ന്യൂഡല്‍ഹി: ഹരിയാണയില്‍ ഹാട്രിക് ഭരണം ലക്ഷ്യമിട്ട ബിജെപിക്ക് തിരിച്ചടിയാണ് ഒട്ടുമിക്ക എക്‌സിറ്റ് പോളുകളും പ്രവചിച്ചത്. സംസ്ഥാനത്തെ കടുത്ത ഭരണവിരുദ്ധ വികാരം വോട്ടാകുമെന്ന വിലയിരുത്തലിലായിരുന്നു കോണ്‍ഗ്രസും. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഭരണവിരുദ്ധ വികാരത്തിന്റെ ആനൂകൂല്യം ലഭിച്ചതുകൊണ്ട് തന്നെ നല്ല ആത്മവിശ്വാസത്തിലായിരുന്നു കോണ്‍ഗ്രസ്. മാസങ്ങള്‍ക്കുള്ളില്‍ നടക്കുന്ന തിരഞ്ഞെടുപ്പിലും സമാനമായ ജനവികാരമാണ് അവര്‍ പ്രതീക്ഷിച്ചത്. പ്രവചനങ്ങളുടെയും വിലയിരുത്തലുകളുടെയും അടിസ്ഥാനത്തില്‍ ഇന്ന് വോട്ടെണ്ണല്‍ ആരംഭിക്കുന്നതിന് മുമ്പേ ഡല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്തേക്ക് ആഘോഷത്തിനുള്ള വാദ്യോപകരണങ്ങളുമായി പ്രവര്‍ത്തകരെത്തിയിരുന്നു. 

To advertise here,

എന്നാല്‍ മണിക്കൂറുകള്‍ക്കകം കാര്യങ്ങള്‍ മാറിമറിഞ്ഞു. സകല പ്രവചനങ്ങളേയും തള്ളിമാറ്റി ബിജെപിയുടെ ലീഡ് നില കുതിച്ചുയര്‍ന്നു. തര്‍ന്നടിയുമെന്ന് പറഞ്ഞ ബിജെപി സംസ്ഥാനത്തെ അവരുടെ ഏറ്റവും വലിയ വിജയത്തിലേക്കെത്തിയിരിക്കുന്നു. രാവിലെ കോണ്‍ഗ്രസ് ആസ്ഥാനത്ത് കണ്ട  ആഘോഷത്തിന്റെ 'വൈബ്' ഇപ്പോള്‍ ബിജെപി ആസ്ഥാനത്താണ്. ലഡുവും ജിലേബിയും തോരണങ്ങളും ബിജെപി ആസ്ഥാനത്തേക്കെത്തി തുടങ്ങി.

മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ ഭൂപീന്ദര്‍ സിംഗ് ഹൂഡയിലായിരുന്നു കോണ്‍ഗ്രസിന്റെ ഇത്തവണത്തെ പ്രധാന ആശ്രയം.
അത് ഫലം കണ്ടില്ല. ജാട്ട്, ദളിത്, മുസ്ലിം വോട്ടുകള്‍ ഒരുമിച്ച് നേടിയാല്‍ സംസ്ഥാനത്ത് വിജയം ഉറപ്പാക്കുമെന്ന് ഹൂഡയും കോണ്‍ഗ്രസും വിശ്വസിച്ചു. 

എന്നാല്‍ മറുതന്ത്രമാണ് ബിജെപി പയറ്റിയത്, ജാട്ട്, മുസ്ലിം ഇതര വോട്ടുകള്‍ക്കിടയില്‍ ബി.ജെ.പിക്ക് തങ്ങളുടെ വോട്ടുകള്‍ മികച്ച രീതിയില്‍ ഏകീകരിക്കാനായതാണ് വിലയിരുത്തപ്പെടുന്നത്. ജാട്ട് വിരുദ്ധ വോട്ടുകള്‍ ഏകോപിപ്പിക്കാന്‍ ബിജെപിക്ക് പ്രത്യേക പദ്ധതിയും ഉണ്ടായിരുന്നു.

കൂടാതെ പാര്‍ട്ടിയിലെ ചേരിപ്പോരും അധികാരത്തിനായി ഉന്നത നേതാക്കളുടെ കലഹവും കോണ്‍ഗ്രസിന്റെ തോല്‍വിയില്‍ പ്രധാന ഘടകമായെന്നാണ് വിലയിരുത്തല്‍. തിരഞ്ഞെടുപ്പിന് മുമ്പേ വിജയം സുനിശ്ചിതമാണെന്ന നിലപാടില്‍ കോണ്‍ഗ്രസ് നേതാക്കള്‍ മുഖ്യമന്ത്രി പദത്തിനുവേണ്ടിയുള്ള കളികള്‍ തുടങ്ങിയിരുന്നു. മുതിര്‍ന്ന നേതാവ് ഭൂപീന്ദര്‍ സിംഗ് ഹൂഡയും മുതിര്‍ന്ന നേതാവ് കുമാരി സെല്‍ജയും തമ്മിലുള്ള അധികാര തര്‍ക്കം പലപ്പോഴും പരസ്യപ്രസ്താവനകളിലേക്കും എത്തി. തിരശ്ശീലയ്ക്ക് പിന്നില്‍ കോണ്‍ഗ്രസിനുള്ളിലെ വിഭാഗങ്ങള്‍ നടത്തിയ വടംവലി കാര്യമായ പരിക്കുണ്ടാക്കിയെന്ന് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു.

അതേ സമയം പരാജയപ്പെട്ടെങ്കിലും കോണ്‍ഗ്രസിന് വോട്ടിങ് വിഹിതം ഉയര്‍ത്താനായിട്ടുണ്ട്. കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള വോട്ട് വിഹിതം നേരിയ വ്യത്യാസം മാത്രമേയുള്ളൂ. പല മണ്ഡലങ്ങളിലും നേരിയ ഭൂരിപക്ഷത്തിനാണ് കോണ്‍ഗ്രസ് പരാജയപ്പെട്ടത്. ബിജെപിക്കെതിരായ ഭരണവിരുദ്ധ വികാര വോട്ടുകള്‍ പ്രാദേശിക പാര്‍ട്ടി സ്ഥാനാര്‍ഥികളിലേക്കും സ്വന്ത്രര്‍ക്കും വിഭജിച്ചതാണ് കോണ്‍ഗ്രസിന് തിരിച്ചടിയുണ്ടാക്കിയ മറ്റൊരു ഘടകം. ചെറുപാര്‍ട്ടികളെ ഒപ്പം നിര്‍ത്തുന്നതിലും ബിജെപി വിരുദ്ധ വോട്ടുകള്‍ ഏകോപിപ്പിക്കുന്നതിലും കോണ്‍ഗ്രസ് പരാജയപ്പെട്ടു.

ഭരണവിരുദ്ധത മറികടക്കാന്‍ മുഖ്യമന്ത്രിയെ അടക്കം മാറ്റി പരീക്ഷിച്ച ബിജെപി കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ ധര്‍മേന്ദ്ര പ്രധാന്റെ നേതൃത്വത്തില്‍ പ്രത്യേക പ്രവര്‍ത്തനങ്ങള്‍ നടത്തിയതും അധികാരത്തുടര്‍ച്ചയ്ക്ക് കാരണമായി.