ഹിന്ദി ഹൃദയഭൂമിക്കും വടക്കുകിഴക്കിനുമൊപ്പം തെലങ്കാനയിലും തിരഞ്ഞെടുപ്പ് കളം ചൂട് പിടിച്ചിരിക്കുകയാണ്. ഭരണം നിലനിർത്താൻ ബി.ആർ.എസ്സും സംസ്ഥാനം രൂപവത്കരിച്ച് ജനങ്ങളുടെ ആവശ്യം നിറവേറ്റിയിട്ടും 10 വര്‍ഷം പ്രതിപക്ഷത്തായ കോണ്‍ഗ്രസ് ഭരണം പിടിക്കാനും കിണഞ്ഞു പരിശ്രമിക്കുകയാണ്. അത്ര എളുപ്പമായിരിക്കില്ല കെ.സി.ആറിന് ഇക്കുറി കാര്യങ്ങളെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. അതേസമയം, രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തിൽ തിരിച്ചുവരവിന്റെ പാതയിലുള്ള കോൺഗ്രസിന് ഭരണത്തിലെത്താനുള്ള സ്വീകാര്യത ആയോ എന്നതും ചോദ്യചിഹ്നമാണ്. ലയനസാധ്യതകൾ തള്ളി വൈ.എസ് ശർമിളയുടെ തെലങ്കാന പാർട്ടി സ്വന്തം നിലയിൽ മത്സരിക്കാനൊരുങ്ങിയതും കോൺഗ്രസിന് തിരിച്ചടിയാണ്. മോദിയേയും അമിത് ഷായെയുമടക്കം കളത്തിലിറക്കി ബി.ജെ.പിയും അരയും തലയും മുറുക്കി കളംപിടിക്കാന്‍ നോക്കുന്നു.

To advertise here,

119 നിയമസഭാ സീറ്റുകളിലേയ്ക്ക് നവംബർ മുപ്പതിനാണ് വോട്ടെടുപ്പ്. 3.17 കോടി വോട്ടർമാരാണ് സമ്മതിദാനാവകാശം വിനിയോഗിക്കുക.

placeholder
രേവന്ത് റെഡ്ഡി, കെ. ചന്ദ്രശേഖർ റാവു | Photo:PTI

തെലങ്കാന: പാലം കടന്നപ്പോൾ കോൺ​ഗ്രസ് പുറത്ത്

തുടർച്ചയായ മൂന്നാം വിജയം തേടിയാണ് ഭരണകക്ഷിയായ ബി.ആർ.എസ്. (പഴയ ടി.ആര്‍.എസ്‌) തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്നത്. 2018-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 88 സീറ്റിന്റെ മൃ​ഗീയ ഭൂരിപക്ഷത്തിൽ സർക്കാർ രൂപീകരിച്ച കെ.സി.ആറിന്  അത്ര അനുകൂലമല്ല നിലവിലെ സ്ഥിതി. കോൺ​ഗ്രസിനെ സംബന്ധിച്ചിടത്തോളം ഇത് നിലനിൽപ്പിന്റെ പോരാട്ടമാണ്. കർണാടക ആവർത്തിച്ച് ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ആവേശം നിലനിർത്തിക്കൊണ്ടുപോകേണ്ടത് പാർട്ടിക്ക് അനിവാര്യമാണ്. ബി.ആർ.എസിന്റെ രാഷ്ട്രീയത്തെ കടന്നാക്രമിച്ചുകൊണ്ടാണ് ബി.ജെ.പി. തങ്ങളുടെ പ്രചാരണം ആരംഭിച്ചിരിക്കുന്നത്. സംസ്ഥാനത്തെ അധികാരകേന്ദ്രങ്ങളിൽ വലിയ സ്വാധീനമില്ലാത്ത ബി.ജെ.പിയും ചെറുമുന്നേറ്റം പ്രതീക്ഷിക്കുന്നു.

2013 ജൂലായ് 30-നാണ് യു.പി.എ. സർക്കാർ ആന്ധ്ര വിഭജിക്കാനുള്ള തീരുമാനമെടുക്കുന്നത്. ചന്ദ്രശേഖർ റാവുവിന്റെ നേതൃത്വത്തിൽ  തുടരുന്ന പ്രക്ഷോഭത്തിനും തെലങ്കാന മേഖലയിലെ കോൺഗ്രസ് നേതാക്കളുടെ സമ്മർദത്തിനും വഴങ്ങി കേന്ദ്രനേതൃത്വം വിഭജനത്തിന് അനുകൂല നിലപാട് സ്വീകരിച്ചതോടെ കോൺ​ഗ്രസിന് നഷ്ടമായത് തങ്ങളെ പതിറ്റാണ്ടുകളോളം പിന്തുണച്ച തെലു​​ഗ് ജനതയെയായിരുന്നു. വലിയ പ്രതിഷേധങ്ങൾക്കും സംസ്ഥാനം സാക്ഷിയായി.  

ഇതോടെ ആന്ധ്രയിലെ 23 ജില്ലകളിൽ 10 ജില്ലകൾ തെലങ്കാനയുടെ ഭാ​ഗമായി. സംസ്ഥാനത്ത് 119 നിയമസഭ സീറ്റുകളും 17 ലോക്സഭ സീറ്റുകളും തെലങ്കാനയിൽനിന്നുണ്ടാകുമെന്ന നിർദേശം വന്നു. 2014 ഫെബ്രുവരിയിൽ പാർലമെന്റും മാർച്ചിൽ രാഷ്ട്രപതിയും തെലങ്കാന ബിൽ പാസാക്കി. ഒടുവിൽ 2014 ജൂൺ രണ്ടാം തീയതി തെലങ്കാന സംസ്ഥാനം ഔദ്യോഗികമായി നിലവിൽവന്നു.

എന്നാൽ, ഇവിടം മുതൽ കോൺ​ഗ്രസ് കണക്കുകൂട്ടലുകൾ പിഴച്ചുതുടങ്ങി. തെലങ്കാന സംസ്ഥാനത്തിനായി ജന്മംകൊണ്ട രംഗത്തിറങ്ങിയ കെ.സി.ആറും സംഘവും ആവശ്യം അംഗീകരിച്ചാല്‍ കോണ്‍ഗ്രസില്‍ ലയിക്കുമെന്നായിരുന്നു വാഗ്ദാനം. തെലങ്കാന തങ്ങളെ കെെവിടില്ലെന്ന കോൺ​ഗ്രസിന്റെ ധാരണയെ തകിടംമറിച്ചുകൊണ്ട് കെ. ചന്ദ്രശേഖര റാവു പാലംവലിച്ചു. ലയനസാധ്യതകളെല്ലാം തള്ളിക്കൊണ്ട് അദ്ദേഹം സ്വന്തം പാർട്ടിക്ക് രൂപംനൽകി സംസ്ഥാനം കെെയിലാക്കി. തിരിച്ചുപിടിക്കാനാകാത്ത ആഘാതമായിരുന്നു കോൺ​ഗ്രസിനേറ്റത്. ആന്ധ്രയിൽ കോൺ​ഗ്രസ് നാമാവിശേഷമായി. തെലങ്കാനയിൽ പേരിന് മാത്രവും. ചുരുക്കത്തില്‍ ഒരു സംസ്ഥാനം രൂപവത്കരിച്ച് രണ്ടും കളഞ്ഞുകുളിച്ച നഷ്ടക്കച്ചവടം. തന്ത്രങ്ങളില്‍ കോണ്‍ഗ്രസിന് കഴിഞ്ഞ 20 വര്‍ഷത്തിനിടെ സംഭവിച്ച ഏറ്റവും വലിയ പിഴവിലൊന്നായി ഇത്‌

കോൺ​ഗ്രസിനെ സംബന്ധിച്ചിടത്തോളം 2014 നഷ്ടങ്ങളുടെ വർഷമായിരുന്നു. രാജ്യവ്യാപകമായി ബി.ജെ.പിക്ക് മുന്നില്‍ തകര്‍ന്നടിഞ്ഞെങ്കില്‍ തെലങ്കാനയിൽ അത് ബി.ആർ.എസിനോടായിരുന്നു. ബി.ആർ.എസ്. തങ്ങളുടെ വോട്ട് വിഹിതം മൂന്ന് ഇരട്ടിയായി വർധിപ്പിച്ചു. 63 നിയമസഭാ സീറ്റുകൾ അവർ സ്വന്തമാക്കി. 21 സീറ്റുകളേ കോൺഗ്രസിന് നേടാനായിരുന്നുള്ളൂ. തെലങ്കാനയിലെ ആദ്യ മുഖ്യമന്ത്രിയായി കെ.സി.ആർ. അധികാരമേറ്റു.

തുടർന്നുണ്ടായ തിരഞ്ഞെടുപ്പുകളിലും ഉയർത്തെഴുന്നേൽക്കാനുള്ള കോൺ​ഗ്രസ് ശ്രമങ്ങൾ വിഫലമായി. ബി.ആർ.എസ്. തങ്ങളുടെ കോട്ട ഭദ്രമായി കാത്തു. 2018-ലെ തിരഞ്ഞെടുപ്പിൽ 88 സീറ്റുകൾ സ്വന്തമാക്കി അധികാരത്തിലേറിയ പാർട്ടിക്ക് ഇന്ന് 99 പേരുടെ പിന്തുണയുണ്ട്  നിയമസഭയിൽ. കോൺ​ഗ്രസാകട്ടെ, 19-ൽ നിന്നും നേരെ ഏഴിലേക്ക് ചുരുങ്ങി. 46.9 ശതമാനം വോട്ടുകൾ സ്വന്തമാക്കി അന്ന് ബി.ആർ.എസ്. അധികാരത്തിലേറിയപ്പോൾ കോൺ​ഗ്രസിന് ലഭിച്ചത് 28.4 ശതമാനം വോട്ടുകളായിരുന്നു. 

placeholder

2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും സമാനമായിരുന്നു ഫലം. സംസ്ഥാനത്തെ 17 ലോക്‌സഭാ സീറ്റുകളിൽ നടന്ന തിരഞ്ഞെടുപ്പിൽ ബി.ആർ.എസ്. ഒമ്പത് ഇടങ്ങളിൽ വിജയിച്ചപ്പോൾ ബിജെപിക്ക്‌ നാലും കോൺഗ്രസിന് മൂന്നും സീറ്റുകളാണ് നേടാനായത്. തങ്ങളേക്കാൾ മികച്ചൊരു ഫലം ബി.ജെ.പിക്കുണ്ടായെങ്കിലും വോട്ട് ശതമാനത്തിലുണ്ടായ നേരിയ വർധനയിലായിരുന്നു കോൺ​ഗ്രസിന്റെ ആശ്വാസം. 29.79 ശതമാനം വോട്ടാണ് കോൺഗ്രസ് നേടിയത്.  

തെലങ്കാനയിലെ ജനത തങ്ങളെ കെെവിടില്ലെന്ന കണക്കുകൂട്ടിലാണ് ബി.ആർ.എസ്. എന്നാൽ ഒരു മാറ്റത്തിനാണ് ഇത്തവണ സംസ്ഥാനം സാക്ഷിയാകാൻ പോകുന്നതെന്നാണ് കോൺ​ഗ്രസ് അവകാശപ്പെടുന്നത്.

കെെവിടുമോ കെ.സി.ആറിനെ ?

സ്വപ്നതുല്യമായ ഭൂരിപക്ഷത്തിൽ അധികാരത്തിലേറിയ കെ.എസി.ആറിന് മുന്നിൽ തെലങ്കാന ഇക്കുറി നിരത്തുന്ന വെല്ലുവിളികൾ ചില്ലറയല്ല. കടുത്ത ഭരണവിരുദ്ധവികാരവും കോൺ​ഗ്രസിന്റെ തിരിച്ചുവരവും ബി.ആർ.എസിന്റെ നീക്കങ്ങൾക്ക് താത്‌കാലിക തടയണ തീർക്കുന്നു. തങ്ങൾക്കെതിരായ അഴിമതിയാരോപണങ്ങൾ മുതൽ കുടുംബഭരണമെന്ന ആക്ഷേപത്തിന് വരെ ജനങ്ങളോട് മറുപടി പറയേണ്ട നിലയിലാണ് നിലവിൽ പാർട്ടി. 

പാർട്ടിയിൽനിന്നു വലിയൊരു നിര നേതാക്കൾ കോൺ​ഗ്രസിലേക്ക് കൂറുമാറിയതാണ് ബി.ആർ.എസ്സിനെ അലട്ടുന്ന മറ്റൊരു വലിയ പ്രശ്നം. തെലങ്കാനയെന്നാൽ ബി.ആർ.എസ്. എന്ന വാദം മുതിർന്നവർക്കിടയിൽ ചിലവാകുമെങ്കിലും യുവാക്കൾക്കിടയിൽ ഇത്തരം നയങ്ങൾ വിലപ്പോകില്ല. സംസ്ഥാനത്തെ 30 ശതമാനത്തോളം വോട്ടർമാർ 19-35 വയസ്സിനിടിയിലുള്ളവരാണെന്നതിനാൽ യുവ വോട്ടർമാർ തെലങ്കാനയിൽ ചെലുത്തുന്ന സ്വാധീനം വലുതാണ്. 

അതൃപ്തികൾക്കെല്ലാം പരിഹാരം എന്ന ലക്ഷ്യവുമായാണ് മോഹനവാ​ഗ്ദാനങ്ങൾ നിറഞ്ഞൊരു പ്രകടനപത്രിക ബി.ആർ.എസ്. അവതരിപ്പിച്ചത്. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപയുടെ ലൈഫ് ഇൻഷുറൻസ് പരിരക്ഷ മുതൽ ബി.പി.എൽ. കുടുംബങ്ങൾക്ക് ഗാർഹിക ഗ്യാസ് സിലിണ്ടറുകൾ 400 രൂപയ്ക്ക് നൽകുമെന്ന് വരെ പത്രികയിൽ അവകാശപ്പെടുന്നു. 

കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും ബി.ആർ.എസിനൊപ്പം നിലയുറപ്പിച്ച ന്യൂനപക്ഷവോട്ടർമാർ ഇക്കുറി മാറിചിന്തിച്ചേക്കുമെന്ന വിലയിരുത്തലും പൊതുവായി ഉണ്ട്. മുസ്ലിം വോട്ടുകൾ നിസ്സാരമായി കാണാൻ സാധിക്കില്ല തെലങ്കാനയിൽ. ബി.ആർ.എസിനോട് ചേർന്ന് അസദുദ്ദീൻ ഒവൈസിയുടെ മജ്‌ലിസ് പാർട്ടി മത്സരിക്കുന്നുണ്ടെങ്കിലും മുസ്‍ലിംവോട്ടുകൾ ഉറപ്പാക്കാൻ ബി.ആർ.എസിന് കഴിയുന്നില്ല. ന്യൂനപക്ഷവോട്ടുകളിൽ വലിയൊരു ശതമാനം കോൺ​ഗ്രസിലേക്ക് പോകുമെന്ന ഭയവും പാർട്ടിക്കുണ്ട്. 

placeholder
അസദുദ്ദീൻ ഒവൈസിക്കൊപ്പം കെ.ചന്ദ്രശേഖർ റാവു | Photo:PTI

ബി.ആർ.എസ്. തങ്ങളുടെ പ്രകടനപത്രിക അവതരിപ്പിക്കുന്ന ദിവസം ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തുവിടാൻ മാത്രമാണ് കോൺ​ഗ്രസിന് കഴിഞ്ഞതെന്ന കാര്യവും കാണേണ്ടതാണ്. ഈ സഹചര്യത്തിലാണ് ഓഗസ്റ്റിൽത്തന്നെ 115 സ്ഥാനാർഥികളെ പ്രഖ്യാപിച്ച് രംഗത്തിറങ്ങിയ ബി.ആർ.എസ്. പ്രചാരണക്കളത്തിൽ മുൻതൂക്കം ഉറപ്പാക്കുന്നത്. പ്രധാനമന്ത്രി മുതൽ ഇങ്ങോട്ട് ഒട്ടനവധി പേർ തങ്ങൾക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുമ്പോഴും തെലങ്കാനയിലെ ജനങ്ങൾ തങ്ങളുടെ കെ.സി.ആറിനെ കെെവിടില്ലെന്ന വിശ്വാസത്തിലാണ് പാർട്ടി. 

തെലങ്കാന വിട്ട് ‘ശുഭമുഹൂർത്ത’ത്തിൽ ഭാരതത്തിലേക്ക്‌

പാർട്ടി രൂപീകരിച്ച് 21 വർഷത്തിന് ശേഷം 2022-ലാണ് കെ.സി.ആർ. തന്റെ പാർട്ടിയുടെ പേര് മാറ്റാനുള്ള തീരുമാനമെടുക്കുന്നത്. അത്രനാൾ തെലങ്കാന രാഷ്ട്ര സമിതി (ടി.ആർ.എസ്.) എന്ന നിലയിൽ ജനങ്ങളെ സേവിച്ച പാർട്ടി പിന്നീട് ഭാരതീയ രാഷ്ട്ര സമതി (ബി.ആർ.എസ്.) എന്ന പേരിലേക്ക് മാറി. ജോത്സ്യൻ കുറിച്ചുനൽകിയ ‘ശുഭമുഹൂർത്ത’ത്തിലായിരുന്നു പേരുമാറ്റം. 

തെലങ്കാനയിൽ ഒതുങ്ങിനിൽക്കാതെ ദേശീയതലത്തിലേക്ക് പാർട്ടിയെ വളർത്താനായിരുന്നു കെ.സി.ആറിന്റെ ഉദ്ദേശ്യം. പതാകയിലും സമാനമായ മാറ്റങ്ങളുണ്ടായിരുന്നു. പതാകയിൽ തെലങ്കാനയ്ക്ക് പകരം ഇന്ത്യയുടെ ചിത്രം ഇടംപിടിച്ചു. ചന്ദ്രശേഖർ റാവുവിനെ ‘ഭാവിപ്രധാനമന്ത്രി’യെന്ന് വിശേഷിപ്പിക്കുന്ന കട്ടൗട്ടുകൾ പോലും പ്രവർത്തകർ ഉയർത്തി. ദേശീയപാര്‍ട്ടി മോഹങ്ങള്‍ സജീവമായതോടെ മഹാരാഷ്ട്രയില്‍ കാലുറപ്പിക്കാനുള്ള നീക്കവും അദ്ദേഹം നടത്തി. 

എന്നാല്‍, ഈ നീക്കങ്ങളിൽ കെ.സി.ആറിന് പിഴച്ചു. തെലങ്കാനിലെ അധികാരം മക്കള്‍ക്ക് കൈമാറി രാജ്യം ഭരിച്ചേക്കാമെന്ന അധികാരക്കൊതിക്ക് അദ്ദേഹത്തിന് വലിയ വില നല്‍കേണ്ടി വന്നു. എക്കാലവും സ്വന്തമെന്ന് കരുതിയ തെലങ്കാനയിലെ നില പരുങ്ങലിലായി. മകൻ കെ.ടി. രാമറാവുവിന്റെയും മകൾ കെ. കവിതയുടേയും  ഇടപെടലുകൾ ആരോപണത്തിന് വിധേയമായി. ഇതിന് സംസ്ഥാനത്തെ ജനങ്ങളോട് മറുപടി പറയേണ്ട ​ഗതികേടിലായി പാർട്ടി. 

മോദി വിരുദ്ധ സഖ്യമെന്ന ആശയം ആദ്യം മുന്നോട്ട് വയ്ക്കുന്ന പ്രതിപക്ഷ നേതാക്കളില്‍ ഒരാളായിരുന്നു കെ.സി.ആര്‍. ദേശീയതലത്തിൽ കോൺഗ്രസില്ലാത്ത ഫെഡറൽ മുന്നണിയായിരുന്നു ലക്ഷ്യം. ഇതിന്റെ ഭാഗമായി മുഖ്യമന്ത്രിമാരായ അരവിന്ദ് കെജ്‌രിവാള്‍, ഭഗവന്ത് മാന്‍, എം.കെ. സ്റ്റാലിന്‍, മമത ബാനര്‍ജി എന്നിവരുമായും പ്രതിപക്ഷത്തെ മറ്റ് പ്രധാനനേതാക്കളായ അഖിലേഷ് യാദവ്, ഉദ്ദവ് താക്കറെ എന്നിവരുമായും കെ.സി.ആര്‍. ചര്‍ച്ച നടത്തിയിരുന്നു. എന്നാൽ, പ്രതീക്ഷിച്ച മുന്നേറ്റമൊന്നും നേടാന്‍ കെ.സി.ആറിനോ ബി.ആർ.എസ്സിനോ കഴിഞ്ഞില്ല. 

എന്നാല്‍, രാഷട്രീയസാഹചര്യങ്ങള്‍ മാറിത്തുടങ്ങിയതോടെ കെ.സി.ആറിന് ബി.ജെ.പിയോടുള്ള അപ്രീതി കുറഞ്ഞുവന്നു. 'ഇന്ത്യ' മുന്നണിയുടെ യോ​ഗങ്ങളിൽനിന്നും അദ്ദേഹം വിട്ടുനിന്നു. പതുക്കെ, ബി.ജെ.പിയോടുള്ള നിലപാട് മയപ്പെടുത്തിയും കോണ്‍ഗ്രസിനെതിരേ കടുത്ത വിമര്‍ശനം ഉന്നയിച്ചും അദ്ദേഹം വാർത്തകളിൽ ഇടംപിടിച്ചു. ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ മകൾ കെ. കവിത പ്രതിയായതും കെ.സി.ആറിനെ മാറിചിന്തിക്കാൻ പ്രേരിപ്പിച്ചതായും സൂചനങ്ങളുണ്ട്. ബി.ജെ.പിയുടെ ബി ടീമെന്നാണ് ബി.ആർ.എസ്സിനെ ശരദ് പവാർ വിശേഷിപ്പിച്ചത്. 

എന്‍.ഡി.എ. മുന്നണിയുടെ ഭാഗമാകാന്‍ റാവു നിരവധി തവണ ശ്രമിച്ചിരുന്നുവെന്ന് മോദി തന്നെ പറഞ്ഞതോടെ വിഷയം ബി.ആർ.എസ്സിന്റെ കെെവിട്ട് പോയി. ഈ ഒരൊറ്റ പ്രസ്താവന വരുന്ന തിരഞ്ഞെടുപ്പില്‍ ബി.ആര്‍.എസ്സിനുണ്ടാക്കിയേക്കാവുന്ന ആഘാതം വലുതായിരിക്കും. മുസ്ലിം വോട്ടർമാരിലും സഖ്യകക്ഷിയായ  എ.ഐ.എം.ഐ.എം-ലും വിഷയമുണ്ടാക്കിയ ആശയക്കുഴപ്പവും ചില്ലറയല്ല.

2024-ൽ രാജ്യം മറ്റൊരു ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പിലാണ്. ഭരണമുറപ്പിക്കാനുള്ള തങ്ങളുടെ ശ്രമത്തില്‍ ബി.ആര്‍.എസ്സിനെ ബി.ജെ.പി. ഒപ്പം കൂട്ടുമെന്ന് കരുതാനാവില്ല. 'ഇന്ത്യ' മുന്നണിയിലേക്കുള്ള വാതിലും അടഞ്ഞ അധ്യായമാണ്. സ്ഥിതി​ഗതികൾ വിലയിരുത്തുമ്പോൾ ദേശീയതലത്തിലൊരു മുന്നേറ്റമുണ്ടാക്കാനുള്ള കെ.സി.ആറിന്റെ സ്വപ്നം വിദൂരമാണ്‌. 

placeholder
മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു | Photo:PTI

കർണാടക ആവർത്തിക്കാൻ കോൺ​ഗ്രസ്

ഒരു കാലത്ത് കോൺഗ്രസിനെ ഏറ്റവുമധികം തുണച്ച സംസ്ഥാനങ്ങളിലൊന്നായിരുന്നു ആന്ധ്രാപ്രദേശ്. 2009 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ആന്ധ്രയിലെ 42 സീറ്റുകളിൽ 33-ഉം തൂത്തുവാരിയാണന്ന് കോൺഗ്രസ് ഭരണത്തുടർച്ച ഉറപ്പാക്കിയത്. എന്നാൽ, വർഷങ്ങൾക്കിപ്പുറം ആന്ധ്രയിലും തെലങ്കാനയിലും കോൺഗ്രസിന്റെ സ്ഥിതി പരിതാപകരമാണ്. സംസ്ഥാന വിഭജനത്തിന് പാർട്ടിയിലടക്കം വലിയ എതിർപ്പുകളുണ്ടായിരുന്നു. എന്നാൽ, എതിർപ്പുകളെ അവ​ഗണിച്ചുകൊണ്ട് തെലങ്കാന രൂപീകരണത്തിന് പാർട്ടി നേതൃത്വം നൽകിയത് അന്ന് കോൺ​ഗ്രസിന് പറ്റിയ വലിയ അബദ്ധമായിരുന്നുവെന്ന് പിന്നാലെവന്ന ജനവിധികൾ വ്യക്തമാക്കി.

കർണാടക തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ഉയർത്തെഴുന്നേൽപ്പിന്റെ പാതയിലാണ് കോൺ​ഗ്രസ്. അതേസമയം, കന്നട ദേശത്തിലെ വിജയം തെലു​ഗ് മണ്ണിൽ ആവർത്തിക്കുന്നതിന് ഒരു ഡി.കെ. ശിവകുമാർ തെലുങ്കാനയിൽ പാർട്ടിക്കുണ്ടോ എന്നത് സംശമാണ്. എ. രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള കോൺ​ഗ്രസിൽ കേന്ദ്ര നേതൃത്വം ഏറെ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുണ്ട്. എന്നാൽ, കോൺ​ഗ്രസിനുള്ളിലെ വിമതനേതാക്കളെ ഒരു കുടക്കീഴിലെത്തിച്ച് നേതൃത്വത്തെ ശക്തിപ്പെടുത്തുക എന്നതായിരിക്കും രേവന്ത് നേരിടാൻ പോകുന്ന ഏറ്റവും വലിയ വെല്ലുവിളി. രണ്ടാമതായി, തെലുങ്ക് ദേശത്തെ പാർട്ടികളുമായുള്ള അദ്ദേഹത്തിന്റെ അകലം തിരഞ്ഞെടുപ്പിൽ എങ്ങിനെ പ്രതിഫലിക്കുമെന്നതും കണ്ടറിയേണ്ടതാണ്. 

2017-ലാണ് ടി.ഡി.പിയുടെ ജനപ്രിയ നേതാവായിരുന്ന രേവന്ത് കോൺ​ഗ്രസിൽ ചേക്കേറുന്നത്. 2009-ലും 2014-ലും പാർട്ടി ടിക്കറ്റിൽ കോടങ്കലിൽനിന്നു എം.എൽ.എയായി തിരഞ്ഞെടുക്കപ്പെട്ട നേതാവായിരുന്നു അദ്ദേഹം. എന്നാൽ, 2015-ലെ  ലെജിസ്ലേറ്റീവ് കൗൺസിൽ തിരഞ്ഞെടുപ്പിൽ ടി.ഡി.പ്പിക്കായി പണം നൽകി വോട്ടിങ്ങിനെ സ്വാധീനിച്ച കേസിൽ രേവന്ത് അറസ്റ്റിലാകുന്നതോടെയാണ് അദ്ദേഹം തന്റെ ട്രാക്ക് മാറ്റുന്നത്. ജാമ്യം ലഭിച്ച രേവന്ത് കോൺ​ഗ്രസ് ക്യാമ്പിലെത്തി. പിന്നീട് കണ്ണടച്ച്‌ തുറക്കുന്ന വേ​ഗതയിൽ അദ്ദേഹം എത്തിച്ചേർന്നത് സംസ്ഥാന കോൺ​ഗ്രസിന്റെ ഉന്നത പദവിയിലായിരുന്നു. 

കോൺ​ഗ്രസിലെത്തിയതോടെ കെ.സി.ആറിനെതിരെ തീപ്പൊരി പ്രസം​ഗങ്ങളുമായി രേവന്ത് കളം നിറഞ്ഞു. റാവുവിന്റെ മകനടക്കം ബി.ആർ.എസ്സിലെ പ്രമുഖർക്കെതിരെയെല്ലാം അദ്ദേഹം ശക്തമായ ആരോപണം ഉന്നയിക്കാൻ ആരംഭിച്ചു. നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കുന്ന കോൺ​ഗ്രസിനെ സമീപനാളുകളിൽ രേവന്തിന്റെ നേതൃത്വത്തിൽ കാണാൻ കഴിഞ്ഞുവെന്നതും വസ്തുതയാണ്. പൊതുസമ്മേളനങ്ങളിൽ വലിയ ജനത്തിരക്കുണ്ടായി. തെലു​ഗ് ജനത കോൺ​ഗ്രസിലേക്കു തിരികെയെത്തുമെന്ന പ്രതീക്ഷ കേന്ദ്രനേതൃത്വത്തിന് നൽകാൻ രേവന്തിന് സാധിച്ചു എന്നതും ശ്രദ്ധേയമാണ്. 

കർണാടകയിൽനിന്ന് ലഭിച്ച പുതുജീവനിലാണ് പാർട്ടി പ്രതീക്ഷ. ഇതിന്റെ ഫലമായി കോൺ​ഗ്രസ് വിട്ട പ്രമുഖരിൽ പലരും പാർട്ടിയിൽ തിരിച്ചെത്തി. ബി.ആർ.എസ്സിൽനിന്നു വലിയ തോതിൽ കോൺ​ഗ്രസിലേക്ക് നേതാക്കൾ ഒഴുകിയെത്തി. അടുത്തിടെയാണ് ബി.ആർ.എസ്സിൽ നിന്നുള്ള 35-ഓളം നേതാക്കൾ കോൺ​ഗ്രസിൽ ചേർന്നത്. മുൻ എം.പി. ശ്രീനിവാസ റെഡ്ഡി, മുൻ മന്ത്രി കൃഷ്ണ റാവു തുടങ്ങിയ ചില ജനകീയരായിട്ടുള്ള നേതാക്കളും ഇതിലുൾപ്പെട്ടിരുന്നു. തെലങ്കാനയിൽ മാറ്റത്തിന്റെ കാറ്റ് വീശിത്തുടങ്ങിയെന്നായിരുന്നു കൂടിക്കാഴ്ചയ്ക്ക് പിന്നാലെ കോൺ​ഗ്രസ് ട്വീറ്റ് ചെയ്തത്. 

സംസ്ഥാനത്ത് അധികാരം ഉറപ്പാക്കുക എന്ന ലക്ഷ്യം മാത്രമായിരിക്കില്ല രേവന്തിനെ പാർട്ടി എൽപ്പിക്കുക. തെലു​ഗ് മണ്ണിൽനിന്നു ബി.ജെ.പിയെ അകറ്റിനിർത്താനുള്ള ചുമതലയും അദ്ദേഹത്തിനായിരിക്കും. പഴയ ടി.ഡി.പിക്കാരനായി മാത്രം രേവന്തിനെ നോക്കിക്കാണുന്ന ചില ഉൾപാർട്ടികലഹങ്ങൾക്കുകൂടിയുള്ള മറുപടിയായിരിക്കും വരുന്ന നിയമസഭാ തിരഞ്ഞെടുപ്പ്  ഫലം എന്ന പ്രതീക്ഷയിലാണ് ഹെെക്കമാൻഡ്. 

placeholder
Congress leader Rahul Gandhi with Telangana Congress President Revanth Reddy during the Congress joining ceremony of several Bharat Rashtra Samithi (BRS) leaders, at AICC headquarters in New Delhi | Photo: PTI
രേവന്ത് റെഡ്ഡിയും രാഹുൽ ​ഗാന്ധിയും പാർട്ടി ആസ്ഥാനത്ത് | Photo:PTI

സാഹചര്യങ്ങൾ അനുകൂലമാകുന്നതോടെ എന്ത് വില കൊടുത്തും സംസ്ഥാനം തിരിച്ചുപിടിക്കാനുള്ള ഒരുക്കത്തിലാണ് തെലങ്കാന കോൺഗ്രസ്. തുടർന്ന്, ജനങ്ങൾക്കായുള്ള വാ​ഗ്ദാനങ്ങൾ അവതരിപ്പിക്കുന്നതിന്  സോണിയ ​ഗാന്ധിയെ രം​ഗത്തിറക്കി കോൺ​ഗ്രസ്. ‘മഹാലക്ഷ്മി’ പദ്ധതിയുടെ കീഴിൽ സ്ത്രീകൾക്ക് പ്രതിമാസം 2500 രൂപ സഹായധനം, ടി.എസ്.ആർ.ടി.സി. ബസുകളിൽ സൗജന്യയാത്ര, 500 രൂപയ്ക്ക് പാചകവാതക സിലിൻഡർ എന്നിവ അടങ്ങുന്നതാണ് കോൺ​ഗ്രസിന്റെ പ്രകടനപത്രികയിലെ വാ​ഗ്ദാനങ്ങൾ. കൂടാതെ, വിദ്യാർഥികൾക്ക് സൗജന്യ ഇന്റർനെറ്റ് സേവനവും കോൺ​ഗ്രസ് ഉറപ്പു നൽകിയിട്ടുണ്ട്. 

സ്ഥാനാർഥി പ്രഖ്യാപനം വെെകിയതിൽ കോൺ​ഗ്രസ് ഏറെ പഴികേട്ടിരുന്നു. തുടർന്ന്, ഞായറാഴ്ച തങ്ങളുടെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക കോൺ​ഗ്രസ് പുറത്തുവിട്ടു. ആകെ 55 പേരാണ് ആദ്യപട്ടികയിൽ ഇടംപിടിച്ചത്. പാർട്ടിയോടൊപ്പം ദീർഘകാലമായി പ്രവർത്തിക്കുന്നവർക്ക് മുൻതൂക്കം നൽകിക്കൊണ്ടാണ് കോൺ​ഗ്രസ് ആദ്യഘട്ട പട്ടിക തയ്യാറാക്കിയിരിക്കുന്നത്. ബി.ആർ.എസ്. വിട്ട് കോൺ​ഗ്രസിൽ ചേക്കേറിയവരിൽ ചിലർക്കും ടിക്കറ്റ് ലഭിച്ചു. റെഡ്ഡി സമുദായത്തിന് മേൽക്കൈ ഉറപ്പാക്കിക്കൊണ്ടാണ് കോൺ​ഗ്രസ് ആദ്യപട്ടിക പുറത്ത് വിട്ടിരിക്കുന്നത്. 55 പേരുടെ പട്ടികയിൽ 17 പേരും റെഡ്ഡി സമുദായത്തിൽപ്പെട്ടവരാണ്. 

എന്നാൽ, പ്രഖ്യാപനം വെെകിയതിലാണ് ഇത്രയും നാൾ പഴി കേട്ടതെങ്കിൽ തിങ്കളാഴ്ചയോടെ സ്ഥിതി മാറി. സ്ഥാനാർഥിത്വം പ്രതീക്ഷിച്ചവരുടെ കരച്ചിലുകൾക്കും നേതാക്കളുടെ കോലം കത്തിക്കലിനും വരെ ​ഗാന്ധിഭവനിലെ പാർട്ടി ആസ്ഥാനം സാക്ഷിയായി. പ്രതിഷേധ കോലാഹലങ്ങൾക്കിടെ ഈ തിരഞ്ഞെടുപ്പ് വേളയിലും കോൺഗ്രസിന് അവരുടെ പാർട്ടി ആസ്ഥാനത്തിന് താഴിടേണ്ടി വന്നു.

വൈ.എസ്ആർ. തെലങ്കാന പാർട്ടിയുടെ ഭാവി

ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ സഹോദരിയും മുൻ മുഖ്യമന്ത്രി രാജശേഖര റെഡ്ഡിയുടെ മകളുമാണ് വൈ.എസ്. ശർമിള. വൈഎസ്ആർ തെലങ്കാന പാർട്ടിയുടെ അധ്യക്ഷ. ഒരുസമയത്ത് കോൺ​ഗ്രസും വൈഎസ്ആർ തെലങ്കാന പാർട്ടിയും സംസ്ഥാനത്ത് ലയിച്ചേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നു. നിരവധി ചർച്ചകളും നേതൃത്വങ്ങൾ തമ്മിൽ നടന്നിരുന്നു. എന്നാൽ, റിപ്പോർട്ടുകളെല്ലാം തള്ളിക്കൊണ്ട് സംസ്ഥാനത്തെ 119 സീറ്റുകളിലും സ്വന്തം നിലയിൽ മത്സരിക്കുമെന്ന് നിലവിൽ ശർമിള പ്രഖ്യാപിച്ച് കഴിഞ്ഞു. 

തെലങ്കാനയിൽ തന്റെ രാഷ്ട്രീയലക്ഷ്യം ഭദ്രമാക്കുന്നതിന് കോൺ​ഗ്രസിനൊപ്പം ചേരുന്നത് ശർമിളയെ സംബന്ധിച്ചിടത്തോളം ഉചിതമായ തീരുമാനമായിരുന്നു. അതേസമയം, കോൺ​ഗ്രസിന്റെ ലക്ഷ്യം മറ്റൊന്നായിരുന്നു. ആന്ധ്രയിൽ സഹോദരനെതിരെ ശർമിളയെ മുന്നിൽ നിർത്തി സംസ്ഥാനത്ത് പോയ പ്രതാപം തിരിച്ചുപിടിക്കാനുള്ള നീക്കമായിരുന്നു കോൺ​ഗ്രസിന്റേത്. കൂടാതെ, തെലങ്കാനയിൽ അവരെ നേതൃനിരയിലേക്ക് കൊണ്ടുവന്നാൽ പാർട്ടിയിൽ നിലവിലുള്ള കെട്ടുറപ്പിനെ ബാധിക്കുമെന്ന മുന്നറിയിപ്പും കോൺഗ്രസിന് മുന്നിലുണ്ടായിരുന്നു.

placeholder
വൈ.എസ് ശര്‍മിള | Photo:ANI

തെലങ്കാനയിലേക്ക് ചേക്കേറിയ ശർമിള വീണ്ടും ആന്ധ്രയിലേക്ക് തന്റെ പ്രവർത്തനമേഖല മാറ്റിയാൽ നഷ്ടമാകുന്ന വിശ്വാസ്യതയെക്കുറിച്ച് പൂർണബോധ്യമുണ്ടായിരുന്നു അവർക്ക്. ആന്ധ്രയിൽ നോട്ടയിലും താഴെ വോട്ടുവിഹിതമുള്ള ഒരു പാർട്ടിയുമായി ചേർന്ന് പ്രവർത്തിക്കേണ്ടതില്ലെന്ന യുക്തിയും. 

പ്രധാനമായും ബി.ആർ.എസ്സും കോൺ​ഗ്രസും തമ്മിൽ കനത്ത മത്സരമാകും തെലങ്കാനയിൽ നടക്കുകയെന്നാണ് പുറത്ത് വരുന്ന എക്സിറ്റ് പോൾ ഫലങ്ങൾ നൽകുന്ന സൂചനകൾ. ബി.ആർ.എസ്സിൽനിന്നു സംസ്ഥാനം പിടിക്കാനുള്ള കോൺ​ഗ്രസിന്റെ പോരാട്ടത്തിൽ വെല്ലുവിളിയാകാൻ സാധ്യതയില്ലെങ്കിലും തീർത്തും അപ്രസക്തയാണ് ശർമിള എന്ന് കരുതാനാവില്ല. ഒറ്റയ്ക്ക് മത്സരിക്കാനുള്ള തീരുമാനത്തിൽ ബി.ആർ.എസ്സിനെതിരായ വോട്ടുകൾ ഭിന്നിപ്പിക്കുന്നതിൽ പ്രധാനികളിലൊന്നായിരിക്കും വൈഎസ്ആർ തെലങ്കാന പാർട്ടി.

മോദിയും ഷായും കളത്തിൽ: മുന്നേറ്റമുണ്ടാക്കുമോ ബി.ജെ.പി.

മുമ്പൊരിക്കലും കണ്ടില്ലാത്ത വിധം കാടിളക്കിയുള്ള പ്രചരണത്തിനാണ് ബി.ജെ.പി. സംസ്ഥാനത്ത് നേതൃത്വം നൽകുന്നത്. കർണാടക തിരഞ്ഞെടുപ്പിന്റെ ക്ഷീണത്തിൽനിന്നു കരകയറാനുതകുന്ന ഫലമൊന്നും തെലു​ഗ് മണ്ണിൽനിന്നു സ്വന്തമാക്കാൻ കഴിഞ്ഞില്ലെങ്കിലും ഭരണവിരുദ്ധ വോട്ടുകൾ ഭിന്നിപ്പിക്കാനൊരുങ്ങിയാണ് ബി.ജെ.പിയുടെ രം​ഗപ്രവേശം. കൂടാതെ, ചിലയിടങ്ങളിൽ കോൺ​ഗ്രസിന്റെ സാധ്യതകളില്ലാതാക്കാൻ പാർട്ടിക്കാവുമെന്ന പ്രതീക്ഷയും. 

ഏറെ വെെകിയാണ് ബി.ജെ.പി. തങ്ങളുടെ ആദ്യ സ്ഥാനാർഥി പട്ടിക പുറത്തുവിട്ടത്. 52 പേരാണ് പാർട്ടിയുടെ ആദ്യ പട്ടികയിൽ ഇടംപിടിച്ചത്. തീവ്രഹിന്ദുത്വ നിലപാടുകളിൽ കുപ്രസിദ്ധനായിരുന്ന ടി. രാജാ സിങ്ങിനും പാർട്ടി ടിക്കറ്റ് നൽകി. പ്രവാചകനെ അവഹേളിക്കുന്ന പ്രസ്താവന നടത്തിയതിന് പാർട്ടിയിൽനിന്നു സസ്പെൻഷനിലായിരുന്ന രാജാ സിങ്ങിനതിരായ നടപടി പ്രഖ്യാപനത്തിന് തൊട്ടുമുമ്പാണ് പാർട്ടി പിൻവലിച്ചത്. ഗോഷാമഹൽ മണ്ഡലത്തിൽനിന്ന് അദ്ദേഹം ജനവിധി തേടും.

12 സീറ്റുകളിൽ ജനസേനാ പാർട്ടിയെ മത്സരിപ്പിക്കാനാണ് ബി.ജെ.പി. നീക്കമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, ഇരു പാർട്ടികളും തമ്മിലുള്ള സഖ്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. ജെ.എസ്.പി. അധ്യക്ഷൻ പവൻ കല്യാൺ സംസ്ഥാനത്തെ ന​ഗരപ്രദേശങ്ങളിലടക്കം 32 സീറ്റുകളിൽ മത്സരിക്കുമെന്ന് സൂചന നൽകിയിരുന്നു. ബി.ജെ.പിയുമായുള്ള സഖ്യത്തിലും അദ്ദേഹം പ്രതീക്ഷ പങ്കുവച്ചിരുന്നു.

2020-ലെ ഹെെദരബാദ് മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ 150-ൽ 48 സീറ്റുകൾ സ്വന്തമാക്കിയതാണ് സംസ്ഥാനത്തെ ബി.ജെ.പിയുടെ ഏറ്റവും വലിയ നേട്ടം. 2016-ലെ നാലു സീറ്റുകളിൽ നിന്നാണ് ഇത്തരത്തിൽ ഒരു മുന്നേറ്റം പാർട്ടി സ്വന്തമാക്കിയത്. ഇപ്പോഴിതാ, വിജയസാധ്യത കുറവാണെങ്കിലും ഒട്ടുമിക്ക നിയമസഭാ സീറ്റുകളിലും മത്സരിക്കാനൊരുങ്ങുകയാണ് പാർട്ടി. സംസ്ഥാനത്ത് കോൺ​ഗ്രസ് ശക്തിപ്രാപിക്കുന്നത് 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരിച്ചടിയായേക്കുമെന്ന ഭയമുണ്ട് ബി.ജെ.പിക്കുള്ളിൽ. പ്രധാന എതിരാളികളായ കോൺ​ഗ്രസിനേക്കാൾ ബി.ജെ.പിക്ക് പ്രിയം ബി.ആർ.എസ്സിനെയാണെന്നത് തർക്കഹരിതമായ കാര്യമാണ്. 

എന്നാൽ, ഇപ്പോൾ ഇതേ പ്രിയം തന്നെ ഇരുപാർട്ടികൾക്കും തലവേദനയായിരിക്കുകയാണ്. ബി.ആർ.എസ്സിൽനിന്നു മുസ്ലിം വോട്ടർമാർ അകലുന്ന സാഹചര്യമുണ്ടായാൽ അത് കോൺഗ്രസ് ബാലറ്റ് ശക്തിപ്പെടുത്തും. തെലങ്കാനയും കോൺഗ്രസ് തിരിച്ചുപിടിച്ചാൽ അത് ദേശീയ തലത്തിൽ ബി.ജെ.പിക്കുണ്ടാക്കിയേക്കാവുന്ന ആഘാതം ചെറുതായിരിക്കില്ല. ഇത്തരം സാധ്യതകളെ ചെറുക്കാനാണ് പ്രധാനമന്ത്രി തന്നെ സംസ്ഥാനത്ത് നേരിട്ടിറങ്ങിയിരിക്കുന്നത്. 

placeholder
Narendra Modi | File Photo: PTI
പ്രധാനമന്ത്രി നരേന്ദ്രമോദി | Photo: PTI

മൂന്നാം വട്ടവും അധികാരം സ്വന്തമാക്കി കോട്ട കാക്കാനുള്ള ശ്രമത്തിലാണ് ബി.ആർ.എസ്. പ്രചാരണക്കളത്തിൽ തങ്ങളോളം മുന്നിലല്ല ഒരു പാർട്ടിയുമെന്ന് ആത്മവിശ്വാസവും അവർക്കുണ്ട്. മറിച്ചാണ് വിധിയെങ്കിൽ മറ്റൊരു ഡി.കെയായി രേവന്ത് വാഴ്ത്തപ്പെടും. വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഫലം കോൺഗ്രസിനേകുന്ന ആത്മവിശ്വാസം ചെറുതായിരിക്കില്ല. അതേസമയം, സംസ്ഥാനമങ്ങ് സ്വന്തമാക്കിക്കളയാമെന്ന വ്യാമോഹമൊന്നും ഉണ്ടായിരിക്കില്ല ബി.ജെ.പിക്ക്. വോട്ട് ഭിന്നിപ്പിച്ച് കോൺഗ്രസിന്റെ തോൽവി ഉറപ്പാക്കുന്നതിലായിരിക്കണം ബി.ജെ.പിയുടെ ശ്രദ്ധ. ദക്ഷിണേന്ത്യയിൽ കോൺഗ്രസിനേൽക്കുന്ന പരാജയം മതിയാകും വടക്കിൽ തങ്ങൾക്കാവശ്യമുള്ള മൈലേജിനെന്ന് നല്ല ബോധ്യമുണ്ട് ബി.ജെ.പി കേന്ദ്രനേതൃത്വത്തിന്.