കൊൽക്കത്ത ഐസർ (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജുക്കേഷൻ ആൻഡ് റിസർച്ച്) ഇൻറഗ്രേറ്റഡ് പിഎച്ച്ഡി പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ബയോളജിക്കൽ, എർത്ത്, ഫിസിക്കൽ സയൻസസ് മേഖലകളിലാണ് അവസരം.രണ്ടുവർഷ മാസ്റ്റേഴ്സ് കോഴ്സ് വർക്കും തുടർന്ന് പിഎച്ച്ഡിയിലേക്ക് നയിക്കുന്ന നാലുവർഷത്തെ ഗവേഷണവും അടങ്ങുന്നതാണ് പ്രോഗ്രാം.

To advertise here,

● യോഗ്യത

അംഗീകൃത സർവകലാശാല/കോളേജ്/സ്ഥാപനം നൽകുന്ന, നിശ്ചിത വിഷയങ്ങൾ പഠിച്ചുള്ള ബിരുദമാണ് യോഗ്യത ബിരുദതലത്തിൽ പഠിച്ചിരിക്കേണ്ട വിഷയങ്ങൾ

(a) മേജർ വിഷയങ്ങൾ (b) സപ്പോർട്ടിങ്‌ വിഷയങ്ങൾ എന്നിവ ഇപ്രകാരമാണ്:

• ബയോളജിക്കൽ സയൻസസ്: (a) ബയോളജി, ബയോടെക്നോളജി, മെഡിക്കൽ സയൻസസ്, ഫിസിക്സ്, മാത്തമാറ്റിക്സ്, കെമിസ്ട്രി തുടങ്ങിയവയിലെ ഏതെങ്കിലും ബ്രാഞ്ച് ബിരുദം അല്ലെങ്കിൽ ബിടെക്, ബിഇ, ബിവിഎസ്‌സി, ബിഫാർമ, ബിഎസ്‌സി (അഗ്രി) ഉൾപ്പെടെയുള്ള ബാച്ച്‌ലർ ബിരുദം (മേജർ വിഷയങ്ങൾ) (b) ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് അല്ലെങ്കിൽ സ്റ്റാറ്റിസ്റ്റിക്സ് (സപ്പോർട്ടിങ് വിഷയങ്ങൾ)

• എർത്ത് സയൻസസ്: (a) എർത്ത് സയൻസസ്/ഫിസിക്സിലെ ഏതെങ്കിലും മേഖല (b) ഫിസിക്സ്/കെമിസ്ട്രി, മാത്തമാറ്റിക്സ്

• ഫിസിക്കൽ സയൻസസ്: (a) ഫിസിക്സ് (b) മാത്തമാറ്റിക്സ്

മാർക്ക് വ്യവസ്ഥ: യോഗ്യതാ പ്രോഗ്രാമിൽ ഓണേഴ്സ്/മേജർ ബാധകമെങ്കിൽ അതിൽ 60 ശതമാനം മാർക്ക്/തത്തുല്യ ഗ്രേഡ് വേണം. ഓണേഴ്സ്/മേജർ ബാധകമല്ലെങ്കിൽ മൊത്തത്തിൽ 60 ശതമാനം മാർക്ക്/തത്തുല്യ ഗ്രേഡ് വേണം. പട്ടികവിഭാഗക്കാർക്ക് 55 ശതമാനം മാർക്ക്/തത്തുല്യ ഗ്രേഡ് വേണം.

യോഗ്യതാപരീക്ഷ അഭിമുഖീകരിക്കുന്നവർക്കും അപേക്ഷിക്കാം. അപേക്ഷ നൽകുമ്പോൾവരെ നടന്ന ബിരുദതലപരീക്ഷകളിൽ 60 ശതമാനം മാർക്ക്/തത്തുല്യ ഗ്രേഡ് വേണം.

● അഭിരുചിപരീക്ഷാ സ്കോർ

മേഖലയ്ക്കനുസരിച്ച് 2025-ലെ ഒരു ദേശീയതല അഭിരുചി ടെസ്റ്റ് യോഗ്യത വേണം (i) ബയോളജിക്കൽ സയൻസസ്- ജാം (ബയോടെക്നോളജി)/ജെജിഇഇബിഐഎൽഎസ് (ii) എർത്ത് സയൻസസ്- ജാം (ജിയോളജി)/ജാം (ഫിസിക്സ്) (iii) ഫിസിക്കൽ സയൻസസ്- ജാം (ഫിസിക്സ്)/ജസ്റ്റ് (ഫിസിക്സ്)

● അപേക്ഷ

അപേക്ഷ apply.iiserkol.ac.in -ലെ ഇൻറഗ്രേറ്റഡ് പിഎച്ച്ഡി ലിങ്ക് വഴി മേയ് 14 വരെ നൽകാം. ഒന്നിൽക്കൂടുതൽ വകുപ്പുകളിലേക്ക് അപേക്ഷിക്കുന്നവർ ഓരോന്നിലേക്കും പ്രത്യേകം അപേക്ഷ നൽകണം. ഷോർട് ലിസ്റ്റ് ചെയ്യപ്പെടുന്നവർക്ക് ഇൻറർവ്യൂ ഉണ്ടാകും. ഇൻറർവ്യൂവിന് ഷോർട് ലിസ്റ്റ് ചെയ്യപ്പെടുന്നവരുടെ പട്ടിക 21-ന് പ്രസിദ്ധീകരിക്കും.