തിരുവനന്തപുരം: തേനീച്ച വളർത്തലിലെ പ്രധാന വെല്ലുവിളികൾക്ക് സാങ്കേതിക പരിഹാരം കണ്ടെത്തി ദേശീയ തലത്തിൽ ശ്രദ്ധനേടി തിരുവനന്തപുരം ആക്കുളം 'ദി സ്‌കൂൾ ഓഫ് ദി ഗുഡ് ഷെപ്പേർഡ്' സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥികൾ. തേനീച്ച കർഷകർക്ക് തേൻ ശേഖരണം കൂടുതൽ എളുപ്പവും സുരക്ഷിതവുമാക്കുന്നതിനൊപ്പം, തേനീച്ചക്കൂടിനുള്ളിലെ സാഹചര്യങ്ങൾ തത്സമയം നിരീക്ഷിക്കാനും കീടബാധ മുൻകൂട്ടി കണ്ടെത്താനും കഴിയുന്ന 'KEEPRKIT' എന്ന സ്മാർട്ട് ഹൈവ് വികസിപ്പിച്ചാണ് ഇവർ ശ്രദ്ധ നേടിയത്. പ്രിയേഷ്, അർണവ് ശരത്, എഡിൻ ജോസ്, ജ്വാല നായർ, അമേയ, ആധ്യ, അമേയ അനൂപ് എന്നീ വിദ്യാർഥികളാണ് ഈ സംരംഭത്തിന് പിന്നിൽ.

To advertise here,

തങ്ങളുടെ പ്രോജക്ടിന്റെ ഭാഗമായി വിദ്യാർഥികൾ 'Kaisen' എന്ന സ്റ്റാർട്ടപ്പും രൂപീകരിച്ചു. എട്ട് മാസത്തെ ഗവേഷണത്തിനും നിരവധി പരീക്ഷണങ്ങൾക്കും ശേഷമാണ് സ്മാർട്ട് ഹൈവിന് അന്തിമ രൂപം തയ്യാറാക്കിയത്. ഇവരുടെ ഈ കണ്ടുപിടിത്തത്തിന് 'Seed the Future Entrepreneurs' ദേശീയ ഇന്നൊവേഷൻ മത്സരത്തിൽ മൂന്നാം സ്ഥാനം ലഭിച്ചു. രാജ്യത്തെ 238 സ്‌കൂളുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ടീമുകളിൽ വെറും 10 സ്‌കൂളുകൾക്കാണ് ഫൈനലിൽ ഇടം നേടാനായത്. അവരിൽ കേരളത്തിൽ നിന്ന് പങ്കെടുത്ത സംഘമാണ് ഈ നേട്ടം സ്വന്തമാക്കിയത്.

തേൻ ശേഖരണം ഇനി എളുപ്പം

പരമ്പരാഗത രീതിയിൽ തേനീച്ചക്കൂട് തുറന്ന് പുക ഉപയോഗിച്ച് തേനീച്ചകളെ ശാന്തമാക്കിയ ശേഷമാണ് തേൻ ശേഖരിക്കുന്നത്. ഓരോ ഫ്രെയിമും പുറത്തെടുത്ത് തേൻ വേർതിരിക്കുന്നതിന് ധാരാളം സമയമെടുക്കും. ഇതോടൊപ്പം തേനീച്ചക്കുത്തേൽക്കാനും സാധ്യത കൂടുതലാണ്. സ്ഥിരം തേനീച്ച കർഷകർക്ക് ഇത് പ്രയാസമില്ലെങ്കിലും പുതുമായി ഈ മേഖലയിലെത്തുന്നവർക്ക് വെല്ലുവിളികൾ ഏറെയാണ്.

ഇതിന് പരിഹാരമായാണ് കൂട് തുറക്കാതെ തന്നെ പുറത്തുനിന്ന് ഒരു ലിവർ പ്രവർത്തിപ്പിച്ച് തേൻ നേരിട്ട് ശേഖരിക്കാനാകുന്ന സംവിധാനം വിദ്യാർഥികൾ വികസിപ്പിച്ചത്. വിദേശ രാജ്യങ്ങളിൽ സ്വീകാര്യതയുള്ള രീതിയാണിത്.

പ്രത്യേകമായി തയാറാക്കിയ ഹണികോമ്പ് സ്ട്രക്ചർ ഘടനയിലുള്ള ഫ്രെയിമിൽ ലിവർ പ്രവർത്തിപ്പിക്കുമ്പോൾ ഘടനയിൽ ചെറിയ മാറ്റമുണ്ടാകുകയും തേൻ താഴേക്ക് ഒഴുകിയെത്തുകയും ചെയ്യും. ഇതിലൂടെ തേനീച്ചകളെ ശല്യം ചെയ്യാതെ കർഷകന് ഈച്ചക്കുത്തേൽക്കാതെയും സുരക്ഷിതമായി തേൻ ശേഖരിക്കാനാകും.

സ്മാർട്ട് മോണിറ്ററിങ് സംവിധാനവും എ.ഐ. ഉപയോഗിച്ചുള്ള കീടബാധ കണ്ടെത്തലും

തേൻ ശേഖരണത്തിൽ മാത്രമല്ല, ഹൈവിനുള്ളിലെ താപനില, ഈർപ്പം, തേനീച്ചകളുടെ പ്രവർത്തനം എന്നിവ നിരന്തരം നിരീക്ഷിക്കുന്ന സ്മാർട്ട് സംവിധാനവും KEEPRKIT-ലുണ്ട്. സെൻസറുകൾ ശേഖരിക്കുന്ന വിവരങ്ങൾ വെബ് ഡാഷ്‌ബോർഡിലൂടെ കർഷകന് ലഭിക്കും. സുരക്ഷിത പരിധിക്ക് പുറത്തേക്ക് മൂല്യങ്ങൾ മാറിയാൽ ഉടൻ അലർട്ടും ലഭിക്കും. ഇതിലൂടെ കോളനി തകരാൻ സാധ്യതയുള്ള സാഹചര്യങ്ങൾ നേരത്തേ തിരിച്ചറിയാൻ കഴിയും.

തേനീച്ചക്കൂടുകളെ ഗുരുതരമായി ബാധിക്കുന്ന 'വാക്‌സ് മോത്ത്, 'വരോ മൈറ്റ്' തുടങ്ങിയ കീടങ്ങളെ കണ്ടെത്താൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത പെസ്റ്റ് ഡിറ്റക്ഷൻ സംവിധാനവും വിദ്യാർഥികൾ വികസിപ്പിച്ചിട്ടുണ്ട്. ഒരു വർഷത്തോളം പരിശീലിപ്പിച്ച എ.ഐ. മോഡൽ ഉപയോഗിച്ചാണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്. യഥാർഥ തേനീച്ചക്കൂടുകളിൽ നടത്തിയ പരീക്ഷണങ്ങളിൽ കീടബാധ കൃത്യമായി തിരിച്ചറിഞ്ഞ് കർഷകന് മുന്നറിയിപ്പ് നൽകാൻ സാധിച്ചതായി വിദ്യാർഥികൾ പറയുന്നു.

എട്ട് മാസത്തെ പരിശ്രമം, കഠിനമായി പരീക്ഷണങ്ങൾ

ഉൽപ്പന്നം തയാറാക്കാനുള്ള യാത്ര വിദ്യാർഥികൾക്ക് അത്ര എളുപ്പമായിരുന്നില്ല. ആദ്യ രണ്ട് പ്രോട്ടോടൈപ്പുകളിൽ വലിപ്പത്തിലും രൂപകൽപ്പനയിലും നിരവധി പ്രശ്‌നങ്ങൾ നേരിട്ടു. പ്രത്യേകിച്ച് ഇന്ത്യൻ തേനീച്ചകൾക്ക് കൃത്യമായ ഹണികോമ്പ് സ്ട്രക്ചർ ഘടന ആവശ്യമായതിനാൽ പലതവണ ഡിസൈൻ മാറ്റേണ്ടി വന്നു. ഒടുവിൽ പൂർണമായും 3-ഡി പ്രിന്റ് ചെയ്ത മൂന്നാം പ്രോട്ടോടൈപ്പാണ് വിജയകരമായത്.

തേനീച്ച കർഷകർക്ക് വലിയ പ്രതീക്ഷ

വിദ്യാർഥികളുടെ കണ്ടുപിടിത്തത്തെ അഭിനന്ദിച്ച തേനീച്ച കർഷകർ, ഇത്തരമൊരു സാങ്കേതിക വിദ്യ തേനീച്ച വളർത്തലിന് വലിയ പ്രോത്സാഹനമാകുമെന്ന് പറയുന്നു. റിട്ടയേഡ് പ്രിൻസിപ്പലും തേനീച്ച കർഷകനുമായി എസ്.എ ജോൺ ആണ് ഇവർക്ക് വേണ്ട മാർഗനിർദേശങ്ങൾ നൽകിയത്.

'തേനീച്ച വളർത്തലിന്റെ ഭാവിയെ തന്നെ മാറ്റിമറിക്കാൻ കഴിയുന്ന ആശയമാണ് ഈ വിദ്യാർഥികൾ അവതരിപ്പിച്ചിരിക്കുന്നത്. തേനീച്ചക്കൂട് തുറക്കാതെ തന്നെ തേൻ ശേഖരിക്കാനാകുന്നത് വലിയ നേട്ടമാണ്. പലരും ഈച്ചക്കുത്ത് ഭയന്നാണ് തേൻ എടുക്കാൻ മടിക്കുന്നത്. ഇത്തരമൊരു സംവിധാനം ലഭിച്ചാൽ കൂടുതൽ ആളുകൾ തേനീച്ച വളർത്തലിലേക്ക് എത്തും. വിപണിയിൽ തേൻ മായം ചേർക്കുന്നത് വർധിക്കുന്ന സാഹചര്യത്തിൽ ഉപഭോക്താക്കൾക്ക് നേരിട്ട് തേനീച്ചക്കൂടിൽ നിന്ന് ശുദ്ധമായ തേൻ ലഭിക്കാനും ഇത് സഹായിക്കും. അതോടൊപ്പം തേനീച്ചക്കൂടിന്റെ താപനില, ഈർപ്പം, തേനീച്ചകളുടെ പ്രവർത്തനം എന്നിവ നിരീക്ഷിക്കാനും കീടബാധ മുൻകൂട്ടി കണ്ടെത്താനും കഴിയുന്ന സ്മാർട്ട് സാങ്കേതികവിദ്യയും ഇതിലുണ്ട്. കർഷകരുടെ അധ്വാനം കുറയ്ക്കുകയും തേനീച്ച കോളനികളുടെ സംരക്ഷണം ഉറപ്പാക്കുകയും ചെയ്യുന്ന ഈ ഉൽപ്പന്നത്തിന് വാണിജ്യാടിസ്ഥാനത്തിലും മികച്ച സാധ്യതയുണ്ട്. ശാസ്ത്രത്തെയും സാമൂഹിക ആവശ്യങ്ങളെയും കൂട്ടിയിണക്കുന്ന ഇത്തരം സംരംഭങ്ങൾ കൂടുതൽ വിദ്യാർഥികളിൽ ഗവേഷണ മനോഭാവവും സംരംഭകത്വവും വളർത്തുമെന്നാണ് പ്രതീക്ഷ,' - എസ്. എ. ജോൺ പറഞ്ഞു.

തേനീച്ചകളുടെ സംരക്ഷണവും തേൻ ഉൽപ്പാദനവും ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട വിഷയമാണെന്നും, തേനീച്ച വളർത്തൽ കൂടുതൽ ആകർഷകവും ശാസ്ത്രീയവുമാക്കാൻ ഇത്തരം നവീന ആശയങ്ങൾ വലിയ പങ്കുവഹിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കർഷകരുടെ അധ്വാനം കുറയ്ക്കുകയും ശുദ്ധമായ തേൻ ഉൽപ്പാദനം പ്രോത്സാഹിപ്പിക്കുകയും തേനീച്ച കോളനികളുടെ സംരക്ഷണം ഉറപ്പാക്കുകയും ചെയ്യുന്ന ഉൽപ്പന്നമാക്കി KEEPRKIT-നെ വിപണിയിലെത്തിക്കുകയാണ് ഇനി വിദ്യാർഥികളുടെ ലക്ഷ്യം.