കൊൽക്കത്ത ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജുക്കേഷൻ ആൻഡ് റിസർച്ച് (ഐസർ), 2025 ഓട്ടം സെമസ്റ്ററിലെ വിവിധ മാസ്റ്റേഴ്സ്, പിഎച്ച്ഡി പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യതാകോഴ്സിന്റെ അന്തിമവർഷത്തിൽ പഠിക്കുന്നവർക്കും വ്യവസ്ഥകളോടെ അപേക്ഷിക്കാം.

To advertise here,

മാസ്റ്റേഴ്സ് പ്രോഗ്രാമുകൾ

കെമിക്കൽ സയൻസസ്, മാത്തമാറ്റിക്കൽ സയൻസസ് എന്നിവയിലാണ് രണ്ടുവർഷ മാസ്റ്റർ ഓഫ് സയൻസ് പ്രോഗ്രാം ഉള്ളത്.

കെമിക്കൽ സയൻസസ് മാസ്റ്റേഴ്സ് പ്രവേശനത്തിന് മൂന്നുവർഷം കെമിസ്ട്രി പഠിച്ചു നേടിയ ബാച്ച്‌ലേഴ്സ്/തത്തുല്യ ബിരുദം വേണം. അതോടൊപ്പം മാത്തമാറ്റിക്സ് നിർബന്ധമായും ഓപ്ഷണലായി ബയോളജി/ഫിസിക്സും പഠിച്ചിരിക്കണം.

ഓണേഴ്സ്/മേജർ ബാധകമെങ്കിൽ 60 ശതമാനം മാർക്ക്/തത്തുല്യ ഗ്രേഡ് വേണം. അല്ലെങ്കിൽ മൊത്തത്തിൽ 60 ശതമാനം മാർക്ക്/തത്തുല്യ ഗ്രേഡ് ഉണ്ടായിരിക്കണം.

2024-ലെ/2025-ലെ ജോയൻറ് അഡ്മിഷൻ ടെസ്റ്റ് ഫോർ മാസ്റ്റേഴ്സി(ജാം)ൽ കെമിസ്ട്രി വിഷയത്തിൽ യോഗ്യത നേടിയിരിക്കണം. ഈ സ്കോർ അടിസ്ഥാനമാക്കി അപേക്ഷകരെ ഷോർട്‌ലിസ്റ്റ് ചെയ്യും. അവർക്ക് ഇൻറർവ്യൂ നടത്തി അന്തിമ തിരഞ്ഞെടുപ്പ്‌ നടത്തും.

മാത്തമാറ്റിക്സ് ഒരു വിഷയമായി പഠിച്ച് നേടിയ ബിഎസ്‌സി/ബിടെക്/ബിഇ/തത്തുല്യ ബിരുദമുള്ളവർക്ക് മാത്തമാറ്റിക്സ് മാസ്റ്റേഴ്സ് പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം. യോഗ്യതാ കോഴ്സ് പരീക്ഷയിൽ മൊത്തം 55 ശതമാനം മാർക്ക് (പട്ടികവിഭാഗക്കാർക്ക് 50 ശതമാനം)/തത്തുല്യ ഗ്രേഡ് വേണം.

ഐസറിൽ നടത്തുന്ന മൂന്നുമണിക്കൂർ ദൈർഘ്യമുള്ള എംഎസ്‌സി മാത്തമാറ്റിക്സ് എൻട്രൻസ് ടെസ്റ്റ് അടിസ്ഥാനമാക്കിയായിരിക്കും തിരഞ്ഞെടുപ്പ്.

ചോദ്യങ്ങൾ സബ്ജക്ടീവ് രീതിയിൽ (വിവരണാത്മകരീതിയിൽ ഉത്തരം നൽകേണ്ടവ) ആയിരിക്കും.

സിലബസ്, മുൻവർഷങ്ങളിലെ ചോദ്യക്കടലാസുകൾ എന്നിവ അഡ്മിഷൻ വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷ apply.iiserkol.ac.in/mp/ വഴി മേയ് 14 വരെ നൽകാം.

ഗവേഷണ പ്രോഗ്രാമുകൾ

ബയോളജിക്കൽ സയൻസസ്, കംപ്യൂട്ടേഷണൽ ആൻഡ് ഡേറ്റാ സയൻസസ്, കെമിക്കൽ സയൻസസ്, മാത്തമാറ്റിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ്, എർത്ത് സയൻസസ്, ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ്, ഫിസിക്കൽ സയൻസസ് എന്നീ വകുപ്പുകളിലും സെൻറർ ഓഫ് എക്സലൻസ് ഇൻ സ്പേസ് സയൻസസ് ഇന്ത്യ(സിഇഎസ്എസ്ഐ)യിലുമാണ് ഗവേഷണ അവസരമുള്ളത്.

ഓരോ മേഖലയിലെയും ഗവേഷണവിഷയങ്ങൾ, പ്രവേശനയോഗ്യത, തിരഞ്ഞെടുപ്പുരീതി തുടങ്ങിയ വിശദാംശങ്ങൾ,

apply.iiserkol.ac.in/phd -ൽ ലഭിക്കും. അവസാന തീയതി മേയ് 19.