കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഒമര്‍ അബ്ദുള്ള എന്ന രാഷ്ട്രീയ നേതാവിനെ സംബന്ധിച്ചടത്തോളം ഒരിക്കലും മറക്കാന്‍ കഴിയുന്നതായിരുന്നില്ല. അബ്ദുള്ള കുടുംബത്തിന്റെ പിന്‍ഗാമിയെന്ന നിലയില്‍ കശ്മീര്‍ രാഷ്ട്രീയത്തില്‍ തന്റേതായ സ്ഥാനം ഉറപ്പിച്ചിരുന്ന ഒമര്‍ രഷ്ട്രീയത്തില്‍ നിന്ന് അസ്തമിച്ചുപോവുകയാണോ എന്നുപോലും അന്ന് രാഷ്ട്രീയ നീരീക്ഷകര്‍ സംശയിച്ചു. കാരണം അത്ര നാണംകെട്ട തോല്‍വിയായിരുന്നു അന്നദ്ദേഹം നേരിടേണ്ടി വന്നത്. 

To advertise here,

വലിയ പ്രതീക്ഷയോടെ മത്സരിക്കാനെത്തി ഒടുവില്‍ ജയിലില്‍ കിടന്ന് മത്സരിച്ച എതിര്‍സ്ഥാനാര്‍ഥി എഞ്ചിനിയര്‍ റാഷിദിനോട്  കശ്മീരിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തോല്‍വികളിലൊന്നിനെ നേരിടേണ്ടി വന്നു. അതും നാലരലക്ഷം വോട്ടിന്റെ തോല്‍വി. ഇത് ഒമറിനെ മാനസികമായി തന്നെ തളര്‍ത്തിക്കളഞ്ഞു. ഒരുവേള ഒമര്‍ പോലും തന്റെ രാഷ്ട്രീയ ഭാവിയെ കുറിച്ച് സംശയിച്ചുപോയിരുന്ന ദിവസങ്ങള്‍. പക്ഷെ മൂന്നുമാസത്തിനിപ്പുറം മറ്റൊരു നിര്‍ണായക തിരഞ്ഞെടുപ്പിനെ ഒമര്‍ നേരിട്ടപ്പോള്‍ ഫീനിക്‌സ് പക്ഷിയെ പോലെ പറന്നുയരുന്ന രാഷ്ട്രീയക്കാരനെ എതിരാളികള്‍ക്ക് കാണേണ്ടി വന്നു. അങ്ങനെ ഒരിക്കല്‍ കൂടെ ഒമര്‍ കശ്മീരിന്റെ മുഖ്യമന്ത്രി സ്ഥാനത്തേക്കെത്തുമ്പോള്‍ അബ്ദുള്ളയുഗത്തെ മാറ്റിനിര്‍ത്തിയുള്ള ഒരു രാഷ്ട്രീയം കശ്മീരിനില്ലെന്ന ഒരോമപ്പെടുത്തല്‍ കൂടിയാവുന്നുണ്ട്. 

കശ്മീരിന്റെ  സംസ്ഥാനപദവി പുന:സ്ഥാപിക്കാതെ മത്സരിക്കാനില്ലെന്ന പ്രഖ്യാപനമെടുത്തിരുന്ന ഒമര്‍ അപ്രതീക്ഷിതമായിട്ടായിരുന്നു മത്സരരംഗത്തേക്കെത്തിയത്. അതും രണ്ട് മണ്ഡലങ്ങളില്‍. അവിടെ രണ്ടിടത്തും ആധികാരികമായി വിജയിക്കുകയും ചെയ്തു. തന്നെ സംബന്ധിച്ചിടത്തോളം ജമ്മുകശ്മീര്‍ കേന്ദ്ര ഭരണപ്രദേശമായി തുടരുന്നിടത്തോളം ഒരു നിയമസഭ തിരഞ്ഞെടുപ്പിലും മത്സരിക്കില്ലെന്നും വികലമായ ഒരു സഭയുടെ ഭാഗമാവാന്‍ തനിക്കാവില്ലെന്നും പറഞ്ഞിരുന്ന ഒമര്‍ ആ വാക്ക് വിഴുങ്ങി വീണ്ടും മത്സര രംഗത്തെത്തിയപ്പോള്‍ വലിയ പരിഹാസത്തെ നേരിടേണ്ടി വന്നു. സ്വന്തം പാര്‍ട്ടിയില്‍ പോലും പൊട്ടലും ചീറ്റലുമുണ്ടായി. എന്നിരുന്നാലും അതിനെയെല്ലാം മറികടക്കുന്നതായി മത്സരിച്ച  ഗന്ദര്‍ബാലിലേയും ബദ്ഗാമിലേയും വിജയം. ഒപ്പം ഒരിക്കല്‍ കൂടെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് തിരിച്ചെത്തുകയും ചെയ്തു. ഒരുകാലത്ത് കാശ്മീരിന്റെ മുഖമായിരുന്ന നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടിക്ക് 2014-ന് ശേഷം ഭരണത്തിലെത്താനായിട്ടില്ല. 2019 ല്‍ സംസ്ഥാന പദവി തന്നെ നഷ്ടമായി. കാശ്മീരിന്റെ പ്രത്യേക പദവി പുനസ്ഥാപിക്കണമെന്നും സംസ്ഥാനപദവി വേണമെന്നും ശക്തമായി ആവശ്യപ്പെടുന്ന നാഷണല്‍ കോണ്‍ഫറന്‍സ് സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍ ബി.ജെ.പിക്ക് മുന്നോട്ടുള്ള രാഷ്ട്രീയ നീക്കങ്ങള്‍ അത്ര സുഖകരമാവില്ലെന്ന് തീര്‍ച്ച. 

placeholder
ഒമര്‍ അബ്ദുള്ളയും ഫാറൂഖ് അബ്ദുള്ളയും| ഫോട്ടോ: പി.ടി.ഐ
  • രാഷ്ട്രീയം രക്തത്തില്‍ അലിഞ്ഞ അബ്ദുള്ള കുടുംബം

യു.കെയില്‍ ജനിച്ച് എം.ബി.എ ബിരുദധാരിയായി മാറിയ ഒമറിനെ രാഷ്ട്രീയത്തിലേക്കിറക്കുന്നതിനോട് ഒട്ടും താത്പര്യമുണ്ടായിരുന്നില്ല  അമ്മ മോളിക്ക്. പകരം ഏതെങ്കിലുമൊരു ബഹുരാഷ്ട്ര കമ്പനിയുടെ തലപ്പത്തെത്തിക്കുന്നതിനെ കുറിച്ച് അവര്‍ സ്വപ്‌നം കണ്ടു. പക്ഷെ പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച് രാഷ്ട്രീയത്തിലേക്കിറങ്ങിയ ഒമറിനെയാണ് പിന്നീടവര്‍ക്ക് കാണേണ്ടി വന്നത്. അങ്ങനെ മുത്തച്ഛന്‍ ശൈഖ് അബ്ദുള്ള, മകന്‍ ഫാറൂഖ് അബ്ദുള്ള, ഫാറൂഖ് അബ്ദുള്ളയുടെ മകന്‍ ഒമര്‍ അബ്ദുള്ള എന്നിവര്‍ അധികാരത്തിന്റേയും രാഷ്ട്രീയത്തിന്റെയും ബാറ്റണ്‍ കൈമാറിക്കൈമാറി വന്നു. ഒടുവില്‍ ഒമറിന്റെ മക്കളായ സമീര്‍ അബ്ദുള്ള, സഹീര്‍ അബ്ദുള്ള എന്നിവരിലേക്ക് കൂടെ നാഷണല്‍ കോണ്‍ഫറന്‍സിന്റേയും കശ്മീരിന്റേയും ഭാവി ചുറ്റിപ്പറ്റിക്കിടക്കുന്നതിലേക്കും കാര്യങ്ങള്‍ എത്തിയിരിക്കുന്നു. ഒമറിന്റെ രണ്ട് മക്കളും ഈ നിയമസഭാ തിരഞ്ഞെടുപ്പിലും ലോക്‌സഭാ തിരഞ്ഞെടുപ്പിലും തിരഞ്ഞെടുപ്പ് പ്രചാരണ വേദികളിലെല്ലാം സജീവമായിരുന്നുവെന്നതും അധികാരത്തുടര്‍ച്ചയുടെ സൂചനകള്‍ നല്‍കുന്നതാണ്.

ഇരുപത്തിയെട്ടാം വയസ്സില്‍ ഏറ്റവും പ്രായംകുറഞ്ഞ എം.പി എന്ന പേര് സ്വന്തമാക്കി തിരഞ്ഞെടുപ്പ് രാഷട്രീയത്തിന് തുടക്കം കുറിച്ചതാണ് ഒമര്‍ അബ്ദുള്ള. 1998-99 കാലഘട്ടത്തില്‍ കേന്ദ്രത്തില്‍ ഗതാഗതവും ടൂറിസവും സംബന്ധിച്ച കമ്മിറ്റിയിലും, ടൂറിസം മന്ത്രാലയത്തിന്റെ  കമ്മിറ്റിയിലും അദ്ദേഹം അംഗമായി. 1999-ല്‍ ഒമര്‍ പതിമൂന്നാം ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1999 ഒക്ടോബര്‍ 13-ന് വാണിജ്യ വ്യവസായ സഹമന്ത്രിയായി. അതോടെ ഏറ്റവും പ്രായം കുറഞ്ഞ കേന്ദ്രമന്ത്രി എന്ന പേരും ഒമറിന് ലഭിച്ചു. 

പാര്‍ട്ടിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി 2002 ഡിസംബര്‍ 23 ന് അദ്ദേഹം മന്ത്രിസഭയില്‍ നിന്ന് രാജിവെക്കുകയും 2002 ജൂണ്‍ 23 ഓടെ നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടിയുടെ അധ്യക്ഷനാകുകയും ചെയ്തു. ഇതോടെ പാര്‍ട്ടി നേതൃത്വവും ഒമറിന്റെ കൈയിലായി. പക്ഷെ പിന്നാലെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒമറിന്റെ കുടംബസീറ്റെന്ന് വിളിപ്പേരുള്ള ഗന്ദര്‍ബാല്‍ സീറ്റില്‍ തോല്‍വിയായിരുന്നു കാത്തിരുന്നത്. എന്നാല്‍ അവിടേയും തളരാത്ത ഒമറിനെയാണ് കാണാന്‍ കഴിഞ്ഞത്. 2008 ല്‍ വീണ്ടും മത്സരിക്കുകയും കശ്മീരിന്റെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് തന്നെയെത്തുകയും ചെയ്തു. അങ്ങനെ 38 ാം വയസ്സില്‍ ഏറ്റവും പ്രായംകുറഞ്ഞ മുഖ്യമന്ത്രിയെന്ന വിളിപ്പേരും ഒമറിന് കിട്ടി. മുത്തച്ഛന്‍ ശൈഖ് അബ്ദുള്ള, മകന്‍ ഫാറൂഖ് അബ്ദുള്ള എന്നിവര്‍ക്ക് പുറമെ ഒരു കുംടബത്തിന്റെ മൂന്നാം തലമുറക്കാരനായി കശ്മീരിന്റെ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തെന്ന ചരിത്രവും ഒമറിന് തന്നെയാണ്.

placeholder
ഒമര്‍ അബ്ദുള്ള| ഫോട്ടോ: പി.ടി.ഐ
  • ജയിലിലടച്ചിട്ടും നിര്‍ത്താത്ത പോരാട്ടം

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ഒമര്‍ അബ്ദുള്ളയെ ആറ് മാസത്തോളമാണ് 2019 ഓഗസ്റ്റ് മാസം കേന്ദ്ര സര്‍ക്കാര്‍ കരുതല്‍ തടങ്കലില്‍ വെച്ചത്. ഇതിന്റെ കാലാവധി അവസാനിക്കുന്നതിന് മുന്‍പെ പുതിയ കുറ്റങ്ങള്‍ ചുമത്തി വീണ്ടും തടങ്കിലാക്കി. ഇത് 2020 മാര്‍ച്ച് 24 ന് ആണ് സര്‍ക്കാര്‍ എടുത്തുകളഞ്ഞത്.

ഒമറിന്റെ സഹോദരി സാറാ അബ്ദുള്ള പൈലറ്റ്  ഒമറിനെ തടങ്കലില്‍ വച്ചത് ജനാധിപത്യ വിരുദ്ധവും ഇന്ത്യന്‍ ഭരണഘടനയ്ക്ക് തുരങ്കം വയ്ക്കുന്നതാണെന്നും പറഞ്ഞ് സുപ്രീംകോടതിയില്‍ ഒരു റിട്ട് ഹര്‍ജി സമര്‍പ്പിച്ചതും വലിയ വാര്‍ത്തയായിരുന്നു. ഇതിന് പുറമെ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയും സമര്‍പ്പിച്ചു. തുടര്‍ന്ന് സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരമാണ് 2020 മാര്‍ച്ച് 24 ന് ഒമര്‍അബ്ദുള്ളയെ കരുതല്‍ തടങ്കലില്‍ നിന്ന് മോചിപ്പിച്ചത്. പക്ഷെ അപ്പോഴും പോരാട്ടം തുടരുകയായിരുന്നു. 

ജമ്മു കശ്മീരീന്റെ പ്രത്യേകപദവി റദ്ദാക്കുകയും സംസ്ഥാനപദവി അനുവദിക്കാതിരിക്കുകയും ചെയ്തതിനെതിരെ ശബ്ദമുയര്‍ത്തിയാണ് ഇത്തവണ ഒമര്‍ തിരഞ്ഞെടുപ്പിനെ നേരിട്ടത്. പ്രത്യേക പദവി ചോദിച്ചുകൊണ്ടേയിരിക്കുമെന്നും ബിജെപി എക്കാലത്തും അധികാരത്തിലിരിക്കുമെന്ന് കരുതുന്നില്ലെന്നും ഒമര്‍ ജനങ്ങളോട് പറഞ്ഞു. മാത്രമല്ല സംസ്ഥാന പദവിയെന്ന കശ്മീര്‍ ജനതയുടെ ആവശ്യത്തോട്‌ ഒപ്പം നില്‍ക്കുമെന്നും പ്രഥമ പരിഗണന ഇതിനായിരിക്കുമെന്നും ഒമര്‍ വ്യക്തമാക്കി. നിലവില്‍ ജമ്മു കാശ്മീരിന് പ്രത്യേക പദവിയും സംസ്ഥാന പദവിയും നഷ്ടമാണ്. സംസ്ഥാന പദവി തിരികെ നല്‍കണമെന്നും  ഉടന്‍ തിരഞ്ഞെടുപ്പ് നടത്തണമെന്നും സുപ്രീംകോടതി 2023 ഓഗസ്റ്റ് മാസത്തില്‍ കേന്ദ്രത്തോട് കര്‍ശനമായി നിര്‍ദേശിച്ചിരുന്നു. തിരഞ്ഞെടുപ്പ് പൂര്‍ത്തിയായതോടെ ഇനി കേന്ദ്രസര്‍ക്കാര്‍ ഇതില്‍ എന്ത് നിലപാടെടുക്കുമെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. സംസ്ഥാന പദവി പുനസ്ഥാപിക്കണമെന്ന് മറ്റ് പ്രതിപക്ഷ കക്ഷികളും ആവശ്യപ്പെട്ടുണ്ട്. അല്ലാത്തപക്ഷം വലിയ പ്രതിഷേധങ്ങളെ കേന്ദ്രം നേരിടേണ്ടി വരും. ഒമര്‍ അബ്ദുള്ള മുഖ്യമന്ത്രികൂടി ആയതോടെ ഈ പ്രതിഷേധത്തിന് ശക്തി കൂടുമെന്ന വിലയിരുത്തലുമുണ്ട്.

2014 ല്‍ ആകെയുള്ള  85 സീറ്റില്‍ 15 സീറ്റ് മാത്രം ലഭിച്ചിടത്തുനിന്ന് പത്ത് വര്‍ഷത്തിനിപ്പുറം 41 സീറ്റുമായി വലിയ തിരിച്ചുവരവാണ് നാഷണല്‍ കോണ്‍ഫറന്‍സും ഒമര്‍ അബ്ദുള്ളയും നടത്തിയത്. ആറ് സീറ്റുമായി ശക്തിപകര്‍ന്ന് കോണ്‍ഗ്രസും ഒപ്പമുണ്ട്. 

placeholder
ആര്‍ട്ടിക്കിള്‍ 370 ാം വകുപ്പ് റദ്ദിക്കിയതിന്റെ വാര്‍ഷികത്തില്‍  നടന്ന പ്രതിഷേധ പരിപാടി| ഫോട്ടോ: പി.ടി.ഐ
  • കശ്മീരും 370 ാം വകുപ്പും സംസ്ഥാന പദവിയും

നേരത്തെ തിരഞ്ഞെടുപ്പ് നടക്കുമ്പോഴെല്ലാം ആറ് വര്‍ഷമായിരുന്നു ജമ്മു കശ്മീര്‍ നിയമസഭയുടെ കാലാവധി. സംസ്ഥാനത്തുണ്ടായിരുന്ന പ്രത്യേക പദവിയുടെ ഭാഗമായിരുന്നു ഇത്. പ്രത്യേകമായി ഭരണഘടനയും പതാകതന്നേയുമുണ്ടായിരുന്ന ഇന്ത്യയിലെ ഏക സംസ്ഥാനം. ഇന്ത്യന്‍ ഭരണഘടന നിലവില്‍ വരുമ്പോള്‍ അതിലെ ഒന്ന്, 370-ാം വകുപ്പുകള്‍ മാത്രമായിരുന്നു ജമ്മു കശ്മീരിന് ബാധകമായിരുന്നത്. സംസ്ഥാനങ്ങളുടെ ഒരു യൂണിയനായിരിക്കും എന്നതായിരുന്നു ഒന്നാമത്തേത്. പ്രത്യേക പദവിയെ കുറിച്ചായിരുന്നു 370 ാം വകുപ്പ്. 

നിലവില്‍ 370 ാം വകുപ്പ് റദ്ദാക്കുകയും ഇതിനായി ജമ്മുകശ്മീര്‍ പുനസംഘടനാ നിയമം 2019 തയ്യാറാക്കുകയും ചെയ്തു. ഇതിന് പിന്നാലെ സംസ്ഥാനത്തെ ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ രണ്ട് കേന്ദ്രഭരണ പ്രദേശമായി മാറ്റുകയും ചെയ്തു. 370 ാം അനുച്ഛേദനം റദ്ദായതോടെ എല്ലാ പ്രത്യേകാധികാരങ്ങളുമാണ് കശ്മീരിന്‌ നഷ്ടമായത്. സ്വന്തമായ ഭരണഘടന, സ്വയംഭരണാധികാരം, പ്രത്യേക നിയമം, പൗരത്വം എന്നിവയെല്ലാം ചരിത്രമാവുകയും ചെയ്തു.

2014 ല്‍ മോദിയും ബി.ജെ.പിയും തിരഞ്ഞെടുപ്പിനെ നേരിട്ടപ്പോള്‍ 370-ാം വകുപ്പ് റദ്ദാക്കുമെന്നായിരുന്നു പ്രകടന പത്രികയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. ആര്‍.എസ്.എസും ഈ നിര്‍ദേശം മുന്നോട്ടുവെച്ചിരുന്നു. അതുകൊണ്ടു തന്നെ ഇത് നടപ്പാക്കാനുള്ള ഒരുക്കം മോദി സര്‍ക്കാര്‍ അധികാരമേറ്റയുടന്‍ തുടങ്ങുകയും ചെയ്തിരുന്നു. ഇതാണ് 2019 ഓഗസ്റ്റ് ആവുമ്പോഴേക്കും നടപ്പിലാക്കിയത്‌. 

370-ാം വകുപ്പ് റദ്ദാക്കിയതോടെ ഉചിതമായ സമയത്ത് സംസ്ഥാന പദവി നല്‍കുമെന്നായിരുന്നു അന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞിരുന്നത്. വിവാദമായ നിബന്ധനകളാണ് കശമീരിലെ ദാരിദ്ര്യത്തിനും വികസനമില്ലായ്മയ്ക്കും കാരണമെന്നും അതിനാലാണ് റദ്ദാക്കിയതെന്നുമായിരുന്നു വാദം. താത്കാലികമായാണ് കശ്മീരിന് പ്രത്യേകദവി നല്‍കിയിരുന്നതെന്നും താത്കാലികമെന്നത് 70 കൊല്ലമല്ലെന്ന വാദവും അമിത്ഷാ ഉയര്‍ത്തിയിരുന്നു. എന്നാല്‍ കശ്മീരിലെ ജനങ്ങള്‍ക്കാവശ്യം തങ്ങളുടെ പ്രത്യേക പദവി തന്നെയാണ് എന്നാണ് ഒമര്‍അബ്ദുള്ളയുടേയും നാഷണല്‍ കോണ്‍ഫറന്‍സിന്റേയും മറ്റ് പ്രതിപക്ഷ കക്ഷികളുടെയും വാദം. തിരഞ്ഞെടുപ്പില്‍ തോറ്റെങ്കിലും കശ്മീരിന്റെ സംസ്ഥാന പദവി പുനസ്ഥാപിക്കുമെന്നു പറഞ്ഞ് തിരഞ്ഞെടുപ്പിനെ നേരിട്ട മോദിയും ബി.ജെ.പിയും ഇനി എന്ത് നിലപാടെടുക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.