ആദ്യ ഘട്ടങ്ങളിലെ പരാജയങ്ങളിൽ തളരാതെ നടത്തിയ മൂന്ന് വർഷത്തെ കഠിനശ്രമത്തിനൊടുവിൽ 14 കേന്ദ്രസർക്കാർ ജോലികളിലേക്ക് സെലക്ഷനുകൾ നേടി ശ്രദ്ധേയനായി 29-കാരനായ ലോമാഡ നാഗേന്ദ്ര സായ്. ആന്ധ്രാ പ്രദേശിലെ കടപ്പ ജില്ല സ്വദേശിയാണ് നാഗേന്ദ്ര സായി. ഐ.ഐ.ടി ഖരഗ്‌പൂരിൽ നിന്ന് ഇൻഡസ്ട്രിയൽ ആൻഡ് സിസ്റ്റംസ് എൻജിനീയറിംഗിൽ ബി.ടെക് - എം.ടെക് ബിരുദം പൂർത്തിയാക്കിയ സായ്, തുടക്കത്തിൽ ഐ.ടി മേഖലയിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നതെന്ന് എൻ.ഡി.ടി.വി. റിപ്പോർട്ടിൽ പറയുന്നു. 

To advertise here,

എന്നാൽ കോവിഡ് കാലത്തെ അനിശ്ചിതത്വങ്ങളും ജോലിയിലെ അനിശ്ചിതത്വങ്ങളും കണ്ട്, സുരക്ഷിതമായ ജോലി എന്ന ലക്ഷ്യത്തോടെയാണ് സായി കേന്ദ്രസർക്കാർ പരീക്ഷകളിലേക്ക് തിരിഞ്ഞത്.

2022-ൽ പരീക്ഷാ പരിശീലനം ആരംഭിച്ച സായിക്ക് തുടക്കത്തിൽ പരാജയങ്ങൾ നേരിടേണ്ടി വന്നിരുന്നു. തുടർന്ന് ഹൈദരാബാദിലേക്ക് താമസം മാറ്റി, ദിവസവും 12 മണിക്കൂറോളം പഠനത്തിനായി മാറ്റിവെച്ചായിരുന്നു മുന്നേറ്റം.

തുടർച്ചയായ മോക്ക് ടെസ്റ്റുകൾ എഴുതി തയ്യാറെടുക്കുകയും ഓരോ പരീക്ഷയ്ക്ക് ശേഷവും തെറ്റുകൾ വിശകലനം ചെയ്ത് പഠിക്കുകയും ചെയ്യുന്നതായിരുന്നു രീതി. ഇതിനിടയിൽ ജനറൽ സ്റ്റഡീസ് ദിവസവും റിവിഷൻ ചെയ്യാനും സമയം കണ്ടെത്തി.

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ, എയിംസ്, സെൻട്രൽ പൊല്യൂഷൻ കൺട്രോൾ ബോർഡ് തുടങ്ങിയ പ്രമുഖ ഏജൻസികളുടെ റാങ്ക് ലിസ്റ്റുകളിലാണ് സായ് ഇടംപിടിച്ചത്. യോഗ്യതയുള്ള എല്ലാ പരീക്ഷകൾക്കും ഒഴിവുകളുടെ എണ്ണം നോക്കാതെ അപേക്ഷിക്കണമെന്ന് അദ്ദേഹം പരീക്ഷാർത്ഥ ഉപദേശിക്കുന്നു.

"ആത്മവിശ്വാസം നഷ്ടപ്പെടുന്നത് കൊണ്ടാണ് പല മിടുക്കരായ ഉദ്യോഗാർത്ഥികളും പരീക്ഷാ തയ്യാറെടുപ്പ് ഉപേക്ഷിക്കുന്നത്. പ്രായപരിധിയുള്ളിടത്തോളം കാലം പോരാട്ടം തുടരുക, പഠിച്ചുകൊണ്ടിരിക്കുക’- സായ് പറയുന്നു.

നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷനിൽ സോഷ്യൽ സെക്യൂരിറ്റി ഓഫീസറായി ജോലിയിൽ പ്രവേശിക്കാനാണ് സായ് തീരുമാനിച്ചിരിക്കുന്നത്. തുടർന്ന് മറ്റ് പരീക്ഷകളുടെ സർട്ടിഫിക്കറ്റ് വേരിഫിക്കേഷൻ ഒഴിവാക്കി, പകരം മറ്റ് അർഹരായ ഉദ്യോഗാർത്ഥികൾക്ക് അവസരം ഉറപ്പാക്കുകയും ചെയ്തു.