
പ്രശാന്ത് കിഷോർ | Photo: ANI
ഒരിക്കൽപോലും വേദിയിൽ വരാതെ തിരഞ്ഞെടുപ്പുകളുടെ ഗതിമാറ്റിയ ഒരു കഴിഞ്ഞ കാലമുണ്ടായിരുന്നു പ്രശാന്ത് കിഷോറിന്. രാഷ്ട്രീയ തന്ത്രങ്ങളാൽ ആഖ്യാനങ്ങൾ മാറ്റിയെഴുതിയും മാറ്റിമറിച്ചും ജനങ്ങളുടെ മനസ്സിനെ സ്വാധീനിച്ച് തിരഞ്ഞെടുപ്പ് ഗോദയിലെ ഫലം എപ്പോഴും തനിക്ക് അനുകൂലമാക്കിയിരുന്ന ഒരു 'പ്രൈം' കാലഘട്ടം. എന്നാൽ, വോട്ടിങ് യന്ത്രത്തിനും പിന്നിൽ നിന്ന് മുന്നിലേക്കെത്തുമ്പോൾ കാര്യങ്ങൾ മാറിമറിഞ്ഞു. അണിയറയിൽ നിന്ന് പ്രശാന്ത് കിഷോർ മുഖമായി. തന്ത്രങ്ങൾക്കപ്പുറം നിലപാട് നേരിട്ട് പറയേണ്ട സ്ഥിതിയായതോടെ അദ്ദേഹത്തിന് കാലിടറി.
ഗാന്ധിയും അംബേദ്കറുമുണ്ട് പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് പാർട്ടിയുടെ പതാകയിൽ. ആശയങ്ങളുടെ അടിത്തറ ഇതിൽനിന്ന വ്യക്തം. ഇതിന് പുറമെ, ബിഹാറൻ ഉൾനാട്ടിലെ താഴ്വരകളിലും ചുട്ടുപൊള്ളുന്ന ഹൈവേകളിലൂടെയും ഗ്രാമങ്ങളിലൂടെയാണ് തന്റെ ആശയവുമേന്തി പ്രശാന്ത് കിഷോർ നടന്നു. ഒന്നും രണ്ടുമല്ല, 5000 കിലോമീറ്ററുകളോളം. ജനങ്ങളോട് സംസാരിച്ചും അവരോട് ചോദ്യങ്ങൾ ചോദിച്ചും അദ്ദേഹം മുന്നേറി. പിന്നാക്ക സംസ്ഥാനമെന്ന ദുഷ്പേര് മാറ്റി ബിഹാറിനെ മുന്നേറ്റപാതയിൽ കൊണ്ടുപോകുമെന്ന് അദ്ദേഹം നയം പ്രഖ്യാപിച്ചു. ഒരുവശത്ത് ഇതെല്ലാം ചെയ്യുമ്പോഴും എവിടെയോ താനും ജനങ്ങളും തമ്മിലുള്ള അകലം നികത്തപ്പെടുന്നില്ല എന്ന് ഈ തിരഞ്ഞെടുപ്പ് ഫലത്തോടെ പ്രശാന്ത് കിഷോർ തിരിച്ചറിയുന്നുണ്ടാകാം.
പാളുന്ന സ്റ്റാർട്ടപ്പ്
പരമ്പരാഗതമായ ക്ഷേമപദ്ധിതകൾക്കും ജാതി രാഷ്ട്രീയത്തിനുമപ്പുറം ബിഹാറിലെ ജനങ്ങൾക്ക് ഒരുക്കേണ്ട തൊഴിലവസരങ്ങളുടേയും വികസനപദ്ധതികളുടേയും കാര്യം പറഞ്ഞായിരുന്നു പ്രശാന്ത് കിഷോർ വോട്ട് ചോദിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് തൊഴിലെടുക്കാൻ നിയോഗിക്കപ്പെടുന്നവരാകരുത് ബിഹാർ ജനത എന്ന നിർബന്ധം അദ്ദേഹത്തിനുണ്ടായിരുന്നു. വ്യവസായ ശാലകൾ ഗുജറാത്തിലും അവിടേക്കുള്ള തൊഴിലാളികളെ തേടിയുള്ള ട്രെയിൻ ബിഹാറിലേക്കും അയക്കേണ്ടതില്ലെന്ന് പ്രധാനമന്ത്രിയോട് പ്രശാന്ത് പറഞ്ഞു. ഗുജറാത്തിലുള്ളവർ ബുള്ളറ്റ് ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ ബിഹാറിലെ കുട്ടികൾ വീട്ടിലേക്കെത്താൻ തിക്കിയും തിരക്കിയും യാത്ര ചെയ്യേണ്ടി വരുന്നു. വികസനപദ്ധതികളിലെ അസമത്വവും കുടിയേറ്റവും ചൂണ്ടിക്കാട്ടി മോദിയെ പ്രശാന്ത് കിഷോർ കടന്നാക്രമിച്ചു.
സ്‌കൂൾ ബാഗ് ആണ് പാർട്ടിയുടെ ചിഹ്നം. പതാകയിൽ ഗാന്ധിയും അംബേദ്കറും. വിദ്യാഭ്യാസത്തിലൂടെ ബിഹാറിന്റെ മുഖം മാറുമെന്ന് ജെഎസ്പി വിശ്വസിച്ചു. ബിഹാർ പബ്ലിക് സർവീസ് കമ്മിഷനിലെ ക്രമവിരുദ്ധമായ നടപടികൾക്കെതിരേ സംസ്ഥാനത്തുയർന്നുവന്ന പ്രക്ഷോഭത്തിന് നിരുപാധികം പിന്തുണ പ്രഖ്യാപിച്ചു. ജെഎസ്പിയുടെ രാഷ്ട്രീയനയം ഏറ്റെടുക്കാൻ സാധ്യതയുള്ള ഒരുകൂട്ടമായിരുന്നു വിദ്യാർഥികളും യുവാക്കളും.
ബിഹാർ തിരഞ്ഞെടുപ്പിന്റെ അവസാന ലാപ്പിലാണ് താൻ മത്സരരംഗത്തേക്ക് ഇല്ലെന്ന് പ്രശാന്ത് കിഷോർ അറിയിക്കുന്നത്. എന്നാൽ, ഓരോ ഗ്രാമങ്ങളിലൂടെയും സഞ്ചരിച്ച് ജനങ്ങളുടെ ആവശ്യങ്ങൾ കേട്ടു. അവരുടെ നിർദേശങ്ങൾ സ്ഥാനാർഥിനിർണയത്തിലും പ്രധാന പങ്കുവഹിച്ചു. ജാതിയുടേയും മതത്തിന്റേയും പണത്തിന്റേയും സമ്മർദമില്ലാത്തവർ ബിഹാറിന് വേണ്ടി ജെഎസ്പിയുടെ ഒപ്പം നിൽക്കുമെന്ന തന്റെ പ്രത്യാശ അന്ന് അദ്ദേഹം പങ്കുവെച്ചിരുന്നു. എന്നാൽ, മാസങ്ങൾക്കിപ്പുറം മറ്റൊരു തിരഞ്ഞെടുപ്പ് ഫലം കൂടെ പുറത്തുവരുമ്പോൾ ആശ്വസിക്കാനുതകുന്നതൊന്നും പ്രശാന്ത് കിഷോറിനും പാർട്ടിക്കും ബിഹാർ നൽകുന്നില്ല.
രാവിലെ എട്ടിന് വോട്ടെണ്ണി തുടങ്ങിയതുമുതൽ വളരെ പിന്നിലായിരുന്നു ജെഎസ്പി. 234 സീറ്റുകളിലേക്ക് മത്സരിച്ച പാർട്ടിക്ക് ഒരു ഘട്ടത്തിലും അഞ്ച് സീറ്റുകൾക്ക് മുകളിൽ ലീഡ് ചെയ്യാൻ പോലുമായില്ല. വോട്ടെണ്ണൽ പുരോഗമിക്കുന്നതിനനുസരിച്ച് അഞ്ച് നാലും പിന്നീട് അത് രണ്ടുമായി കുറഞ്ഞു. ചെയിൻപുർ, ഖാർഗഹർ എന്നീ മണ്ഡലങ്ങളിൽ അൽപ്പം നേരം ലീഡ് തുടരാനായെങ്കിലും വൈകാതെ ഇവിടങ്ങളിലും അടിതെറ്റി. ഇതേ ഫലംതന്നെയായിരുന്നു മിക്ക എക്സിറ്റ് പോളുകളും പ്രവചിച്ചിരുന്നത്. 'കിങ്മേക്കർ' ടാഗ്ലൈനുകളിൽ നിറഞ്ഞിരുന്ന പ്രശാന്ത് കിഷോറും സ്വന്തം പാർട്ടിയും വോട്ടെണ്ണിത്തുടങ്ങി മൂന്നാം മണിക്കൂറിൽ തന്നെ പൂജ്യമായി. കാര്യമായ സ്വാധീനം ചെലുത്താനാകാതെ തിരഞ്ഞെടുപ്പ് ചിത്രത്തിൽനിന്ന് പുറത്തായി.
ആകാശം അല്ലെങ്കിൽ ഭൂമി
ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റുകളിലേക്കും ജൻ സുരാജ് പാർട്ടി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതോടെ ഒരു പുതിയ പാർട്ടി എങ്ങിനെ മത്സരിക്കുമെന്ന ആകാംക്ഷ രാജ്യത്തെ രാഷ്ട്രീയ നിരീക്ഷകർക്കുണ്ടായിരുന്നു. ഈ സാഹചര്യത്തിലായിരുന്നു ഒരു ‘സെമിഫൈനൽ’ എന്ന നിലയിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത്.
രാജിയും അയോഗ്യതയും മൂലം ഒഴിവായ നാലു സീറ്റുകളിലേക്ക് അന്ന് ജൻ സുരാജ് പാർട്ടി ജനവിധി തേടി. ഡിജിറ്റൽ പ്രചരണത്തിനപ്പുറം ബിഹാറിന്റെ ജാതി സമവാക്യത്തെ മറികടക്കാൻ പ്രശാന്ത് കിഷോറിന് സാധിക്കുമോ എന്ന ചോദ്യത്തിന്റെ ഉത്തരമായിരുന്നു അന്നത്തെ തിരഞ്ഞെടുപ്പ്. രണ്ട് വർഷമായി താൻ കെട്ടിപ്പടുത്തിയ പ്രസ്ഥാനം അന്നത്തെ ജനവിധിയിൽ നിലംപതിച്ചു. മത്സരിച്ച നാല് മണ്ഡലങ്ങളിലും ദയനീയ പരാജയം. മൂന്ന് മണ്ഡലങ്ങളിൽ കെട്ടിവെച്ച കാശ് പോലും തിരികെ ലഭിച്ചില്ല.
ഈ നിരാശയ്ക്കിടയിലും ലഭിച്ച 10 മുതൽ 12 ശതമാനംവരെ വോട്ടിൽ പ്രശാന്ത് കിഷോർ അന്ന് ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു. ഇത് വെറുമൊരു പരീക്ഷണമായിരിക്കുമെന്നും വിധിനിർണയം ഇനിയും അകലെയാണെന്നും അന്ന് അദ്ദേഹം പറഞ്ഞു. ഒരുപക്ഷേ, അന്ന് പ്രശാന്ത് കിഷോർ സൂചിപ്പിച്ച ആ വിധിനിർണയമായിരിക്കും ഈ വെള്ളിയാഴ്ച.
