ബയോടെക്നോളജി മേഖലയിലെ ഉന്നതപഠനത്തിനുള്ള പ്രവേശനത്തിനായി നടത്തുന്ന ഗ്രാജ്വേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്-ബയോടെക്നോളജി (ഗാറ്റ്-ബി) 2025-ന് അപേക്ഷിക്കാം. കേന്ദ്ര ബയോടെക്നോളജി വകുപ്പിന്റെ (ഡി.ബി.ടി.) സഹായത്തോടെ, വിവിധ സർവകലാശാലകളിലും സ്ഥാപനങ്ങളിലും ബയോടെക്നോളജി, അനുബന്ധമേഖലകളിലെ പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാം പ്രവേശനത്തിനാണ് ഗാറ്റ്-ബി നടത്തുന്നത്.

To advertise here,

പ്രോഗ്രാമുകൾ

പരീക്ഷയുടെ പരിധിയിൽ വരുന്ന സ്ഥാപനങ്ങളിലെ, ഈ മേഖലകളിലെ കോഴ്സുകളിൽ (i) ബയോടെക്നോളജി, അനുബന്ധമേഖലകളിലെ എം.എസ്‌സി./എം.ടെക്. (ii) അഗ്രിക്കൾച്ചറൽ ബയോടെക്നോളജി എം.എസ്‌സി. (iii) ആനിമൽ ബയോടെക്നോളജി എം.വി.എസ്‌സി. എന്നീ പ്രോഗ്രാമുകൾ ഉൾപ്പെടുന്നു. 2025-2026 പ്രവേശനത്തിനുമാത്രമാണ് സ്കോർ ബാധകം.

ഫലപ്രഖ്യാപനത്തിനുശേഷം കേന്ദ്രസർക്കാർ സംവരണവ്യവസ്ഥകൾ പരിഗണിച്ച് അഖിലേന്ത്യാതല കാറ്റഗറി വൈസ് മെറിറ്റ് പട്ടിക തയ്യാറാക്കും. താത്പര്യമുള്ളവർ പ്രവേശനത്തിനായി സ്ഥാപനങ്ങളിലേക്ക് അവരുടെ പ്രവേശനവിജ്ഞാപനപ്രകാരം പ്രത്യേകം അപേക്ഷിക്കണം. അതത് സ്ഥാപനത്തിന്റെ പ്രവേശന, സെലക്‌ഷൻ മാനദണ്ഡങ്ങൾ ബാധകമായിരിക്കും.

കേരളത്തിലെ സ്ഥാപനങ്ങൾ/പ്രോഗ്രാമുകൾ

• കേരള കാർഷിക സർവകലാശാല-തൃശ്ശൂർ: എം.എസ്‌സി. മോളിക്യുലാർ ബയോളജി ആൻഡ് ബയോടെക്നോളജി. യോഗ്യത: അഗ്രിക്കൾച്ചർ/ഹോർട്ടികൾച്ചർ/സെറികൾച്ചർ/അപികൾച്ചർ/അഗ്രിക്കൾച്ചറൽ ബയോടെക്നോളജി നാലുവർഷ ബി.എസ്‌സി./ബി.ടെക്. ബയോടെക്നോളജി. ഒ.ജി.പി.എ. 7.00 ഉണ്ടായിരിക്കണം (പട്ടികവിഭാഗക്കാർക്ക് 6.50).

• കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല-കൊച്ചി: എം.ടെക്. മറൈൻ ബയോടെക്നോളജി. യോഗ്യത: ബയോടെക്നോളജി ബി.ടെക്./ബി.ഇ. അല്ലെങ്കിൽ മറൈൻ ബയോളജി ഉൾപ്പെടെ ലൈഫ് സയൻസ് ഏതെങ്കിലും ബ്രാഞ്ചിൽ എം.എസ്‌സി. 60 ശതമാനം മാർക്ക്/തത്തുല്യ സി.ജി.പി.എ. വേണം.

•തിരുവനന്തപുരം രാജീവ് ഗാന്ധി സെൻറർ ഫോർ ബയോടെക്നോളജിയിലെ എം.എസ്‌സി. ബയോടെക്നോളജി പ്രോഗ്രാം പ്രവേശനത്തിന് ഗാറ്റ്-ബി 2025-ൽ സാധുവായ സ്കോർ വേണമെന്ന് അറിയിച്ചിട്ടുണ്ട്.

ഇവ ഉൾപ്പെടെ, ഡി.ബി.ടി. സഹായത്താൽ നടത്തുന്ന മൊത്തം 79 പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാമുകളാണ്, ഗാറ്റ് ബിയുടെ പരിധിയിൽ വരുന്നത്. മൊത്തം സീറ്റുകൾ 1331.

അപേക്ഷ

യോഗ്യതാ കോഴ്‌സ് അന്തിമപരീക്ഷ എഴുതാൻ പോകുന്നവർ, ഫലം കാത്തിരിക്കുന്നവർ എന്നിവർക്ക്, റിസൽട്ട് എവെയിറ്റഡ് (ആർ.എ.) കാറ്റഗറിയിൽ താത്കാലികമായി അപേക്ഷിക്കാം. അപേക്ഷ മാർച്ച് മൂന്നിന് വൈകീട്ട് അഞ്ചുവരെ dbt2025.ntaonline.in വഴി നൽകാം. അപേക്ഷാഫീസ് രാത്രി 11.50 വരെ ഓൺലൈനായി അടയ്ക്കാം. വിവരങ്ങൾക്ക്: exams.nta.ac.in/DBT/ | dbt2025.ntaonline.in (ഇൻഫർമേഷൻ ബുള്ളറ്റിൻ)

കംപ്യൂട്ടർ ബേസ്ഡ് ടെസ്റ്റ് ആയി ഏപ്രിൽ 20-ന് രാവിലെ 10 മുതൽ ഒന്നുവരെ നടത്തും. രണ്ടു സെക്‌ഷനുകളിലായി, നിശ്ചിത മേഖലകളിൽനിന്നുമുള്ള മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങൾ ഉണ്ടാകും.

സെക്‌ഷൻ A-യിൽ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ബയോളജി എന്നിവയിൽനിന്ന്‌ പ്ലസ്ടു നിലവാരമുള്ള, ഒരു മാർക്ക് വീതമുള്ള 60 ചോദ്യങ്ങൾ ഉണ്ടായിരിക്കും. എല്ലാം നിർബന്ധമാണ്.

സെക്‌ഷൻ B-യിൽ ബേസിക് ബയോളജി, ലൈഫ് സയൻസസ്, ബയോടെക്നോളജി, അനുബന്ധമേഖലകൾ എന്നിവയിൽനിന്ന്‌ സിലബസ് പ്രകാരമുള്ള ഗ്രാജ്വേറ്റ്/ബാച്ച്‌ലർ തല നിലവാരമുള്ള മൂന്നുമാർക്ക് വീതമുള്ള 100 ചോദ്യങ്ങൾ ഉണ്ടാകും. ഇതിൽ 60 എണ്ണത്തിന് ഉത്തരം നൽകണം.

സിലബസ് ലിങ്ക് ഇൻഫർമേഷൻ ബുള്ളറ്റിനിലുണ്ട്. തിരുവനന്തപുരം, തൃശ്ശൂർ, െബംഗളൂരു, ചെന്നൈ, കോയമ്പത്തൂർ തുടങ്ങിയവയും പരീക്ഷാകേന്ദ്രങ്ങളാണ്. അപേക്ഷ നൽകുമ്പോൾ മുൻഗണന നിശ്ചയിച്ച് നാലു കേന്ദ്രങ്ങൾ തിരഞ്ഞെടുക്കണം.

സ്റ്റൈപ്പെൻഡ്

എം.എസ്‌സി. ബയോടെക്നോളജി, അനുബന്ധമേഖലകൾ-5000 രൂപ, എം.എസ്‌സി. അഗ്രിക്കൾച്ചർ ബയോടെക്നോളജി-7500 രൂപ, എം.ടെക്./എം.വി.എസ്‌സി.-12,000 രൂപ. പ്രവേശനയോഗ്യത, സ്ഥാപനത്തിനും കോഴ്സിനും അനുസരിച്ചാണ്. മാർക്ക് വ്യവസ്ഥയും ഉണ്ടാകാം.