പോളിടെക്നിക് കോളേജിൽ 2023-24 അധ്യയന വർഷത്തേക്കുള്ള റെഗുലർ ഡിപ്ലോമ പ്രവേശനത്തിന് ജൂൺ 14 മുതൽ അപേക്ഷിക്കാം. കേരളത്തിലെ മുഴുവൻ സർക്കാർ, എയ്‌ഡഡ്, ഐ.എച്ച്.ആർ.ഡി., കേപ്പ് സ്വാശ്രയ പോളിടെക്‌നിക് കോളേജുകളിലേക്കും സംസ്ഥാനാടിസ്ഥാനത്തിലാണ് പ്രവേശനം.

To advertise here,

യോഗ്യത: എസ്.എസ്.എൽ.സി., ടി.എച്ച്.എസ്.എൽ.സി., സി.ബി.എസ്.ഇ.-എക്സ് മറ്റ് തുല്യ പരീക്ഷകളിൽ ഉപരിപഠനത്തിന് അർഹതനേടിയ കണക്ക്, സയൻസ്, ഇംഗ്ലീഷ് മുതലായവ ഓരോ വിഷയങ്ങളായി പഠിച്ചവർക്ക് എൻജിനിയറിങ് സ്ട്രീമിലേക്കും (സ്ട്രീം-1) കണക്ക്, ഇംഗ്ലീഷ് എന്നിവ പഠിച്ചവർക്ക് നോൺ എൻജിനിയറിങ് സ്ട്രീമിലേക്കും (സ്ട്രീം-2) അപേക്ഷിക്കാം. കേരളത്തിലെ സർക്കാർ/ഐ.എച്ച്.ആർ.ഡി./കേപ്പ് പോളികളിലെ മുഴുവൻ സീറ്റിലേക്കും എയ്‌ഡഡ് പോളികളിലെ 85 ശതമാനം സീറ്റുകളിലേക്കും സ്വാശ്രയ പോളിടെക്‌നിക് കോളേജുകളിലെ 50 ശതമാനം സർക്കാർസീറ്റിലേക്കുമാണ് ഓൺലൈൻ വഴി പ്രവേശനം നടക്കുന്നത്.

ടി.എച്ച്.എസ്.എൽ.സി., വി.എച്ച്.എസ്.ഇ. പാസായവർക്ക് യഥാക്രമം 10, 2 ശതമാനം വീതം റിസർവേഷനുണ്ട്. ടി.എച്ച്.എസ്.എൽ.സി. പാസായവർക്ക് അവരുടെ ട്രേഡുകൾ അനുസരിച്ചാണ് ബ്രാഞ്ചുകൾ തിരഞ്ഞെടുക്കാൻ സാധിക്കുക. ഭിന്നശേഷിയുള്ളവർക്ക് അഞ്ചുശതമാനം സീറ്റുകൾ സംവരണം ചെയ്തിട്ടുണ്ട്. എസ്.സി./എസ്.ടി., ഒ.ഇ.സി., എസ്.ഇ.ബി.സി. വിഭാഗങ്ങളിലെ അപേക്ഷകർക്ക് സർക്കാർ നിർദേശപ്രകാരമുള്ള സംവരണവുമുണ്ട്. മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണം അനുവദിച്ചിട്ടുണ്ട്. എസ്.എസ്.എൽ.സി.ക്ക്‌ ലഭിച്ച മാർക്കിൽ കണക്ക്, സയൻസ് എന്നിവയ്ക്ക് മുൻതൂക്കം നൽകിയാണ് സ്ട്രീം ഒന്നിലേക്കുള്ള സെലക്‌ഷന്റെ ഇൻഡക്‌സ് സ്‌കോർ നിശ്ചയിക്കുന്നത്. കണക്ക്, ഇംഗ്ലീഷ് എന്നിവയ്ക്ക് മുൻതൂക്കം നൽകിയാണ് സ്ട്രീം രണ്ടിലേക്കുള്ള സെലക്‌ഷന്റെ ഇൻഡക്സ് സ്‌കോർ നിശ്ചയിക്കുക.

അപേക്ഷ
പൊതുവിഭാഗങ്ങൾക്ക് 200 രൂപയും പട്ടികജാതി/വർഗ വിഭാഗങ്ങൾക്ക് 100 രൂപയുമാണ് അപേക്ഷാ ഫീസ്. അപേക്ഷ www.polyadmission.org വഴി ജൂൺ 14 മുതൽ 30 വരെ നൽകാം. എൻ.സി.സി., സ്പോർട്സ് ക്വാട്ടയിലേക്ക് ഓൺലൈനായി അപേക്ഷിച്ചശേഷം അപേക്ഷയുടെ പകർപ്പ് എൻ.സി.സി. ഡയറക്ടറേറ്റിലേക്കും സ്പോർട്സ് കൗൺസിലിലേക്കും നൽകണം. സ്വകാര്യ സ്വാശ്രയ പോളിടെക്നിക് കോളേജ്, സർക്കാർ എയ്ഡഡ് കോളേജ് എന്നിവിടങ്ങളിലെ മാനേജ്മെന്റ് സീറ്റുകളിലേക്ക് അപേക്ഷിക്കുന്നവർ ഓരോ കോളേജിലേക്കും ഓൺലൈനായി അപേക്ഷിച്ചാൽമതിയാകും. ഒരു വിദ്യാർഥിക്ക് 30 ഓപ്ഷനുകൾവരെ നൽകാം. ജൂൺ 14-ന്‌ ആരംഭിക്കുന്ന ഓൺലൈൻ അപേക്ഷാ സമർപ്പണം ജൂൺ 30 വരെ തുടരും.