അവസാനഘട്ടത്തിലെത്തിയപ്പോള്‍ പിരിമുറുക്കമേറിയ മത്സരമാണ് ബിഹാറിന്റെ മണ്ണ് കാഴ്ചവയ്ക്കുന്നത്.

നിതീഷ് കുമാര്‍, തേജസ്വി യാദവ്
പല കാരണങ്ങളാല്‍ എല്ലാവര്‍ക്കും ജയിക്കേണ്ട യുദ്ധമാണ് ബിഹാറില്‍ അരങ്ങേറുന്നത്. രണ്ടാംഘട്ടം വോട്ടെടുപ്പ് ചൊവ്വാഴ്ച പൂര്‍ത്തിയാകുമ്പോള്‍, ബിഹാറിന്റെ അഭിപ്രായം രേഖപ്പെടുത്തിക്കഴിയും. 122 മണ്ഡലങ്ങളാണ് അവസാനഘട്ടത്തില്‍ വിധിയെഴുതുന്നത്. ഫലം സംസ്ഥാന രാഷ്ട്രീയത്തിന് മാത്രമല്ല, ദേശീയ രാഷ്ട്രീയത്തിനും നിര്‍ണായകം.
അവസാനഘട്ടത്തിലെത്തിയപ്പോള്‍ പിരിമുറുക്കമേറിയ മത്സരമാണ് ബിഹാറിന്റെ മണ്ണ് കാഴ്ചവയ്ക്കുന്നത്. വോട്ടെടുപ്പിന്റെ രണ്ടാം ഘട്ടമെത്തിയപ്പോള്‍ വികാസും (വികസനം) ബദ്‌ലാവോ (മാറ്റം)യുമാണ് ബിഹാറില്‍ മുന്നണികള്‍ ചര്‍ച്ചക്കായിയ പ്രധാന വിഷയങ്ങള്‍.
രണ്ട് ഘട്ടങ്ങളിലായി രണ്ട് തരം മേഖലകളാണ് ബിഹാറില്‍ വോട്ട് രേഖപ്പെടുത്തുന്നത്. ഭൂമിശാസ്ത്രപരമായും രാഷ്ട്രീയപരമായും ജാതിഘടനകളുടെ അടിസ്ഥാനത്തിലും രണ്ട് സ്വഭാവമാണ് ഈ മേഖലകള്‍ക്ക്. അതിനാല്‍ വ്യത്യസ്ത സമീപനങ്ങളാണ് പാര്‍ട്ടികളും മുന്നണികളും ഇരുമേഖലകള്‍ക്കുമായി സ്വീകരിക്കുന്നത്. ഒന്നാം ഘട്ടത്തില്‍ വോട്ട് ചെയ്തത് ബിഹാറിന്റെ വളരെ ഉള്‍പ്രദേശങ്ങളിലെ മണ്ഡലങ്ങളായിരുന്നു. ഈ ഘട്ടത്തില്‍ വികസനം, ജാതിസമവാക്യങ്ങള്‍, ജനക്ഷേമം, അടിസ്ഥാന സൗകര്യം, ഭരണം എന്നീ വിഷയങ്ങളാണ് തിരഞ്ഞെടുപ്പ് വേദികളില്‍ ചര്‍ച്ചയായത്. എന്നാല്‍ രണ്ടാം ഘട്ടത്തില്‍ വോട്ട് രേഖപ്പെടുത്തുന്നത് അതിര്‍ത്തി ജില്ലകളും മണ്ഡലങ്ങളുമാണ്.
പിന്നാക്കാവസ്ഥ രൂക്ഷമായ ഈ മേഖലകളില്‍ വരുമാനമാര്‍ഗങ്ങളും തൊഴിലവസരങ്ങളും കമ്മിയാണ്. അതിനാല്‍, തൊഴിലില്ലായ്മയും തൊഴിലിനായുള്ള കുടിയേറ്റങ്ങളും സുരക്ഷയുമാണ് പ്രധാന ചര്‍ച്ചാവിഷയങ്ങളായത്. എന്നാല്‍ സീമാഞ്ചല്‍ ഉള്‍പ്പടെയുള്ള ന്യൂനപക്ഷ മേഖലകല്‍ ഇതിന് പുറമെ ഹിന്ദുവോട്ടുകളുടെ ഏകീകരണം ലക്ഷ്യമിട്ട് നുഴഞ്ഞുകയറ്റവും ജനസംഖ്യാ മാറ്റങ്ങളും ബി.ജെ.പി ഉയര്‍ത്തിയിട്ടുണ്ട്. ഒരു മുസ്ലിം സ്ഥാനാര്‍ഥിയെപ്പോലും മത്സരിപ്പിക്കാത്ത ബി.ജെ.പിയുടെ തന്ത്രപരമായ സമീപനം ഇവിടെ ദൃശ്യമാണ്. സീമാഞ്ചല്‍ മേഖലയിലെ 24 നിയമസഭാ മണ്ഡലങ്ങള്‍ രണ്ടാം ഘട്ടത്തിലാണ് വിധിയെഴുതുന്നത്.
പ്രചരണ രംഗം
അടിസ്ഥാന സൗകര്യരംഗത്തും വാണിജ്യ-വ്യാപാര രംഗങ്ങളിലും ബിഹാറില്‍ സമീപകാലത്തുണ്ടായ വികസനമാണ് എന്‍.ഡി.എ ഉയര്‍ത്തുന്ന പ്രചരണകാര്‍ഡ്. ഇതിന്റെ തുടര്‍ച്ചയ്ക്കായി എന്‍.ഡി.എ സര്‍ക്കാര്‍ വോട്ട് ചോദിക്കുമ്പോള്‍ ഭരണവിരുദ്ധ വികാരം ഉന്നയിച്ച് അഴിമതി, തൊഴിലില്ലായ്മ തുടങ്ങിയ ബിഹാറിന്റെ അടിസ്ഥാന പ്രശ്നങ്ങളിലാണ് മഹാസഖ്യത്തിന്റെ ഊന്നല്‍. നിതീഷ് കുമാറിന്റെ പ്രായാധിക്യം ചൂണ്ടിക്കാട്ടി യുവത്വമാണ് ഇനി ബിഹാറിനെ നയിക്കേണ്ടതെന്ന യുവതലമുറയെ ഓര്‍മിപ്പിച്ചാണ് ആര്‍.ജെ.ഡി.യുടെ പ്രചരണം. എന്നാല്‍ വ്യക്തിപരമായി അഴിമതി രഹിത പ്രതിച്ഛായയുള്ള നിതീഷ് കുമാറിന്റെ 20 വര്‍ഷത്തെ ഭരണനേട്ടങ്ങളും സ്ത്രീവോട്ടര്‍മാര്‍ക്കിടയിലും അതിദളിതര്‍ക്കിടയിലുമുള്ള സ്വാധീനം വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് ഭരണപക്ഷം.
പ്രചരണരംഗത്ത് പ്രത്യക്ഷത്തില്‍ എന്‍.ഡി.എയ്ക്കാണ് മുന്‍തൂക്കം. ഇത് വോട്ടായി മാറുമെങ്കില്‍ ഭരണത്തുടര്‍ച്ചയാണ് ജനങ്ങളുടെ ആഗ്രഹം. എന്നാല്‍ ഉള്‍ഗ്രാമങ്ങളില്‍ വോട്ടുറപ്പിച്ച് ആര്‍.ജെ.ഡി.യും മഹാസഖ്യവും നടത്തുന്ന പ്രചരണത്തിനൊപ്പം ജനങ്ങള്‍ നിലയുറപ്പിച്ചാല്‍,ഫലം മറിച്ചാകും. ഈ രണ്ട് മുന്നണികളുടെ ജയപരാജയങ്ങള്‍ നിശ്ചയിക്കുന്നതില്‍ പതിവു പോലെ ജാതിസമവാക്യങ്ങള്‍ പ്രധാനമാണ്. ഒപ്പം ചെറുകിട പാര്‍ട്ടികളുടെ രംഗപ്രവേശവും ഒരളവ് വരെ സ്വാധീനം ചെലുത്തും.
മജ്‌ലിസ് പാര്‍ട്ടി നേതാവ് അസദുദ്ദീന്‍ ഒവൈസി നയിക്കുന്ന ഗ്രാന്‍ഡ് ഡെമോക്രാറ്റിക് അലയന്‍സിന് പുറമെ പ്രശാന്ത് കിഷോര്‍ നേതൃത്വം നല്‍കുന്ന ജന്‍സൂരാജ് പാര്‍ട്ടിയുടെ സാന്നിധ്യവും ഇക്കുറി വോട്ട് രാഷ്ട്രീയത്തില്‍ ഘടകമാണ്.