ഒന്നെങ്കിൽ പത്തിൽ താഴെ സീറ്റുകൾ മാത്രമായി തകർന്നടിയും, അല്ലെങ്കിൽ 150 കൂടുതൽ സീറ്റുകൾ നേടി നിർണായക സ്വാധീന ശക്തിയാകും, ഇതായിരുന്നു തിരഞ്ഞെടുപ്പിന് മുമ്പ് പ്രശാന്ത് കിഷോർ പ്രവചിച്ച ഫലം. രണ്ടാമത്തെ സാഹചര്യം സംഭവിക്കാൻ സാധ്യതയില്ലെന്നത് എക്സിറ്റ് പോൾ ഫലങ്ങൾ വന്നതോടെ തന്നെ വ്യക്തമായിരുന്നു. ഒരു മൂന്നാം ശക്തിയാകാൻ ആവശ്യമായ അത്രയും സീറ്റുകളോ വോട്ട് ശതമാനമോ ഇക്കുറി പാർട്ടിക്ക് നേടാനാകുമോ എന്നതിൽ മാത്രമായിരുന്നു സംശയം. എന്നാൽ, ഇക്കാര്യത്തിലും ഇപ്പോൾ ഒരു വ്യക്തത വന്നിരിക്കുന്നു. ഒരു ബദലായി ജൻ സുരാജ് പാർട്ടിയെ ജനങ്ങൾ ഏറ്റെടുത്തേക്കുമെന്ന പ്രതീക്ഷ പ്രശാന്ത് കിഷോറിന് മുന്നിൽ ഇപ്പോൾ തകർന്നടിയുകയാണ്.
സ്ത്രീവോട്ടർമാർ ചതിച്ചോ?
ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ തന്റെ പാർട്ടി അധികാരത്തിലേറുകയാണെങ്കിൽ സംസ്ഥാനത്തെ സമ്പൂർണ മദ്യനിരോധനം എടുത്തുകളയുമെന്ന് പ്രശാന്ത് കിഷോർ പ്രഖ്യാപിച്ചിരുന്നു. മദ്യനിരോധനംമൂലം സംസ്ഥാനത്തിനുണ്ടാകുന്ന നഷ്ടം ചൂണ്ടിക്കാട്ടിയായിരുന്നു പ്രഖ്യാപനമെങ്കിലും വിഷയം സ്ത്രീ വോട്ടർമാർക്കിടയിൽ വിപ്രതിപത്തിക്ക് കാരണമായിട്ടുണ്ടാകാം.
നിലവിൽ സംസ്ഥാനത്തുള്ള മദ്യനിരോധനം തികച്ചും വ്യാജമാണെന്നാണ് പ്രശാന്ത് കിഷോറിന്റെ പക്ഷം. സാമ്പത്തികമായി സംസ്ഥാനത്തിനുണ്ടാകുന്ന നഷ്ടവും അദ്ദേഹം ചൂണ്ടിക്കാട്ടി. 20,000 കോടി രൂപയുടെ നഷ്ടം ഇതുമൂലം ഖജനാവിനുണ്ടാകുന്നുണ്ട്. സംസ്ഥാനത്തിന് ലഭിക്കേണ്ട ഈ പണം അനധികൃത മദ്യവിൽപ്പനയിലൂടെ നേതാക്കന്മാരിലേക്കും ഉദ്യോഗസ്ഥരിലേക്കും മദ്യമാഫിയകളിലേക്കും പോകുന്നതായും അദ്ദേഹം ആരോപിച്ചിരുന്നു. ഇത് ഒരുപരിധി വരെ ശരിയാണെന്നത് പിന്നീട് ബിഹാറിൽ നിന്ന് പുറത്തുവന്ന വ്യാജമദ്യ ദുരന്തങ്ങളുടെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
എന്നാൽ, സ്ത്രീകളുടെ കനത്ത പ്രതിഷേധത്തെത്തുടർന്ന് സമ്പൂർണ്ണ മദ്യനിരോധനം ഏർപ്പെടുത്തിയ സംസ്ഥാനമാണ് ബിഹാർ. 2015-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ നിതീഷ് കുമാർ മുന്നോട്ടുവെച്ച പ്രധാന വാഗ്ദാനങ്ങളിൽ ഒന്നും മദ്യനിരോധനമായിരുന്നു. മദ്യനിരോധനം എടുത്തുകളയുമെന്ന നിലപാട് സ്ത്രീ വോട്ടർമാരുടെ എതിർപ്പിന് ഇടയാക്കില്ലേ എന്ന ചോദ്യമുയർന്നപ്പോൾ, തന്റെ നിലപാടിൽ നിന്ന് ഒരിഞ്ച് പോലും മാറാൻ പ്രശാന്ത് കിഷോർ അന്ന് തയ്യാറായിരുന്നില്ല.
'എനിക്ക് സ്ത്രീകളുടെ വോട്ട് ലഭിച്ചാലും ഇല്ലെങ്കിലും, ഞാൻ മദ്യനിരോധനത്തിനെതിരെ സംസാരിക്കുന്നത് തുടരും. കാരണം ഇത് ബിഹാറിന്റെ താൽപ്പര്യത്തിന് യോജിച്ചതല്ല,' പ്രശാന്ത് കിഷോർ നയം വ്യക്തമാക്കി.
ജാതിസമവാക്യത്തിൽ അടിതെറ്റുന്ന രാഷ്ട്രീയം
പ്രകടനപത്രികകളിൽ മാത്രം ഒതുങ്ങുന്ന രാഷ്ട്രീയ പോരാട്ടങ്ങൾ അപൂർവമായി മാത്രമേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ സംഭവിക്കാറുള്ളൂ. ജാതി, മത, സമുദായ സമവാക്യങ്ങളെ ഒത്തുചേർത്ത് ഒരുതരം 'സർക്കസ്സാ'യി പലപ്പോഴും മഹാതിരഞ്ഞെടുപ്പുകൾ മാറാറുമുണ്ട്. ഒരു വോട്ടറെ സംബന്ധിച്ച് വോട്ട് ചെയ്യാനുള്ള കാരണങ്ങൾ വികസനമോ പ്രത്യയശാസ്ത്രമോ എന്നതിനപ്പുറം, സമുദായവും ജാതിയും കയറിവരുന്നിടത്ത് കാര്യങ്ങൾ മാറിമറയുന്നു.
യാദവ വിഭാഗത്തിൽപ്പെട്ടവരിലും മുസ്ലിം വോട്ടുകളിലുമാണ് ആർ.ജെ.ഡി പ്രതീക്ഷയർപ്പിക്കുന്നത്. ഇ.ബി.സി വിഭാഗത്തിൽപ്പെട്ടവരും കുർമി വിഭാഗത്തിൽപ്പെട്ടവരുമാണ് ജെ.ഡി.യുവിന്റെ ശക്തി. ബി.ജെ.പി.യും തങ്ങളുടെ ശക്തിയായ ജാതിവോട്ടുകളെ ചേർത്തുപിടിക്കുന്നു. പാസ്വാൻ വോട്ടുകൾ തങ്ങളുടേതെന്ന് ലോക് ജനശക്തി പാർട്ടിയും ജിതൻ റാം മാഞ്ചിയുടെ പേരിൽ ദളിതർ തങ്ങളുടെയൊപ്പമാണെന്ന് ഹിന്ദുസ്ഥാനി അവാം മോർച്ചയും അവകാശപ്പെടുന്നു.
ഈ രീതിയിൽ കുഴഞ്ഞുമറഞ്ഞിരിക്കുന്ന രാഷ്ട്രീയ സാഹചര്യത്തിലേക്കാണ് ജൻ സുരാജ് പാർട്ടിയുടെ വരവ്. ജാതിയുടെ അടിത്തറയോ വിശ്വസിക്കാനാകുന്ന വോട്ട് ബാങ്കുകളോ ഇവർക്കില്ല. രാഷ്ട്രീയപരമായ തിരഞ്ഞെടുപ്പിന് ജാതി ഇപ്പോഴും ഒരളവുകോലാകുന്ന സംസ്ഥാനത്തെ സംബന്ധിച്ച് ജൻ സുരാജ് പാർട്ടിക്കോ ആശയത്തിലൂന്നിയുള്ള നയങ്ങൾക്കോ ശക്തമായ കോളിളക്കം സൃഷ്ടിക്കാൻ ഈ സമയം മതിയാകില്ല.
ഒരുപക്ഷേ, വരുംകാലങ്ങളിൽ വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരുകൂട്ടം വോട്ടർമാരെ ഉയർത്തിക്കൊണ്ടുവരാൻ ഈ ആശയത്തിന് സാധിച്ചേക്കാം. അതുകൊണ്ടുതന്നെ പദയാത്രയിൽ തുടങ്ങി ഇങ്ങോട്ടുള്ള പ്രശാന്ത് കിഷോറിന്റെ യാത്ര ഒറ്റനോട്ടത്തിൽ വലിയ രാഷ്ട്രീയ വിജയമല്ലാതിരിക്കുമ്പോഴും ആശയങ്ങൾ ചർച്ച ചെയ്യുന്ന ഒരു പുത്തൻ തിരഞ്ഞെടുപ്പ് വേദി ഉയർത്തിക്കൊണ്ടുവരാനുള്ള ശ്രമം കയ്യടി അർഹിക്കുന്നു.
‘സമ്പന്നർ’ എതിരാളികൾ
ബിഹാറിൽ ബിജെപിയ്ക്കോ ആർജെഡിയ്ക്കോ ജെഡിയുവിനോ ഉള്ളതുപോലെ സുസജ്ജമായ സംഘടനാ സംവിധാനങ്ങൾ അവകാശപ്പെടാനാകുന്ന പാർട്ടിയല്ല ജൻ സുരാജ് പാർട്ടി. പദയാത്രകളിലൂടെ താഴെത്തട്ടിൽ ബന്ധങ്ങൾ സ്ഥാപിക്കാൻ കഴിഞ്ഞാൽപ്പോലും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് അടുക്കുമ്പോൾ പാർട്ടിയെ സംബന്ധിച്ച് ഇത് വലിയ പരീക്ഷണമായിരുന്നു.
ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ സഖ്യത്തെ സംബന്ധിച്ച് പണം ഒരു പ്രശ്നമല്ല. താഴെത്തട്ടിൽ പ്രവർത്തിക്കാൻ ആർഎസ്എസ് പ്രവർത്തകർ, ഡാറ്റാ അനലിറ്റിക്സ് എന്നുതുടങ്ങി ഒരു പാർട്ടിക്കാവശ്യമായ എല്ലാ സാങ്കേതിക സൗകര്യങ്ങളും ഇന്ന് അവർക്കുണ്ട്. ഹിന്ദുത്വവാദ രാഷ്ട്രീയത്തിനുപുറമെ ഗുണഭോക്തൃ പദ്ധതികളും ബിജെപിക്ക് ബിഹാറിൽ കാര്യങ്ങൾ അനുകൂലമാക്കിയിട്ടുണ്ടാകാം. പിഎം കിസാൻ, ഉജ്ജ്വല ഗ്യാസ് കണക്ഷൻ, ആയുഷ്മാൻ ഭാരത് എന്നീ പദ്ധതികൾ ബിജെപി ബാലറ്റിലേക്ക് വോട്ടുകളെത്തിച്ചേക്കാമെന്ന് നേരത്തെ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ബജറ്റിലും ബിഹാറിന് ആവശ്യമായ പരിഗണന ലഭിച്ചിരുന്നു.
ആർജെഡിയുടെ കാര്യമാണെങ്കിലോ, സംഘടനാബലവും ബിഹാറിലെ ഓരോ ഗ്രാമത്തിലും പ്രവർത്തകരുമുള്ള പാർട്ടിയാണ് ആർജെഡി. തേജസ്വി യാദവിനെപ്പോലുള്ള രാഷ്ട്രീയ നേതാക്കളെ വെല്ലുവിളിക്കാൻ മാത്രം പ്രശാന്ത് കിഷോർ എന്ന 'രാഷ്ട്രീയക്കാരൻ' വളർന്നോ എന്ന ചോദ്യവും പാർട്ടിക്കുമുന്നിലുണ്ടായിരുന്നു. ബിഹാറിന്റെ പ്രാദേശിക സ്വത്വത്തിലും വികസനസ്വപ്നങ്ങളിലും കേന്ദ്രീകരിക്കാനായിരുന്നു പ്രശാന്ത് തുടക്കംമുതലേ ലക്ഷ്യമിട്ടത്. തികഞ്ഞ മതേതരത്വം പാലിച്ചുകൊണ്ട് തിരഞ്ഞെടുപ്പ് പ്രചാരണം മുന്നേറി. എന്നാൽ, എൻഡിഎയെയും മഹാസഖ്യത്തെയും വെല്ലുവിളിക്കാൻ ഇത് മതിയായിരുന്നില്ല.
അതിനാൽ, ഇനിയുള്ള കാലഘട്ടത്തിൽ സംഘടനാപരമായ ശേഷിയിൽ കാര്യമായ മുന്നേറ്റം വരുത്താൻ ജെഎസ്പിക്ക് സാധിച്ചില്ലെങ്കിൽ പാർട്ടിയുടെ മുന്നോട്ട് പോക്ക് വിഷമത്തിലാകും. പ്രത്യയശാസ്ത്രത്തിലും ക്ഷേമപദ്ധതികളുടെ കാര്യത്തിലും ഈ നവീകരണം അത്യാവശ്യമാണ്.
പ്രചാരണത്തിലെ അച്ചടക്കവും കൃത്യതയുമായിരുന്നു പ്രശാന്ത് കിഷോറിന്റെ തന്ത്രത്തിന്റെ അടിസ്ഥാനം. സ്ഥാനാർഥി നിർണയത്തിലും അദ്ദേഹം വലിയ പങ്കുവഹിച്ചു. ഇതേ അച്ചടക്കമായിരിക്കാം ഇന്ത്യൻ രാഷ്ട്രീയത്തിലെ പ്രമുഖർക്കെല്ലാം, അധികാരത്തിലേക്കുള്ള വാതിൽ തുറക്കണമെങ്കിൽ ഒപ്പം പ്രശാന്ത് വേണമെന്ന് തോന്നിപ്പിച്ച ഘടകം. വിശ്വസ്തരായ കേഡർമാരും രാഷ്ട്രീയ പിൻബലവുമുള്ള നേതാക്കന്മാരുടെ വിജയത്തിൽ പലതവണ അദ്ദേഹം നിർണായകമായിട്ടുണ്ട്.
എന്നാൽ, ഇന്ത്യൻ രാഷ്ട്രീയത്തിലെ അധികാരത്തിന്റെ ഇടനാഴികളിലേക്ക് കയറിച്ചെല്ലണമെങ്കിൽ ഈ കാര്യക്ഷമത മാത്രം മതിയാകില്ലെന്ന തിരിച്ചറിവാകും ഇപ്പോൾ അദ്ദേഹത്തിന്. രാഷ്ട്രീയത്തിന്റെ പിന്നിലെ ബുദ്ധികേന്ദ്രമാകുന്നതും മുഖമാകുന്നതും തമ്മിലുള്ള അന്തരം അദ്ദേഹം പ്രതീക്ഷിച്ചതിലുമപ്പുറമായിരിക്കാം.
Content Highlights: Prashant Kishor`s Jan Suraaj Party (JSP) loses its early leads in Bihar Assembly Elections 2025 counting, defying exit poll predictions. Get the latest updates.
Published: 14 Nov 2025, 12:35 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented