
രാജ്നാഥ് സിങ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത് ഷാ എന്നിവര്‍ |ഫോട്ടോ:PTI
ന്യൂഡല്‍ഹി:സംസ്ഥാന രാഷ്ട്രീയത്തിന്റെ പരിമിതിയില്‍ ഒതുങ്ങാതെ ദേശീയ രാഷ്ട്രീയത്തിന്റെ നെഞ്ചിടിപ്പിന് ആക്കം കൂട്ടിയ തിരഞ്ഞെടുപ്പാണ് ഇക്കുറി ബിഹാറില്‍ നടന്നത്.പരമ്പരാഗതകാരണങ്ങള്‍ക്ക് പുറമെ വോട്ടര്‍പട്ടികപരിഷ്‌കരണമടക്കമുള്ള പുതിയ വിഷയങ്ങള്‍ വിധിയെഴുത്തിന്റെ പിരിമുറക്കമേറ്റിയിരുന്നു.സംസ്ഥാന ഭരണത്തിന്റെ തുടര്‍ച്ചയ്ക്കൊപ്പം കേന്ദ്രത്തിലെ മോദി സര്‍ക്കാരിന്റെ നിലനില്‍പ്,ബിഹാറിനുള്ളില്‍ നിതീഷ് എന്ന നേതാവിന്റെയും ജെ.ഡി.യു എന്ന പാര്‍ട്ടിയുടെയും ഭാവി,മഹാസഖ്യത്തിന്റെയും ദേശീയ തലത്തില്‍ ഇന്ത്യാസഖ്യത്തിന്റെയും നീക്കങ്ങള്‍,തേജസ്വി യാദവ് എന്ന യുവനേതാവിന്റെ ഭാവികാലം തുടങ്ങിയ ഘടകങ്ങളുമായി നേരിട്ട് ബന്ധപ്പെട്ടതായിരുന്നു ഇക്കുറി നിയമസഭാ തിരഞ്ഞെടുപ്പ്.എന്നാല്‍,സംസ്ഥാനത്തെ ഭരണത്തുടര്‍ച്ചക്ക് പുറമെ കേന്ദ്രത്തില്‍ മോദി സര്‍ക്കാരിന്റെ ആയുസ്സ് നീട്ടാനും ബിഹാറിന്റെ ജനവിധി വഴിയൊരുക്കി എന്നതാണ് ബിഹാര്‍ ജനവിധിയുടെ വിശാലരാഷ്ട്രീയം.ബിഹാറുമായി അതിര്‍ത്തി പങ്കിടുന്ന ബംഗാളിലേക്ക് രാഷ്ട്രീയായുധങ്ങള്‍ സംഭരിച്ച് നീങ്ങാന്‍ ബി.ജെ.പിക്ക് ഈ ഫലം ഊര്‍ജ്ജം നല്കും.
കേന്ദ്ര സര്‍ക്കാരിനെ നയിക്കുകയും പിന്തുണക്കുകയും ചെയ്യുന്ന രാഷ്ട്രീയപാര്‍ട്ടികളുടെ മുന്നണിയാണ് ഒരു ഭാഗത്ത് മത്സരിക്കുന്നത് എന്നതായിരുന്നു ഇത്തവണത്തെ ബിഹാര്‍ രാഷ്ട്രീയത്തിന്റെ നിര്‍ണായകത.കേന്ദ്രത്തില്‍ ബി.ജെ.പി നയിക്കുന്ന ജെ.ഡി.യുവിന്റെ പിന്തുണ സര്‍ക്കാരിന്റെ നിലനില്‍പിന് പരമപ്രധാനമായതിനാല്‍ ജയത്തില്‍ കുറഞ്ഞൊരു മാര്‍ഗ്ഗം എന്‍.ഡി.എ സഖ്യത്തിന് മുന്നിലുണ്ടായിരുന്നില്ല.അതുപോലെ,15 വര്‍ഷങ്ങളായി അധികാരത്തിന് പുറത്ത് നില്‍ക്കേണ്ടി വന്ന ആര്‍.ജെ.ഡിക്കും മഹാസഖ്യത്തിനും വിജയം തന്നെയായിരുന്നു അനിവാര്യമായ അതിജീവനഘടകം.ഇത്തരം കാരണങ്ങളാല്‍, അതിസങ്കീര്‍ണമായി മാറിയ തിരഞ്ഞെടുപ്പ്രാഷ്ട്രീയത്തില്‍ ബിഹാര്‍ പിന്തുണച്ചത് കേന്ദ്ര-സംസ്ഥാനങ്ങളിലെ ഭരണത്തുടര്‍ച്ചയെയാണ്. വിജയം എന്‍.ഡി.യുടെ അടിത്തറയെ ബലപ്പെടുത്തി.തിരഞ്ഞെടുപ്പ് ഫലത്തെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഹിതപരിശോധനയെന്ന് വിളിക്കാനായിരിക്കും വന്‍ വിജയം നേടിയ എന്‍.ഡി.എ സഖ്യം ആഗ്രഹിക്കുക.
തിരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സഖ്യത്തിന് ക്ഷീണം സംഭവിച്ചിരുന്നെങ്കില്‍ ദേശീയരാഷ്ട്രീയത്തിന്റെ ഉള്ളടക്കം അലകും പിടിയും മാറുമായിരുന്നു.മോദി സര്‍ക്കാരിന്റെ പതനത്തിലേക്ക് കരുക്കള്‍ നീങ്ങുകയും നിതീഷിന്റെ രാഷ്ട്രീയം ബിഹാറിനുള്ളില്‍ അസ്തമിക്കുകയും ചെയ്യുമായിരുന്നു.മഹാസഖ്യത്തിന് അനുകൂലമായിരുന്നു ജനവിധിയെങ്കില്‍ ദേശീയ തലത്തില്‍ ഇന്ത്യാ സഖ്യത്തിനും പ്രധാന പ്രതിപക്ഷ പാര്‍ട്ടിയെന്ന നിലയില്‍ കോണ്‍ഗ്രസിനും ഊര്‍ജ്ജമുറപ്പിക്കുമായിരുന്നു.എന്നാല്‍ വിധിയെഴുത്ത് എന്‍.ഡി.എക്ക് അനുകൂലമായതോടെ ദേശീയ രാഷ്ട്രീയത്തിന്റെ ഉള്ളടക്കം മാറ്റമില്ലാതെ തുടരും.ആരോഗ്യപ്രശ്നങ്ങള്‍ അലട്ടുന്നുണ്ടെങ്കിലും,സംസ്ഥാന രാഷ്ട്രീയത്തില്‍ നിതീഷ് കുമാര്‍ ഏകമുഖമായി നിലനില്‍ക്കും.വിജയം നിതീഷിനുള്ള ജനസമ്മതമാണ്.
എന്നാല്‍ മറുപക്ഷത്ത് ചോര്‍ന്നു പോയ ആത്മവിശ്വാസം തിരികെ എടുക്കാന്‍ കോണ്‍ഗ്രസും ആര്‍ജെഡിയും ഏറെ പണിപ്പെടേണ്ടി വരും.പാടെ ക്ഷീണിച്ച മഹാസഖ്യവും കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും ആത്മപരിശോധനക്ക് സമയം കണ്ടെത്തണം.വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് പാര്‍ട്ടിയെയും ഇന്ത്യാ സഖ്യത്തെയും സജ്ജമാക്കാന്‍ പുതിയ സമീപനങ്ങള്‍ കോണ്‍ഗ്രസ് ആവിഷ്‌കരിക്കേണ്ടി വരും.ദീര്‍ഘകാലം ബിഹാറില്‍ ഭരണത്തിലിരുന്ന കോണ്‍ഗ്രസ് കടപുഴകിയതിന് തുല്യമാണ് ഇത്തവണത്തെ ജനവിധി.2020 ല്‍ ആര്‍.ജെ.ഡി.യുടെ വിജയപ്രതീക്ഷകളെ കോണ്‍ഗ്രസാണ് തകര്‍ത്തതെങ്കില്‍,ഇക്കുറി ആര്‍.ജെ.ഡി.യും കോണ്‍ഗ്രസും ഒരുമിച്ച് ക്ഷീണിച്ചു.എങ്കിലും മഹാസഖ്യത്തിന്റെ ഭാരം ഒറ്റയ്ക്ക് ചുമലിലേറ്റിയ തേജസ്വി എന്ന യുവനേതാവിന്റെ വളര്‍ച്ച ബിഹാര്‍ തിരഞ്ഞെടുപ്പില്‍ ദൃശ്യമായിരുന്നു.
ബിഹാറില്‍ ഒരു കാലത്ത് വേരോട്ടമുണ്ടായിരുന്ന ഇടത് രാഷ്ട്രീയ ധാരയ്ക്കേറ്റ തിരിച്ചടി ഗൗരവമുള്ള പഠനവിഷയാണ്.കര്‍ഷകസമരത്തിന്റെ വേലിയേറ്റത്തിലൂടെ നിര്‍മിച്ചെടുത്ത അടിത്തട്ട് ഇടതുപാര്‍ട്ടികള്‍ക്ക് 1990 കളില്‍ തന്നെ നഷ്ടപ്പെട്ടിരുന്നു.സ്വത്വരാഷ്ട്രീയ വേലിയേറ്റത്തില്‍ സി.പി.ഐ,സി.പി.എം എന്നീ പരമ്പരാഗത പാര്‍ട്ടികളുടെ വേരുകള്‍ ഉണങ്ങി.എന്നാല്‍ ഇവര്‍ക്കൊപ്പം ചേര്‍ന്ന് സി.പി.ഐ.എം.എല്‍ നടത്തിയ പരിശ്രമങ്ങള്‍ 2020 ല്‍ ഇടതുപാര്‍ട്ടികള്‍ക്ക് 16 സീറ്റുകളിലെത്തിച്ചിരുന്നു.ഇക്കുറി വീണ്ടും ഇടത് രാഷ്ട്രീയം മെലിഞ്ഞു.സീറ്റെണ്ണമല്ല,ആശയമാണ് പ്രധാനമെന്ന ന്യായീകരണം നിരത്തി വാദിക്കാമെങ്കിലും,ജനാധിപത്യപ്രക്രിയയില്‍ വോട്ടെണ്ണം പ്രധാനമാണെന്ന് ഇടത് പാര്‍ട്ടികള്‍ തിരിച്ചറിയേണ്ടിയിരിക്കുന്നു.
അടിസ്ഥാനജനവിഭാഗങ്ങളുടെ പ്രതിദിനസങ്കടങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഒരു സമൂഹത്തില്‍,ദേശീയ തലത്തില്‍ ഉയര്‍ത്തേണ്ട മുദ്രാവാക്യങ്ങള്‍ സ്വീകരിക്കപ്പെടില്ല എന്ന് ഒരിക്കല്‍ കൂടി തെളിയിച്ച തിരഞ്ഞെടുപ്പാണ് കടന്നു പോയത്.റൊട്ടി,മകാന്‍,കപ്പട എന്ന അടിസ്ഥാന മുദ്രാവാക്യങ്ങള്‍ ഇപ്പോഴും ഉയരുന്ന ബിഹാറില്‍ ഈ താത്വികവിഷയങ്ങള്‍ക്ക് ഇടമില്ല.കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും ആവര്‍ത്തിച്ച് വോട്ട് കൊള്ള വിവാദം ഉയര്‍ത്തിയപ്പോഴും തേജസ്വി യാദവ് അതേറ്റെടുക്കാതിരുന്നത് തട്ടകത്തിലെ രാഷ്ട്രീയം തിരിച്ചറിഞ്ഞാണ്.എങ്കിലും ദേശീയ രാഷ്ട്രീയത്തില്‍ വോട്ട് കൊള്ള വിവാദങ്ങള്‍ ഇനിയും തുടരും.
Content Highlights: Bihar Election Results: National Political Ripple Effects and Future Implications
Published: 15 Nov 2025, 08:09 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented