നിതീഷിന്റെ ക്യാപ്റ്റന്‍സിയില്‍ എക്‌സിറ്റ് പോള്‍ ഫലങ്ങളേയും കവച്ചുവെച്ച് മൂന്നില്‍ രണ്ട് ഭൂരിക്ഷത്തോടെ എന്‍ഡിഎക്ക് ബിഹാറില്‍ ചരിത്രവിജയം. ഇരുപതുകൊല്ലത്തെ നിതീഷ് രാജിന് ഫുള്‍സ്റ്റോപ്പ് ഇടാന്‍ കച്ചമുറുക്കി കളത്തിലിറങ്ങിയ മഹാഗഢ്ബന്ധന് അമ്പേ അടിപതറി. ഭരണത്തിലെ പോരായ്മകള്‍ക്ക് പുറമെ എസ്ഐആര്‍, വോട്ട് മോഷണം തുടങ്ങിയ ആരോപണമെല്ലാം ഉയര്‍ത്തി മഹാസഖ്യം പ്രചാരണം കൊഴുപ്പിച്ചെങ്കിലും നിതീഷിനും എന്‍ഡിഎയ്ക്കുംമേല്‍ അത് ഒരുപോറല്‍ പോലും ഏല്‍പിച്ചില്ല. പകരം സ്വന്തം തകര്‍ച്ചയ്ക്ക് സാക്ഷിയാകേണ്ടിയും വന്നു.

To advertise here,

എന്‍ഡിഎയുടെ വിജയത്തിന് പിന്നില്‍

കേന്ദ്രത്തിലും സംസ്ഥാനത്തും ഡബിള്‍ എന്‍ജിന്‍ സര്‍ക്കാര്‍ എന്നതായിരുന്നു എന്‍ഡിഎയുടെ പ്രചാരണം. അത് മികച്ച ആസൂത്രണത്തിലൂടെ ബിജെപി-ജെഡിയു ക്യാമ്പുകള്‍ നടപ്പാക്കുന്നതാണ് ബിഹാറില്‍ കണ്ടത്. നിതീഷ് കുമാറിനൊപ്പം കാലങ്ങളായി ഉറച്ചുനില്‍ക്കുന്ന ഇബിസി (എക്‌സ്ട്രീം ബാക്ക്വേഡ് ക്ലാസ്) വോട്ടും സ്ത്രീകളുടെ വോട്ടും ബിജെപിയുടെ വോട്ടുബാങ്കും ചേര്‍ന്ന് വിജയം സുനിശ്ചിതമാക്കി. 20 കൊല്ലം തുടര്‍ച്ചയായി മുഖ്യമന്ത്രിപദത്തിലിരിക്കുന്ന ഒരു നേതാവിനെതിരേ വികാരം ഉയരാമെങ്കിലും അതിനെ ഇലക്ഷന്‍ എന്‍ജിനീയറിങ്ങിലൂടെ ഇല്ലാതാക്കാനും എന്‍ഡിഎയ്ക്കു കഴിഞ്ഞു. പ്രതിപക്ഷം അധികാരത്തിലെത്തിയാല്‍ ജംഗിള്‍ രാജ് മടങ്ങിവരുമെന്ന് എന്‍ഡിഎ ആവര്‍ത്തിച്ചു. ആര്‍ജെഡി നേതാവ് തേജസ്വി യാദവിനെ ബിഹാര്‍ മുഖ്യമന്ത്രിയാക്കാനാണ് ലാലു പ്രസാദ് യാദവിന്റെ മോഹമെന്നും മകന്‍ രാഹുലിനെ പ്രധാനമന്ത്രിയാക്കാനാണ് സോണിയാ ഗാന്ധി ആഗ്രഹമെന്നും എന്നാല്‍ ഈ രണ്ട് കസേരകളും ഒഴിവില്ലെന്ന് അമിത് ഷാ വിമര്‍ശിച്ചതും ഓര്‍മിക്കേണ്ടതാണ്. ജംഗിള്‍ രാജ്, കുടുംബാധിപത്യം, അഴിമതി തുടങ്ങി പ്രതിപക്ഷത്തെ മുറിപ്പെടുത്താനുള്ള സകല ശരങ്ങളും മഹാഗഢ്ബന്ധനും അതിന്റെ നേതാക്കള്‍ക്കും നേരെ എന്‍ഡിഎയുടെ കോട്ടകളില്‍നിന്ന് തൊടുക്കപ്പെട്ടു, അവ ലക്ഷ്യം കാണുകയും ചെയ്തു.

ബിജെപി, ജെഡിയു, എല്‍ജെപി (രാം വിലാസ്), ജിതന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോര്‍ച്ച, ഉപേന്ദ്ര കുശ്വാഹയുടെ രാഷ്ട്രീയ ലോക് മോര്‍ച്ച എന്നിവരാണ് എന്‍ഡിഎ സഖ്യമായി തിരഞ്ഞെടുപ്പിനിറങ്ങിയത്. 101 സീറ്റുകളില്‍വീതമാണ് ബിജെപിയും ജെഡിയുവും മത്സരിച്ചത്. നിതീഷ് കുമാറിന്റെ നേതൃത്വത്തിലാണ് എന്‍ഡിഎ തിരഞ്ഞെടുപ്പിനെ  നേരിടുന്നതെന്ന് ബിജെപി ദേശീയനേതാക്കള്‍ പ്രചാരണവേളയില്‍ ആവര്‍ത്തിച്ചു. നിതീഷ് കുമാറിന്റെ സ്വീകാര്യതയെ കാപ്പിറ്റലൈസ് ചെയ്യുക എന്നതായിരുന്നു ഇതിലൂടെ നടന്നത്. നിതീഷിനെ പോലെ മറ്റൊരു നേതാവ് ജെഡിയുവില്‍ ഇല്ലെന്നതും അന്തരിച്ച സുശീല്‍ മോദിയെ പോലെ തലപ്പൊക്കമുള്ള മറ്റൊരു നേതാവ് ബിജെപിക്ക് സംസ്ഥാനത്തില്ലായെന്നതും വാസ്തവമാണ്. അതിനാല്‍തന്നെ ചേര്‍ന്നുനിന്ന് പോരാട്ടത്തിനിറങ്ങുക എന്നതായിരുന്നു എന്‍ഡിഎയ്ക്ക് മുന്നിലുണ്ടായിരുന്ന ബെസ്റ്റ് ഓപ്ഷന്‍. അത് പ്രയോഗിച്ചപ്പോള്‍ വിജയം കൂടെപ്പോന്നു. മുന്‍ തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് പോളിങ് ശതമാനവും സ്ത്രീകളുടെ വോട്ടിങ് ശതമാനവും ഉയര്‍ന്നു രേഖപ്പെടുത്തിയ തിരഞ്ഞെടുപ്പായിരുന്നു ഇത്തവണത്തേത്. സ്ത്രീകളുടെ വോട്ടിങ് ശതമാനം വര്‍ധിക്കുന്നത് നേട്ടമാവുക നിതീഷ് സര്‍ക്കാരിനായിരിക്കുമെന്ന് വിലയിരുത്തപ്പെട്ടിരുന്നു. അത് സംഭവിച്ചുവെന്നാണ് ഈ തിരഞ്ഞെടുപ്പുഫലം വ്യക്തമാക്കുന്നത്.

നിതീഷ് ഫാക്ടര്‍

ബിഹാറില്‍ എന്തെങ്കിലുംവിധത്തില്‍ നിതീഷിന് അടിപതറിയാല്‍ അത് ഡല്‍ഹിയിലെ എന്‍ഡിഎ സര്‍ക്കാരിന്റെ നിലനില്‍പ്പിനെയും സാരമായി ബാധിച്ചേക്കാമായിരുന്നു. രാഷ്ട്രീയത്തില്‍ ചാഞ്ഞും ചെരിഞ്ഞും പിന്നെ മലക്കംചാടിയും എതിരാളികളെയും ഒപ്പംനില്‍ക്കുന്നവരെയും ഞെട്ടിക്കുന്ന പാരമ്പര്യത്തിനുടമയാണ് നിതീഷ്. ആ നിതീഷിനെ ഒപ്പംകൂട്ടിയാണ് മൂന്നാംമോദി സര്‍ക്കാര്‍ 2024-ല്‍ നിലവില്‍ വന്നത്. കഴിഞ്ഞ തവണ നിതീഷിനെ ഒതുക്കാനായിരുന്നു ബിജെപിയുടെ ശ്രമമെങ്കില്‍ ദേശീയതലത്തിലെ ഭീഷണി തലക്ക് മുകളിലുള്ളത് കൊണ്ട് ഇത്തവണ അത്തരമൊരു ഉദ്യമത്തിന് ബിജെപി മുതിര്‍ന്നില്ല.

നിതിഷീന് മുഖ്യമന്ത്രിപദം നിഷേധിച്ചാല്‍ മോദിയുടെ തന്നെ ഭാവി തുലാസിലാകുമായിരുന്നു. അതിനാല്‍തന്നെ നിതീഷിനെ അംഗീകരിച്ചുകൊണ്ടുള്ള നീക്കത്തിനാണ് ഇത്തവണ ബിജെപി ശ്രമിച്ചത്. ആ തിരിച്ചറിവിലൂന്നിത്തന്നെയായിരുന്നു ബിഹാറിലെ ബിജെപിയുടെ നീക്കവും. എന്‍ഡിഎയിലെ പ്രമുഖരായ ജെഡിയുവും ബിജെപിയും 101 സീറ്റുകളില്‍ വീതമാണ് മത്സരിച്ചത്. തിരഞ്ഞെടുപ്പുപോരാട്ടം, നിതീഷ് കുമാറിന് കീഴിലാണെന്ന് നരേന്ദ്ര മോദിയും അമിത് ഷാ ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ പ്രചാരണകാലത്ത് ആവര്‍ത്തിക്കുന്നത് വെറുതെയായിരുന്നില്ല എന്നത് ഫലം വന്നപ്പോള്‍ വ്യക്തമായി.

എസ്‌ഐആറും വോട്ട് മോഷണ ആരോപണവും ബാധിച്ചില്ല

ബിഹാറിലെ വോട്ടര്‍ പട്ടിക പരിഷ്‌കരണ നടപടിയായ എസ്‌ഐആര്‍ സര്‍ക്കാരിനെയടിക്കാന്‍ പ്രതിപക്ഷം ഉപയോഗിച്ച വടിയായിരുന്നെങ്കിലും അത് തിരഞ്ഞെടുപ്പില്‍ വലിയ ചലനം സൃഷ്ടിച്ചില്ല. മാത്രമല്ല, രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ വോട്ട് മോഷണ ആരോപണവും തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയായില്ല. ഹരിയാണ തിരഞ്ഞെടുപ്പില്‍ വലിയ ക്രമക്കേടുകള്‍ നടന്നെന്ന് ആരോപിച്ച് രാഹുല്‍ ഗാന്ധി വാര്‍ത്താസമ്മേളനം നടത്തിയത് ബിഹാറിലെ ആദ്യഘട്ട വോട്ടെടുപ്പ് ദിനമായ നവംബര്‍ ആറിന് തൊട്ടുതലേന്നായിരുന്നു. എന്നാല്‍ ബിഹാറിലെ പോളിങ് ബൂത്തുകളില്‍ എസ്‌ഐആറോ വോട്ട് മോഷണമോ വിഷയമേ ആയില്ലെന്നാണ് തിരഞ്ഞെടുപ്പു ഫലം കാണിച്ചുതരുന്നത്.

മഹാഗഢ്ബന്ധന് പിഴച്ചതെവിടെ

ആര്‍ജെഡി, കോണ്‍ഗ്രസ്, സിപിഐ, സിപിഎം, സിപിഐ(എംഎല്‍), മുകേഷ് സാഹ്നിയുടെ വികാസ് ശീല്‍ ഇന്‍സാന്‍ പാര്‍ട്ടി, ഇന്ദ്രജീത് പ്രസാദ് ഗുപ്തയുടെ ഇന്ത്യന്‍ ഇന്‍ക്ലുസീവ് പാര്‍ട്ടി തുടങ്ങിയവയായിരുന്നു മഹാഗഢ്ബന്ധനിലുണ്ടായിരുന്നത്. ആര്‍ജെഡിയുടെയും അവരുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി തേജസ്വി യാദവിന്റെയും കരുത്തിലായിരുന്നു ഈ സഖ്യത്തിന്റെ നിലനില്‍പ്പ്. യുവ വോട്ടര്‍മാര്‍ക്കിടയിലെ തേജസ്വിയുടെ സ്വീകാര്യതയും മറ്റും വോട്ടായി മാറുമെന്ന് പ്രതീക്ഷിക്കപ്പെട്ടുവെങ്കിലും അത് നടന്നില്ല. താരതമ്യേന ദുര്‍ബലമായ കോണ്‍ഗ്രസും ചില മേഖലകളില്‍ മാത്രം ഒതുങ്ങിയ മറ്റു പാര്‍ട്ടികളും ചേര്‍ന്ന് മഹാഗഢ്ബന്ധനായി തിരഞ്ഞെടുപ്പിനിറങ്ങിയെങ്കിലും വിജയിക്കാനായില്ല. മുസ്ലിം-യാദവ (എം-വൈ) വോട്ടുബാങ്കിനെ ആശ്രയിച്ചുനിന്ന ആര്‍ജെഡിക്ക് ഇക്കാലങ്ങളില്‍ അവരുടെ അടിത്തറ വിപുലപ്പെടുത്താന്‍ കഴിയാതെ പോയതും പരാജയത്തിന്റെ കാരണമാണ്. മാത്രമല്ല, ജന്‍ സുരാജ് പാര്‍ട്ടിയും ഒവൈസിയുടെ എഐഎംഐഎമ്മും ആര്‍ജെഡിയുടെയും കോണ്‍ഗ്രസിന്റെയും വോട്ടുബാങ്കില്‍ വിള്ളല്‍ വീഴ്ത്തി. ഇത് എന്‍ഡിഎയ്ക്ക് ഗുണകരമായി മാറുകയും ചെയ്തു.

സ്വാധീന മേഖലകള്‍ക്ക് പുറത്ത് അതീവദുര്‍ബമായിരുന്നു ആര്‍ജെഡിയുടെ സംഘടനാശക്തി. കോണ്‍ഗ്രസിന്റെ സംഘടനാബലവും ദുര്‍ബലമായിരുന്നു.

സഖ്യമായിരിക്കെ തന്നെ പതിനഞ്ചോളം സീറ്റില്‍ ഇന്ത്യാസഖ്യത്തിലെ പാര്‍ട്ടികള്‍ തമ്മില്‍ സൗഹൃദ മത്സരം നടന്നതും വിനയായി. മുകേഷ് സാഹ്നിയെ ഉപമുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി അവതരിപ്പിച്ച് നിഷാദ് സമുദായത്തിന്റെയും മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ വോട്ട് ബാങ്ക് പ്രതീക്ഷിച്ചെങ്കിലും അത് വോട്ടായി മാറിയില്ല. തുടക്കത്തില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി തേജസ്വിയെ ഉയര്‍ത്തിക്കാട്ടാന്‍ കോണ്‍ഗ്രസ് വിസമ്മതിച്ചതും അശോക് ഗഹലോത്ത് ഇടപെട്ട് മഞ്ഞുരുക്കിയതും എല്ലാം ജനം കണ്ടു. കഴിഞ്ഞ തവണ 70 സീറ്റില്‍ മത്സരിച്ച് കേവലം 19 സീറ്റിലാണ് കോണ്‍ഗ്രസിന് ജയിക്കാനായത്. ഇത്തവണ തിരിച്ചടി അതിന്റെ ഇരട്ടിയായി. നിതീഷ് എന്‍ഡിഎ സഖ്യത്തിന് മുന്നില്‍ കീഴടങ്ങുമ്പോള്‍ ബിഹാറിന്റെ ജാതിരാഷ്ട്രീയത്തില്‍ യാദവ-മുസ്ലിം വോട്ടുബാങ്കിനപ്പുറത്തേക്ക് തേജസ്വിക്കും ആര്‍ജെഡിക്കും വളരാന്‍ കഴിയുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. .

പോളിങ്

റെക്കോഡ് പോളിങ്ങായിരുന്നു ഇക്കുറി രേഖപ്പെടുത്തിയത്, 66.91 ശതമാനം. രണ്ടുഘട്ടമായി നടന്ന തിരഞ്ഞെടുപ്പില്‍ ആദ്യ ഘട്ടത്തില്‍ 65.08 ശതമാനവും രണ്ടാംഘട്ടത്തില്‍ 68.76 ശതമാനവുമായിരുന്നു പോളിങ്. 2020-ല്‍ ഇത് 57.29 ശതമാനമായിരുന്നു, അതായത് 9.62 ശതമാനത്തിന്റെ വര്‍ധന. പുരുഷന്മാരെക്കാള്‍ കൂടുതല്‍ സ്ത്രീകള്‍ വോട്ട് രേഖപ്പെടുത്തി. 71.6 ശതമാനമായിരുന്നു സ്ത്രീകളുടെ പോളിങ് ശതമാനം. പുരുഷന്മാരുടേതാകട്ടെ, 62.8 ശതമാനവും. സ്ത്രീകളുടെ വോട്ടിങ് ശതമാനം കൂടുന്നത് സ്വാഭാവികമായും നിതീഷിന് ഗുണം ചെയ്യും എന്ന കണക്കുകൂട്ടലും തെറ്റിയില്ല. 20 കൊല്ലത്തെ ഭരണകാലയളവില്‍ സ്ത്രീകളെ ലക്ഷ്യംവെച്ചുള്ള നിരവധി ക്ഷേമപദ്ധതികള്‍ നിതീഷ് സര്‍ക്കാര്‍ നടപ്പില്‍ വരുത്തിയിരുന്നു.