ന്യൂഡല്‍ഹി: വോട്ടുവിഹിതം കുത്തനെ ഉയര്‍ന്നിട്ടും ഹരിയാണയില്‍ ജയം കോണ്‍ഗ്രസില്‍നിന്ന് വഴുതിയത് ഗുരുതര പ്രഹേളികയായി പാര്‍ട്ടിയെ അലട്ടുന്നു. വര്‍ധിച്ച വോട്ടുവിഹിതം സീറ്റുകളായി മാറ്റിയെടുക്കുന്നതിന് ഏറ്റവും താഴേത്തട്ടിലുള്ള സംഘടനാസംവിധാനത്തിന്റെ (മൈക്രോ മാനേജ്മെന്റ്) ദൗര്‍ബല്യമാണ് വിനയായതെന്നാണ് വിലയിരുത്തല്‍. ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ചിതറിപ്പോയത് 10 മണ്ഡലങ്ങളിലെങ്കിലും കോണ്‍ഗ്രസില്‍നിന്ന് വിജയം തട്ടിത്തെറിപ്പിച്ചിട്ടുണ്ട്. ഇവിടങ്ങളില്‍ 5000ല്‍ താഴെ വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസിന്റെ തോല്‍വി. 25 ശതമാനം വരുന്ന ജാട്ട് വോട്ടുകളില്‍ കേന്ദ്രീകരിച്ച് മാത്രം കോണ്‍ഗ്രസ് നീങ്ങിയത് തിരിച്ചടിച്ചെന്ന ആക്ഷേപം പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെ ഉയരുന്നു.

To advertise here,

21 ശതമാനം വരുന്ന ദളിത് വോട്ടുകളും 40 ശതമാനം വരുന്ന ഒ.ബി.സി വോട്ടുകളും കോണ്‍ഗ്രസില്‍ നിന്നകന്നു. ഒരു കുടുംബത്തിന്റെ ആധിപത്യം ഹരിയാണയില്‍ തിരിച്ചടിച്ചെന്ന കുമാരി സെല്‍ജ എം.പിയുടെ തുറന്നുപറച്ചില്‍ കോണ്‍ഗ്രസിനകത്ത് മുളപൊട്ടിയ അസ്വസ്ഥതയ്ക്ക് തെളിവായി. തിരഞ്ഞെടുപ്പ് പ്രചരണവേളയില്‍ രണ്ടാഴ്ചയോളം അവര്‍ വിട്ടുനിന്നതും ദളിത് വിരുദ്ധസമീപനത്തിന് തെളിവായി. ഇത് ബി.ജെ.പി പ്രചരണായുധമാക്കിയതുമെല്ലാം കോണ്‍ഗ്രസിനെ തിരിച്ചടിച്ചിട്ടുണ്ട്.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പിന്തുണച്ചവയാണ് ദളിത്, ഒ.ബി.സി വോട്ടുബാങ്കുകള്‍. 37 സീറ്റിലേക്കൊതുങ്ങിയപ്പോഴും 2019-നെ അപേക്ഷിച്ച് ആറ് സീറ്റുകള്‍ അധികം നേടാനായത് കോണ്‍ഗ്രസിന്റെ അടിത്തറ സംസ്ഥാനത്ത് തകര്‍ന്നിട്ടില്ലെന്നതിന്റെ സൂചനയായി. ലോക്സഭാ തിരഞ്ഞെടുപ്പിലെ മുന്നേറ്റത്തിന് ശേഷം അമിത ആത്മവിശ്വാസം പാര്‍ട്ടിനേതൃത്വത്തെ അലസരാക്കിയത് ദോഷമായി. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മിയുമായുണ്ടാക്കിയ സഖ്യം പ്രത്യക്ഷത്തില്‍ വോട്ടെടുപ്പില്‍ പ്രകടമായില്ലെങ്കിലും ബി.ജെ.പി വിരുദ്ധവോട്ടുകള്‍ ചിതറാതിരിക്കാന്‍ വഴിയൊരുക്കുക വഴി അത് കോണ്‍ഗ്രസിനെ തുണച്ചിട്ടുണ്ട്. എന്നാല്‍ ഒറ്റയ്ക്ക് മത്സരിച്ച ആം ആദ്മിയും ജെ.ജെ.പി- ആസാദ് സമാജ് പാര്‍ട്ടി സഖ്യവും ഐ.എന്‍.എല്‍.ഡിയും മറ്റ് സ്വതന്ത്രരുമെല്ലാം ബി.ജെ.പി വിരുദ്ധവോട്ടുകള്‍ ചിതറിപ്പോകാന്‍ വഴിയൊരുക്കിയ 'ശക്തി'കളായി നിയമസഭാതിരഞ്ഞെടുപ്പില്‍ മാറി.

കേവലം 0.6 ശതമാനം വോട്ടിന്റെ കുറവ് മാത്രം

ബി.ജെ.പിയുടെ സീറ്റുനില 2019-ലെ 40-ല്‍നിന്ന് 48-ലേക്കും കോണ്‍ഗ്രസിന്റേത് 2019-ലെ 31-ല്‍നിന്ന് 37-ലേക്കുമാണ് ഉയര്‍ന്നത്. എന്നാല്‍ ഇരു പാര്‍ട്ടികള്‍ക്കുമിടയിലെ വോട്ടുശതമാനത്തിലെ വ്യത്യാസം കേവലം 0.6 ശതമാനം മാത്രമാണ്. കോണ്‍ഗ്രസിന് ഈ തിരഞ്ഞെടുപ്പില്‍ 2019നെ അപേക്ഷിച്ചുണ്ടായ വോട്ടുവര്‍ധന 11 ശതമാനമാണ്. ബി.ജെ.പിക്കുണ്ടായ വോട്ടുവര്‍ധനയാകട്ടെ 3 ശതമാനം മാത്രം. 2019ല്‍ അധികാരത്തിലേറിയ ബി.ജെ.പി നേടിയത് 36.49 ശതമാനം വോട്ടാണ്. കോണ്‍ഗ്രസിന് കിട്ടിയത് 28.08 ശതമാനവും. ഇത്തവണ ഇത് യഥാക്രമം 39.9 ശതമാനവും 39.34 ശതമാനവുമായി. സ്വതന്ത്രരും ചെറുകക്ഷികളും പിടിച്ചെടുക്കുന്ന വോട്ടുകള്‍ ശക്തമായ തിരഞ്ഞെടുപ്പ് പോരാട്ടത്തില്‍ എത്രമാത്രം നിര്‍ണായകമാകുമെന്നതിന് തെളിവാണ് ഈ കണക്ക്.
   
ചെറു പ്രാദേശിക കക്ഷികളെല്ലാം ചേര്‍ന്ന് 12 ശതമാനം വോട്ടുകള്‍ കൊണ്ടുപോയപ്പോള്‍ കോണ്‍ഗ്രസിന് അധികാരത്തിലേറാനുള്ള സീറ്റെണ്ണം തികയ്ക്കാനാവാതെ പോയി. ഇതാണ് സ്വന്തം പാളയത്തിലേക്ക് വോട്ടെത്തിക്കേണ്ട മൈക്രോമാനേജ്മെന്റിലെ പാളിച്ചയിലേക്ക് വിരല്‍ ചൂണ്ടുന്നത്. നഗര, അര്‍ധ നഗര മേഖലകളില്‍ ബി.ജെ.പി നേട്ടമുണ്ടാക്കിയപ്പോള്‍ ഗ്രാമീണ മേഖലകളില്‍ കോണ്‍ഗ്രസിനാണ് വോട്ടുവിഹിതം കൂടിയത്. കര്‍ഷക മേഖലകളാണിവ. എന്നാല്‍ ഈ വര്‍ധിച്ച വോട്ടുവിഹിതം സീറ്റുകളാക്കുന്നതില്‍ കോണ്‍ഗ്രസ് സംഘടനാസംവിധാനം പരാജയപ്പെട്ടു. ബി.ജെ.പിയേക്കാള്‍ വെറും 2 സീറ്റുകളേ അധികം കിട്ടിയുള്ളൂ. കൂടുതല്‍ വോട്ടര്‍മാരുള്ള ഗ്രാമീണമണ്ഡലങ്ങളിലാണ് കോണ്‍ഗ്രസിന്റെ വോട്ടുവിഹിതം കൂടിയത്. എന്നാല്‍ മറ്റ് ചെറിയ സീറ്റുകളില്‍ ശക്തമായ സംഘടനാസംവിധാനത്തിലൂടെ ജയമുറപ്പിച്ചെടുക്കുന്നതില്‍ ബി.ജെ.പി വിജയിച്ചു.