മികച്ച ദേശീയ സ്ഥാപനങ്ങളില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് മാനേജ്മെന്റ് പ്രോഗ്രാമുകള്‍ പഠിക്കാന്‍ അവസരം ഒരുക്കുന്ന കോമണ്‍ അഡ്മിഷന്‍ ടെസ്റ്റി(കാറ്റ്)ന് ബുധനാഴ്ച മുതല്‍ അപേക്ഷിക്കാം.
രാജ്യത്തെ 20 ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (ഐ.ഐ.എം.) പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാം (പി.ജി.പി.) ഇന്‍ മാനേജ്മെന്റ് (ചിലയിടങ്ങളില്‍ എം.ബി.എ), ഫെലോ പ്രോഗ്രാം ഇന്‍ മാനേജ്മെന്റ് (ഡോക്ടറേറ്റ് പ്രോഗ്രാം) പ്രവേശനമാണ് മുഖ്യമായും കാറ്റ് പരിധിയില്‍ വരുക.
സ്പെഷ്യലൈസേഷന്‍
അഹമ്മദാബാദ്, അമൃത്സര്‍, ബെംഗളൂരു, ബോധ്ഗയ, കൊല്‍ക്കത്ത, ഇന്ദോര്‍, ജമ്മു, കാഷിപ്പുര്‍, കോഴിക്കോട്, ലഖ്നൗ, നാഗ്പുര്‍, റായ്പുര്‍, റാഞ്ചി, റോത്തക്, സാംബല്‍പുര്‍, ഷില്ലോങ്, സിര്‍മൗര്‍, തിരുച്ചിറപ്പള്ളി, ഉദയ്പുര്‍, വിശാഖപട്ടണം എന്നീ ഐ.ഐ.എം.-ലാണ് പ്രവേശനം. കോഴിക്കോട് ഐ.ഐ.എമ്മില്‍ ബിസിനസ് ലീഡര്‍ഷിപ്പ് (ബി.എല്‍.), ഫിനാന്‍സ്, ലിബറല്‍ സ്റ്റഡീസ് ആന്‍ഡ് മാനേജ്മെന്റ് (എല്‍.എസ്.എം.) എന്നിവയില്‍ പി.ജി.പി.യും പിഎച്ച്.ഡി. പ്രോഗ്രാമുകളുമാണുള്ളത്. ഓരോ ഐ.ഐ.എമ്മിലും ഉള്ള സ്‌പെഷ്യലൈസേഷന്‍ വിവരങ്ങള്‍ https://iimcat.ac.in/ എന്ന കാറ്റ് വെബ്സൈറ്റില്‍ ലഭിക്കും. കാറ്റ് സ്‌കോര്‍ ഉപയോഗിച്ച് അവരുടെ മാനേജ്മെന്റ് പ്രോഗ്രാം പ്രവേശനം നടത്തുന്ന ഒട്ടേറെ മറ്റു സ്ഥാപനങ്ങളും ഉണ്ട്.
യോഗ്യത: 50 ശതമാനം മാര്‍ക്ക്/തത്തുല്യ ഗ്രേഡ് ഉള്ള ഏതെങ്കിലും വിഷയത്തിലെ ബിരുദമാണ് പ്രവേശനത്തിനുള്ള യോഗ്യത.
പരീക്ഷ
നവംബര്‍ 29-ന് രണ്ടു സെഷനുകളില്‍ നടത്തും. കണ്ണൂര്‍, കോട്ടയം, തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കൊല്ലം, തൃശ്ശൂര്‍ എന്നിവ പരീക്ഷാകേന്ദ്രങ്ങളാണ്. പരീക്ഷാ ദൈര്‍ഘ്യം മൂന്നു മണിക്കൂറാണ്. മൂന്ന് ഭാഗങ്ങള്‍ ഉണ്ടാകും. വെര്‍ബല്‍ എബിലിറ്റി ആന്‍ഡ് റീഡിങ് കോംപ്രിഹന്‍ഷന്‍, ഡേറ്റാ ഇന്റര്‍പ്രട്ടേഷന്‍ ആന്‍ഡ് ലോജിക്കല്‍ റീസണിങ്, ക്വാണ്ടിറ്റേറ്റീവ് എബിലിറ്റി. മള്‍ട്ടിപ്പിള്‍ ചോയ്സ് ചോദ്യങ്ങളും നേരിട്ട് ഉത്തരം ടൈപ്പ് ചെയ്ത് നല്‍കേണ്ട ചോദ്യങ്ങളും പ്രതീക്ഷിക്കാം. പരിശീലന ടെസ്റ്റ് കാറ്റ് വെബ്സൈറ്റില്‍ ലഭ്യമാക്കും.
അപേക്ഷ
അപേക്ഷ ഓഗസ്റ്റ് അഞ്ചിന് രാവിലെ പത്തുമണിമുതല്‍ സെപ്റ്റംബര്‍ 16-ന് വൈകീട്ട് അഞ്ച് വരെ https://iimcat.ac.in/ല്‍ നല്‍കാം. യോഗ്യതാ പരീക്ഷ അഭിമുഖീകരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. ഫലപ്രഖ്യാപനം 2021 ജനുവരി രണ്ടാം വാരം പ്രതീക്ഷിക്കാം. പ്രവേശനത്തിന്റെ ഭാഗമായി റിട്ടണ്‍ എബിലിറ്റി ടെസ്റ്റ്, ഗ്രൂപ്പ് ഡിസ്‌കഷന്‍, പേഴ്സണല്‍ ഇന്റര്‍വ്യൂ ഉണ്ടാകാം. പ്രവേശനരീതി സ്ഥാപന വെബ്‌സൈറ്റില്‍നിന്ന് മനസ്സിലാക്കാം.
Content Highlights: IIM CAT Application Process to Begin on Wednesday
Published: 04 Aug 2020, 10:15 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented