ന്യൂഡല്‍ഹി: മൂന്ന് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ മികച്ച പ്രകടനത്തിന്റെ പ്രതിഫലനം പശ്ചിമ ബംഗാളിലും ഉണ്ടാവുമെന്ന് ബി.ജെ.പി നേതാവ് സുവേന്ദു അധികാരി. 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍  ''മോദി സുനാമി'' കാത്തിരിക്കുകയാണ് പശ്ചിമ ബംഗാള്‍ എന്നും അദ്ദേഹം പറഞ്ഞു.

To advertise here,

''മികച്ച വിജയത്തിന് ബി.ജെ.പിയെ പിന്തുണച്ച ചത്തീസ്ഗഢിലെ ബംഗാളി സമൂഹത്തിന് നന്ദിപറയുന്നു. മധ്യപ്രദേശ്, രാജസ്ഥാന്‍, ചത്തീസ്ഗഢ് സംസ്ഥാനങ്ങളിലെ വിജയത്തിന്റെ പ്രതിഫലനം പശ്ചിമ ബംഗാളിലും ഒഡീഷയിലും ഉണ്ടാവും. ബംഗാളിലെ അഴിമതിയും കുടുംബവാഴ്ചയും നിറഞ്ഞ ഭരണം ജനങ്ങള്‍ അവസാനിപ്പിക്കും. 

ഹിന്ദി ഹൃദയഭൂമിയായ മധ്യപ്രദേശിലും രാജസ്ഥാനിലും ബി.ജെ.പി. അധികാരത്തിലേക്ക് കുതിക്കുകയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ചത്തീസ്ഗഢിലെ വിജയം ബി.ജെ.പിക്ക് വ്യക്തമായ മുന്‍തൂക്കം നല്‍കുന്നു. മൂന്നുസംസ്ഥാനങ്ങളിലെ ഗംഭീരവിജയം പശ്ചിമബംഗാളിലെ ബി.ജെ.പി പ്രവര്‍ത്തകര്‍ ആഘോഷിക്കും'', സുവേന്ദു അധികാരി കൂട്ടിച്ചേര്‍ത്തു. 

നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ കനത്ത തിരിച്ചടിയാണ് കോണ്‍ഗ്രസ് നേരിടുന്നത്. മധ്യപ്രദേശില്‍ കോൺഗ്രസിനെ ബഹുദൂരം പിന്നിലാക്കി ബി.ജെ.പി. വന്‍ മുന്നേറ്റം സൃഷ്ടിക്കുമ്പോള്‍ അധികാരത്തിലിരുന്ന രാജസ്ഥാനും ഛത്തീസ്ഗഢും കൈവിട്ടു. തെലങ്കാനയിലെ കുതിപ്പ് മാത്രമാണ് കോണ്‍ഗ്രസിന് ആശ്വസിക്കാന്‍ വകയുള്ളത്. മധ്യപ്രദേശില്‍ അധികാരത്തുടര്‍ച്ച ഉറപ്പിച്ച ബി.ജെ.പി. രാജസ്ഥാനിലും ഛത്തീസ്ഗഢിലും ഭരണം ഉറപ്പിച്ചുകഴിഞ്ഞു.