ചണ്ഡീഗഢ്‌: ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പിൽ ജുലാന മണ്ഡലം ഇക്കുറി രാജ്യത്തിന്റെ ശ്രദ്ധാകേന്ദ്രമാവുകയാണ്. ജിന്ദ് ജില്ലയിൽപ്പെട്ട ഈ ചെറുപട്ടണം പ്രചാരണത്തിന്റെ ആവേശത്തിലേക്കിറങ്ങിക്കഴിഞ്ഞു. ഗോദയ്ക്കകത്തും പുറത്തും പോരാട്ടത്തിന്റെ തീനാളങ്ങളുയർത്തുന്ന ഗുസ്തിതാരം വിനേഷ് ഫോഗട്ട് കോൺഗ്രസിൽ ചേർന്ന് മത്സരത്തിനിറങ്ങിയതോടെയാണ് ജുലാന വാർത്തകളിൽ നിറയുന്നത്.

To advertise here,

ദേശീയതലത്തിൽ കേന്ദ്രസർക്കാരിനെ വെല്ലുവിളിച്ച ഒളിമ്പ്യൻ വിനേഷിനെ നേരിടുകയെന്നത് ബി.ജെ.പി.ക്ക് അഭിമാനപ്രശ്നം. മുൻ കൊമേഴ്‍സ്യൽ പൈലറ്റായ ക്യാപ്റ്റൻ യോഗേഷ് ബൈരാഗിയെയാണ് ബി.ജെ.പി. ഇവിടെ ഇറക്കിയത്. 35-കാരനായ ബൈരാഗി നിലവിൽ യുവമോർച്ചയുടെ ഹരിയാണ ഘടകം ഉപാധ്യക്ഷനും ബി.ജെ.പി. സ്പോർട്‌സ് സെല്ലിന്റെ സഹകൺവീനറുമാണ്. ജാട്ട് വിഭാഗത്തിന് മേധാവിത്വമുള്ള ജുലാനയിൽ ബി.ജെ.പി. പിന്നാക്കവിഭാഗക്കാരനെ നിർത്തിയത് വ്യക്തമായ കണക്കുകൂട്ടലോടെത്തന്നെയാകും.

ഹരിയാണയിൽ കോൺഗ്രസുമായി സഖ്യചർച്ച പാളിയതോടെ ആം ആദ്മി പാർട്ടി ജുലാനയിൽ കവിത ദലാലിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. ജനനായക് ജനതാപാർട്ടി നേതാവ് അമർജിത് ദണ്ഡയാണ് ജുലാനയിലെ സിറ്റിങ് എം.എൽ.എ. ഇക്കുറിയും അദ്ദേഹം മത്സരത്തിനുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബി.ജെ.പി.യാണ് ഇവിടെ രണ്ടാമതെത്തിയത്. കോൺഗ്രസ് സ്ഥാനാർഥി മൂന്നാമതായിരുന്നു.

എന്നാൽ, പോരാട്ടത്തിന്റെയും ദൃഢനിശ്ചയത്തിന്റെയും പ്രതീകമായ വിനേഷ് ഫോഗട്ട് ഇക്കുറി മണ്ഡലം പിടിക്കുമെന്ന് കോൺഗ്രസ് ഉറപ്പിച്ചുപറയുന്നു. വിനേഷ് ബുധനാഴ്ച പത്രിക സമർപ്പിച്ച് പ്രചാരണത്തിന് തുടക്കം കുറിച്ചു. കോൺഗ്രസ് നേതാക്കളായ റോഹ്തക് എം.പി. ദീപേന്ദർ സിങ് ഹൂഡ, സോനിപത് എം.പി. സത്പൽ ബ്രഹ്മചാരി എന്നിവർ ഒപ്പമുണ്ടായിരുന്നു.

ചർഖി ദാദ്രി ജില്ലയിലെ ബലാലി സ്വദേശിയാണ് വിനേഷ്. ജുലാന ഭർത്തൃമാതാവിന്റെ നാടാണ്. ജുലാനയിലെ ബക്ത ഖേരയാണ് ഭർത്താവ് സോംവീർ റാത്തിയുടെ ജന്മഗ്രാമം.

ബി.ജെ.പി. നേതാവും ഗുസ്തി ഫെഡറേഷൻ അധ്യക്ഷനുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരേ ഗുസ്തിതാരങ്ങളുടെ പ്രതിഷേധം നയിച്ചാണ് വിനേഷ് ഫോഗട്ട് ദേശീയതലത്തിൽ ശ്രദ്ധാകേന്ദ്രമാകുന്നത്. ഇക്കഴിഞ്ഞ പാരീസ് ഒളിമ്പിക്സിൽ 50 കിലോഗ്രാം വിഭാഗത്തിൽ 100 ഗ്രാം ശരീരഭാരം അധികം കണ്ടെത്തിയതിനെത്തുടർന്ന് അയോഗ്യയാക്കപ്പെട്ടു. എന്നാൽ, ഒളിമ്പിക്സ് ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ വനിതാ ഗുസ്തിക്കാരിയായി ഫോഗട്ട് മാറി. തുടർന്ന് 30-ാംവയസ്സിൽ ഗുസ്തിയിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച ബജ്‍രംഗ് പുനിയയ്ക്കൊപ്പം കോൺഗ്രസിൽ ചേരുകയായിരുന്നു. ഹരിയാണയിൽ 90 നിയമസഭാസീറ്റുകളിലേക്കുള്ള തിരഞ്ഞടുപ്പ് ഒക്ടോബർ അഞ്ചിനാണ്. എട്ടിന് ഫലമറിയാം.