ന്യൂഡൽഹി: യുക്രൈനിലെ ഇന്ത്യൻ മെഡിക്കൽ വിദ്യാർഥികൾക്ക് തുടർപഠനം നടത്താൻ ജോർജിയയിൽ മൂന്ന് സർവകലാശാലകൾക്ക് മാത്രമാണ് അനുമതിയെന്ന് ദേശീയ മെഡിക്കൽ കമ്മിഷൻ (എൻ.എം.സി.) അറിയിച്ചു.

To advertise here,

അക്കാദമിക് മൊബിലിറ്റി പ്രോഗ്രാമിലൂടെ താത്‌കാലികമായി പഠനം നടത്താൻ ബി. എ.യു. ഇന്റർനാഷണൽ യൂണിവേഴ്‌സിറ്റി ബറ്റുമി, ജോർജിയൻ നാഷണൽ യൂണിവേഴ്‌സിറ്റി എസ്.ഇ.യു., ന്യൂ വിഷൻ യൂണിവേഴ്‌സിറ്റി എന്നിവയ്ക്കുമാത്രമാണ് ജോർജിയയിൽ അംഗീകാരമുള്ളത്.

പോളണ്ട്, ഓസ്ട്രിയ, ചെക്ക് റിപ്പബ്ലിക്, ഫ്രാൻസ്, ജോർജിയ, കസാഖ്‌സ്താൻ, ലിത്വാനിയ, മൊൾഡോവ, സ്ലൊവാക്യ, സ്‌പെയിൻ, ഉസ്‌ബെക്കിസ്താൻ, യു.എസ്., ഇറ്റലി, ബെൽജിയം, ഈജിപ്ത്, ബെലാറുസ്, ലാത്വിയ, കിർഗിസ്താൻ, ഗ്രീസ്, റൊമാനിയ, സ്വീഡൻ, ഇസ്രയേൽ, ഇറാൻ, അസർബയ്ജാൻ, ബൾഗേറിയ, ജർമനി, തുർക്കി, ക്രൊയേഷ്യ, ഹംഗറി എന്നിവിടങ്ങളിലെ മെഡിക്കൽ കോളേജുകളിലും മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിദ്യാർഥികൾക്ക് പഠനം തുടരാമെന്ന് എൻ.എം.സി. അറിയിച്ചിരുന്നു. എന്നാൽ, അന്തിമബിരുദം നൽകുക യുക്രൈനിലെ സർവകലാശാല തന്നെയായിരിക്കും.

വിദ്യാർഥികൾ അതത് സർവകലാശാലകളിൽത്തന്നെ പഠനവും പരിശീലനവും പൂർത്തിയാക്കണമെന്നതായിരുന്നു കമ്മിഷന്റെ മുൻനിലപാട്.

ബിരുദം നേടുന്നവർക്ക് ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യാൻ പരീക്ഷ എഴുതണമെന്ന എൻ.എം.സി. നിബന്ധനയിൽ മാറ്റമുണ്ടാവില്ല. മൊബിലിറ്റി പദ്ധതിപ്രകാരം ഇന്ത്യയിൽ വിദ്യാഭ്യാസം തുടരാനും നിലവിൽ യുക്രൈനിലെ മെഡിക്കൽ വിദ്യാർഥികൾക്ക് അനുവാദമില്ല.