മത്സരക്കളം
പുറമെ ബഹളങ്ങള്‍ കുറവെങ്കിലും അടിയൊഴുക്കുകള്‍ ബിഹാര്‍ രാഷ്ട്രീയത്തില്‍ ശക്തമാണ്. പുറമേയ്ക്ക് നിശബ്ദരായ വോട്ടര്‍മാര്‍ നിശ്ചയിച്ചുറച്ച രാഷ്ട്രീയമുള്ളവരാണ്. അടിമുടി രാഷ്ട്രീയമുള്ള ബിഹാറില്‍ ജാതിരാഷ്ട്രീയത്തിന്റെയും അധികാര വൈജാത്യങ്ങളുടെയും സമസ്യകളാണ് അടിത്തറ തീര്‍ക്കുന്നത്. ഇത്തരത്തില്‍ സങ്കീര്‍ണമായ മണ്ണില്‍ വികസന കാര്‍ഡുകളും സൗജന്യവാഗ്ദാനപ്രവാഹങ്ങളും അവകാശവാദങ്ങളും പാര്‍ട്ടികള്‍ മാറി മാറി പ്രയോഗിക്കുന്നു. ഒന്നാം ഘട്ടത്തില്‍ രേഖപ്പെടുത്തിയ റെക്കോര്‍ഡ് പോളിംഗും വനിതാ വോട്ടര്‍മാരുടെ വര്‍ധിച്ചസാന്നിധ്യവും പാര്‍ട്ടികളുടെയും മുന്നണികളുടെയും അവകാശവാദങ്ങള്‍ക്ക് ആക്കം കൂട്ടിയിട്ടുണ്ട്. പുറമെ ദൃശ്യമല്ലാത്ത തരംഗങ്ങള്‍ അകമെ പ്രവര്‍ത്തിക്കുന്നുണ്ടെന്ന സൂചനയാണ് റെക്കോര്‍ഡ് പോളിംഗ് നല്‍കുന്നത്.
1990 മുതല്‍ 2005 വരെ നീണ്ട ലാലു പ്രസാദ് യാദവിന്റെ ഭരണകാലത്തെ ജംഗിള്‍ രാജ് എന്നോര്‍മിപ്പിച്ചാണ് പ്രധാനമന്ത്രിയും മുഖ്യമന്ത്രി നിതീഷും പ്രചരണ വേദികളെ സമീപിച്ചത്. 15 വര്‍ഷം മുമ്പുണ്ടായിരുന്ന ബിഹാറാണോ ഇപ്പോഴുള്ളതെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍ വേദികളില്‍ ആവര്‍ത്തിച്ച് ചോദിച്ചത്, തന്റെ സര്‍ക്കാരിന്റെ റിപ്പോര്‍ട്ട് കാര്‍ഡ് അവതരിപ്പിച്ചു കൊണ്ടാണ്. എന്നാല്‍ പാലങ്ങള്‍ തൊഴില്‍ നല്‍കുമോയെന്നാണ് മഹാസഖ്യത്തിന്റെ മറു ചോദ്യം. തൊഴിലില്ലായ്മയാണ് ബിഹാറിന്റെ പ്രധാന പ്രശ്‌നമെന്നും അതിന് പരിഹാരം നല്‍കിയോയെന്നും സിപിഐഎംഎല്‍ ജനറല്‍ സെക്രട്ടറി ദീപാങ്കര്‍ ഭട്ടാചാര്യ ചോദിക്കുന്നു.
പ്രശാന്ത് കിഷോറും തൊഴിലില്ലായ്മയാണ് പ്രധാനമായും ഉന്നയിക്കുന്നത്. സംസ്ഥാനത്തെ യുവാക്കളെ ലക്ഷ്യമിട്ട് തൊഴില്‍ വാഗ്ദാനങ്ങള്‍ മുന്നണികള്‍ പ്രകടനപത്രികയില്‍ അണിനിരത്തിയത് ഈ പശ്ചാത്തലത്തിലാണ്. ഒരു കോടി തൊഴില്‍ എന്‍ഡിഎ വാഗ്ദാനം ചെയ്യുമ്പോള്‍, ഒരു കുടുംബത്തിലെ എല്ലാവര്‍ക്കും തൊഴില്‍ എന്നതാണ് മഹാസഖ്യത്തിന്റെ വാഗ്ദാനം.
സൗജന്യ വാഗ്ദാനങ്ങള്‍
മറ്റ് സംസ്ഥാനങ്ങള്‍ക്ക് സമാനമായി സൗജന്യവാഗ്ദാനങ്ങളുടെ പ്രവാഹമാണ് ഇക്കുറി ബിഹാറില്‍. ലേലം വിളിയുടെ ലാഘവത്തോടെ മുന്നണികള്‍ വാഗ്ദാനങ്ങള്‍ അവതരിപ്പിക്കുന്നു. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മുഖ്യമന്ത്രി മഹിളാ റോസ്ഗാര്‍ യോജന പ്രകാരം സ്ത്രീകള്‍ക്ക് പതിനായിരം രൂപ വീതം നല്‍കിക്കൊണ്ട് നിതീഷ് കുമാറാണ് ഈ പ്രവാഹത്തിന് തുടക്കമിട്ടത്. പതിനായിരം രൂപ സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടുകളിലെത്തിയത് താഴെത്തട്ടില്‍ രാഷ്ട്രീയ സന്ദേശത്തോടൊപ്പമാണ്. സംസ്ഥാനത്തെ 1.25 കോടി സ്ത്രീകള്‍ക്ക് തുക വിതരണം ചെയ്തു കഴിഞ്ഞെന്ന് സര്‍ക്കാര്‍ പ്രതിനിധികള്‍ പറയുന്നു. നിലവിലുള്ള നിതീഷിന്റെ വോട്ട് ബാങ്കിനെ വിപുലീകരിക്കാന്‍ ഈ പ്രഖ്യാപനം സഹായമായിട്ടുണ്ടെന്നാണ് താഴെത്തട്ടില്‍ നിന്ന് ലഭിക്കുന്ന സൂചനകള്‍. ഇതിന് ബദലായി തങ്ങള്‍ അധികാരത്തിലെത്തിയാല്‍ എല്ലാ വര്‍ഷവും ജനവരി 14 ന് മുപ്പതിനായിരം രൂപ വീതം നല്‍കുമെന്ന വാഗ്ദാനമാണ് മഹാസഖ്യം നല്‍കിയത്.
മദ്യനിരോധനത്തിന്റെ സാമൂഹ്യനേട്ടങ്ങള്‍ എന്‍ഡിഎ പ്രചരണ വിഷയമാക്കിയപ്പോള്‍, പാവപ്പെട്ടവരുടെ ജീവിതമാര്‍ഗമായ നാടന്‍ കള്ള് നിരോധനത്തിന്റെ പരിധിയില്‍ നിന്ന് നീക്കുമെന്ന് തേജസ്വി വാഗ്ദാനം ചെയ്യുന്നു. മദ്യനിരോധനം പൂര്‍ണമായി പിന്‍വലിക്കുമെന്നാണ് ഭരണത്തിന്റെ ബാധ്യതകളില്ലാത്ത പ്രശാന്ത് കിഷോറിന്റെ പ്രഖ്യാപനം. അതെ സമയം, കോണ്‍ഗ്രസ് മുന്നോട്ടുവെച്ച വോട്ട് കൊള്ള വിഷയം താഴെത്തട്ടില്‍ കാര്യമായ ചർച്ചയായില്ല.
എന്തു കൊണ്ട് നിര്‍ണായകം?
വടക്കന്‍ ബിഹാറിലെ സീതാമഡിയില്‍ തന്റെ തിരഞ്ഞടുപ്പ് പ്രചരണം പ്രധാനമന്ത്രി മോദി അവസാനിപ്പിച്ചത്, എന്‍ഡിഎ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയില്‍ പങ്കെടുക്കാനായി താന്‍ ബിഹാറില്‍ തിരിച്ചു വരുമെന്ന് പ്രഖ്യാപിച്ചു കൊണ്ടാണ്. എന്നാല്‍ ബിഹാറിലെ സംസ്ഥാന സര്‍ക്കാരിന്റെ പുതിയ സത്യപ്രതിജ്ഞയ്ക്ക് മാത്രമല്ല, 2024 മുതല്‍ അധികാരത്തിലിരിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നിലനില്‍പിനും ബിഹാറിന്റെ രാഷ്ട്രീയഗതി നിര്‍ണായകമാണ്.
ആയുധങ്ങള്‍ പ്രയോഗിച്ച് എന്‍ഡിഎ
അതുകൊണ്ട് തന്നെ ബിജെപിക്ക് ബിഹാര്‍ നിര്‍ണായക യുദ്ധഭൂമിയാണ്. ബിഹാര്‍ നേടിയാല്‍ ഹിന്ദിഹൃദയഭൂമിയിലെ പ്രധാന സംസ്ഥാനം ഒപ്പം നില്‍ക്കും, 2029 വരെ കേന്ദ്ര സര്‍ക്കാരിന്റെ ആയുസ്സ് നീളും. അല്ലെങ്കില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വീഴുക മാത്രമല്ല, എന്‍ഡിഎ രാഷ്ട്രീയത്തിന്റെ അലകും പിടിയും മാറും. നിതീഷിന്റെ രാഷ്ട്രീയത്തിന് തിരശ്ശീലയാകും. സംസ്ഥാനത്ത് ജെ.ഡി.യു പിളരും. പകുതി ബി.ജെ.പിക്കൊപ്പവും പകുതി ആര്‍ജെഡിക്കൊപ്പവും കലരും.
സകലവിധ ആയുധങ്ങള്‍ സംഭരിച്ച് ബിജെപിയും സഖ്യകക്ഷികളും പൊരുതുന്നത് അതിനാലാണ്. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും നേരിട്ടാണ് പ്രചരണ പരിപാടികള്‍ക്ക് ചുക്കാന്‍ പിടിച്ചത്. കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് അടക്കമുള്ള മുതിര്‍ന്ന കേന്ദ്രമന്ത്രിമാര്‍, യോഗി ആദിത്യനാഥ് ഉള്‍പ്പടെയുള്ള ബിജെപി മുഖ്യമന്ത്രിമാര്‍ തുടങ്ങിയവര്‍ നിരവധി റാലികളില്‍ പങ്കെടുത്തു. എതിരാളികള്‍ ആരോഗ്യപ്രശ്നങ്ങള്‍ ആരോപിക്കുന്നുണ്ടെങ്കിലും 84 റാലികളില്‍ നിതീഷ്‌കുമാര്‍ പങ്കെടുത്തു. തരാതരംപോലെ തന്ത്രങ്ങള്‍ മാറ്റിയും വിഷയങ്ങള്‍ മാറ്റിയും ഇടപെടാനുള്ള ബിജെപി സംവിധാനങ്ങളുടെ സംഘാടന ശേഷി പ്രചരണ രംഗത്ത് ദൃശ്യമാണ്.
മുസ്ലിം സ്ഥാനാര്‍ഥികളെ ബി.ജെ.പി മത്സരിപ്പിക്കാതിരുന്നതും ഘടകകക്ഷികളുടെ സ്ഥാനാര്‍ഥിപട്ടികയില്‍ മുസ്ലിം സ്ഥാനാര്‍ഥികളുടെ എണ്ണം പരിമിതപ്പെടുത്താന്‍ ഇടപെട്ടതും ഹിന്ദുത്വ വോട്ടുകളുടെ ഏകീകരണം ലക്ഷ്യമിട്ടാണ്. എന്‍ഡിഎ ഇക്കുറി 7 മുസ്ലിം സ്ഥാനാര്‍ഥികളെ മാത്രമാണ് രംഗത്തിറക്കിയിരിക്കുന്നത്. പലവിധ യന്ത്രങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചപ്പോള്‍ പ്രചരണ രംഗത്ത് ബിജെപി മേല്‍ക്കൈ നേടിയിട്ടുണ്ട്.
തേജസ്വിയുടെ നേതൃത്വം
മറുഭാഗത്ത് ആര്‍ജെഡിക്കും മഹാസഖ്യത്തിനും ഇന്ത്യാ സഖ്യത്തിനും സമാനമായ നിലയില്‍ ബിഹാര്‍ പ്രധാനമാണ്. ആര്‍ജെഡി 15 വര്‍ഷമായി ബിഹാറിന്റെ അധികാരക്കളത്തിന് പുറത്താണ്. 2020-ല്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും ഭരണം നേടാന്‍ കഴിയാതിരുന്നതിന്റെ സാഹചര്യം ആര്‍ജെഡിക്ക് മുന്നിലുണ്ട്. അതിനാല്‍ അതാവര്‍ത്തിക്കാതിരിക്കാന്‍ കഠിനയത്‌നത്തിലാണ് തേജസ്വി യാദവ്.
തൊഴിലില്ലായ്മ ഉള്‍പ്പടെയുള്ള ജനകീയ വിഷയങ്ങള്‍ ഉന്നയിച്ച് അണികളെയും വോട്ടര്‍മാരെയും ഉണര്‍ത്താനും തേജസ്വി യാദവ് അവിശ്രമം പ്രവര്‍ത്തനരംഗത്തുണ്ട്. പാര്‍ട്ടിയെയും മുന്നണിയെയും ഒറ്റയ്ക്ക് നയിക്കാന്‍ ശേഷിയുള്ള നേതാവായി തേജസ്വി വളര്‍ന്നു എന്നതാണ് ഇക്കുറി തിരഞ്ഞെടുപ്പ് രംഗം നല്‍കുന്ന ദൃശ്യം. മുസ്ലിം-യാദവ ജാതി സമവാക്യങ്ങള്‍ക്കൊപ്പം മറ്റ് ഹിന്ദു വിഭാഗങ്ങളിലേക്കും കടക്കാനുള്ള നീക്കങ്ങളും തേജസ്വിയുടെ പരീക്ഷണങ്ങളാണ്.
ബിഹാറില്‍ മഹാസഖ്യത്തിന്റെ മുഖം തേജസ്വിയാണ്. തേജസ്വിക്കൊപ്പം ജനപിന്തുണയുള്ള നേതാക്കള്‍ ആര്‍ജെഡിയിലോ സഖ്യകക്ഷികളിലലോ ഇല്ല. അതിനാല്‍ സഖ്യത്തെയും പാര്‍ട്ടിയെയും നയിക്കുന്നതിന്റെ ഭാരം തേജസ്വി ഏറെക്കുറെ ഒറ്റയ്ക്ക് ചുമക്കുന്ന രംഗങ്ങളാണ് ബിഹാര്‍ കാണിച്ചു തരുന്നത്. ഉപമുഖ്യമന്ത്രി സ്ഥാനാര്‍ഥി മുകേഷ് സാഹ്നി തിരഞ്ഞെടുപ്പ് രംഗത്ത് സഖ്യത്തിനായി സജീവമായിരുന്നു. എന്നാല്‍ സാഹ്നിക്ക് സംസ്ഥാനവ്യാപകമായ പിന്തുണയില്ല.
കോണ്‍ഗ്രസിന്റെ നില
1990 കള്‍ വരെ ബിഹാറിന്റെ അധികാരഘടനയെ നിയന്ത്രിച്ചിരുന്ന കോണ്‍ഗ്രസിന് ഗതകാലം വീണ്ടെടുക്കാനുള്ള അവസരമാണ് തിരഞ്ഞെടുപ്പ്.
വോട്ട്‌കൊള്ള വിഷയം ഉയര്‍ത്തി ഇക്കുറി രാഹുല്‍ ഗാന്ധി തന്നെയാണ് കോണ്‍ഗ്രസിന്റെ പ്രചരണം നയിച്ചത്. 2020 ലെ തിരഞ്ഞെടുപ്പിലുണ്ടായ ക്ഷീണം മറി കടന്ന് ഉയര്‍ന്ന പ്രകടം കാഴ്ചവെക്കുക എന്നതാണ് കോണ്‍ഗ്രസിന്റെ മുന്നിലെ ഏറ്റവും വലിയ വെല്ലുവിളി.
2020-ല്‍ 70 സീറ്റുകളില്‍ മത്സരിച്ച കോണ്‍ഗ്രസിന്റെ വിജയം 19 സീറ്റുകളിലേക്ക് ചുരുങ്ങിയതാണ് മഹാസഖ്യത്തിന് ഭരണം നഷ്ടമാക്കിയത്. 62 സീറ്റുകളില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് ഇക്കുറി എത്ര സീറ്റ് നേടുമെന്നത് മഹാസഖ്യത്തിന്റെ അധികാരലഭ്യതയില്‍ പ്രധാനമാണ്. കോണ്‍ഗ്രസിന്റെ പ്രകടനമാണ് മഹാസഖ്യത്തിന്റെ വിജയം നിശ്ചയിക്കുക. എന്നാല്‍ സൗഹൃദ മത്സരം നിലനില്‍ക്കുന്ന 12 മണ്ഡലങ്ങളിലെ വിജയപരാജയങ്ങള്‍ സഖ്യത്തിന്റെ ഉള്ളടക്കങ്ങള്‍ക്ക് നിര്‍ണായകമാണ്.
മഹാസഖ്യത്തിന് തിരഞ്ഞെടുപ്പ് കളത്തില്‍ തിരിച്ചടിയുണ്ടായാല്‍, ആര്‍ജെഡിയും കോണ്‍ഗ്രസും തമ്മില്‍ ഉള്‍പ്പോരിന് ഇത് വഴിവയ്ക്കും. ഇക്കാര്യം തിരിച്ചറിഞ്ഞ് ഇക്കുറി കോണ്‍ഗ്രസിന്റെ പ്രചരണങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് ദേശീയ നേതാക്കളാണ്. മല്ലികാജുന്‍ ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും പ്രിയങ്കയും പ്രചരണത്തിനായി വിവിധ റാലികളില്‍ പങ്കെടുത്തു.
ചെറുപാര്‍ട്ടികളുടെ സാന്നിധ്യം
ചെറുപാര്‍ട്ടികളുടെ രാഷ്ട്രീയ ഇടപെടലുകള്‍ ഇക്കുറിയും ബിഹാറിന് പ്രധാനമാണ്. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ഓതിയിരുന്ന പ്രൊഫഷണല്‍ സ്ട്രാറ്റജിസ്റ്റായ പ്രശാന്ത് കിഷോര്‍ അണിയറക്ക് പിന്നില്‍ നിന്ന് മുന്നിലേക്ക് കടന്ന് രാഷ്ട്രീയത്തില്‍ നേരിട്ടിറങ്ങിയ തിരഞ്ഞെടുപ്പാണിത്. ബിഹാര്‍ സ്വദേശിയായ പ്രശാന്ത് ജന്‍സുരാജ് എന്ന പാര്‍ട്ടിയുണ്ടാക്കി കഴിഞ്ഞ മൂന്ന് വര്‍ഷം സംസ്ഥാനം കേന്ദ്രീകരിച്ച നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഇക്കുറി തിരഞ്ഞെടുപ്പില്‍ ബദല്‍ ചര്‍ച്ചകള്‍ക്ക് വഴി തുറന്നിട്ടുണ്ട്. എല്ലാ മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികളെ രംഗത്തിറക്കിയ ജന്‍സുരാജ് പാര്‍ട്ടി തിരഞ്ഞെടുപ്പ് പ്രചരണരംഗത്ത് മുഖ്യധാരാ പാര്‍ട്ടികള്‍ അവലംബിച്ച മാര്‍ഗങ്ങളെല്ലാം പയറ്റി എന്നതാണ് ശ്രദ്ധേയം. ഇതിനുള്ള വിഭവസ്രോതസ്സുകള്‍ എവിടെ നിന്നെന്ന ചോദ്യം ബിഹാറില്‍ ഉയരുന്നുണ്ട്.
തൊഴിലില്ലായ്മ, തൊഴിലിനായുള്ള കുടിയേറ്റം എന്നീ വിഷയങ്ങളില്‍ പ്രധാനമായും കേന്ദ്രീകരിച്ച പ്രശാന്ത് നഗരപ്രദേശങ്ങളിലെ അഭ്യസ്തവിദ്യരായ യുവാക്കളില്‍ സ്വാധീനം സൃഷ്ടിച്ചിട്ടുണ്ട്. 40 മുസ്ലീം സ്ഥാനാര്‍ഥികളെ രംഗത്തിറക്കി ബിഹാറിന്റെ തനത് രാഷ്ട്രീയത്തിലും ഇടപെടുന്നുണ്ട്. എന്നാല്‍, എത്ര സീറ്റുകള്‍ കിട്ടുമെന്നതിനെക്കാള്‍ ഏത് പാര്‍ട്ടിയുടെ വോട്ടുകള്‍ പിളര്‍ത്തുമെന്നതാണ് ജന്‍സുരാജിനെക്കുറിച്ചുയരുന്ന പ്രധാന ചര്‍ച്ച. ബിഹാര്‍ രാഷ്ട്രീയത്തില്‍ അനിവാര്യമായ ജാതിസമവാക്യങ്ങള്‍ പ്രശാന്ത് കിഷോറിന്റെ പാര്‍ട്ടിക്കില്ല എന്നത് നിലനില്‍പ്പിനെ സംബന്ധിച്ച് ഒരേ സമയം ഗുണവും ദോഷവുമാണ്.
ഒവൈസി വീണ്ടും
രണ്ടാം ഘട്ടം വോട്ടെടുപ്പ് നടക്കുന്ന സീമാഞ്ചല്‍ മേഖലയിലാണ് മജ്‌ലിസ് പാര്‍ട്ടി നേതാവ് അസദുദ്ദീന്‍ ഒവൈസിയുടെ പരീക്ഷണശാലകള്‍. ബിഹാറില്‍ മുസ്ലീം സാന്നിധ്യമേറെയുള്ള ഈ മേഖലകളിലെ 24 സീറ്റുകള്‍ മുന്നണികള്‍ക്കും പാര്‍ട്ടികള്‍ക്കും പ്രധാനമാണ്. പരമ്പരാഗതമായി ആര്‍ജെഡിക്ക് വേരോട്ടമുള്ള ഈ മണ്ഡലങ്ങളില്‍ 2020 ല്‍ സ്വത്വരാഷ്ട്രീയമുയര്‍ത്തി ഒവൈസി നടത്തിയ കടന്നു കയറ്റം മഹാസഖ്യത്തെ ക്ഷീണിപ്പിക്കുകയും എന്‍ഡിഎ-യെ സഹായിക്കുകയും ചെയ്തു. അഞ്ച് സീറ്റുകള്‍ ഒവൈസി ഈ മേഖലയില്‍ നേടി. സീമാഞ്ചലിന്റെ രാഷ്ട്രീയം മാറ്റിയെഴുതിയ തിരഞ്ഞെടുപ്പാണ് 2020 ല്‍ അരങ്ങേറിയത്. ഇക്കുറിയും ഒവൈസി രംഗത്തുണ്ട്. എന്നാല്‍ 2020-ന് സമാനമായ രീതിയില്‍ സ്വീകാര്യതയും വിശ്വാസ്യതയും ഒവൈസിക്കില്ല എന്നാണ് ആര്‍ജെഡി നേതാക്കളുടെ നിരീക്ഷണം. ഒവൈസിക്ക് വോട്ട ചെയ്യുന്നത് ബി.ജെ.പിയെ സഹായിക്കലാണെന്ന സമീപനം മുസ്ലീം വിഭാഗങ്ങള്‍ക്കിടയില്‍ പടര്‍ന്നിട്ടുണ്ട്. ഈ പ്രചരണം അടിത്തട്ടില്‍ എങ്ങനെ പ്രവര്‍ത്തിക്കുമെന്നതിനെ ആശ്രയിച്ചിരിക്കും ഒവൈസിയുടെ ബിഹാര്‍ രാഷ്ട്രീയത്തിന്റെ ഭാവി.
കേവലം രാഷ്ട്രീയത്തിനപ്പുറമാണ് ബിഹാറിന്റെ സമസ്യകള്‍. ഉറച്ച നിലപാട് ഉറക്കെ പറയാന്‍ മടിക്കാത്ത ബിഹാറിന്റെ വിധി ഇക്കുറി മുമ്പെങ്ങുമില്ലാത്ത വിധം ദേശീയരാഷ്ട്രീയത്തിന്റെ നെഞ്ചിടിപ്പേറ്റുന്നതാണ്. വിധിയറിയാം, ഈ മാസം 14 ന്.
Content Highlights: Explore the intense Bihar election battle, crucial for state and national politics. Understand the key issues, strategies, and factors shaping the outcome in this decisive phase
Published: 11 Nov 2025, 12:45 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented