തിരുവനന്തപുരം: ഐ.ടി.ഐ, പോളി ടെക്നിക് ബിരുദധാരികൾക്ക് പ്ലസ് ടു പാസായില്ലെങ്കിലും ഇനി ബിരുദത്തിനു ചേരാൻ അവസരം. ഈ കോഴ്സുകൾ പാസായവർക്ക് നാലു വർഷ ബിരുദത്തിനു ചേരാനുള്ള യോഗ്യതാ മാനദണ്ഡം വ്യക്തമാക്കി, ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. ഉന്നത വിദ്യാഭ്യാസ കൗൺസിലിൻ്റെ പ്രത്യേക സമിതി പ്രശ്നം പരിശോധിച്ച് ശുപാർശ സമർപ്പിച്ച പശ്ചാത്തലത്തിലാണ് നടപടി.
ബിരുദ പ്രവേശനത്തിന് 12-ാം ക്ലാസാണ് യോഗ്യത. രണ്ടു വർഷമാണ് ഐ.ടി.ഐ. കോഴ്സുകളുടെ കാലാവധി. അതിനു ചേരാൻ പത്താം ക്ലാസ് പാസായാൽ മതി. മൂന്നു വർഷത്തെ പോളിടെക്നിക് കോഴ്‌സുകൾ പഠിക്കാനും പത്താം ക്ലാസാണ് യോഗ്യത. എൽ.ഡി.എഫ് സർക്കാറിൻ്റെ കാലത്ത് മേൽപറഞ്ഞ യോഗ്യതയുള്ളവർക്ക് ബിരുദ പ്രവേശനം നൽകാൻ ആലോചിച്ചെങ്കിലും ഉത്തരവിറങ്ങിയില്ല.
ഐ ടി ഐയും പോളിയും കഴിഞ്ഞവർക്ക് തുല്യത കണക്കാക്കിയാണ് ബിരുദ പ്രവേശനം നൽകാനുള്ള തീരുമാനം. രണ്ടു വർഷത്തെ ഐ.ടി.ഐ. യോഗ്യത പ്ലസ്ടുവിനു തുല്യമായി കണക്കാക്കും. പോളി ടെക്നിക്കും സമാനമായി പരിഗണിക്കും.
ഐ.ടി.ഐ. കഴിഞ്ഞവർക്ക് പ്ളസ് ടു യോഗ്യത കണക്കാക്കി, ഒന്നാം വർഷ ബിരുദത്തിനു ചേരാൻ സാധിക്കും. പോളിടെക്നിക് മൂന്ന് വർഷത്തെ കോഴ്സായതിനാൽ, അതു പാസായവർക്ക് ബിരുദം രണ്ടാം വർഷത്തിന് നേരിട്ട് പ്രവേശനം നൽകാം. പോളി ടെക്നിക്ക് കഴിഞ്ഞവർക്ക് നിലവിൽ ബി. ടെക് രണ്ടാം വർഷത്തിനു ചേരാൻ അവസരമുണ്ട്. ഇതു കൂടി കണക്കാക്കിയാണ് , ഈ കോഴ്‌സുകൾ പാസായവരെ ബിരുദ പ്രവശനത്തിനും പരിഗണിക്കാനുള്ള തീരുമാനം.
ഐ.ടി.ഐ, പോളി കോഴ്‌സുകൾ പാസായവർക്ക് മതിയായ ഭാഷാ പരിചയം നേടാൻ ഓൺലൈൻ വഴി കോഴ്സുകൾ പാസായാൽ മതിയെന്നും സർക്കാർ വ്യക്തമാക്കി.

To advertise here,