2027-ൽ യൂറോപ്യൻ യൂണിയന്റെ ഇറാസ്മസ് പ്ലസ് പദ്ധതിയിലേക്ക് വീണ്ടും പങ്കാളിയാകുന്നതിന് മുന്നോടിയായി ഇമിഗ്രേഷൻ നിബന്ധനകൾ ലളിതമാക്കി ബ്രിട്ടൻ. ഒക്ടോബർ എട്ട് മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ മാറ്റങ്ങൾ പ്രകാരം ഇറാസ്മസ് പദ്ധതിയിലുള്ളവർക്ക് ഇനി സാധാരണ വിസിറ്റർ റൂട്ട് വഴി യുകെയിലെത്തി പഠനത്തിലും പരിശീലനത്തിലും പങ്കാളികളാകാം.

To advertise here,

ഹ്രസ്വകാല കോഴ്സുകൾക്കും പരിശീലനങ്ങൾക്കുമായി യുകെയിലെത്തുന്നവർക്ക് ഇനി പ്രത്യേക സ്പോൺസർഷിപ്പിന്റെ ആവശ്യമില്ല എന്നതാണ് ആശ്വാസമാവുക. ബ്രിട്ടനിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കമ്പനികൾക്കും കടുപ്പമേറിയ സ്പോൺസർഷിപ്പ് നിബന്ധനകളില്ലാതെ തന്നെ വിദേശ പഠിതാക്കളെയും ഗവേഷകരെയും സ്വീകരിക്കാൻ പുതിയ നയം വഴിതുറക്കും.

  • തൊഴിൽ അന്തരീക്ഷം നേരിട്ട് കണ്ട് പഠിക്കുന്ന ജോബ് ഷാഡോയിങ് അനുവദിക്കുമെങ്കിലും ഇത് സ്ഥിരജോലിക്ക് പകരമായി ഉപയോഗിക്കാൻ കഴിയില്ല.
  • 18 വയസ്സോ അതിൽ താഴെയോ പ്രായമുള്ളവർക്ക് 30 ദിവസം വരെയുള്ള ട്രെയിനിഷിപ്പുകളിൽ പങ്കാളികളാകാം. ഇതിനായി രക്ഷിതാക്കളുടെയും പഠിക്കുന്ന സ്ഥാപനത്തിന്റെയും അനുമതി പത്രം വേണം.

ഇന്ത്യൻ വിദ്യാർഥികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ആനുകൂല്യങ്ങൾ ലോകത്തിന്റെ ഏത് ഭാഗത്തുനിന്നുള്ള ഇറാസ്മസ് പങ്കാളികൾക്കും ലഭ്യമാണെങ്കിലും യാത്രാാനുമതി ലഭിക്കുന്നത് ഓരോ രാജ്യക്കാരുടെയും നിലവിലെ വിസ നിയമങ്ങളെ ആശ്രയിച്ചായിരിക്കും.

ഇന്ത്യക്കാർ യുകെയിലേക്ക് യാത്ര ചെയ്യാൻ മുൻകൂട്ടി വിസ നിർബന്ധമുള്ള രാജ്യങ്ങളുടെ പട്ടികയിലുള്ളതിനാൽ, ആനുകൂല്യം ലഭിക്കുമെങ്കിലും സാധാരണ വിസിറ്റർ വിസ നടപടികൾ പൂർത്തിയാക്കേണ്ടിവരും. അതേസമയം, വിസ ഒഴിവാക്കിയിട്ടുള്ള രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഇലക്ട്രോണിക് ട്രാവൽ ഓതറൈസേഷൻ മതിയാകും. വിസ എടുക്കുന്ന രീതിയിൽ മാത്രമാണ് ഈ വ്യത്യാസമെന്നതിനാൽ, യുകെയിൽ അനുവദിച്ചിട്ടുള്ള പഠന-പരിശീലന ആനുകൂല്യങ്ങൾ എല്ലാവർക്കും ഒരുപോലെ ലഭ്യമാകും.