
കോഴിക്കോട്: യുക്രൈനിൽ പഠിച്ച മെഡിക്കൽ വിദ്യാർഥികൾക്ക് അവിടത്തെ യൂണിവേഴ്‌സിറ്റികളിൽനിന്ന് ആവശ്യമുള്ള പഠനരേഖകൾ കിട്ടുന്നില്ലെന്ന് പരാതി. യുദ്ധംകാരണം മറ്റുരാജ്യങ്ങളിലേക്ക് തുടർപഠനം മാറ്റേണ്ടിവന്ന വിദ്യാർഥികളാണ് ഇതുകാരണം ബുദ്ധിമുട്ടുന്നത്.
ട്രാൻസ്ഫർ എടുത്ത വിദ്യാർഥികൾക്ക് ട്രാൻസ്‌ക്രിപ്റ്റ്, എക്സ്‌പെൽ ലെറ്റർ എന്നിവയാണ് യൂണിവേഴ്സിറ്റികളിൽനിന്ന് കിട്ടാത്തത്. ഇതിനുവേണ്ടി യുക്രൈനിലെ യൂണിവേഴ്‌സിറ്റികൾ ഒരു സെമസ്റ്റർ മുതൽ ഒരുവർഷംവരെയുള്ള ഫീസ് അധികമായി ആവശ്യപ്പെടുന്നുണ്ടെന്ന് രക്ഷിതാക്കൾ പറഞ്ഞു. ഒരുസെമസ്റ്ററിലെ ഫീസ് 2000 മുതൽ 3000 ഡോളർവരെയും വാർഷികഫീസ് 4000 മുതൽ 5500 ഡോളർവരെയുമാണ്. ട്രാൻസ്‌ക്രിപ്റ്റ് സർട്ടിഫിക്കറ്റിന് ഒരുലക്ഷത്തി ഇരുപത്തയ്യായിരം രൂപവരെ സെമസ്റ്റർഫീസ് അധികം ചോദിക്കുമ്പോൾ പാവപ്പെട്ട വിദ്യാർഥികൾക്ക് അത് നൽകാൻ കഴിയുന്നില്ല. വാർഷികഫീസ് മൂന്നുലക്ഷത്തി മുപ്പതിനായിരം രൂപവരെയും ചില കോളേജുകൾ ആവശ്യപ്പെടുന്നുണ്ട്. വിദ്യാഭ്യാസവായ്പയെടുത്താണ് ഭൂരിഭാഗംപേരും യുക്രൈനിൽ മെഡിക്കൽപഠനത്തിന് ചേർന്നത്. സർക്കാർതലത്തിൽ ഇതിനൊരു ഇടപെടലുണ്ടാവണമെന്ന് ഓൾ കേരള യുക്രൈൻ സ്റ്റുഡൻറ്‌സ് ആൻഡ് പാരന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ഇ.കെ. രമേഷ് ആവശ്യപ്പെട്ടു .
യുദ്ധം അനിശ്ചിതത്വം തീർത്തപ്പോൾ കൂടുതൽപേരും ജോർജിയയിലെ യൂണിവേഴ്‌സിറ്റികളിലേക്കാണ് മാറിയത്. ഇതിൽ 90 ശതമാനംപേർക്കും ഒറിജിനൽ ട്രാൻസ്‌ക്രിപ്റ്റ് സർട്ടിഫിക്കറ്റ് കിട്ടിയിട്ടില്ല. മറ്റുകോളേജിൽചേരാൻ സൗകര്യത്തിൽ മെയിലിൽ സോഫ്റ്റ് കോപ്പിമാത്രമാണ് യുക്രൈനിലെ യൂണിവേഴ്സിറ്റികൾ അയച്ചുകൊടുത്തിരുന്നത്. ആറുമാസത്തിനകം ഒറിജനൽ രേഖകൾ നൽകാമെന്നുള്ള ഉറപ്പിലാണ് പലരും മറ്റുരാജ്യങ്ങളിൽ പ്രവേശനം നേടിയത്. അവ കിട്ടാതെ വന്നാൽ അവർക്ക് അവിടെ തുടർപഠനം ബുദ്ധിമുട്ടാവുമോ എന്ന ആശങ്കയുണ്ട്.
മെഡിക്കൽ അഡ്മിഷൻ തരപ്പെടുത്തിക്കൊടുത്ത ഏജന്റുമാർക്കും ഇക്കാര്യത്തിൽ വിദ്യാർഥികളെ സഹായിക്കാൻ കഴിയുന്നില്ല. യുദ്ധം അവസാനിക്കാത്ത യുക്രൈനിലേക്കുപോവുന്നത് സുരക്ഷിതമല്ലെന്നാണ് ഇന്ത്യൻഎംബസി അധികൃതർ പറയുന്നത്.
യുക്രൈനിനുപുറത്തുള്ള യൂണിവേഴ്‌സിറ്റികളുമായി മാതൃയൂണിവേഴ്സിറ്റിയുണ്ടാക്കിയ ധാരണയിൽ മൊബിലിറ്റി പഠനം നടത്തുന്നവരുമുണ്ട്. കോഴ്സ് പൂർത്തിയാവുമ്പോഴേക്കും യുദ്ധം തുടരുന്ന യുക്രൈനിൽ മാതൃയൂണിവേഴ്സിറ്റി നിലനിൽക്കുമോ എന്ന ആശങ്കയുമുണ്ട്.
3600 മലയാളിവിദ്യാർഥികളാണ് യുക്രൈൻ യുദ്ധഭൂമിയിൽനിന്ന് ജീവനുംകൊണ്ട് നാട്ടിലെത്തിയത്. ആദ്യവർഷക്കാരിൽ പലരും അവിടത്തെ പഠനം ഉപേക്ഷിച്ചു. 20 ശതമാനംപേർ ഇപ്പോഴും നാട്ടിൽ ഓൺലൈൻ പഠനം തുടരുന്നുണ്ട്.
വിദ്യാർഥികൾ കേസിനുപോയപ്പോൾ അവസാനവർഷത്തെയും അതിനുതൊട്ടുമുമ്പത്തെ വർഷത്തെയും മെഡിക്കൽ വിദ്യാർഥികൾക്ക് രണ്ടുവർഷത്തെ ഇന്റേൺഷിപ്പ് നടത്തി ഇവിടെ പ്രാക്ടീസ് ചെയ്യാനുള്ള യോഗ്യത നേടാമെന്ന ആനുകൂല്യം നാഷണൽ മെഡിക്കൽ കമ്മിഷൻ നൽകിയിട്ടുണ്ട്. ഇന്റേൺഷിപ്പ് ഒരുകൊല്ലംകൂടി നീട്ടിയതും വിദ്യാർഥികളെ കുഴക്കുന്നുണ്ട്.
Content Highlights: Ukraine-returned medical students unable to get documents
Published: 22 Jun 2023, 12:18 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented