ന്യൂഡല്‍ഹി: പയറ്റിയ തന്ത്രങ്ങളെല്ലാം പാളിപ്പോയതിനൊപ്പം സഖ്യത്തിനകത്തെ കല്ലുകടിയും ചേര്‍ന്നതോടെയാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മഹാസഖ്യത്തിന്റെ ദുരന്തം പൂര്‍ണമായത്. 2020ലെ തിരഞ്ഞെടുപ്പില്‍ 75 സീറ്റുകളുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മഹാസഖ്യത്തെ തോളിലേറ്റി ബിജെപി-ജെഡിയു സഖ്യത്തെ വെല്ലുവിളിച്ച ആര്‍ജെഡിക്കും തേജസ്വി യാദവിനും ഇത്തവണ ആ പ്രകടനത്തിന്റെ സമീപത്തെത്താനായില്ല.
നിലവിലെ 75ല്‍ നിന്ന് 27 ലേക്ക് ആര്‍ജെഡി കൂപ്പുകുത്തിയപ്പോള്‍ രണ്ടാമത്തെ കക്ഷിയായ കോണ്‍ഗ്രസിന് രണ്ടക്കം തികയ്ക്കാനായില്ല. 61 സീറ്റില്‍ മത്സരിച്ച് 5 സീറ്റിലേക്കൊതുങ്ങുന്ന ദയനീയസ്ഥിതിയിലായിരിക്കുകയാണ് പാര്‍ട്ടി. 2020ല്‍ 19 സീറ്റുകളില്‍ മത്സരിച്ച് 12 ഇടത്ത് വിജയിച്ച സിപിഐഎംഎല്ലിനും ആ പ്രകടനം വീണ്ടെടുക്കാനായില്ല. 20 സീറ്റുകളില്‍ മത്സരിച്ച പാര്‍ട്ടിക്കും രണ്ട് സീറ്റുകളിലേക്കൊതുങ്ങേണ്ടി വന്നു.
2010 ന് ശേഷം ആര്‍ജെഡി നേരിട്ട ഏറ്റവും വലിയ തകര്‍ച്ചയാണ് ഇത്തവണത്തേത്. അന്ന് നിതീഷ്‌കുമാര്‍ തിളക്കത്തോടെ നില്‍ക്കുന്ന സമയമായിരുന്നുവെന്ന് പറയാം. എന്നാല്‍ ഇത്തവണ രാഷ്ട്രീയസാഹചര്യം മാറി. ഇരുപത് വര്‍ഷക്കാലത്ത് സംഭവിച്ച സ്വാഭാവികമായ ഭരണവിരുദ്ധവികാരം സംസ്ഥാനത്ത് നിലനിന്നിട്ടുപോലും മഹാസഖ്യം 29 സീറ്റുകളിലേക്കൊതുങ്ങിയത് കടുത്ത ആഘാതമാണ്.
47ലക്ഷം വോട്ടര്‍മാരുടെ കുറവുണ്ടാക്കിയ എസ്ഐആര്‍ പ്രക്രിയ ബിജെപിയെ സഹായിച്ചെന്ന് പ്രതിപക്ഷം ആരോപിക്കുന്നുണ്ട്. എന്നാല്‍ ഇത്രയും വലിയ തോല്‍വിയിലേക്ക് നയിച്ചതിന് അതുമാത്രമല്ല കാരണമെന്നാണ് മഹാസഖ്യത്തിലെ മറ്റ് കക്ഷികള്‍ പറയുന്നത്.
സൗഹൃദമത്സരവും ചേര്‍ച്ചക്കേടും
11 സീറ്റുകളിലാണ് മഹാസഖ്യത്തിലെ കക്ഷികള്‍ തമ്മില്‍ ഇത്തവണ സൗഹൃദമത്സരമുണ്ടായത്. ഇതില്‍ അഞ്ചിടത്തും കോണ്‍ഗ്രസും ആര്‍ജെഡിയും തമ്മിലായിരുന്നു ഏറ്റുമുട്ടല്‍. നാലിടത്ത് കോണ്‍ഗ്രസും സിപിഐയും പരസ്പരം ഏറ്റുമുട്ടി. കോണ്‍ഗ്രസിന്റെ കുത്തകമണ്ഡലമായ കഹല്‍ഗാമില്‍ ആര്‍ജെഡിയും കോണ്‍ഗ്രസും പോരടിച്ചപ്പോള്‍ വിഭജിച്ച വോട്ടുകള്‍ തുണച്ചത് എന്‍ഡിഎയെയാണ്.അതുപോലെ മഹാസഖ്യത്തിന്റെ ഉറച്ച മണ്ഡലമായ ബച്ച്വാരയും കളഞ്ഞുകുളിച്ചു.
സിപിഐ ജയിച്ചുവന്ന മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ നിര്‍ത്തിയതോടെ മണ്ഡലം കൈവിട്ടു. 11ല്‍ ഒമ്പതിടത്തും വിജയിച്ചത് എന്‍ഡിഎയാണ്. കോണ്‍ഗ്രസും ആര്‍ജെഡിയും മത്സരിക്കാനിറങ്ങിയ വൈശാലിയിലും വികാസ്ശീല്‍ ഇന്‍സാന്‍ പാര്‍ട്ടിയും ആര്‍ജെഡിയും മത്സരിച്ച ചെയിന്‍പൂരിലും ആര്‍ജെഡിക്ക് വിജയിക്കാനായതാണ് ആശ്വാസം.
ദര്‍ഭംഗ ജില്ലയിലെ ഗൗരബെറോമില്‍ വികാസ്ശീല്‍ ഇന്‍സാന്‍ പാര്‍ട്ടിയും ആര്‍ജെഡിയും കളത്തിലിറങ്ങിയെങ്കിലും അവസാനനിമിഷം വിഐപി സ്ഥാനാര്‍ഥിയെ പിന്‍വലിക്കുകയായിരുന്നു. ഇതും കൂടി ചേര്‍ത്താല്‍ 12 ഇടത്ത് സൗഹൃദമത്സരമുണ്ടായെന്ന് പറയാം. മൂന്നിടത്ത് മഹാസഖ്യം സ്ഥാനാര്‍ഥികളുടെ പത്രികകള്‍ തള്ളപ്പെട്ടതും ചേര്‍ത്താല്‍ ഫലത്തില്‍ 243ല്‍ 228 ഇടത്ത് മാത്രമാണ് മഹാസഖ്യം ശരിയായ രീതിയില്‍ മത്സരിച്ചത്.
കോണ്‍ഗ്രസിന് കൃത്യമായൊരു വോട്ടുബാങ്കില്ലാത്ത ബിഹാറില്‍ അവര്‍ക്ക് വിലപേശലിന് പരിമിതികളുണ്ടെന്ന് തിരിച്ചറിഞ്ഞ് അവരെ മെരുക്കാന്‍ തേജസ്വിയുടെ നേതൃത്വത്തിന് കഴിഞ്ഞില്ല എന്നതാണ് പ്രധാന ഘടകം. ലാലുപ്രസാദ് യാദവിന്റെ മിടുക്ക് ഇക്കാര്യത്തില്‍ തേജസ്വിക്കുണ്ടായില്ലെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു. ബിഹാറില്‍ ജൂലായ് ഒന്ന് മുതല്‍ എസ്ഐആര്‍ പ്രക്രിയ ആരംഭിച്ചപ്പോള്‍ മുതല്‍ സീറ്റുചര്‍ച്ച നടത്തി സുഗമമായി കാര്യങ്ങളെ ഒരുക്കിയെടുക്കുന്നതിലുണ്ടായ അലസത മഹാസഖ്യത്തിന് വിനയായി. തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നപ്പോള്‍ ചുരുങ്ങിയ സമയം മാത്രം. പെട്ടെന്ന് കാര്യങ്ങള്‍ നടത്തിയെടുക്കുക എളുപ്പമായിരുന്നില്ല.
ബംഗാളിനോട് ചേർന്നുകിടക്കുന്ന സീമാഞ്ചൽ മേഖലയിലേറ്റ തിരിച്ചടിക്ക് പിന്നിലുമുണ്ട് തന്ത്രപരമായ പാളിച്ച. അസദുദ്ദീൻ ഒവൈസിയുടെ മജ്ലിസ് പാർട്ടി മുസ്ലിംവോട്ടുകൾ പിളർത്തിയതാണ് ഇവിടെ വിനയായത്. അവർ അഞ്ച് സീറ്റുകൾ പിടിച്ചു. മഹാസഖ്യത്തിൽ കേവലം ആറ് സീറ്റുകൾ ചോദിച്ച് ആർജഡിയുടെ പിറകെ നടന്ന മജ്ലിസ് പാർട്ടിയെ ഗൌനിക്കാതിരുന്നപ്പോഴാണ് അവർ തനിച്ച് മത്സരിച്ചത്. ഒരു ഘട്ടത്തിൽ ആറ് സീറ്റുകളിൽ വരെ അവർ മുന്നിട്ടുനിന്നുവെന്നത് ഇതിനോട് കൂട്ടിവായിക്കണം.
വാഗ്ദാനങ്ങളിലെ വിശ്വാസ്യതയില്ലായ്മ
തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 10,000 രൂപ അനുവദിച്ചുകൊണ്ട് മഹിളാ റോസ്ഗാര്‍ യോജനയുടെ ഗുണഫലം നിതീഷ്‌കുമാര്‍ അനുഭവവേദ്യമാക്കിയതാണ് സ്ത്രീവോട്ടര്‍മാരെ വന്‍തോതില്‍ എന്‍ഡിഎ പക്ഷത്തെത്തിച്ചത്. ജീവിക ഗ്രൂപ്പുകള്‍ വഴി സ്ത്രീവോട്ടുകള്‍ കൃത്യമായി തങ്ങള്‍ക്കനുകൂലമാക്കിയെടുക്കാന്‍ ബിജെപിയുടെ കേഡര്‍സംവിധാനം വിജയിച്ചു. ജാതിപരിഗണനകളെയും കുടുംബത്തിലെ പുരുഷന്മാര്‍ കാര്യം നിശ്ചയിക്കുന്ന ബിഹാറിലെ പരമ്പരാഗതരീതിയെയും മറികടന്ന് നേട്ടം സ്വന്തമാക്കാന്‍ എന്‍ഡിഎയ്ക്ക് സാധിച്ചപ്പോള്‍, അതിന്റെ തീവ്രത അത്രത്തോളമുണ്ടെന്ന് തിരിച്ചറിയുന്നതില്‍ മഹാസഖ്യം പരാജയപ്പെട്ടു. എല്ലാ കുടുംബങ്ങളിലും സര്‍ക്കാര്‍ ജോലി ഉറപ്പാക്കും, സ്ത്രീകള്‍ക്ക് മാസം 2500 രൂപ വീതം നല്‍കും, അധികാരത്തിലെത്തിയാലുടന്‍ ഒരു വര്‍ഷത്തെ തുകയായ 30,000 രൂപ ഒരുമിച്ച് നല്‍കും തുടങ്ങിയ മുദ്രാവാക്യങ്ങളൊന്നും വിശ്വാസ്യതയുറപ്പാക്കാന്‍ പോന്നതായില്ല. മദ്യനിരോധനം പുന:പരിശോധിക്കുമെന്ന വാഗ്ദാനം സ്ത്രീകളില്‍ പഴയകാലം പുനസ്ഥാപിക്കുമോയെന്ന ആശങ്ക സൃഷ്ടിക്കുകയും ചെയ്തു.
യാദവാധിപത്യം
1990കളിലും 2005വരെയും സംസ്ഥാനത്ത് നിലനിന്ന സംസ്ഥാനത്തെ ജംഗിള്‍രാജ് അന്തരീക്ഷം തിരിച്ചെത്തുമെന്ന പ്രചരണം തീവ്രമായി ബിജെപി-ജെഡിയു നേതാക്കള്‍ നടത്തിയപ്പോള്‍ ഫലപ്രദമായി അതിനെ പ്രതിരോധിക്കാന്‍ മഹാസഖ്യത്തിനായില്ല. രാഷ്ട്രീയമായ ഭരണവിരുദ്ധവികാരത്തിനപ്പുറത്തേക്ക്, സാമൂഹ്യമായ വിരുദ്ധവികാരം മഹാസഖ്യത്തിന് ഫലത്തില്‍ എതിരായി മാറി. യാദവാധിപത്യം സൃഷ്ടിക്കപ്പെടുമെന്ന പ്രതീതിയുണര്‍ത്തി പഴയ ലാലുയുഗത്തിന്റെ ഓര്‍മകള്‍ തിരിച്ചെത്തിക്കുന്നതില്‍ എന്‍ഡിഎ വിജയിച്ചു. 52 ഇടത്ത് യാദവസ്ഥാനാര്‍ഥികളെ അവതരിപ്പിച്ച ആര്‍ജെഡിക്ക് ഇതില്‍ നിന്ന് പുറത്തുകടക്കാനൊട്ട് കഴിഞ്ഞതുമില്ല. മുസ്ലിം- യാദവ സമവാക്യം എന്ന പരമ്പരാഗത ആര്‍ജെഡി വോട്ടുബാങ്കിലും വിള്ളലുണ്ടായി. സീമാഞ്ചലിലടക്കം എന്‍ഡിഎക്കുണ്ടായ മേല്‍ക്കൈ, മുസ്ലിം സ്ത്രീകളുടെയും വോട്ടുകള്‍ മഹിളാ റോസ്ഗാര്‍ യോജനയുടെ സ്വാധീനത്താല്‍ വഴിമാറിയെന്നതിന്റെ തെളിവാണ്. മുസ്ലിം സ്വത്വബോധം ശക്തമായി ഉയര്‍ത്തിക്കൊണ്ട് മജ്ലിസ് പാര്‍ട്ടി നിറഞ്ഞുകളിച്ചതും സീമാഞ്ചലിലടക്കം ആര്‍ജെഡിയെ തിരിച്ചടിച്ചു. അതിപിന്നാക്ക വിഭാഗത്തെ ഒപ്പം നിര്‍ത്താനുള്ള തന്ത്രമെന്ന നിലയില്‍ അവസാനനിമിഷം വികാസ് ശീല്‍ ഇന്‍സാന്‍പാര്‍ട്ടി അധ്യക്ഷന്‍ മുകേഷ് സഹാനിയെ ഉപമുഖ്യമന്ത്രിയായി പ്രഖ്യാപിച്ചപ്പോള്‍, മുസ്ലിം സമുദായത്തില്‍ നിന്നൊരാളെ പ്രഖ്യാപിക്കാത്തതെന്തുകൊണ്ടെന്ന് ചോദിച്ച് മജ്ലിസ് പാര്‍ട്ടി രംഗത്തെത്തി.
2020ലെ തിരഞ്ഞെടുപ്പ് കൊവിഡ് മഹാമാരിക്കാലത്തായിരുന്നു. ഉറ്റവരുടെ വേര്‍പാടും അന്യസംസ്ഥാനങ്ങളില്‍ ജോലി തേടിപ്പോയവരടക്കം ദുരിതത്തോടെ മടങ്ങി വരേണ്ടിവന്ന സാഹചര്യവും സൃഷ്ടിച്ച നിരാശാബോധം അക്കുറി ജെഡിയു-ബിജെപി സഖ്യത്തിനെതിരായ വിരുദ്ധവികാരം സൃഷ്ടിച്ചിരുന്നു. ആ നിരാശാബോധം ഇത്തവണയില്ല. എങ്കിലും തൊഴിലില്ലായ്മയടക്കമുള്ള യുവാക്കളുടെ നിരാശാബോധത്തെ മുതലെടുക്കാന്‍ മഹാസഖ്യം തീര്‍ത്തും പരാജയപ്പെട്ടുപോയെന്ന് തന്നെയാണ് ജനവിധി വ്യക്തമാക്കുന്നത്. 25 സീറ്റിലേക്കൊതുങ്ങിയെങ്കിലും ആര്‍ജെഡിക്ക് ഏക ആശ്വാസം വോട്ടിങ് ശതമാനത്തില്‍ മുന്നിലെത്താനായി എന്നതാണ്. 22.74 ശതമാനം. ബിഹാര്‍ മണ്ണില്‍ ലാലു വളര്‍ത്തിയെടുത്ത പാര്‍ട്ടിയുടെ സ്വാധീനം പാടേ ഒലിച്ചുപോയില്ലെന്നര്‍ഥം. ബിജെപിക്ക് 20.74 ശതമാനവും ജെഡിയുവിന് 18.87 ശതമാനവുമാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്കനുസരിച്ച് വോട്ടുവിഹിതം.
തിരഞ്ഞെടുപ്പിലെ അനാരോഗ്യപ്രവണത
ആത്യന്തികമായി സ്ത്രീകൾക്ക് 10,000 രൂപ വീതം നൽകിക്കൊണ്ടുള്ള നിതീഷ്കുമാറിന്റെ മഹിളാ റോസ്ഗാർ യോജന പദ്ധതി തന്നെയാണ് ബിഹാർ തിരഞ്ഞെടുപ്പിൽ തുറുപ്പുഗുലാൻ ആയതെന്ന് വേണം മനസ്സിലാക്കാൻ. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ്, അതും തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്ന ശേഷം സ്ത്രീകളുടെ അക്കൌണ്ടിലേക്ക് പദ്ധതിയുടെ പേരിൽ പണമെത്തിച്ചപ്പോൾ തിരഞ്ഞെടുപ്പ് കമ്മിഷൻ തടഞ്ഞില്ല. സർക്കാർ പദ്ധതിയായതിനാൽ നിയമപരമായി അതിനെ കോഴയായി ചിത്രീകരിക്കാനുമാവില്ല. എന്നാൽ, ഡൽഹിയിൽ അരവിന്ദ് കെജ്രിവാൾ തുടങ്ങി വച്ച ഈ സൌജന്യ വാഗ്ദാനങ്ങളിലൂടെ വോട്ടർമാരെ വലവീശിപ്പിടിക്കൽ പദ്ധതി, രാജ്യത്ത് സാർവത്രികമായി മാറുന്നത് ജനാധിപത്യത്തിന് അനാരോഗ്യകരമാണ്. മധ്യപ്രദേശിലും മഹാരാഷ്ട്രയിലും ബിജെപി സ്ത്രീകൾക്ക് പണമെത്തിക്കുന്ന പദ്ധതിയിലൂടെ സ്ത്രീവോട്ടർമാരെ തങ്ങളിലേക്കടുപ്പിച്ചു. ഝാർഖണ്ഡിൽ ജെഎംഎം ചെയ്തതും ഇതുതന്നെ. തമിഴ്നാട്ടിലും കേരളത്തിലെ ഇടതുസർക്കാർ പോലും ഇതുതന്നെ ചെയ്യുന്നതിലൂടെ കൈമാറപ്പെടുന്ന അരാഷ്ട്രീയവൽക്കരണ സന്ദേശം ജനാധിപത്യത്തിന്റെ ആരോഗ്യത്തിന് തീർത്തും ഹാനികരമെന്ന് തന്നെ പറയണം.
Content Highlights: സീമാഞ്ചൽ മേഖലയിലും അടിതെറ്റി
Published: 15 Nov 2025, 07:29 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented