ന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് മാനേജ്മെന്റ് (ഐ.ഐ.എം.) പോസ്റ്റ് ഗ്രാജ്വേറ്റ്, ഫെലോ/ഡോക്ടറൽ തല മാനേജ്മെന്റ് പ്രോഗ്രാമുകളിലെ പ്രവേശനത്തിനായി നടത്തുന്ന കോമൺ അഡ്മിഷൻ ടെസ്റ്റ് (കാറ്റ്) 2024, നവംബർ 24-ന് മൂന്നു സെഷനുകളിലായി നടത്തും.

To advertise here,

ഐ.ഐ.എമ്മുകൾ : അഹമ്മദാബാദ്, അമൃത്‌സർ, ബെംഗളൂരു, ബോധ്ഗയ, കൊൽക്കത്ത, ഇൻഡോർ, ജമ്മു, കാശിപുർ, കോഴിക്കോട്, ലഖ്‌നൗ, മുംബൈ, നാഗ്പുർ, റായ്പുർ, റാഞ്ചി, റോത്തക്, സാംബൽപുർ, ഷില്ലോങ്, സിർമോർ, തിരുച്ചിറപ്പള്ളി, ഉദയ്‌പുർ, വിശാഖപട്ടണം എന്നീ 21 ഐ.ഐ.എമ്മിലെ പോസ്റ്റ് ഗ്രാജ്വേറ്റ്, ഫെലോ/ഡോക്ടറൽ തല മാനേജ്മെന്റ് പ്രോഗ്രാമുകളിലെ പ്രവേശനമാണ് കാറ്റിന്റെ പരിധിയിൽ മുഖ്യമായും വരുന്നത്. ചില ഐ.ഐ.എം. ഇതരസ്ഥാപനങ്ങളും ‌കാറ്റ് 2024 സ്കോർ ഉപയോഗിച്ച് അവരുടെ മാനേജ്‌മെന്റ് പ്രോഗ്രാം പ്രവേശനം നടത്താം. സ്ഥാപനങ്ങളുടെ പട്ടിക കാറ്റ് വെബ്സൈറ്റിൽ ലഭ്യമാക്കും.

പ്രോഗ്രാമുകൾ : പി.ജി. തലത്തിൽ, പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാം (പി.ജി.പി.), വിവിധ സ്പെഷ്യലൈസേഷനുകളിലെ പി.ജി.പി., ഇ.പി.ജി.പി., മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ (എം.ബി.എ.), എക്സിക്യുട്ടീവ് എം.ബി.എ., വിവിധ സ്പെഷ്യലൈസേഷനുകളിലെ എം.ബി.എ. എന്നിവയിലൊന്ന് എല്ലായിടത്തും ഉണ്ട്.

പി.ജി. തലത്തിലെ സ്പെഷ്യലൈസേഷനുകൾ

ഫുഡ് ആൻഡ് അഗ്രിബിസിനസ് മാനേജ്മെന്റ്, അഡ്വാൻസ്ഡ് ബിസിനസ് അനലറ്റിക്സ്, ബിസിനസ് അനലറ്റിക്സ്, ഹ്യൂമൻ റിസോഴ്സസ് മാനേജ്മെന്റ്, ഡിജിറ്റൽ ബിസിനസ് മാനേജ്മെന്റ്, ഹോസ്പിറ്റൽ ആൻഡ് ഹെൽത്ത് കെയർ മാനേജ്മെന്റ്, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ ആൻഡ് ഹെൽത്ത് കെയർ മാനേജ്മെന്റ്, അനലറ്റിക്സ്, അഗ്രിബിസിനസ് മാനേജ്മെന്റ്, ഓപ്പറേഷൻസ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ്, സസ്റ്റെയ്‌നബിലിറ്റി മാനേജ്മെന്റ്, ടൂറിസം മാനേജ്മെന്റ്, ട്രാവൽ ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി, ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ ആൻഡ് അനലറ്റിക്സ്, ഫാമിലി ബിസിനസ്, ഡിജിറ്റൽ എൻറർപ്രൈസ് മാനേജ്മെന്റ്, ഗ്ലോബൽ സപ്ലൈ ചെയിൻ മാനേജ്മെന്റ് തുടങ്ങിയവ. കൂടാതെ, എം.എസ്‌സി. ഡേറ്റാ സയൻസ്, മാസ്റ്റർ ഓഫ് സയൻസ് ഇൻ ഡേറ്റാ സയൻസ് ആൻഡ് മാനേജ്മെന്റ് തുടങ്ങിയ പ്രോഗ്രാമുകളുമുണ്ട്. കോഴിക്കോട് ഐ.ഐ.എമ്മിൽ ബിസിനസ് ലീഡർഷിപ്പ്, ഫിനാൻസ്, ലിബറൽ സ്റ്റഡീസ് ആൻഡ്‌ മാനേജ്മെന്റ് എന്നിവയിൽ പി.ജി. പ്രോഗ്രാമുകൾ, എക്സിക്യുട്ടീവ് പി.ജി.പി. (ഇന്ററാക്ടീവ് ലേണിങ്), കൊച്ചി കാംപസിൽ എക്സിക്യുട്ടീവ് പി.ജി.പി. എന്നിവയും ഉണ്ട്. എല്ലാ ഇൻസ്റ്റിറ്റ്യൂട്ടുകളിലും ഫെലോ പ്രോഗ്രാം ഇൻ മാനേജ്‌മെന്റ് (എഫ്.പി.എം./പിഎച്ച്.ഡി.) ലഭ്യമാണ്. സ്ഥാപനം തിരിച്ചുള്ള പ്രോഗ്രാം ലഭ്യത ഇൻഫർമേഷൻ ബുള്ളറ്റിനിൽ ഉണ്ട്.

കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങൾ : ആലപ്പുഴ, എറണാകുളം, കണ്ണൂർ, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂർ, തിരുവനന്തപുരം. അപേക്ഷിക്കുമ്പോൾ മുൻഗണന നിശ്ചയിച്ച് അഞ്ചു പരീക്ഷാകേന്ദ്രങ്ങൾ തിരഞ്ഞെടുത്ത്‌ നൽകണം.

അപേക്ഷ : അപേക്ഷാഫീസ് 2500 രൂപ. പട്ടിക/ഭിന്നശേഷിക്കാർക്ക് 1250 രൂപ. അപേക്ഷയിൽ എത്ര ഐ.ഐ.എം. തിരഞ്ഞെടുത്താലും അപേക്ഷാഫീസ് ഇതുതന്നെയായിരിക്കും. ക്രെഡിറ്റ്/ഡെബിറ്റ് കാർഡ്, നെറ്റ് ബാങ്കിങ്, യു.പി.ഐ., വാലറ്റ് വഴി അടയ്ക്കാം. അപേക്ഷ സെപ്റ്റംബർ 13-ന് വൈകീട്ട് അഞ്ചുവരെ iimcat.ac.in/ വഴി നൽകാം. തിരഞ്ഞെടുപ്പുപ്രക്രിയ പൂർത്തിയാകുംവരെ അപേക്ഷാർഥി സാധുവായ ഇ-മെയിൽ വിലാസവും മൊബൈൽ നമ്പറും നിലനിർത്തണം. അഡ്മിറ്റ് കാർഡ് നവംബർ അഞ്ചുമുതൽ 24 വരെ ഡൗൺലോഡ് ചെയ്യാം. ഫലം ജനുവരി രണ്ടാംവാരം. സ്കോർ സാധുത 2025 ഡിസംബർ 31 വരെ ഉണ്ടാകും.

പ്രവേശനരീതി : ഓരോ ഐ.ഐ.എമ്മിനും അവരുടേതായ പ്രവേശനരീതിയുണ്ടാകും. അതിൽ ഒരു ഘടകംമാത്രമാണ് കാറ്റ് 2024. മുൻ അക്കാദമിക് മികവ്, പ്രസക്തമായ പ്രവൃത്തിപരിചയം തുടങ്ങിയവയും ഷോർട് ലിസ്റ്റിങ്ങിനായി പരിഗണിച്ചേക്കാം. വിശദാംശങ്ങൾ മനസ്സിലാക്കാൻ, ബന്ധപ്പെട്ട ഇൻസ്റ്റിറ്റ്യൂട്ട് വെബ്‌സൈറ്റ് സന്ദർശിക്കണം.