ഏതൊരു വിദ്യാർഥിക്കും പരീക്ഷാഹാളിൽ അനുഭവപ്പെടുന്ന അതേ ആകാംഷയോടെ, 50-ാം വയസ്സിൽ വീണ്ടും കോളേജിലെത്തിയ വീട്ടമ്മയുടെ വീഡിയോ ആളുകളുടെ ശ്രദ്ധ കവരുകയാണ്. 35 വർഷം മുൻപ് നിർത്തിവെച്ച പഠനം പൂർത്തിയാക്കാൻ പരീക്ഷാ ഹാളിലേക്ക് പോകുന്ന മഞ്ജു നാരങ്ക് എന്ന സത്രീയുടെ സന്തോഷവും ആകാംഷയുമാണ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിലുള്ളത്.

To advertise here,

തന്നേക്കാൾ പ്രായം കുറഞ്ഞ വിദ്യാർഥികൾക്കിടയിലൂടെ പരീക്ഷാ കേന്ദ്രത്തിലേക്ക് മഞ്ജു നടന്നുപോകുന്നതിൽ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. ‘35 വർഷങ്ങൾക്ക് ശേഷവും നിങ്ങൾ സപ്ലിമെന്ററി പരീക്ഷകൾ എഴുതിയെടുക്കുകയാണ്’ എന്ന കാപ്ഷനോടെയാണ് പോസ്റ്റ്. ഇവരുടെതന്നെ സ്റ്റുഡന്റ് അറ്റ് 50 എന്ന ഇൻസ്റ്റഗ്രാം പേജിലാണ് റീൽ പങ്കുവെച്ചത്. വർഷങ്ങൾക്കിപ്പുറം വിദ്യാർഥിയായതിൻ്റെ അനുഭവങ്ങളാണ് പോസ്റ്റുകളിൽ പലതും. 

വീഡിയോ ദൃശ്യങ്ങളിൽ, വളരെ ആത്മവിശ്വാസത്തോടെ പുഞ്ചിരിച്ചുകൊണ്ട് ക്യാമറയ്ക്ക് മുന്നിൽ സംസാരിക്കുന്ന മഞ്ജുവിനെ കാണാം. ഒരു ഘട്ടത്തിൽ, "ഗയ്‌സ്, ഇന്ന് എനിക്ക് എക്സാമാണ്!" എന്ന് അതീവ സന്തോഷത്തോടെയും എന്നാൽ ചെറുപ്പക്കാർക്ക് ഉണ്ടാകുന്ന അതേ പരീക്ഷാപ്പേടിയോടെയും മഞ്ജു പറയുന്നുണ്ട്. രണ്ട് ദിവസം മുമ്പ് പോസ്റ്റ് ചെയ്ത വീഡിയോ ഇതിനോടകം ഇരുപത് ലക്ഷത്തിലധികം പേർ കണ്ടുകഴിഞ്ഞു. 

ഇത്രയും വലിയൊരു ഇടവേളയ്ക്ക് ശേഷവും പഠനം തുടരാൻ കാണിച്ച ആത്മവിശ്വാസത്തെയും ദൃഢനിശ്ചയത്തെയും ആളുകൾ അഭിനന്ദിക്കുന്നുണ്ട്. സ്വന്തം ലക്ഷ്യങ്ങൾ നേടിയെടുക്കാനും പുതിയ കാര്യങ്ങൾ പഠിക്കാനും പ്രായം ഒരിക്കലും ഒരു തടസ്സമല്ലെന്ന് തെളിയിക്കുന്നതാണ് ഈ അമ്മയുടെ യാത്രയെന്ന് പലരും കുറിച്ചു.

പ്രായം 18 ആയാലും 50 ആയാലും, പുതിയ കാര്യങ്ങൾ പഠിക്കാനും ലക്ഷ്യങ്ങൾ കൈവരിക്കാനുമുള്ള ആഗ്രഹങ്ങൾ ഒരുപോലെയാണ്. പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്ന സ്വപ്നങ്ങളിലേക്ക് തിരികെ നടക്കാൻ ഒരിക്കലും വൈകിയിട്ടില്ല എന്നതിന്റെ ജീവിക്കുന്ന തെളിവാണ് ഈ അമ്മയെന്നാണ് നെറ്റിസൺസ് പറയുന്നത്.