തിരുവനന്തപുരം: പിഎച്ച്.ഡി. പ്രവേശനത്തിന് സ്വന്തം പരീക്ഷ നടത്താൻ കാലിക്കറ്റ് സർവകലാശാലയും തീരുമാനിച്ചതോടെ പുതിയ യു.ജി.സി. മാർഗരേഖ ഈ വർഷം നടപ്പാവില്ലെന്ന് ഉറപ്പായി. കാലടി സർവകലാശാലയും വൈകാതെ സ്വന്തം പരീക്ഷയിലേക്കു നീങ്ങും.

To advertise here,

കേരള, എം.ജി. സർവകലാശാലകൾ സ്വന്തം നിലയിൽ പ്രവേശനപരീക്ഷ നടത്തിക്കഴിഞ്ഞു. കാലിക്കറ്റ് യു.ജി.സി. മാർഗരേഖയനുസരിച്ച് മുന്നോട്ടുപോയെങ്കിലും എസ്.എഫ്.ഐ. പ്രതിഷേധം സംഘടിപ്പിച്ചു. ഇടതുഭൂരിപക്ഷമുള്ള സിൻഡിക്കേറ്റിലും സമാനമായ എതിർപ്പുണ്ടായി. ഈ സാഹചര്യത്തിൽ പഴയപോലെ സ്വന്തം പരീക്ഷ നടത്താൻ സർവകലാശാല തീരുമാനിക്കുകയായിരുന്നു.

പിഎച്ച്.ഡി. പ്രവേശനത്തിനുകൂടി സഹായകമാകുംവിധം നെറ്റ് പരീക്ഷ പരിഷ്കരിച്ചായിരുന്നു യു.ജി.സി. മാർഗരേഖ. നെറ്റ് യോഗ്യതയിൽ പിഎച്ച്.ഡി. പ്രവേശനവും മുഖ്യമാനദണ്ഡമായി ഉൾപ്പെടുത്തി. സർവകലാശാലകളുടെ പരീക്ഷയ്ക്കു പകരമാണ് ഈ മാനദണ്ഡം.

എന്നാൽ, സർവകലാശാലകളുടെ സ്വയംഭരണത്തെ ഹനിക്കുന്നതാണ് പുതിയ മാർഗരേഖയെന്നാണ് സർക്കാരിന്റെ നിലപാട്. പുതിയ മാർഗരേഖയനുസരിച്ച് പിഎച്ച്.ഡി. പ്രവേശനത്തിന് പൊതുമാനദണ്ഡം തയ്യാറാക്കാൻ ഉന്നതവിദ്യാഭ്യാസ കൗൺസിലിനെ ചുമതലപ്പെടുത്തുകയും ചെയ്തു.