാനം വരും. ഇതിനകത്ത് 2.6 ശതമാനമാണ് സാഹ്നി ഉൾപ്പെടുന്ന മല്ല ഉപവിഭാഗം. ബിന്ദ്, മാഞ്ചി, കെവാത്ത്, തുർഹ എന്നിവയും നിഷാദ് സമുദായത്തിൽ പെടും. മിഥിലാഞ്ചൽ, സീമാഞ്ചൽ മേഖലകളിലാണ് സാഹ്നിമാർക്ക് സ്വാധീനം. മുസഫർപൂർ, ഈസ്റ്റ് ചമ്പാരൻ, മധുബനി, ഖഗാരിയ, വൈശാലി എന്നിവിടങ്ങളിലെല്ലാം നിഷാദ് വിഭാഗക്കാരുണ്ട്.
ഇവരുടെ നേതൃസ്ഥാനമവകാശപ്പെട്ടാണ് മുകേഷ് സാഹ്നി രാഷ്ട്രീയത്തിലിറങ്ങിയത്. ബിജെപിയാണ് ആദ്യമേ പിന്തുണച്ചത്. എന്നാൽ, പിന്നീട് ബിജെപിയോട് ഇടയുകയും ഇണങ്ങുകയും ചെയ്തുകൊണ്ടിരുന്നു മുകേഷ്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ മുകേഷ് നടത്തിയ രൂക്ഷവിമർശനം, ഏറ്റവുമൊടുവിൽ വീണ്ടും ബിജെപിയിൽ നിന്നകലാൻ കാരണമായി.
ഇത്തവണ, മഹാസഖ്യത്തോട് വിലപേശാൻ, ചേരിമാറ്റ പ്രചരണം വരെയുള്ള സമ്മർദ്ദതന്ത്രം മുകേഷ് പയറ്റിയെങ്കിലും ഏശിയില്ല. മഹാസഖ്യത്തിൽ കിട്ടിയ 15 സീറ്റും കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
അച്ഛൻ ലാലുപ്രസാദ് യാദവിൽ നിന്ന് ഭിന്നമായി യാദവ മേധാവിത്വ പാർട്ടിയെന്ന ഇമേജിൽ നിന്ന് പുറത്തുകടന്ന്, അതിപിന്നാക്ക വിഭാഗങ്ങളുടെ കൂടി സ്വീകാര്യത ഉറപ്പിച്ച് മുന്നേറാനുള്ള തേജസ്വി യാദവിന്റെ സോഷ്യൽ എൻജിനിയറിങും വിഐപിയെ കൂടെ നിർത്താൻ ആർജെഡിക്ക് പ്രേരണയായെന്നാണ് വിവരം. ഝാർഖണ്ഡ് മുക്തി മോർച്ചയെയടക്കം കൈവിട്ടിട്ടും വിഐപിയെ പിടിച്ചുനിർത്തിയതിന് പിന്നിൽ ഇതാകാം കാരണമെന്ന് വിലയിരുത്തലുണ്ട്.
മുകേഷ് മത്സരിക്കുമെന്നും മഹാസഖ്യം അധികാരത്തിലെത്തിയാല്‍, ഗൗരബെറോമില്‍ നിന്ന് വിജയിച്ച് ഉപമുഖ്യമന്ത്രിയാകുമെന്നുമായിരുന്നു പ്രചരണം.
എന്നാല്‍ മുകേഷ് നാടകീയമായി മത്സരരംഗത്ത് നിന്ന് പിന്മാറി. പകരം അനുജന്‍ സന്തോഷ് സാഹ്നിക്ക് ഗൗര ബെറോം സീറ്റില്‍ സ്ഥാനാര്‍ഥിത്വം നല്‍കി.
അതാ, അടുത്ത കടമ്പ. ഗൗര ബെറോമില്‍ ആര്‍ജെഡിയില്‍ നിന്ന് ആദ്യമേ ചിഹ്നം ഒപ്പിച്ചെടുത്ത, കഴിഞ്ഞ തവണ മത്സരിച്ച് തോറ്റ അഫ്‌സല്‍ അലി ഖാന്‍ ആര്‍ജെഡി ടിക്കറ്റില്‍ മത്സരിക്കുന്നു. മുകേഷ് പരിഭവം പറഞ്ഞു. ലാലുപ്രസാദ് യാദവും തേജസ്വി യാദവും നല്‍കിയ ഉറപ്പ് വിഐപിയുടെ സന്തോഷ് സാഹ്നി തന്നെയാണ് പ്രതിപക്ഷത്തിന്റെ ഔദ്യോഗികസ്ഥാനാര്‍ഥി എന്നാണ്.
ലാലുവും തേജസ്വിയും അഫ്‌സല്‍ അലിയോട് പിന്മാറാന്‍ പറഞ്ഞെങ്കിലും അദ്ദേഹം കൂട്ടാക്കാതിരുന്നതാണ് വിനയായത്.
"അഫ്‌സല്‍ അലിഖാന്‍ പിന്മാറിയില്ലെങ്കില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്നാണ് ലാലുജി തന്ന ഉറപ്പ്. ആര്‍ജെഡി രേഖാമൂലം ഉറപ്പ് തന്നിട്ടുണ്ട്. എന്റെ പ്രചരണത്തിന് ലാലുജിയും തേജസ്വിയുമെത്തുമെന്നും അറിയിച്ചിട്ടുണ്ട് "- പ്രചരണത്തിരക്കിനിടെ സന്തോഷ് സാഹ്നി മാതൃഭൂമിയോട് പറഞ്ഞു.
മുകേഷ് സാഹ്നി മത്സരിക്കാത്തതെന്തേ?
"പ്രചരണത്തിന് കുറഞ്ഞ ദിവസങ്ങളേയുള്ളൂ. മത്സരിച്ചാല്‍ അദ്ദേഹം ഇവിടെയങ്ങ് കുടുങ്ങിപ്പോകും. മറ്റിടങ്ങളിലേക്ക് പ്രചരണത്തിനിറങ്ങാനാവില്ല. 243 മണ്ഡലങ്ങളിലും അദ്ദേഹമിനി പ്രചരണത്തിനായിറങ്ങുകയാണ് "- സന്തോഷ് സാഹ്നി.
അഫ്‌സല്‍അലിയുടെ വിമതസാന്നിധ്യം, ഗൗരബെറോമിലും ഒരു അനൗദ്യോഗിക സൗഹൃദപ്പോരിന് കളമൊരുക്കിയെന്ന് വേണം കരുതാന്‍.
മുകേഷിന്റെ നാടായതിനാല്‍ വിഐപിക്ക് സ്വാധീനമുള്ള മണ്ഡലമാണിത്. രണ്ടര ലക്ഷത്തിലേറെ വോട്ടര്‍മാരില്‍ സാഹ്നിവിഭാഗക്കാര്‍ 35000ലേറെ വരുമത്രെ. വിഐപി ടിക്കറ്റില്‍ ജയിച്ച ശേഷം ബിജെപിയിലേക്ക് മാറി വീണ്ടും ജയിച്ച സ്വര്‍ണ സിങ് സിറ്റിങ് എംഎല്‍എ.
പാവം തോണികള്‍
22 സീറ്റുകള്‍ കിട്ടുമെന്ന പ്രതീക്ഷയില്‍ സുപോല്‍ ബിറോളിലെ വീടിന് മുന്നിലെ വിശാലമായ പറമ്പില്‍ മുകേഷിന്റെ സംഘം 22 തോണികള്‍ തയാറാക്കി വച്ചിരുന്നു. ഇലക്ട്രിക് സ്‌കൂട്ടറില്‍ ഫൈബര്‍ കൊണ്ടുണ്ടാക്കിയ ചെറു തോണിരൂപങ്ങള്‍. നാംവ് എന്ന് ഹിന്ദിയില്‍ പറയും.
ഇതെന്തിനാണ് ഇത്രയും വഞ്ചികള്‍?
" ഞങ്ങള്‍ പതിനഞ്ചിടത്താണ് മത്സരിക്കുന്നത്. പക്ഷേ, 22 എണ്ണമുണ്ടാക്കി. അത് മറ്റിടങ്ങളിലേക്ക് ഉപയോഗിക്കാമല്ലോ. ഒരു മണ്ഡലത്തില്‍ രണ്ടും മൂന്നും തോണികള്‍ പ്രചരണത്തിന് ഉപയോഗിക്കാനാണ് പരിപാടി"- ഗൗര ബെറോമില്‍ സന്തോഷ് സാഹ്നിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ചുക്കാന്‍ പിടിക്കുന്ന വിഐപി പാര്‍ട്ടിയുടെ യുപി സംസ്ഥാനപ്രസിഡന്റ് എന്‍ജിനിയര്‍ ഹരിഓം നിഷാദ് പറഞ്ഞു. തോണികളുടെ അവസാന മിനുക്കുപണികള്‍ നോക്കിനടത്തുകയാണ് ഹരിഓം നിഷാദ്. ഒപ്പം പ്രവര്‍ത്തകരുമുണ്ട്.
യഥാര്‍ഥത്തില്‍ 22 മണ്ഡലങ്ങള്‍ മനസ്സില്‍ കണ്ട് ഒരുക്കിയതാണ് 22 എണ്ണം എന്നദ്ദേഹം പറഞ്ഞില്ല. ശരിക്ക് പറഞ്ഞാല്‍, ഏഴ് തോണികള്‍ അധികപ്പറ്റായി. അവ ഉള്ള സൗകര്യം നോക്കി നീറ്റിലിറക്കാമെന്നേ ആശ്വസിക്കാനൊക്കൂ.
സമുദായത്തിന്റെ പരമ്പരാഗത ഉപകരണമായ തോണി ചിഹ്നത്തില്‍ തുഴഞ്ഞ് മുന്നേറാന്‍ സാഹ്നിപാര്‍ട്ടിക്ക് കഴിയുമോ?
24.8 ശതമാനം മുസ്ലിങ്ങളും 17.4 ശതമാനം പട്ടികജാതി വിഭാഗക്കാരുമുണ്ട് ഗൗരബെറോമില്‍. യാദവരുമുണ്ട് 9 ശതമാനത്തിലേറെ. മുസ്ലിം യാദവ സഖ്യമെന്ന ആര്‍ജെഡിയുടെ വോട്ടുബാങ്ക് സ്വാധീനിക്കുന്ന മണ്ണ്.
എല്ലാ വര്‍ഷവും കമലാനദിയിലെ വെള്ളപ്പൊക്കം ഗൗരബെറോമിന് ദുരിതം വിതയ്‌ക്കും. കൃഷിയാണ് മുഖ്യമെങ്കിലും മറ്റിടങ്ങളിലെ പോലെ കാര്‍ഷികാധിഷ്‌ഠിത വ്യവസായങ്ങളൊന്നുമില്ല. അന്യനാടുകളിലേക്ക് കുടിയേറിപ്പോകുന്നവരും അതിനാലേറെ.
Published: 23 Oct 2025, 09:44 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented