ചണ്ഡിഗഡ്: മുന്‍ ലോക്‌സഭാ എം.പിയും ബി.ജെ.പി നേതാവുമായിരുന്ന അശോക് തന്‍വര്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തി. ഹരിയാനയിലെ മഹേന്ദ്രഗഡില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ റാലിയില്‍ വെച്ചാണ് തന്‍വര്‍ കോണ്‍ഗ്രസില്‍ തിരികെ പ്രവേശിച്ചത്. 

To advertise here,

സിര്‍സയില്‍ നിന്നുള്ള കോണ്‍ഗ്രസ് ലോക്‌സഭാംഗമായിരുന്ന അശോക് തന്‍വര്‍ 2014 മുതല്‍ 2019 വരെ കോണ്‍ഗ്രസിന്റെ ഹരിയാ പി.സി.സി പ്രസിഡന്റായും പ്രവര്‍ത്തിച്ചിരുന്നു. 2021 ല്‍ പാര്‍ട്ടി വിട്ട ഇദ്ദേഹം തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. തൊട്ടടുത്ത വര്‍ഷം എ.എ.പിയിലേക്ക് കൂടുമാറി. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മുന്നോടിയായ എ.എ.പി വിട്ട തന്‍വര്‍ ബി.ജെ.പിയില്‍ ചേരുകയായിരുന്നു. 

കോണ്‍ഗ്രസുമായി സഹകരിക്കാനുള്ള അരവിന്ദ് കെജ്രിവാളിന്റെ തീരുമാനത്തോട് പ്രതിഷേധിച്ചായിരുന്നു ബി.ജെ.പി പ്രവേശനം. ബി.ജെ.പിയില്‍ ചേര്‍ന്നതിന് പിന്നാലെ സിസ്രയില്‍ മത്സരിച്ച അദ്ദേഹം കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയോട് പരാജയപ്പെട്ടിരുന്നു. 

ഇന്ന് രാവിലെ വരെ അശോക് തന്‍വര്‍ സാമൂഹിക മാധ്യമങ്ങളിലെ അക്കൗണ്ടുകളില്‍ ബി.ജെ.പി സ്ഥാനര്‍ത്തികള്‍ക്കായി പ്രചാരണ പോസ്റ്റുകള്‍ ഇട്ടിട്ടുണ്ട്.  ഈ പോസ്റ്റുകള്‍ വന്ന് ഒരു മണിക്കൂറിന് ശേഷമാണ് അദ്ദേഹം രാഹുല്‍ ഗാന്ധിയുടെ റാലിയില്‍ പ്രത്യക്ഷപ്പെട്ടത്. ഈ പോസ്റ്റുകള്‍ ഇപ്പോള്‍ നീക്കം ചെയ്തിട്ടുണ്ട്. ഹരിയാന നിയമസഭ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണത്തിന്റെ അവസാന ദിവസമാണ് തന്‍വറിന്റെ കൂടുമാറ്റമെന്നതും ശ്രദ്ധേയമാണ്.