പട്ന: ബിഹാറിൽ എൻഡിഎ സഖ്യത്തിന്റെ വൻനേട്ടത്തിന് പിന്നിൽ നിതീഷ് കുമാറിന്റെ വനിതാ കേന്ദ്രീകൃതമായ ക്ഷേമപദ്ധതികൾ. ബഹാറിൽ ഇത്തവണയുണ്ടായ ഉയർന്ന പോളിങ് ശതമാനവും അതിൽ വനിതകളുടെ ഉയർന്ന പങ്കാളിത്തവും ചേർത്തുവെച്ച് പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകും. വോട്ടെടുപ്പ് ദിവസം ബൂത്തുകളിൽ കണ്ട വനിതാ വോട്ടർമാരുടെ നീണ്ട നിര നീതീഷിന്‍റെ വൻ വിജയത്തിൽ നിർണായകമായെന്ന് വ്യക്തം.

To advertise here,

വനിതാ ശാക്തീകരണവും ക്ഷേമവും മുൻനിർത്തയുള്ള പദ്ധതികൾ ബിഹാറിലെ സ്ത്രീകളുടെ പോളിങ് ശതമാനം 71.6 എന്ന ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലെത്തിക്കാൻ ഇടയാക്കിയെന്നാണ് വിലയിരുത്തൽ. പുരുഷന്മാരുടെ വോട്ടുകൾ 62.8 ശതമാനമായിരുന്നു എന്നതും ശ്രദ്ധേയമാണ്. സംസ്ഥാനത്തുടനീളം സ്ത്രീകളെ ശാക്തീകരിക്കാൻ ലക്ഷ്യമിട്ടുള്ള, ഏകദേശം രണ്ട് പതിറ്റാണ്ടോളം നീണ്ട പദ്ധതികളോടുള്ള വോട്ടർമാരുടെ പ്രതികരണമാണ് ഇതിലൂടെ വ്യക്തമായതെന്ന് കണക്കാക്കാം.

അതേസമയം, വനിതാ വോട്ടർമാരുമായി ഇതേ രീതിയിൽ ബന്ധം സ്ഥാപിക്കുന്നതിൽ മഹാസഖ്യം പരാജയപ്പെട്ടു. നിതീഷ് കുമാർ സർക്കാർ ഇതിനകം നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ക്ഷേമപദ്ധതികളുമായി താരതമ്യം ചെയ്യുമ്പോൾ തേജസ്വി യാദവിന്റെ ‘മായീ ബഹിൻ മാൻ യോജന’ ഒരു വിദൂര വാഗ്ദാനമെന്ന തോന്നലാണ് ഉളവാക്കിയത്. വോട്ടെടുപ്പിന്റെ തലേദിവസം വനിതാ വോട്ടർമാരെ ആകർഷിക്കാനുള്ള അവസാന ശ്രമമെന്ന നിലയിൽ തേജസ്വി യാദവ് അപ്രതീക്ഷിതമായാണ് മായീ ബഹിൻ മാൻ യോജന പ്രഖ്യാപിച്ചത്. ജനുവരി 14 മുതൽ ഒരു വർഷത്തേക്ക് 30,000 രൂപ സ്ത്രീകളുടെ അക്കൗണ്ടുകളിൽ നിക്ഷേപിക്കുമെന്നായിരുന്നു വാഗ്ദാനം.

എന്നാൽ, മഹാസഖ്യത്തിന്റെ സാധ്യതകളെ ശരിക്കും തകിടംമറിച്ചത് ഉത്സവ സീസണിന് തൊട്ടുമുമ്പ് എൻഡിഎ നടത്തിയ വലിയ പ്രഖ്യാപനമായിരുന്നു. ബിഹാറിലെ ഓരോ സ്ത്രീക്കും 10,000 രൂപ നേരിട്ട് അക്കൗണ്ടിലേക്ക് നൽകുമെന്നായിരുന്നു പ്രഖ്യാപനം. ഏകദേശം 25 ലക്ഷം സ്ത്രീകൾക്ക് പ്രയോജനം ലഭിച്ച ഈ പദ്ധതി ഏതാണ്ട് രണ്ട് കോടി വോട്ടർമാരെ സ്വാധീനിച്ചു. ഈ സംരംഭം ഏറ്റവുംവലിയ വഴിത്തിരിവായി. സ്ത്രീകൾക്ക്, പ്രത്യേകിച്ച് ഗ്രാമീണരായ, സാമ്പത്തികമായി പിന്നാക്കംനിൽക്കുന്ന കുടുംബങ്ങളിലുള്ളവർക്ക്, പെട്ടെന്നുള്ള സാമ്പത്തിക സഹായവും കൂടുതൽ സാമ്പത്തിക സ്വാതന്ത്ര്യവും നൽകി. ചെലവഴിക്കാവുന്ന വരുമാനം വർധിക്കുകയും ശാക്തീകരണബോധം വളർത്തുകയും ചെയ്യാൻ കഴിഞ്ഞതിലൂടെ ഈ പദ്ധതി വനിതാ വോട്ടർമാർക്കിടയിൽ വലിയ വിശ്വാസവും മതിപ്പും നേടി.

ഇതിനുപുറമെ, സാമ്പത്തിക സഹായം, നൈപുണ്യ പരിശീലനം, വിഭവങ്ങൾ എന്നിവ നൽകി വനിതാ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനായി രൂപകൽപ്പന ചെയ്ത നൂതനമായ ‘ലഖ്പതി ദീദി’ പദ്ധതിയും ശ്രദ്ധേയമായിരുന്നു. സ്വയംതൊഴിലും സാമ്പത്തിക സ്വാതന്ത്ര്യവും പ്രോത്സാഹിപ്പിക്കുന്നതിലൂടെ സുസ്ഥിരമായ പുരോഗതിയിൽ സർക്കാരിനെ ഒരു പങ്കാളിയായി കാണുന്ന സ്ത്രീകളുടെ ഒരു വിശ്വസ്ത വോട്ട് ബാങ്ക് സൃഷ്ടിക്കാൻ ‘ലഖ്പതി ദീദി’ പദ്ധതിക്ക് കഴിഞ്ഞു. ഈ രണ്ട് പ്രധാന പദ്ധതികളും ചേർന്ന് എൻഡിഎ സഖ്യത്തിനുള്ള വനിതാ വോട്ടർമാരുടെ പിന്തുണ ഉറപ്പിച്ചതായും. ഇത് ബിഹാറിലെ റെക്കോർഡ് വനിതാ പോളിങ്ങിനും അതിനെത്തുടർന്നുണ്ടായ തിരഞ്ഞെടുപ്പ് ഫലത്തിനും കാരണമായെന്നുമാണ് വിലയിരുത്തപ്പെടുന്നത്.

വനിതാ ശാക്തീകരണത്തിന്റെ വക്താവെന്ന നിലയിലുള്ള നിതീഷ് കുമാറിന്റെ പ്രതിച്ഛായയും വിശ്വാസ്യതയും തിരഞ്ഞെടുപ്പ് ഫലത്തോടെ ഒരിക്കൽ കൂടി ഉറപ്പിക്കപ്പെട്ടു. സ്കൂൾ വിദ്യാർഥിനികൾക്ക് സൗജന്യമായി സൈക്കിൾ നൽകുന്ന ‘മുഖ്യമന്ത്രി ബാലികാ സൈക്കിൾ യോജന’ പോലുള്ള നിരവധി പദ്ധതികൾ അദ്ദേഹത്തിന്റെ സർക്കാർ നടപ്പിലാക്കി. കൂടാതെ പഞ്ചായത്തുകളിലും നഗരസഭകളിലും സ്ത്രീകൾക്ക് 50 ശതമാനം സംവരണവും പോലീസ് നിയമനത്തിൽ 35 ശതമാനം ക്വാട്ടയും സർക്കാർ നടപ്പിലാക്കി. ‘ജീവിക’ പോലുള്ള സ്വയംസഹായ പദ്ധതികൾ ഗ്രാമീണ മേഖലകളിൽ മൈക്രോഫിനാൻസും സംരംഭകത്വവും പ്രോത്സാഹിപ്പിച്ച് ദശലക്ഷക്കണക്കിന് സ്ത്രീകളെ ശാക്തീകരിച്ചു.

സുപൗൾ, കിഷൻഗഞ്ച്, മധുബനി തുടങ്ങിയ ജില്ലകളിലെ ശക്തമായ വനിതാ പോളിങ്ങിലൂടെ വ്യക്തമായത് സ്ത്രീകളുടെ വർധിച്ചുവരുന്ന രാഷ്ട്രീയ പങ്കാളിത്തത്തിനും നിതീഷ് കുമാറിന്റെ സഖ്യത്തോടുള്ള കൂറിനും പിന്നിലെ പ്രധാന ചാലകശക്തികൾ ഈ ക്ഷേമ നടപടികളാണെന്നാണ്. തങ്ങളുടെ ക്ഷേമം, സുരക്ഷ, വിദ്യാഭ്യാസം, സാമ്പത്തിക നില എന്നിവ മെച്ചപ്പെടുത്താനുള്ള സർക്കാരിന്റെ പ്രകടമായ ശ്രമങ്ങൾക്ക് സ്ത്രീകൾ വലിയ പിന്തുണ നൽകിയെന്നുവേണം തിരഞ്ഞെടുപ്പ് ഫലത്തിൽനിന്ന് മനസ്സിലാക്കാൻ.