സിവിൽ സർവീസ് പരീക്ഷാഫലത്തിൽ ഒരേ റാങ്ക് രണ്ട് പേർ അവകാശപ്പെട്ടതിനെത്തുടർന്നുണ്ടായ ആശയക്കുഴപ്പം പരിഹരിച്ച് യുപിഎസ്‌സി. യഥാർത്ഥ റാങ്ക് ജേതാവ് ആരാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു കൊണ്ടാണ് യുപിഎസ്സി വിശദീകരണം നൽകിയത്.

To advertise here,

മാർച്ച് 6-ന് പ്രഖ്യാപിച്ച സിവിൽ സർവീസ് പരീക്ഷാഫലത്തിലാണ് ആകാൻക്ഷ സിങ് എന്ന പേരുള്ള രണ്ട് ഉദ്യോഗാർത്ഥികൾ 301-ാം റാങ്ക് തങ്ങളുടേതാണെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയത്. ബിഹാറിലെ ആരാ സ്വദേശിനിയും ഉത്തർപ്രദേശിലെ ഗാസിപുർ സ്വദേശിനിയുമാണ് ഒരേ റാങ്കിന് അവകാശവാദം ഉന്നയിച്ചത്.

പ്രസ് ഇൻഫർമേഷൻ ബ്യൂറോ പുറത്തിറക്കിയ ഔദ്യോഗിക വാർത്താക്കുറിപ്പിൽ, 301-ാം റാങ്ക് നേടിയത് ഉത്തർപ്രദേശിലെ ഗാസിപുർ ജില്ലയിലെ അഭാപുർ ഗ്രാമത്തിൽ നിന്നുള്ള ആകാൻക്ഷ സിങ് ആണെന്ന് വ്യക്തമാക്കി. തന്റെ റാങ്കും ഐഡന്റിറ്റിയും മറ്റൊരാൾ വ്യാജമായി ഉപയോഗിക്കുന്നുണ്ടെന്ന് കാണിച്ച് ഗാസിപുർ സ്വദേശിനിയായ ആകാൻക്ഷ സിങ് നേരത്തെ സോഷ്യൽ മീഡിയയിലൂടെ പരാതി ഉന്നയിച്ചിരുന്നു. യഥാർഥ അഡ്മിറ്റ് കാർഡും മറ്റ് രേഖകളും തെളിവായി ഹാജരാക്കുകയും ചെയ്തിരുന്നു.

ബിഹാറിലെ ആരായിൽ നിന്നുള്ള ആകാൻക്ഷ സിങ്, തന്റെ രണ്ടാം ശ്രമത്തിലാണ് പരീക്ഷ പാസായതെന്നും ഇത് തന്റെ മുത്തച്ഛന്റെ സ്വപ്നമാണെന്നും മാധ്യമങ്ങളോട് പറഞ്ഞിരുന്നു. രൺവീർ സേനയുടെ സ്ഥാപകനായ ബ്രഹ്മേശ്വർ സിങ്ങിന്റെ മകളാണ് ഇവർ. ഈ അവകാശവാദത്തെത്തുടർന്നാണ് വലിയ ആശയക്കുഴപ്പം ഉടലെടുത്തത്.

മാർച്ച് 9-ന് സിവിൽ സർവീസ് പരീക്ഷയുടെ ഫലം ഔദ്യോഗികമായി വന്നപ്പോൾ ആകെ 958 പേരാണ് വിവിധ സർവീസുകളിലേക്ക് യോഗ്യത നേടിയത്. ദേശീയതല പരീക്ഷയിലെ സുതാര്യത ചോദ്യം ചെയ്യപ്പെട്ട സാഹചര്യത്തിലാണ് യുപിഎസ്‌സി ഇടപെട്ട് വിശദീകരണം നൽകിയത്.