
ചണ്ഡീഗഢ്: രണ്ട് വാക്കുകളായിരുന്നു ഹരിയാണ തിരഞ്ഞെടുപ്പിന്റെ ഗോദയിൽ പ്രധാനമായും ഉയർന്നുകേട്ടത്. കോൺഗ്രസ് നേതാവും എം.പിയുമായ രാഹുൽ ഗാന്ധി ഉയർത്തിയ ആ രണ്ട് വാക്കുകൾ ജാട്ടും ജിലേബിയുമായിരുന്നു. സംസ്ഥാനത്തെ തിരഞ്ഞെടുപ്പിനെ കാര്യമായി സ്വാധീനിക്കുമെന്ന് കരുതിയ ഈ രണ്ട് കാര്യങ്ങൾക്കും ഹരിയാണയിൽ കോൺഗ്രസിനെ സഹായിച്ചില്ല എന്നുമാത്രമല്ല, ബി.ജെപിയുടെ പരിഹാസത്തിന് കാരണമാകുകയും ചെയ്തു.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഹരിയാണയിലെ ഗോഹനയിലെ പ്രസിദ്ധമായ ജിലേബിയേക്കുറിച്ച് രാഹുൽ ഗാന്ധി പരാമർശിച്ചിരുന്നു. ജിലേബി വന്‍തോതില്‍ ഉണ്ടാക്കി സംസ്ഥാനത്തിന് പുറത്തേക്ക് കയറ്റിയയ്ക്കുന്നതിനേക്കുറിച്ചും അതുവഴിയുണ്ടാകുന്ന തൊഴിൽ സാധ്യതകളേക്കുറിച്ചുമായിരുന്നു രാഹുൽ സംസാരിച്ചത്. ഇതിനെ അന്ന് ബി.ജെ.പി കളിയാക്കുകയും ചെയ്തിരുന്നു.
ഇനി വോട്ടെണ്ണൽ ദിവസത്തിലെ സംഭവങ്ങളിലേക്കുവന്നാൽ ആദ്യഘട്ടത്തിൽ ഹരിയാണയിൽ കോൺഗ്രസിനായിരുന്നു മുൻതൂക്കം. ആദ്യഫലസൂചനകൾ കോൺഗ്രസിന് അനുകൂലമായതോടെ ഡൽഹിയിൽ ആഘോഷം തുടങ്ങി. അതും ജിലേബിതന്നെ വിതരണംചെയ്തുകൊണ്ട്. പക്ഷേ ആ ആഘോഷത്തിന് അധികനേരം ആയുസുണ്ടായിരുന്നില്ല. ഫലം നേരേ തിരിച്ചുവന്നതോടെ കോൺഗ്രസ് ക്യാമ്പ് മ്ലാനമായിത്തുടങ്ങി. കോൺഗ്രസിന് അതേ നാണയത്തിൽ തിരിച്ചടി നൽകിക്കൊണ്ട്, ജിലേബിതന്നെ വാങ്ങി വിതരണംചെയ്തുകൊണ്ട് ബി.ജെ.പി ആസ്ഥാനത്ത് ആഘോഷവും ആരംഭിച്ചു. വിജയാഘോഷത്തിന് ജിലേബി വാങ്ങിയതിലൂടെ കൃത്യമായ രാഷ്ട്രീയ സന്ദേശവും കോൺഗ്രസിനും രാഹുൽ ഗാന്ധിക്കും നൽകുകയായിരുന്നു ബി.ജെ.പി.
മാസങ്ങൾക്ക് മുമ്പ് നടന്ന ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇതേ ഗോഹനാ ജിലേബിയേക്കുറിച്ച് പ്രസംഗിച്ചിരുന്നു. അധികാരത്തിലെത്തിയാൽ അഞ്ച് വർഷത്തിനുള്ളിൽ അഞ്ച് പ്രധാനമന്ത്രിമാരുണ്ടാകുമെന്ന ഫോർമുല പ്രതിപക്ഷത്തിനുണ്ടെന്നാണ് അന്ന് ഇന്ത്യാ സഖ്യത്തിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി പറഞ്ഞത്. പ്രധാനമന്ത്രി സ്ഥാനമെന്നത് മാഥു റാമിന്റെ ജിലേബിയാണോ എന്നും പ്രധാനമന്ത്രി ചോദിച്ചിരുന്നു.
1958-ലാണ് ഹരിയാണയിൽ മാഥു റാം എന്നയാൾ ഗോഹന ജിലേബിയുടെ നിർമാണം ആരംഭിച്ചത്. അദ്ദേഹത്തിന്റെ മരണശേഷം ഇപ്പോൾ കൊച്ചുമക്കളാണ് വ്യാപാരം മുന്നോട്ടുകൊണ്ടുപോവുന്നത്.
Content Highlights: renowned jalebis in Haryana's Gohana featured in Congress leader Rahul Gandhi's speech
Published: 08 Oct 2024, 05:15 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented