ചണ്ഡീഗഢ്: ഒരുകാലത്ത് ഹരിയാണ രാഷ്ട്രീയത്തിൽ 'കിങ് മേക്കർ' ആയിരുന്ന ജനനായക് ജനതാ പാർട്ടി (ജെ.ജെ.പി) ഇത്തവണ തിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ ചിത്രത്തിൽ പോലും ഇല്ലാത്ത വിധത്തിൽ തകർന്നടിഞ്ഞു. ബി.ജെ.പിയുടെ സഖ്യകക്ഷിയായി ഹരിയാണ ഭരിച്ചിരുന്ന ജെ.ജെ.പി. അടുത്ത കാലത്താണ് ബി.ജെ.പിയുമായി തെറ്റിപ്പിരിഞ്ഞത്. തുടർന്ന് ഭീം ആർമി സ്ഥാപകൻ ചന്ദ്രശേഖർ ആസാദിന്റെ ആസാദ് സമാജ് പാർട്ടിക്കൊപ്പം സഖ്യം ചേർന്നാണ് ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാൽ ഒറ്റ സീറ്റുപോലും നേടാൻ സാധിച്ചില്ലെന്ന് മാത്രമല്ല ജെ.ജെ.പി. നേതാവായ ദുഷ്യന്ത് ചൗട്ടാല നേടിയതാകട്ടെ വെറും പതിനായിരത്തിൽ താഴെ വോട്ടുകൾ മാത്രം.
ചൗധരി ദേവിലാൽ സ്ഥാപിച്ച ഇന്ത്യൻ നാഷണൽ ലോക്‌ദൾ (ഐഎൻഎൽഡി) പിളർത്തി 2018-ലാണ് സ്വന്തം പാർട്ടിയായ ജനനായക് ജനതാ പാർട്ടി (ജെജെപി) രൂപീകരിച്ച് ദുഷ്യന്ത് ചൗട്ടാല ഹരിയാണ രാഷ്‌ട്രീയത്തിലിറങ്ങുന്നത്. 2019-ലെ ഹരിയാണ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ബി.ജെ.പിയുമായി സഖ്യമുണ്ടാക്കിയ ദുഷ്യന്തിനെ ഹരിയാണ ഉപമുഖ്യമന്ത്രിയാക്കി. പത്ത് സീറ്റുകളായിരുന്നു ജെ.ജെ.പിക്ക് ഉണ്ടായിരുന്നത്. ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പേ ബി.ജെ.പിയിൽ നിന്ന് ജെ.ജെ.പി. സഖ്യം ഉപേക്ഷിച്ചിരുന്നു. കർഷകരെ വഞ്ചിച്ചെന്ന ആരോപണത്തിന് പിന്നാലെ ബി.ജെ.പി. വിട്ട ജെ.ജെ.പിക്ക് ലോക്സഭാ തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയായിരുന്നു. ഇതിന് പിന്നാലെ ഇപ്പോൾ നിയസഭാ തിരഞ്ഞെടുപ്പിലും ജെ.ജെ.പി. ഒന്നുമല്ലാതായിരിക്കുന്നു.
2019-ലെ തിരഞ്ഞെടുപ്പിൽ 47,452 വോട്ടിനായിരുന്നു ദുഷ്യന്ത് ചൗട്ടാലയുടെ ജയം. എന്നാൽ ഇത്തവണ അഞ്ചാം സ്ഥാനത്താണ് അദ്ദേഹം. അദ്ദേഹത്തിന് മുമ്പിൽ 45000-ലേറെ വോട്ടുകളുമായി സ്വതന്ത്രരാണ് മുന്നിട്ട് നിൽക്കുന്നത്. 8000-ത്തോളം വോട്ടുകൾ മാത്രമാണ് അദ്ദേഹത്തിന് ലഭിച്ചിരിക്കുന്നു. ജെ.ജെ.പി. മത്സരിച്ച 66 മണ്ഡലങ്ങളിൽ ഒരിടത്തു പോലും ജയിക്കാനായില്ല എന്നതും ശ്രദ്ധേയമാണ്. 2019-ൽ 15.32 ശതമാനം വോട്ട് വിഹിതമായിരുന്നു ജെ.ജെ.പിക്ക്. എന്നാൽ ഇത്തവണ കിട്ടിയതാകട്ടെ വെറും 0.87 ശതമാനം വോട്ട് വിഹിതം മാത്രമാണ്.
ഹരിയാണയിലെ 'വിമത രാജകുമാരൻ'
ഹരിയാണയില്‍നിന്നുള്ള 35-കാരനായ യുവനേതാവ്. ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ ആന്‍ഡ് മാനേജ്‌മെന്റില്‍ കാലിഫോര്‍ണിയ സ്റ്റേറ്റ് സര്‍വകലാശാലയില്‍നിന്ന് ബിരുദം. രാഷ്ട്രീയപാരമ്പര്യമുള്ള കുടുംബപശ്ചാത്തലം. ഇരുപത്തിയാറാം വയസ്സില്‍ ലോക്സഭാ എം.പി. 2018-ല്‍ ജനനായക് ജനതാ പാര്‍ട്ടി (ജെ.ജെ.പി.) രൂപവത്കരിച്ചു. 2019-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 14 ശതമാനം വോട്ടുനേടി 10 സീറ്റുകള്‍ സ്വന്തമാക്കി ജെ.ജെ.പി. 2019 മുതല്‍ 2024 മാര്‍ച്ച് 12 വരെ ഹരിയാണയുടെ ഉപമുഖ്യമന്ത്രി ആയിരുന്നു. ഇതൊക്കെയാണ് ഹരിയാണയിലെ വിമത രാജകുമാരന്‍ എന്നറിയപ്പെടുന്ന ദുഷ്യന്ത് ചൗട്ടാലയുടെ രാഷ്ട്രീയനേട്ടങ്ങള്‍.
ഏറ്റവും പ്രായംകുറഞ്ഞ പാര്‍ലമെന്റ് അംഗമെന്ന ലിംക ബുക്ക് ഓഫ് റെക്കോഡ് ദുഷ്യന്തിന്റെ പേരിലാണ്. ടേബിള്‍ ടെന്നീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ അധ്യക്ഷന്‍, ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ എക്‌സിക്യുട്ടീവ് അംഗം തുടങ്ങിയ പദവികളും വഹിക്കുന്നു ദുഷ്യന്ത്.
ഹരിയാണയിലെ 'ലാല്‍' പരമ്പര രാഷ്ട്രീയത്തിന്റെ ഇപ്പോഴത്തെ കണ്ണികൂടിയാണ് ദുഷ്യന്ത്. ഹരിയാണ രാഷ്ട്രീയത്തില്‍നിന്ന് ദേശീയ രാഷ്ട്രീയത്തിന്റെ മുന്‍നിരയിലെത്തിയ നേതാവും ഹരിയാണ ലോക്ദള്‍ പാര്‍ട്ടിയുടെ സ്ഥാപകനുമായിരുന്ന ചൗധരി ദേവിലാലിന്റെ ചെറുമകനുമാണ് ഇദ്ദേഹം.
ജെ.ജെ.പിയുടെ രൂപീകരണം
ചൗധരി ദേവിലാല്‍ സ്ഥാപിച്ച ഹരിയാണ ലോക്ദള്‍ പാര്‍ട്ടിയാണ് പിന്നീട് ഇന്ത്യന്‍ നാഷണല്‍ ലോക്ദളായി പരിണമിച്ചത്. വര്‍ഷങ്ങള്‍ക്കുശേഷം 2018-ല്‍ മുത്തശ്ശന്‍ ഓം പ്രകാശ് ചൗട്ടാലയും അമ്മാവന്‍ അഭയ് സിങ് ചൗട്ടാലയുമായുള്ള തര്‍ക്കത്തെത്തുടര്‍ന്നാണ് ഐ.എല്‍.എല്‍.ഡിയില്‍നിന്ന് ദുഷ്യന്ത് ചൗട്ടാല പുറത്തായത്.
തൊട്ടുപിന്നാലെ അച്ഛന്‍ അജയ് സിങ് ചൗട്ടാലയുമായി ചേര്‍ന്ന് ജനനായക് ജനശക്തി പാര്‍ട്ടി (ജെ.ജെ.പി) രൂപവത്കരിച്ച ദുഷ്യന്ത് ചൗട്ടാല 2019 നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.യുമായി സഖ്യത്തിലായി. കുടുംബപാര്‍ട്ടിയില്‍നിന്ന് പുറത്തായ യുവ നേതാവിന് വിമതനേതാവ് എന്ന പരിവേഷവും കിട്ടി. ബി.ജെ.പി.യുമായി കൈകോര്‍ത്ത ദുഷ്യന്ത് ചൗട്ടാല മനോഹര്‍ലാല്‍ ഖട്ടര്‍ മന്ത്രിസഭയിലെ ഉപമുഖ്യമന്ത്രിയായിരുന്നു.
ബി.ജെ.പി. വിട്ട് മത്സരിച്ചു, നിലം തൊടാതെ ജെ.ജെ.പി.
ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി.യുമായുള്ള നാലരവര്‍ഷത്തെ സഖ്യം അവസാനിപ്പിച്ച ദുഷ്യന്ത് ചൗട്ടാല ഹരിയാണയിലെ പത്ത് ലോക്സഭാ സീറ്റുകളിലേക്കും ജെ.ജെ.പി. സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കുമെന്ന് വ്യക്തമാക്കിയിട്ടുള്ളത്.
2014 ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഹിസാര്‍ ലോക്സഭാ മണ്ഡലത്തില്‍നിന്ന് ഹരിയാണ ജനഹിത് കോണ്‍ഗ്രസ് പാര്‍ട്ടി നേതാവ് കുല്‍ദീപ് ബിഷ്‌ണോയിയെ തോല്‍പ്പിച്ചാണ് ദുഷ്യന്ത് ചൗട്ടാല ലോക്സഭാംഗമായത്.
Content Highlights: dushyant chautala election results 2024 live what happened jjp
Published: 08 Oct 2024, 04:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented