ന്യൂയോർക്ക്: രണ്ട് മാസത്തെ വേനലവധി കഴിഞ്ഞ് സെപ്റ്റംബർ 10-ന് ക്ലാസ് മുറികളിലേക്ക് തിരിച്ചെത്തുന്ന ന്യൂയോർക്കിലെ സ്കൂൾ വിദ്യാർഥികളെ കാത്തിരിക്കുന്നത് തികച്ചും അപ്രതീക്ഷിതമായൊരു മാറ്റമാണ്. ക്ലാസ് മുറികളിലെ അമിതമായ സ്ക്രീൻ ഉപയോഗത്തിനും എ.ഐ ഉപകരണങ്ങൾക്കുമെതിരെ ശക്തമായ നടപടി കൈക്കൊണ്ടിരിക്കുകയാണ് മേയർ സൊഹ്റാൻ മംദാനിയ്ക്ക് കീഴിലുള്ള ന്യൂയോർക്ക് സിറ്റി.

To advertise here,

മൂന്നാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ക്ലാസ് മുറികളിൽ സ്ക്രീനുകൾ പൂർണ്ണമായി ഒഴിവാക്കിയും കുട്ടികളുടെ അസൈൻമെന്റുകൾ നോക്കാൻ അധ്യാപകർ എ.ഐ ഉപയോഗിക്കുന്നത് വിലക്കിയും ഇക്കഴിഞ്ഞ ദിവസമാണ്  ന്യൂയോർക്ക് സിറ്റി ഡിപ്പാർട്ട്മെന്റ് ഓഫ് എജ്യുക്കേഷൻ പുതിയ നയം പുറത്തിറക്കിയത്.

അമേരിക്കയിലെ ഏറ്റവും വലിയ വിദ്യാലയ ശൃംഖലയായ ന്യൂയോർക്കിൽ പ്രൈമറി, മിഡിൽ സ്കൂൾ കുട്ടികളെ ലക്ഷ്യമിട്ടാണ് മാറ്റങ്ങൾ നടപ്പിലാക്കുന്നത്.

‘എ.ഐ അധിഷ്ഠിത പഠനം പ്രൈമറി തലത്തിൽ അനിവാര്യമാണെന്ന് വരുത്തിത്തീർക്കാനാണ് സാങ്കേതിക കമ്പനികൾ ശ്രമിക്കുന്നത്. എന്നാൽ ഞങ്ങൾ അതിനോട് യോജിക്കുന്നില്ല’ എന്ന് ന്യൂയോർക്ക് സിറ്റി മേയർ സോഹ്‌റാൻ മംദാനി വ്യക്തമാക്കി. ഒരു ആപ്ലിക്കേഷനും ചാറ്റ്ബോട്ടിനും കുട്ടികളുടെ സ്വയം ചിന്തിക്കാനും പ്രശ്നങ്ങൾ പരിഹരിക്കാനുമുള്ള ശേഷിയെ പകരം വെക്കാൻ കഴിയില്ലെന്ന് സ്കൂൾ ചാൻസലർ കമർ സാമുവൽസും കൂട്ടിച്ചേർത്തു.

ക്ലാസ് മുറികളിലെ എ.ഐ ഉപയോഗം കുട്ടികളുടെ പഠനത്തെ ബാധിക്കുന്നുവെന്നും പരീക്ഷകളിൽ ക്രമക്കേടുകൾ വർദ്ധിപ്പിക്കുന്നുവെന്നും കാണിച്ച് രക്ഷിതാക്കളും വിവിധ സംഘടനകളും നൽകിയ പരാതികളെത്തുടർന്നാണ് നടപടി. അമേരിക്കയിലെ ലോസ്ആഞ്ചലീസ് ഉൾപ്പെടെയുള്ള മറ്റ് സ്കൂൾ ഡിസ്ട്രിക്റ്റുകളും ഇതിനകം ഇത്തരം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിത്തുടങ്ങിയിട്ടുണ്ട്. 

പുതിയ നയത്തിലെ പ്രധാന നിയന്ത്രണങ്ങൾ:

  • മൂന്നാം ക്ലാസ് വരെ സ്ക്രീനുകളില്ല: പ്രൈമറി തലം വരെയുള്ള കുട്ടികൾക്ക് ക്ലാസ് മുറികളിൽ വ്യക്തിഗത സ്ക്രീനുകൾ അനുവദിക്കില്ല.
  • മൂല്യനിർണ്ണയത്തിന് വിലക്ക്: കുട്ടികളുടെ അസൈൻമെന്റുകൾ വിലയിരുത്താനോ മാർക്ക് നൽകാനോ അധ്യാപകർ എ.ഐ ഉപയോഗിക്കാൻ പാടില്ല.
  • ആറിലധികം ലക്ഷം കുട്ടികൾക്ക് നിയന്ത്രണം: പൊതുവിദ്യാലയങ്ങളിലെ ഏകദേശം മൂന്നിൽ രണ്ട് ഭാഗം വിദ്യാർഥികൾക്ക് ഹൈസ്കൂൾ തലം വരെ സ്കൂളിൽ എ.ഐ ഉപയോഗിക്കാൻ അനുവാദമുണ്ടാകില്ല.
  • സ്ക്രീൻ സമയപരിധി: മിഡിൽ സ്കൂൾ കുട്ടികൾക്ക് സ്കൂളിലെ സ്ക്രീൻ ഉപയോഗം ദിവസം പരമാവധി 45 മിനിറ്റായി ചുരുക്കും.
  • ചാറ്റ്ബോട്ടുകൾക്ക് നിരോധനം: കുട്ടികൾക്ക് മാനസിക-വൈകാരിക പിന്തുണ നൽകാൻ രൂപകൽപ്പന ചെയ്ത 'കമ്പാനിയൻ ചാറ്റ്ബോട്ടുകൾ' എല്ലാ ക്ലാസുകളിലും പൂർണ്ണമായി നിരോധിച്ചു.
  • ആപ്പുകൾ ഒഴിവാക്കും: ഗണിതശാസ്ത്രം, വായന എന്നീ വിഷയങ്ങളിൽ നിലവിൽ വിദ്യാർഥികൾ ഉപയോഗിക്കുന്ന എ.ഐ അധിഷ്ഠിതമായി പ്രവർത്തിക്കുന്ന നാൽപ്പതോളം ആപ്ലിക്കേഷനുകൾ സ്കൂളുകളിൽ നിന്ന് മാറ്റും.

എ.ഐ നിയന്ത്രണം: ന്യൂയോർക്ക് നടപടിയിൽ അച്യുത്ശങ്കറിന്റെ നിരീക്ഷണം

കേരളത്തിലെ സ്കൂളുകളിൽ അറൈസ് (ARISE) ഹബ്ബുകൾ വഴി എ.ഐ-റോബോട്ടിക്സ് പഠനം വ്യാപിപ്പിക്കാൻ പദ്ധതികൾ പുരോഗമിക്കുമ്പോഴാണ്, മറുഭാഗത്ത് ആഗോളതലത്തിൽ എ.ഐയുടെ അമിത ഉപയോഗത്തിനെതിരെ നിയന്ത്രണങ്ങൾ ശക്തമാകുന്നത്. എ.ഐ വിപ്ലവത്തെയും ന്യൂയോർക്ക് സിറ്റിയുടെ പുതിയ തീരുമാനത്തെയും കുറിച്ചുള്ള കേരള സർവകലാശാല ബയോഇൻഫോർമാറ്റിക്സ് വകുപ്പ് മുൻ മേധാവിയും കേരള സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിൽ (KSHEC) വൈസ് ചെയർമാനുമായ പ്രൊഫ. അച്യുത്ശങ്കർ എസ്. നായരുടെ നിരീക്ഷണം ശ്രദ്ധേയമാവുകയാണ്. 

സാങ്കേതികവിദ്യയുടെ കടന്നുകയറ്റത്തിൽ ഇന്ത്യൻ വിദ്യാഭ്യാസ വ്യവസ്ഥയും ഇത്തരം ജാഗ്രതാപൂർണ്ണമായ മുൻകരുതലുകൾ താൽക്കാലിക പരീക്ഷണങ്ങളായി ഭാവിയിൽ സ്വീകരിക്കേണ്ടി വന്നേക്കാമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

 

"പുതിയ സാങ്കേതിക തരംഗങ്ങൾ വരുമ്പോൾ അതിനോട് പ്രതികരിക്കാൻ നമ്മൾ നിർബന്ധിതരാകും. എന്നാൽ നിയന്ത്രണങ്ങൾ ശരിയാണോ തെറ്റാണോ എന്ന് വിലയിരുത്താൻ സമയമായിട്ടില്ല. ഏതാനും വർഷത്തെ ഉപയോഗത്തിന് ശേഷം യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കി നയങ്ങൾ മെച്ചപ്പെടുത്താൻ നമുക്ക് സാധിക്കും’ അദ്ദേഹം പറഞ്ഞു.

ആശങ്കകളുടെയും നിലവിലെ ധാരണകളുടെയും അടിസ്ഥാനത്തിൽ ന്യൂയോർക്ക് കൈക്കൊണ്ട താൽക്കാലിക നടപടിയെ തള്ളിക്കളയാനാവില്ലെന്നും അദ്ദേഹം കൂട്ടിചേർത്തു.

ഇളവുകളും പുതിയ പഠനരീതിയും

പുതിയ ചട്ടങ്ങളിൽ ചില ഇളവുകളും നൽകിയിട്ടുണ്ട്. കേന്ദ്രീകൃതമായി അനുമതി നൽകിയിട്ടുള്ള ഇ-ബുക്കുകൾ, കോഡിങ് സോഫ്റ്റ്‌വെയറുകൾ, ഭിന്നശേഷിക്കാരായ കുട്ടികൾക്കും പുതുതായി ഇംഗ്ലീഷ് പഠിക്കുന്നവർക്കുമുള്ള പ്രത്യേക പഠനസഹായ ഉപകരണങ്ങൾ എന്നിവയ്ക്ക് വിലക്കില്ല.

അധ്യാപകർക്ക് പാഠ്യപദ്ധതികൾ തയ്യാറാക്കാനും വിവർത്തനങ്ങൾക്കും എ.ഐ ഉപയോഗിക്കാം. എന്നാൽ കുട്ടികളുടെ പ്രൊമോഷൻ നിശ്ചയിക്കാനോ മാനസിക സമ്മർദ്ദത്തിലുള്ള വിദ്യാർഥികൾക്ക് കൗൺസിലിങ് നൽകാനോ ഇത് ഉപയോഗിക്കാൻ പാടില്ല. കൂടാതെ, ഹൈസ്കൂൾ കുട്ടികൾക്കായി എ.ഐ സാക്ഷരതാ ക്ലാസുകൾ നൽകാനും, തെറ്റായ വിവരങ്ങൾ നൽകുന്ന 'ഹാല്ലൂസിനേഷൻസ്' പോലുള്ള എ.ഐ പരിമിതികളെക്കുറിച്ച് അവരെ ബോധവത്കരിക്കാനും സ്കൂൾ അധികൃതർ പദ്ധതിയിടുന്നുണ്ട്.